ശാസ്ത്രവീഥി: ഐസിൻ്റെ പുതിയ വകഭേദം കണ്ടെത്തി | പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ

ഐസിൻ്റെ പുതിയവകഭേദത്തെ ശാസ്ത്രലോകം കണ്ടെത്തിയതായി “സയൻസ് ന്യൂസ്” റിപ്പോർട്ടു ചെയ്യുന്നു.

2023 ഫെബ്രുവരി 2- നു യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജ് പുറത്തുവിട്ട ഒരുന്യൂസ് ബുള്ളറ്റിനെ അടിസ്ഥാനമാക്കിയാണു ഈ ശാസ്ത്രീയലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേംബ്രിഡ്ജിലെയും യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെയും(UCL) ശാസ്ത്രജ്ഞർ സഹകരിച്ചു നടത്തിയ പരീക്ഷണത്തിലാണു വെള്ളത്തോടു ഏറെസാമ്യമുള്ള, ദ്രവരൂപത്തിലുള്ള, ഐസ് കണ്ടത്തിയത്. “ദ്രാവകങ്ങളെക്കുറിച്ചുള്ള തുടർപഠനത്തിൻ്റെ താക്കോൽ ആയിരിക്കും പുതിയ കണ്ടുപിടുത്തമെന്നു” ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.

പുതുതായി കണ്ടെത്തിയ ഐസിനു
മീഡിയം ഡെൻസിറ്റി അമോർഫസ് ഐസ് (MDA) എന്നാണു പേരിട്ടിരിക്കുന്നത്. അമോർഫസ് എന്നവാക്കിനു അടുക്കും ചിട്ടയുമില്ലാത്ത, ക്ലിപ്തമായ രൂപം ഇല്ലാത്ത, പരൽരൂപത്തിൽ അല്ലാത്ത എന്നൊക്കെയർത്ഥം. തന്മാത്രകൾ ക്രമമായ പാറ്റേണിൽ ക്രമീകരിച്ചിരിക്കുന്ന സാധാരണ സ്ഫടികമഞ്ഞിൽ നിന്നു വ്യത്യസ്തമായി, അമോർഫസ് ഐസിൽ മോളിക്യൂൾസ് ദ്രാവകത്തോട് സാമ്യമുള്ളതും ക്രമരഹിതമാണ്.
ശാസ്ത്രസംഘം പരീക്ഷണത്തിലൂടെ MDA -യുടെ രൂപം സൃഷ്ടിക്കുകയും കമ്പ്യൂട്ടർ സിമുലേഷനിൽ അതിന്റെ ആറ്റോമിക് സ്കെയിൽ മാതൃക കൈവരിക്കുകയും ചെയ്തു. സ്റ്റീൽ ജാറിൽ മെറ്റൽ ബോളുകൾ ഉപയോഗിച്ച് വസ്തുവിനെ പൊടിച്ച് ചെറിയ കണങ്ങളാക്കി മാറ്റുന്ന ബോൾ-മില്ലിംഗ് എന്ന സാങ്കേതിക വിദ്യയാണ് പരീക്ഷണങ്ങളിൽ ഉപയോഗിച്ചത്. രൂപരഹിതമായ വസ്തുക്കൾ നിർമ്മിക്കാൻ ബോൾ-മില്ലിംഗ് സർവ്വസാധാരണമായി ഉപയോഗിക്കുന്നു. പക്ഷേ ഇത് ഒരിക്കലും ഐസിൽ പ്രയോഗിച്ചിട്ടില്ല.
ബോൾ-മില്ലിങിലൂടെ ഐസിന്റെ പുതിയൊരു അമോർഫസ് ഫോം സൃഷ്ടിക്കപ്പെട്ടതായും, അതിൻ്റെ സാന്ദ്രത ദ്രവജലത്തിൻ്റെ സാന്ദ്രതക്കു സമാനമാണെന്നും, അവസ്ഥ (state) ഖരരൂപത്തിലുള്ള ജലത്തോടു (ഐസ്) സാമ്യമുള്ളതാണെന്നും സംഘം കണ്ടെത്തി. അവർ പുതിയ ഐസിന് മീഡിയം ഡെൻസിറ്റി അമോർഫസ് ഐസ് എന്ന് പേരിടുകയായിരുന്നു.

മോളിക്യൂലാർ സ്കെയിലിലെ പ്രക്രിയ മനസ്സിലാക്കാൻ ടീം കമ്പ്യൂട്ടേഷണൽ സിമുലേഷൻ ഉപയോഗിച്ചു. ബോൾ-മില്ലിംഗ് നടപടിക്രമം അനുകരിച്ചു ക്രിസ്റ്റലിൻ
ഐസിന്റെ ആവർത്തിച്ചുള്ള ക്രമരഹിതമായ നുറുക്കലിലൂടെ , ടീം MDA യുടെ ഒരു കമ്പ്യൂട്ടേഷണൽ മോഡലും വിജയകരമായി സൃഷ്ടിച്ചു. MDA യുടെ കണ്ടെത്തൽ ദ്രാവക ജലത്തിന്റെ സ്വഭാവത്തെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു, അതിനാൽ MDA യുടെ കൃത്യമായ ആറ്റമിക് ഘടന മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്” എന്ന് കമ്പ്യൂട്ടേഷണൽ മോഡലിംഗ് നടത്തിയ സഹപ്രവർത്തകൻ ഡോ. മൈക്കൽ ഡേവിസ് അഭിപ്രായപ്പെടുന്നു. “എം‌.ഡി‌.എ -യും ദ്രാവക വെള്ളവും തമ്മിൽ ശ്രദ്ധേയമായ സാമ്യങ്ങൾ ഞങ്ങൾ കണ്ടെത്തി.”

*MDA എന്ന മാദ്ധ്യമം*

സന്തോഷകരമായ ഒരുമാദ്ധ്യമം എന്നാണു MDA- വിശേഷിക്കപ്പെടുന്നത്. അമോർഫസ് ഐസുകൾ ദ്രവജലത്തിന്റെ മാതൃകയായി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഇതുവരെ, രണ്ട് പ്രധാനതരം അമോർഫസ് ഐസേ ഉണ്ടായിരുന്നുള്ളൂ- ഉയർന്ന സാന്ദ്രതയുള്ളതും താഴ്ന്ന സാന്ദ്രത ഉള്ളതുമായ അമോർഫസ് ഐസ്.
പേരുകൾ സൂചിപ്പിക്കുന്നതു പോലെ, ഇവതമ്മിൽ വലിയ സാന്ദ്രതാവിടവുണ്ട്. ഈ സാന്ദ്രതാവിടവ്
, ദ്രവജലത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയിൽ മൂലക്കല്ലായിരിക്കുകയാണ്. കാരണം, രണ്ടിൻ്റെയും ഇടയിൽ ആയിരിക്കും വെള്ളത്തിൻ്റെ സാന്ദ്രത. വെള്ളത്തിനും സാന്ദ്രത കൂടിയത് സാന്ദ്രത കുറഞ്ഞത് എന്നിങ്ങനെ രണ്ടു അവസ്ഥാഭേദങ്ങൾ ഉണ്ടല്ലോ. “ഈ സാന്ദ്രതാവിടവിനുള്ളിൽ ഐസിനു നിലനില്പില്ല എന്നതാണ് പരമ്പരാഗതമായിഅംഗീകരിക്കപ്പെട്ട നമ്മുടെ അറിവ്. എന്നാൽ ഞങ്ങളുടെ കണ്ടുപിടുത്തം ഈ അറിവിനെ പൊളിച്ചെഴുതിയിരിക്കുകയാണ്. എംഡിഎയുടെ സാന്ദ്രത കൃത്യമായി ഈ സാന്ദ്രത വിടവിനുള്ളിലാണെന്നതും ഈ കണ്ടെത്തൽ ദ്രവവെള്ളത്തെക്കുറിച്ചും അതിന്റെ പല അസ്വാഭാവികതയെക്കുറിച്ചും ഉള്ള നമ്മുടെ ധാരണയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്നതാണു ഞങ്ങളുടെ പുതിയ കണ്ടുപിടുത്തം.” സീനിയർ പ്രൊഫസർ ക്രിസ്റ്റോഫ് സാൽസ്മാൻ പറയുന്നു.

*ഉയർന്ന ഊർജ്ജമുള്ള ജിയോഫിസിക്കൽ മെറ്റീരിയൽ*

MDA യുടെ കണ്ടെത്തൽ ഒരു ചോദ്യം ഉയർത്തിവിടുന്നുണ്ട്- പ്രകൃതിയിൽ അത് എവിടെ നിലനിൽക്കും? ഈ പഠനത്തിൽ MDA സൃഷ്ടിക്കുന്നതിൽ ഷിയർ ഫോഴ്‌സ് പ്രധാനമാണെന്നാണു ഈ പഠനത്തിൽ ബോദ്ധ്യമായിരിക്കുന്നത്. വ്യാഴം പോലെയുള്ള വാതക ഭീമന്മാർ ചെലുത്തുന്ന വേലിയേറ്റശക്തികൾ കാരണം സാധാരണ ഐസ് ഉപഗ്രഹങ്ങളിൽ സമാനമായ ഷിയർ ഫോഴ്‌സിന് വിധേയമാകുമെന്ന് സംഘം അഭിപ്രായപ്പെടുന്നു.
കൂടാതെ, മറ്റ് ഐസ് രൂപങ്ങളിൽ കാണാത്ത ഒരു ശ്രദ്ധേയമായ സ്വഭാവലക്ഷണം MDA പ്രദർശിപ്പിക്കുന്നുണ്ട്. കലോറിമെട്രി ഉപയോഗിച്ചു എം.ഡി.എ.- യെ വീണ്ടും സാധാരണ ഐസിലേക്ക് ക്രിസ്റ്റലൈസ് ചെയ്യുമ്പോൾ അത് അസാധാരണമായ അളവിൽ താപം പുറപ്പെടുവിക്കുന്നുവെന്ന് അവർ കണ്ടെത്തി. എം.ഡി.എ. – യുടെ റീക്രിസ്റ്റലൈസേഷനിൽ നിന്ന് പുറത്തുവരുന്ന താപം ടെക്റ്റോണിക് ചലനങ്ങളെ സജീവമാക്കുന്നതിൽ പങ്കുവഹിക്കുന്നുണ്ട്! കൂടുതൽ വിശാലമായി പറഞ്ഞാൽ, വെള്ളം ഒരു ഹൈഎനർജി ജിയോഫിസിക്കൽ മെറ്റീരിയൽ ആണ് എന്നതാണു പുതിയ കണ്ടുപിടിത്തം. “പ്രപഞ്ചത്തിലെ ഏറ്റവും സമൃദ്ധമായ ജലരൂപമാണ് അമോർഫോസ് ഐസ് എന്നാണു പൊതുവെ പറയപ്പെടുന്നത്. അതിൽ എത്രത്തോളം MDA ആണെന്നും MDA എത്രത്തോളം ജിയോഫിസിക്കലി ആക്റ്റീവ് ആണെന്നും
കണ്ടത്താനുള്ള ഓട്ടത്തിലാണ് ഞങ്ങൾ.” കേംബ്രിഡ്ജിൽ നിന്നുള്ള പ്രൊഫ. ആഞ്ചലോസ് മൈക്കിലിഡ്സ് പറയുന്നു.

*ഉപസംഹാരം*

മേല്പറഞ്ഞ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ എല്ലാം ഗ്രഹിക്കുവാനുള്ള പ്രാപ്തി നമുക്കില്ല. അതിനു പലകാരണങ്ങളുണ്ട്. ഒന്നാമതായി, പരീക്ഷണം അതിൻ്റെ പ്രാഥമികനിലയിൽ മാത്രമാണ് എത്തിയിരിക്കുന്നത്. പൂർണ്ണതയിൽ എത്താൻ ഇനിയും സമയമെടുക്കും. രണ്ടാമതായി, പറഞ്ഞിരിക്കുന്ന ശാസ്ത്രീയകാര്യങ്ങൾ നമ്മുടെ ബുദ്ധിക്ക് എത്താത്ത വങ്കാര്യങ്ങൾ ആണ്.

MDA-യുടെ രൂപം “പാഴും ശൂന്യവും” എന്നു ബൈബിൾ പറയുന്ന കയോട്ടിക് (Chaotic) സ്ഥിതിയോടൊത്തു വരുന്നുണ്ട്. MDA- യെ
തിരിച്ചു സാധാരണ ഐസ് രൂപത്തിലേക്കു കൊണ്ടുവരുവാൻ, അതായത് അടുക്കും ചിട്ടയുമുള്ള (Dynamic) രൂപത്തിലേക്ക് കൊണ്ടുവരുമ്പോൾ ഹൈഎനർജി ഉൽസർജിക്കപ്പെടുന്നു എന്നതു ബൈബിൾ സൃഷ്ടിവിവരണത്തിലേക്കു വിരൽ ചൂണ്ടുന്നില്ലേ? തെർമൊഡൈനാമിൿ തത്വമനുസരിച്ചു കയോട്ടിൿ രൂപത്തിൽ നിന്നു ഡൈനാമിൿ രൂപത്തിലേക്കു കൊണ്ടുവരുവാൻ/ മാറ്റുവാൻ അതിശക്തമായ ഊർജ്ജം (താപം) ആവശ്യമാണ്. ഈ തത്വത്തിൽ നിന്നു വിലയിരുത്തിയാൽ വെള്ളത്തെക്കുറിച്ചുള്ള വെറും പഠനമായിരിക്കുകയില്ല പുതിയ കണ്ടെത്തൽ എന്നു അനുമാനിക്കാം.
അത് ബൈബിളിൽ വിവരിക്കുന്ന സൃഷ്ടിവിവരണത്തിലേക്കുള്ള ചൂണ്ടുപലക ആകുമോ?

മറ്റൊരു വിഷയം ജിയോഫിസിക്കൽ മെറ്റീരിയൽ ആയ MDA പുറത്തുവിടുന്ന ഹൈഎനർജി “ടെൿറ്റോണിൿ ചലനങ്ങളെ” സജീവമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു എന്നതത്രെ. ടെൿറ്റോണിക് എന്നത് മറ്റൊരു ശാസ്ത്രശാഖയാണ്. അതു ഭൂമിയുടെ അന്തർഭാഗത്തുള്ള പ്ലേറ്റുകളെക്കുറിച്ചു പഠിക്കുന്ന “പ്ലെയ്റ്റ് ടെൿറ്റോണിക്സ്” ആണ്. പ്ലെയ്റ്റുകളുടെ ചലനം മൂലമാണു ഭൂഖണ്ഡങ്ങൾ പിരിഞ്ഞുപോയതും അവിടെവിടെ ഇന്നും ഭൂകമ്പങ്ങൾ ഉണ്ടാകുന്നതും. ടെൿറ്റോണിൿ ചലനങ്ങളെ MDA പുറത്തുവിടുന്ന ഹൈ എനർജി സ്വാധീനിക്കുന്നു എന്നു പറഞ്ഞാൽ എന്താണർത്ഥം? ഭൂഖണ്ഡങ്ങൾ വിഘടിച്ചു മാറിയപ്പോഴും ഭൂകമ്പങ്ങൾ ഉണ്ടാകുമ്പോഴും MDA എനർജി കാരണമാകുന്നു എന്നാണോ? അതൊക്കെ പഠനദശയിൽ മാത്രമാണ്. നമുക്ക് കാത്തിരുന്നു കാണാം.

ഭൂമിയുടെ സൃഷ്ടിപ്പിൽ വെള്ളത്തിന് വലിയ സ്ഥാനമുണ്ടെന്ന് ബൈബിൾ പറയുന്നു.
“ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും അതിനാൽ അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു എന്നും—” (2 പത്രൊസ് 3: 5,6).
അതായത് സൃഷ്ടിപ്പിനായും നാശത്തിനായും ദൈവം വെള്ളം ഉപയോഗിച്ചു എന്നു സാരം. അതു എങ്ങനെയെന്ന് ശാസ്ത്രം തെളിയിക്കട്ടെ.

-ADVERTISEMENT-

-ADVERTISEMENT-

You might also like