ആഗോള ഭീകരതാ സൂചിക; അഫ്ഗാനിസ്ഥാന്‍ ഒന്നാമത്

പുതിയ ആഗോള ഭീകരതാ സൂചികയില്‍ തീവ്രവാദം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. രാജ്യത്തെ ആക്രമണങ്ങള്‍ 75 ശതമാനവും അതിനെ തുടര്‍ന്നുള്ള മരണങ്ങള്‍ 58 ശതമാനവുമായി കുറഞ്ഞെങ്കിലും തുടര്‍ച്ചയായ നാലാം വര്‍ഷവും അഫ്ഗാനിസ്ഥാന്‍ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. അതേ സമയം അഫ്ഗാനിസ്ഥാന്‍റെ അയല്‍രാജ്യമായ പാകിസ്ഥാന്‍ പട്ടികയില്‍ 6 -ാം സ്ഥാവും ഇന്ത്യ 13 -ാം സ്ഥാനത്തുമാണ്.

ജിടിഐയുടെ (Global Terrorosim Index 2023) ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്‌, 2022-ല്‍ അഫ്ഗാനിസ്ഥാനില്‍ 633 മരണങ്ങളാണ് രേഖപ്പെടുത്തിയത്. അതേസമയം ഭീകരതയുമായി ബന്ധപ്പെട്ട് 2022 -ല്‍ രാജ്യത്ത് 866 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ നിന്നും ഗണ്യമായ കുറവ് രേഖപ്പെടുത്തിയെങ്കിലും പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 2022 ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാന്‍ (ദാഇഷ്) ലോകത്തിലെ ഏറ്റവും സജീവമായ തീവ്രവാദി സംഘടനയായി മാറിയെന്നും ജിടിഐയുടെ റിപ്പോര്‍ട്ട് പറയുന്നു. 2022 ല്‍ അഫ്ഗാനിസ്ഥാനിലുണ്ടായ മൊത്തം മരണങ്ങളില്‍ 67 ശതമാനത്തിനും ഉത്തരവാദി ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഭീകരതയുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ 643 പേരാണ് കൊല്ലപ്പെട്ടത്. പത്ത് വര്‍ഷത്തിനിടെയുണ്ടായ മരണങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവാണ് കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ രേഖപ്പെടുത്തിയത്. മരിച്ചവരില്‍ 55 % പേര്‍ പാക് സൈനികരാണ്. മരണനിരക്ക് വര്‍ദ്ധിച്ചതോടെ നാല് സ്ഥാനങ്ങള്‍ ഉയര്‍ന്ന് പാകിസ്ഥാന്‍ പട്ടികയില്‍ ആറാം സ്ഥാനത്തെത്തി. പാക്കിസ്ഥാനിലുണ്ടായ ഭീകരാക്രമണങ്ങില്‍ 36 % വും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയാണ് നടത്തിയത്. ഈ കണക്കുകളില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഒമ്ബത് മടങ്ങ് വര്‍ധനയുണ്ടായെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. പാക്കിസ്ഥാനിലെ ഏറ്റവും ഭീകരസംഘടനയായിരുന്ന പാകിസ്ഥാന്‍ താലിബാന്‍ എന്നറിയപ്പെടുന്ന തെഹ്‌രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) ന്‍റെ സ്ഥാനം ബിഎല്‍എ മറികടന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബിഎല്‍എ പാകിസ്ഥാനില്‍ നടത്തിയ അക്രമണങ്ങളില്‍ മാത്രം 195 പേരാണ് കൊല്ലപ്പെട്ടത്.

അതേ സമയം ആഗോള ഭീകരതാ സൂചികയില്‍ ഇന്ത്യയ്ക്ക് 13 -ാം സ്ഥാനമാണ്. അതായത് ആദ്യത്തെ 25 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെട്ടിരിക്കുന്നു. അതേ സമയം സര്‍വേയില്‍ പങ്കെടുത്ത 120 രാജ്യങ്ങളില്‍ 56 എണ്ണവും തങ്ങളുടെ ദൈനംദിന സുരക്ഷയ്‌ക്കുള്ള ഏറ്റവും വലിയ ഭീഷണിയായി യുദ്ധവും ഭീകരതയും തെരഞ്ഞെടുത്തിനെ കുറിച്ച്‌ പ്രതികരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈനയും പാകിസ്ഥാനുമായി ചില ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു ശതമാനം ഈ സംഘര്‍ഷങ്ങളില്‍ നിന്നും ഏറെ അകലെയാണ് ജീവിക്കുന്നത്. എന്നാല്‍, ലോകത്തിന്‍റെ നിലവിലെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ സ്ഥിതിയെ തകിടം മറിക്കുന്ന റഷ്യയുടെ യുക്രൈന്‍ അക്രമണം ശക്തമായ സമയത്തും പട്ടികയില്‍ റഷ്യയുടെ സ്ഥാനം അമേരിക്കയ്ക്കും താഴെയാണെന്നുള്ളതും ശ്രദ്ധേയം. യുഎസ്‌എ ആഗോള തീവ്രവാദ പട്ടികയില്‍ 30 സ്ഥാനത്താണെങ്കില്‍ റഷ്യ 45 -ാം സ്ഥാനത്താണ്. യുക്രൈന്‍ പട്ടികയില്‍ 73 -ാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാന്‍, ബുര്‍കിനോ ഫാസോ, സോമാലിയ, മാലി, സിറിയ, പാകിസ്ഥാന്‍, ഇറാഖ്. നെജീരിയ, മ്യാന്മാര്‍, നിഗര്‍ എന്നീ രാജ്യങ്ങളാണ് ലോകത്തിലെ ആഗോള തീവ്രവാദ പട്ടികയില്‍ ആദ്യ പത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള രാജ്യങ്ങള്‍.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.