ഇൻ ടച്ച് മിനിസ്ട്രിയുടെ സ്ഥാപകൻ ഡോ. ചാൾസ് സ്റ്റാൻലി (90) നിത്യതയിൽ


അറ്റ്ലാന്റാ: അറ്റ്ലാന്റാ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിന്റെ സീനിയർ പാസ്റ്ററും ഇൻ ടച്ച് മിനിസ്ട്രിയുടെ സ്ഥാപകനുമായ ഡോ.ചാൾസ് ഫ്രേസിയർ സ്റ്റാൻലി (90)നിത്യതയിൽ ചേർക്കപ്പെട്ടു. അഞ്ച് പതിറ്റാണ്ടിലേറെയായി പാസ്റ്റർ, ടെലിവിഷൻ പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ സുത്യർഹമായി സേവനമനുഷ്ഠിച്ച ഡോ. സ്റ്റാൻലി 1932 ൽ വിർജീനിയയിലെ ഫോർക്കിലാണ് ജനിച്ചത്.

ഡോ. ചാൾസ് സ്റ്റാൻലി 1969-ൽ അറ്റ്ലാന്റയിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിലേക്ക് വരുന്നതിനു മുമ്പ് നോർത്ത് കരോലിന, ഒഹായോ, ഫ്ലോറിഡ എന്നിവിടങ്ങളിലെ ബാപ്റ്റിസ്റ്റ് ചർച്ചുകളിൽ ഡോ. ചാൾസ് സ്റ്റാൻലി പാസ്റ്ററായി സേവനമനുഷ്ഠിച്ചിരുന്നു. തുടർന്ന് അദ്ദേഹം ഏകദേശം 50 വർഷത്തോളം അറ്റ്ലാന്റാ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിന്റെ സീനിയർ പാസ്റ്ററായി സേവനമനുഷ്ഠിച്ചു.

ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിൽ താൻ ശുശ്രുഷ ചെയ്തിരുന്ന കാലത്ത്, ഡോ. സ്റ്റാൻലിയുടെ പഠിപ്പിക്കലുകളും നേതൃത്വവും സഭയെ 15,000-ത്തിലധികം അംഗങ്ങളുള്ള അമേരിക്കയിലെ ഏറ്റവും വലിയ സഭകളിലൊന്നായി വളർത്താൻ സഹായിച്ചു.

തന്റെ അജപാലന പ്രവർത്തനങ്ങൾക്ക് പുറമേ, ടെലിവിഷൻ, റേഡിയോ, മറ്റ് മാധ്യമ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ സുവിശേഷ സന്ദേശം പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഇൻ ടച്ച് മിനിസ്ട്രിയുടെ സ്ഥാപകൻ കൂടിയാണ് ഡോ. സ്റ്റാൻലി. 1977 ൽ ആണ് സുവിശേഷ സത്യങ്ങൾ പരമാവധി ആളുകളിലേക്ക്‌ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഈ മിനിസ്ട്രിക്ക്‌ ഡോ. സ്റ്റാൻലി തുടക്കം കുറിച്ചത്.

എല്ലാ പ്രായത്തിലും പശ്ചാത്തലത്തിലുമുള്ള ആളുകളെ പ്രചോദിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ നിരവധി പുസ്തകങ്ങൾ ക്രൈസ്തവ സമൂഹം ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലറുകൾ ഉൾപ്പെടെ അറുപതോളം പുസ്തകങ്ങൾ ഇതിനോടകം അദ്ദേഹം എഴുതിയിട്ടുണ്ട്. മാത്രമല്ല വിവിധ ടെലിവിഷൻ – റേഡിയോ പ്രോഗ്രാമുകളിലൂടെ അദ്ദേഹത്തിന്റെ സുവിശേഷ പ്രഭാഷണങ്ങൾ ഏകദേശം 126 രാജ്യങ്ങളിലോളം എത്തിക്കുവാൻ ഇൻ ടച്ച് മിനിസ്ട്രീസിന് കഴിഞ്ഞിട്ടുണ്ട്.
സംസ്കാര ക്രമീകരണങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.