അമേരിക്കയിൽ മൂന്ന് വർഷത്തിനിടെ ആക്രമണത്തിന് ഇരയായത് 301 ക്രൈസ്‌തവ ദൈവാലയങ്ങൾ

വാഷിംഗ്ടൺ ഡി.സി: 2020 മേയ് മുതൽ ഇതുവരെയുള്ള മൂന്ന് വർഷത്തിനിടയിൽ അമേരിക്കയിൽ ഉടനീളം 301 കത്തോലിക്കാ ദൈവാലയങ്ങൾ ആക്രമണത്തിന് ഇരയായെന്ന് പഠന റിപ്പോർട്ട്. അമേരിക്കയിലെ പ്രമുഖ പൊളിറ്റിക്കൽ അഡ്വക്കസി ഗ്രൂപ്പായ ‘കാത്തലിക് വോട്ടാണ് നടുക്കുന്ന ഈ വിവരം പുറത്തുവിട്ടത്. ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകിയ കുപ്രസിദ്ധ ‘റോ വേഴ്സസ് വേഡ്’ വിധി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ കരട് രേഖ 2022ൽ ചോർന്നത് ദൈവാലയങ്ങൾക്ക് എതിരായ ആക്രമണങ്ങൾ വർദ്ധിക്കാൻ കാരണമായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കേടുപാടുകൾ വരുത്തിയും തീയിട്ടും നശിപ്പിച്ച ദൈവാലയങ്ങളിൽ ചരിത്രപ്രാധാന്യമുള്ള ആരാധനാലയങ്ങളും ഉൾപ്പെടും. ദൈവാലയത്തിന്റെ ഭിത്തികളിലും വാതിലുകളിലും പെയിന്റ് കൊണ്ട് പൈശാചിക സന്ദേശങ്ങൾ എഴുതുക, ജനാലക്കുള്ളിലൂടെ കല്ലും മറ്റും എറിഞ്ഞ് തകർക്കുക എന്നിങ്ങനെയുള്ള ആക്രമണങ്ങളാണ് ഉണ്ടായത്. ഇക്കാലയളവിൽ കാലിഫോർണിയയിൽ മാത്രം 45 ഉം ന്യൂയോർക്കിൽ 29ളും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ദൈവാലയങ്ങൾ സംരക്ഷിക്കാനും ‘ആഭ്യന്തര ഭീകരയ്ക്ക് അറുതി വരുത്താനുമുള്ള നടപടികൾ സ്വീകരിക്കാൻ വിസമ്മതിച്ച ബൈഡൻ ഭരണകൂടത്തെ റിപ്പോർട്ടിൽ ‘കാത്തലിക് വോട്ട്’ അപലപിച്ചു. കഴിഞ്ഞ വർഷം സുപ്രീം കോടതി ഉത്തരവ് ചോർന്നതിന്റെ പശ്ചാത്തലത്തിൽ ദൈവാലയങ്ങൾക്ക് എതിരെ ഉണ്ടായ ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് സെനറ്റർ മൈക്കൽ ലീയും കോൺഗ്രസ് അംഗം ചിപ്പ് റോയിയും അറ്റോർണി ജനറൽ മെറിക് ഗാർലാൻഡിന് കത്ത് അയച്ചിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.