വിശുദ്ധിയോട് ക്രിസ്തുവിന്റെ വീണ്ടും വരവിനായി ഒരുങ്ങാം: ചീഫ് പാസ്റ്റർ എബ്രഹാം മാത്യു

റ്റി.പി.എം തിരുവല്ല സെന്റർ കൺവൻഷന് അനുഗ്രഹീത സമാപ്തി

തിരുവല്ല: ആത്മനിറവിന്റെ നാല് ദിനങ്ങൾക്ക് കറ്റോട്ട് അനുഗ്രഹീത സമാപ്തി. ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ പ്രധാന ആത്മീയ സംഗമങ്ങളിൽ ഒന്നായ തിരുവല്ല വാർഷിക സെന്റർ കൺവൻഷൻ ജനുവരി 19 വ്യാഴാഴ്ച മുതൽ 22 ഞായറാഴ്ച വരെ റ്റി കെ റോഡിലെ കറ്റോട് റ്റി പി എം കൺവൻഷൻ ഗ്രൗണ്ടിൽ നടന്നു. വിശുദ്ധിയോട് ക്രിസ്തുവിന്റെ വീണ്ടും വരവിനായി നമ്മൾക്ക് ഒരുങ്ങാം എന്ന് ദി പെന്തെക്കൊസ്ത് മിഷൻ ചീഫ് പാസ്റ്റർ എബ്രഹാം മാത്യു പ്രസ്താവിച്ചു. കൺവൻഷന്റെ സമാപനദിന സംയുക്ത സഭായോഗത്തിൽ പുറപ്പാട് 3: 1-4 ആധാരമാക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാം എവരും പൂർണ്ണഹൃദയത്തോടെ ദൈവത്തിനായി സമർപ്പിക്കണം. നാം ഭയത്തോടും ഭക്തിയോടും ദൈവവചനങ്ങൾ അനുസരിച്ചു ക്രിസ്തുവിന്റെ വീണ്ടും വരവിനായി ഒരുങ്ങണം എന്ന് ചീഫ് പാസ്റ്റർ പറഞ്ഞു. തിരുവല്ല സെന്റർ പാസ്‌റ്റർ സി എൽ സാമുവേലിന്റെ (ബാബു) സമാപന പ്രാർത്ഥനയോടെ വാർഷിക സെന്റർ കൺവൻഷൻ സമാപിച്ചു.
പാസ്‌റ്റർ സി എം ജേക്കബ് (കട്ടപ്പന), സെന്റർ പാസ്‌റ്റർ കുഞ്ഞുമോൻ ജോർജ് (പത്തനംതിട്ട), സെന്റർ പാസ്‌റ്റർ റ്റി ഒ തോമസ് വൈദ്യൻ (തിരുവനന്തപുരം) എന്നിവർ രാത്രി യോഗങ്ങളിൽ പ്രസംഗിച്ചു. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
സുവിശേഷ പ്രസംഗം, പൊതുയോഗം, വേദപാഠം, കാത്തിരിപ്പ് യോഗം, യുവജന സമ്മേളനം എന്നിവയും കൺവൻഷന്റെ അനുഗ്രഹത്തിനായുള്ള ഉപവാസ പ്രാർത്ഥനയും കൺവൻഷൻ ദിവസങ്ങളിൽ നടന്നു.
തിരുവല്ല സെന്ററിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിലെ 34 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വിശ്വാസസമൂഹവും കൺവൻഷനിൽ പങ്കെടുത്തു. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി. തിരുവല്ല സെന്റർ പാസ്‌റ്റർ സി എൽ സാമുവേൽ, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ എ പോൾ രാജ് എന്നിവർ കൺവൻഷന് നേതൃത്വം നൽകി.
News: Jerin Ottathengil

-ADVERTISEMENT-

-ADVERTISEMENT-

You might also like