അനുസ്മരണം: നൂറ് ലേഖനങ്ങള്‍ – വന്നവഴികളിൽ നന്ദിയോടെ | രാജൻ പെണ്ണുക്കര

ലേഖനം എഴുതുമ്പോൾ ബാല്യകാലത്തെ ഒരനുഭവം ഓർമ്മയിൽ വരുന്നു. എഴുത്തുകാരൻ ആകണം എന്നത് കുഞ്ഞുനാൾ മുതലുള്ള ആഗ്രഹം ആയിരുന്നു. പ്രോത്സാഹനം തരാനോ തെറ്റുകൾ തിരുത്തിത്തരാനോ ആരും തന്നേ ഉണ്ടായിരുന്നില്ല. പോസ്റ്റൽ സ്റ്റാമ്പ്‌ വാങ്ങാൻ പോലും കൈയിൽ കാശില്ലാത്ത കാലം. എന്നാൽ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ കശുവണ്ടി പെറുക്കി വിറ്റ കാശു കൊണ്ട് പോസ്റ്റൽ സ്റ്റാമ്പ്‌ ഒട്ടിച്ച് ആദ്യമായി ബാലരമക്ക് അയച്ച കഥ ചില ദിവസം കഴിഞ്ഞപ്പോൾ പോസ്റ്റുമാൻ തിരിച്ചു കൊണ്ടുതന്നു . അന്നുതോന്നിയ അപകർഷം ഇന്നുമെന്നാൽ വർണ്ണിപ്പാനാവതല്ല. എന്നിട്ടും പിന്നെയും പിന്നെയും പല സത്യങ്ങൾ കുറിച്ചുവെച്ചു. അതു പിന്നത്തേതിൽ ഉപകാരം ആയി മാറി എന്നു കരുതുന്നു. പിന്നീട് ചില അച്ചടി മാധ്യമത്തിൽ (Print Media) എഴുതുവാനും ദൈവം അവസരം നൽകി.

എല്ലാമനുഷ്യരുടെയും ജീവിതത്തിനു ഒരു വഴിതിരിവുണ്ട്. അതാണ് നമ്മുടെ ജീവിതത്തെ തന്നേയും, ചിലപ്പോൾ ജീവിതത്തിലെ സകല സങ്കൽപ്പങ്ങളേയും, പ്രതീക്ഷകളേയും, സ്വപ്‌നങ്ങളേയും, കണക്കുകൂട്ടലുകളെ പോലും മാറ്റി മറിക്കുന്നത്. ചിലരുടെ ജീവിതത്തെ അത് പരിപൂർണ്ണമായും തകർത്തു തരിപ്പണമാക്കി നശിപ്പിച്ച് കളയാം, എന്നാൽ പലരും അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ട് പിന്നെയും ഗമിക്കുന്നു. അത് അപ്രതീക്ഷിതമായി സംഭവിക്കുന്ന ജീവിതത്തിലെ മധുരം നിറഞ്ഞതോ, തിക്തമായതോ ആയ അനുഭവങ്ങൾ ആകാം. അനുമാനങ്ങൾ അല്ല, അനുഭവങ്ങൾ ആണ് ജീവിതത്തേ മാറ്റിമറിക്കുന്നതെന്ന് നാം തിരിച്ചറിയണം. പലപ്പോഴും അനുമാനങ്ങൾ തെറ്റാകാം, എന്നാൽ അനുഭവങ്ങൾ ഒരിക്കലും തെറ്റല്ല. കാരണം അനുമാനം നമ്മുടെ മനസ്സിന്റെ സങ്കല്പമോ ഭാവനയൊ ആകാം. എന്നാൽ, നമ്മുടെ ജീവിതത്തിൽ നിന്നാണ് നമ്മൾ അനുഭവങ്ങൾ പഠിക്കുന്നത്!! അനുഭവം ആണ് യഥാർത്ഥ അധ്യാപകൻ എന്ന സത്യം ഒരിക്കലും മറക്കരുത്.

അവയിൽ ചില നല്ല മധുരമുള്ള അനുഭവങ്ങളും ഓർമ്മകളും എപ്പോഴും താലോലിക്കാനുള്ളതും, ചില തിക്തമായവ എപ്പോഴും വിങ്ങുന്നതും, ഒത്തിരി വേദന ഉളവാക്കുന്നതും ആയിരിക്കും. ചില ഓർമ്മകളും വേദനകളും പൊറുക്കുവാൻ കഴിയും പക്ഷേ മറക്കുവാൻ കഴിയുകയില്ല. കാരണം അവകൾ അത്രമാത്രം ആഴമുള്ള മുറിവുകൾ ആയിരിക്കാം ഉണ്ടാക്കിയിരിക്കുന്നത്. ഇങ്ങനെയുള്ള അനുഭവങ്ങൾ ആയിരിക്കാം ചിലപ്പോൾ ഓരോ മനുഷ്യരുടെയും ചിന്താശീലം പോലും മാറ്റി മറിക്കുന്നത്. ചിലപ്പോൾ അതാകാം നമ്മിൽ ഉറങ്ങി കിടക്കുന്ന (Dormant) താലന്തുകളെ തട്ടി ഉണർത്തുന്നത്. എന്റെ ആത്മസുഹൃത്തായ ചേന്നനാട്ടിൽ വിൽ‌സൺ സഹോദരൻ എഴുതിയ “എല്ലാം നന്മക്കായി സ്വർഗ്ഗ താതൻ ചെയ്തിടുന്നു എന്ന വരികൾ ഇപ്പോൾ ഓർത്തു പോകുന്നു.

കൂടാതെ, ജീവിതയാത്രയിൽ (ആത്മീകമോ, ലൗകികമോ) കൂടെ നടന്നിട്ട് ചതിക്കുന്നവരെയും, അന്നുവരെയുള്ള എല്ലാനന്മകളും കരുതലും ഒരുനിമിഷം മറന്നിട്ട് പത്രോസിനെ പോലെ തള്ളിപറയുന്നവരെയും, യൂദായുടെ കപടസ്നേഹത്തിന്റെ ചുംബനം തന്നിട്ട് ഒറ്റികൊടുക്കുന്നവരെയും, കുതികാലിൽ ചവിട്ടിയിട്ടു പോകുന്നവരെയും, നിരപരാധികളെയും പാവങ്ങളെയും ബലികൊടുത്ത് (ഊരീയാവിന് പറ്റിയതു പോലെ) അവരെ മുന്നിൽ നിർത്തി യുദ്ധം ചെയ്തു വിജയം നേടുന്ന അനേകരേ എന്നും കാണുവാൻ കഴിയുമെന്നത് സത്യമല്ലേ.

അങ്ങനെ 2020-ലെ ജനുവരി മാസത്തിലെ ഒരു ദിവസം എന്റെ ജീവിതത്തേയും അപ്രതീക്ഷിതമായി മാറ്റിമറിച്ചു. നീട്ടിപ്രസംഗിക്കുന്ന പലരുടേയും തത്വങ്ങളും, നയങ്ങളും (പോളിസികൾ) മാറുന്നതും നട്ടെല്ലില്ലാത്തതും, വഴങ്ങുന്നതും, വളയുന്നതും, അയയുന്നതും (Flexible), രൂപവും നിറങ്ങളും അടിക്കടിമറ്റി, സാഹചര്യവും സന്ദർഭവും അനുസരിച്ച് സ്വന്ത നേട്ടങ്ങൾക്കുവേണ്ടി മനഃസാക്ഷിയുടെ മുന്നിൽ പോലും അടിയറവു വെക്കുന്നതും ആണെന്ന് ആ ദിവസം തിരിച്ചറിഞ്ഞു. പ്രവർത്തിയിൽ കാണാത്ത പ്രസംഗം നിർജീവമെന്നും, സ്വന്തം മനഃസാക്ഷിയെ വഞ്ചിക്കുന്നവർ കാണാത്ത ദൈവത്തേ എങ്ങനെ ഭയത്തോടെ ശുശ്രുഷിക്കും, സേവിക്കും എന്ന ചോദ്യത്തിന്നും ഉത്തരം ലഭിക്കാതെ പിന്നെയും ശേഷിക്കുന്നു.

ആ നിമിഷം, 1999 കാലയളവിൽ എഴുതാൻ ഉപയോഗിച്ച തൂലിക വീണ്ടും ഒന്നുകൂടി എടുക്കണമെന്ന് ഹൃദയത്തിൽ ആരോ പ്രേരണ തന്നു. അതൊരു നിമിത്തമായി ഭവിച്ചു, അതൊരു ദൈവ പ്രവർത്തി കൂടിയായിരുന്നു എന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. അല്ലെങ്കിൽ ഇത്രയും എഴുത്തുകൾ എങ്ങനെ ജനിക്കുമായിരുന്നു. അതിനു ഉത്തേജനവും പ്രോത്സാഹനവും തന്ന എല്ലാവരെയും അതിലുപരി എന്റെ പ്രിയപ്പെട്ട വായനക്കാരെയും ഓർത്തു പോകുന്നു. പേരെടുത്തു പറയാൻ താൽപ്പര്യം ഉണ്ടെങ്കിലും സ്ഥലകാല പരിമിതികൾ മൂലം അതു പിന്നീട് ആകാം എന്നു വിചാരിക്കുന്നു.

ക്രൈസ്തവ എഴുത്തുപുരയുടെ കുടകീഴിൽ 14 ഏപ്രിൽ 2020-ൽ തുടങ്ങിയ ജൈത്രയാത്ര ഇന്നു ഇത് എന്റെ 100-മത്തെ (സെഞ്ച്വറി) കൃതിയായി എത്തിനിൽക്കുന്നു. ആദ്യമായി ക്രൈസ്തവ എഴുത്തുപുരയുടെ എല്ലാ കുടുംബാംഗങ്ങള്‍ക്കും എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നുമുള്ള കടപ്പാടും സ്നേഹവും നന്ദിയും ആദരവും ബഹുമാനവും അറിയിക്കുന്നു. ഞങ്ങൾ എഴുതുന്ന ഒരു വാക്കുപോലും വെട്ടിചുരുക്കാതെ അതുപോലെ പ്രസിദ്ധികരിക്കാൻ കാണിക്കുന്ന ധൈര്യവും, നല്ല മനസ്സും, പിന്തുണയും പ്രോത്സാഹനവും, സഹകരണവും ആകുന്നു ഞങ്ങളെ വീണ്ടും വീണ്ടും സത്യങ്ങൾ എഴുതാൻ പ്രേരിപ്പിക്കുന്നതും, നമ്മുടെ ഈ കൂട്ടായ്മയുടെ വിജയവും. സകല മാനവും മഹത്വവും കർത്താവിനു അർപ്പിച്ചുകൊണ്ട്, “ഞാനോ കുറയേണം ക്രിസ്തു എന്നിൽ വളരേണം എന്നതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം.”

ഒരു സാധാരണ മനുഷ്യൻ എന്ന നിലയിൽ എല്ലാവർക്കും തോന്നുന്നതു പോലെ ഉള്ളിലിത്തിരി സന്തോഷവും അഭിമാനവും അതിലുപരി അല്പം അഹങ്കാരവും സ്വാഭാവികമായി തോന്നാം. എന്നാൽ അഹങ്കാരമായി ഒന്നും പറയുവാനില്ല, നാം ദൈവത്തിന്റെ കരങ്ങളിൽ ഒരു പേന, തൂലിക, എഴുത്തുകോൽ, മഷിത്തണ്ട്, വെറും ഉപകരണങ്ങൾ മാത്രം. അവൻ നമ്മേ അവന്റെ നാമത്തിനായി ഉപയോഗിക്കുന്നു എന്നു തന്നേ. നാം ദൈവത്തിന്റെ കൈവിരലുകൾക്കിടയിൽ അമർന്നിരുന്നാൽ ദൈവത്തിന് ഹിതമാകുന്ന രചനകളും, ചിത്രങ്ങളും അവന്റെ ഇഷ്ടപ്രകാരം പുറത്തുവരും എന്ന മർമ്മം ഓർത്തുകൊൾക. ഓരോ എഴുത്തുകളും നൂറ് സ്റ്റേജ് പ്രസംഗത്തേക്കാളും ഉത്തമമായിരിക്കും എന്നു ഞാൻ വിശ്വസിക്കുന്നു.

ഇന്നുവരെ എഴുതിയ ഓരോ ചിന്തകളും വരികളും എന്റെ സ്വന്തമല്ല, രാത്രിയുടെ യാമങ്ങളിൽ പരിശുദ്ധത്മാവിന്റെ ശബ്ദം വ്യക്തമായി കേട്ടതും പറഞ്ഞു തന്നതുമായ വരികൾ എന്നു മാത്രമേ പറയുവാനുള്ളു. “ഞാൻ മൊഴികൾകൊണ്ടു തിങ്ങിയിരിക്കുന്നു; എന്റെ ഉള്ളിലെ ആത്മാവു എന്നെ നിർബ്ബന്ധിക്കുന്നു” (ഇയ്യോ 32:18). ആ നിർബന്ധത്തിനു വഴങ്ങി കൊടുത്തു എന്നുമാത്രം ഇപ്പോൾ സമ്മതിക്കുന്നു.

മുപ്പത്തിയെട്ട് വർഷത്തെ കേന്ദ്രസർക്കാർ സേവനത്തിനു ശേഷം വിരമിച്ച മുതിർന്ന പൗരൻ ആയ എന്റെ അനുഭവമാകുന്ന കളരിയിൽ പഠിച്ച പാഠങ്ങൾ, അനേക പതിറ്റാണ്ടത്തേ മുംബൈ നഗരത്തിലെ വിശ്വാസ ജീവിതത്തിൽ നേരിൽ കണ്ടതും, കൃത്രിമസ്നേഹത്തിൽ പൊതിഞ്ഞ മധുരവാക്കുകൾ പറഞ്ഞ് തോളിൽ കൈയിട്ടു നടന്ന പലരിൽ നിന്നും ലഭിച്ച ഒരിക്കലും ഒരിക്കലും മറക്കുവാൻ ആവാത്തതും, പ്രതീക്ഷിക്കാത്ത രീതിയിൽ രുചിച്ചതുമായ തിക്താനുഭവങ്ങളും, ഓർമ്മകളെ താലോലിച്ച് സൂക്ഷിക്കുവാൻ പ്രായമായ അഞ്ചുവയസ്സു മുതൽ ആത്മീക (പെന്തകോസ്ത്) ജീവിതത്തിൽ വിവിധ നിറത്തിലും ഭാവത്തിലും കണ്ടതും കേട്ടതും, മധുരത്തിന്റെയും കൈപ്പിന്റെയും രുചികൾ കലർന്നതുമായ അനുഭവങ്ങളുടെ നേർ കാഴ്ചകൾ, ഒരു ചിത്രകാരനെ പോലെ തനിനിറത്തിൽ കടലാസിൽ, അതിശയോക്തിയോ കള്ളമോ ഇല്ലാതെ അതുപോലെ വരച്ചുകാട്ടുന്നു എന്നതാണ് സത്യം. നെരിപ്പോടിൽ ചവിട്ടിയാൽ ഉണ്ടാകുന്ന നീറ്റൽ തരുന്ന ചില അനുഭവങ്ങൾ, തിരിച്ചറിവുകൾ ആണ് പലതും തുറന്ന് എഴുതാൻ പ്രേത്യേകിച്ചു പ്രേരണ ആകുന്നത്. അവസാന ശ്വാസം വരെ സത്യത്തിലും നീതിയിലും ന്യായത്തിലും ഉറച്ചുനിൽക്കണം, കളങ്കമില്ലാത്ത, കൗശലമില്ലാത്ത, വ്യാജമില്ലാത്ത, മായമില്ലാത്ത ക്രിസ്തിയ ജീവിതത്തിന്റെ ഉടമയാകണം ഒരു മെഴുകുതിരി പോലെ അല്പമെങ്കിലും പ്രകാശിക്കണം എന്നു മാത്രമേയുള്ളു ആഗ്രഹം.

“എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; എന്റെ കൃതി രാജാവിന്നു വേണ്ടിയുള്ളതു എന്നു ഞാൻ പറയുന്നു. എന്റെ നാവു സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു” (സങ്കീ 45:1). “കേൾപ്പിൻ, ഞാൻ ഉൽകൃഷ്ടമായതു സംസാരിക്കും; എന്റെ അധരങ്ങളെ തുറക്കുന്നതു നേരിന്നു ആയിരിക്കും” (സദൃ 8:6). “എന്റെ വചനങ്ങൾ എന്റെ ഉള്ളിലെ നേർ ഉച്ചരിക്കും. എന്റെ അധരങ്ങൾ അറിയുന്നതു അവ പരമാർത്ഥമായി പ്രസ്താവിക്കും” (ഇയ്യോ 33:3). “എന്റെ വായ് ജ്ഞാനം പ്രസ്താവിക്കും; എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നേ ആയിരിക്കും” (സങ്കീ 49:3). “യഹോവയുടെ ആത്മാവു എന്നിൽ സംസാരിക്കുന്നു; അവന്റെ വചനം എന്റെ നാവിന്മേൽ ഇരിക്കുന്നു” (2 ശമൂ 23:2).

സങ്കീർത്തനക്കാരൻ പറയുന്നപോലെ നമ്മുടെ ഹൃദയം ശുഭവചനത്താൽ നിറഞ്ഞിട്ട്, നമ്മുടെ ഓരോ എഴുത്തും രാജാവിനു വേണ്ടി മാത്രം ഉള്ളതായി തീർന്നാൽ പിന്നെ ബാക്കി കാര്യങ്ങൾ രാജാവ് നോക്കിക്കൊള്ളും, അതു ഒരു വ്യക്തിക്കെങ്കിലും പ്രയോജനം ആയി ഭവിക്കും. ഓരോ വാക്കുകളും വിചാരങ്ങളും ആലോചനകളും ഉൽകൃഷ്ടമായതും, പരമാർത്ഥതയുള്ളതും, നേരുള്ളതും നിർഭയവും, നിഷ്പക്ഷവും ആയി മാറിയാൽ ബാക്കി കാര്യങ്ങൾ ദൈവമാണ് ചെയ്തു തീർക്കുന്നതെന്നു നാം വിശ്വസിക്കണം. ദൈവത്തിന്റെ ആത്മാവ് സംസാരിക്കുന്ന, വെളിപ്പെടുത്തുന്ന ആലോചനകൾ വെള്ളം/മായം ചേർക്കാതെ മുഖം നോക്കാതെ എഴുതുവാൻ നാം ദൈവകൃപ ഏറ്റെടുക്കണം. നാം മനുഷ്യരെ ഭയക്കുന്നവരോ, പ്രസാദിപ്പിക്കുന്നവരോ ആയി മാറിയാൽ ഒരിക്കലും ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ല എന്ന ഉറച്ച കാഴ്ച്ചപ്പാട് പ്രാപിച്ചെടുക്കണം. ആത്മീക ഭാഷയിൽ പറഞ്ഞാൽ ദൈവമാണ് നിന്നേകൊണ്ട് സത്യങ്ങൾ പറയിപ്പിക്കുന്നത് അല്ലെങ്കിൽ എഴുതിപ്പിക്കുന്നതെങ്കിൽ അവകൾ സത്യമായിരുന്നു എന്നു തെളിയിക്കേണ്ട ചുമതല ദൈവത്തിന്റെതാണെന്ന കാര്യം മറന്നുപോകരുത്.

ഒരു എഴുതുകാരന്റെ ഉദ്യമത്തിന്/ പ്രയത്നത്തിന് അഭിനന്ദനങ്ങളെക്കാൾ, ആസ്വാദനത്തേക്കാൾ, അനുകൂലത്തേക്കാൾ കൂടുതൽ പ്രതികൂലമായ പ്രതികരണം ആയിരിക്കാം ഈ കാലങ്ങളിൽ ലഭിക്കുക. അതിൽ ഭീഷണിയും, അവഹേളിക്കുന്ന, അപമാനിക്കുന്ന, വേദനിപ്പിക്കുന്ന, തേജോവധവും, വ്യക്തിഹത്യയും, ഒടുവിൽ പരിഹാസവും, അധൈര്യപെടുത്തുന്ന വാക്കുകളും പ്രതീക്ഷിക്കാം. എന്നാൽ മാത്രമേ ഓരോ എഴുത്തിനും അതിന്റ ഫലപ്രാപ്തി വരുകയുള്ളു.

ഓരോ എഴുത്തിനും ജീവനും പ്രാണനും ഉണ്ടാകണം എന്നാൽ മാത്രമേ അതിന്റ ക്രിയ നടക്കുകയുള്ളു. നമ്മുടെ വാക്കുകൾ ആരിലൊക്കെ ക്രിയ നടത്തുന്നുവോ, അത് അവരോടുള്ള ദൈവീക ദൂതായി തോന്നാം, കാരണം അത് അവരുടെ ഉള്ളിലെ കുറ്റബോധം ആണ്. അതുകൊണ്ടാണ് അതു അവരുടെ ഹൃദയങ്ങളെ കീറിമുറിച്ചു, പ്രതികരണമോ, പശ്ചാത്താപമോ, ഒന്നുകിൽ ദേഷ്യമോ സൃഷ്ടിക്കുന്നത്. അത് അവർ അറിയാതെ ഉള്ളിൽ നടക്കുന്ന ദൈവാത്മാവിന്റെ പ്രവർത്തനത്തിന്റെ തുടക്കമാണ് അഥവാ കുറ്റബോധമാണ്. പത്രധർമ്മം സത്യമാണ്, ശുദ്ധമാണ് നിർഭയം ആണ് അതുകൊണ്ടാണ് ചിലപ്പോൾ ഹൃദയത്തിൽ കുത്തുകൊള്ളുന്നതും, മുറിപ്പെടുത്തുന്നതും, മുറിവുകൾ കെട്ടുന്നതും. അപ്പോഴാണ് ഇത് എന്നേ പറ്റി മാത്രം മനഃപൂർവ്വം എഴുതിയതാണെന്ന തോന്നൽ ഉണ്ടാകുന്നതും. സത്യം ചൂടുള്ളതാണ് അതാണ് ചിലർക്ക് പൊള്ളൽ ഏൽക്കുന്നത്. അങ്ങനെ ഉണ്ടാകുന്ന പൊള്ളൽ പെട്ടെന്ന് ഉണങ്ങില്ല.

ഓരോ എഴുത്തുകൾ ഓരോ കണ്ണാടിയായി മാറണം, കാരണം അതിലെ വരികളുടെ അന്തർലിനമായ അർത്ഥങ്ങൾ സ്വയം കണ്ണാടിയിൽ നോക്കുമ്പോൾ ഉണ്ടാകുന്ന / കാണുന്ന പ്രതീതി ഉളവാക്കണം. കണ്ണാടിയിൽ നോക്കുമ്പോൾ കാണുന്ന നമ്മുടെ മുഖത്തെ ചുളിവുകളും, കുറവുകളും പോലെ, എഴുത്താകുന്ന കണ്ണാടിയിൽ നമ്മുടെ ഹൃദയത്തിലെ കുറവുകൾ തെളിഞ്ഞു വന്നാൽ, കണ്ടുപിടിച്ചാൽ എഴുത്തുകാരന്റെ ഉദ്ദേശം സാഫല്യമായി എന്നു വേണം പറയുവാൻ.

ഒരു എഴുത്തുകാരന്റെ മേൽ വസിക്കുന്ന ” യഹോവയുടെ ആത്മാവു ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ” (യെശ 11:2) ആയിരിക്കണം. കൂടാതെ ദൈവം തന്റെ സ്വന്തം കൈപ്പടയിൽ എഴുതി തരുന്ന അംഗീകാരം “ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെ മേൽ വെച്ചിരിക്കുന്നു; അവൻ ജാതികളോടു ന്യായം പ്രസ്താവിക്കും” (യെശ 42:1) എന്നതാകണം. നാം എടുക്കേണ്ടുന്ന പ്രതിജ്ഞ “എന്റെ അധരം നീതികേടു സംസാരിക്കയില്ല; എന്റെ നാവു വ്യാജം ഉച്ചരിക്കയുമില്ല” (ഇയ്യോ 27:4). “എന്റെ വായ് സത്യം സംസാരിക്കും; ദുഷ്ടത എന്റെ അധരങ്ങൾക്കു അറെപ്പാകുന്നു. എന്റെ വായിലെ മൊഴി ഒക്കെയും നീതിയാകുന്നു; അവയിൽ വക്രവും വികടവുമായതു ഒന്നുമില്ല. അവയെല്ലാം ബുദ്ധിമാന്നു തെളിവും പരിജ്ഞാനം ലഭിച്ചവർക്കു നേരും ആകുന്നു” (സദൃ 8:7-9). ഇതാകട്ടെ ഓരോ എഴുത്തുകാരന്റെയും ഉദ്ദേശവും തീരുമാനവും.

കരളിനെ തൊട്ട് ഹൃദയത്തിൽ നിന്നും ഒഴുകുന്ന രക്ത തുള്ളിയിൽ മുക്കിയെഴുതുന്ന ഓരോ വരികളിലും, യാഥാർഥ്യങ്ങളും, സത്യങ്ങളും, നീതിയും, ന്യായവും, സന്തോഷവും, ദുഃഖവും, മുറിവിന്റ നൊമ്പരവും, ഒറ്റപ്പെടലിന്റെയും ഒറ്റുകൊടുത്തതിന്റെ വേദനയും പറ്റിയ ചതിവിന്റെ മണവും ഉണ്ടായിരിക്കാം. അതാകണം ഓരോ എഴുത്തുകളും, അതുതന്നേ ആയിരിക്കണം ഓരോ എഴുത്തുകളും എന്നു ഞാൻ വിശ്വസിക്കുന്നു. മാത്രവുമല്ല, എഴുതുന്ന ഓരോ വാക്കുകളും വരികളും വായനക്കാരുടെ മനസ്സിൽ വേദനയായി, പ്രചോദനമായി, സന്തോഷമായി, ഉത്സാഹമായി, ചിന്തയായി ഒടുവിൽ മാനസ്സാന്തരമായി ഭവിക്കണമെന്നതാണ് ആഗ്രഹം, അതു തന്നെയാകണം നിർമ്മലമായ ഉദ്ദേശവും. അപ്പോൾ ആ ഓരോ വാക്കുകളിൽ ഒരിക്കലും മരിക്കാത്ത ജീവന്റെ തുടിപ്പുണ്ടാകും. ചിലപ്പോൾ എല്ലാകലാകാരനെയും, എഴുത്തുകാരേയും എല്ലാരും തിരിച്ചറിയണമെന്നില്ല. എന്നാൽ അവരിൽ നിന്നും കേൾക്കുന്ന/വായിക്കുന്ന സന്ദേശങ്ങൾ സമൂഹത്തിന് ആർക്കെങ്കിലും പ്രചോദനവും പ്രയോജനവും ആകുന്നെങ്കിൽ അത് നന്മയായി മാറും..

“അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ അധമമായതു ഒഴിച്ചു ഉത്തമമായതു പ്രസ്താവിച്ചാൽ നീ എന്റെ വായ്പോലെ ആകും; അവർ നിന്റെ പക്ഷം തിരിയും നീ അവരുടെ പക്ഷം തിരികയില്ല” (യിരേ 15:19).

“ഇപ്പോൾ ഞാൻ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നതു? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിപ്പാൻ നോക്കുന്നുവോ? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല” (ഗലാ 1:10).

അതുകൊണ്ട് അധമമായതു ഒഴിച്ചു ഉത്തമമായതു പ്രസ്താവിച്ചുകൊണ്ട് ക്രിസ്തുവിന്റെ നല്ല ദാസനായി നമ്മുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇനിയും നല്ല നല്ല ആശയങ്ങളും ചിന്തകളും ഓരോ എഴുത്തിലൂടെ പുറം ലോകം വായിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ന്യായമായുള്ളതു നമുക്കു തിരഞ്ഞെടുക്കാം; നന്മയായുള്ളതു നമുക്കു തന്നേ ആലോചിച്ചറിയാം. (ഇയ്യോ 34:4).

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.