ലേഖനം: പുതുവർഷപ്പിറവി… പ്രതീക്ഷകളുടെ പിറവി | ബിജോ മാത്യു പാണത്തൂർ

കൈപ്പുരസമൂറുന്ന നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച 2022 പടിയിറങ്ങി. സുഖവും, ദുഃഖവും ഇടകലരുന്ന മറ്റൊരു വർഷത്തിന് തുടക്കമായി. ഒട്ടേറെ പ്രതീക്ഷകളും, അതിലുപരി ആശങ്കകളുമായി വീണ്ടും മുന്നോട്ട്. ആയുസ്സിന്റെ പുസ്തകത്തിൽ ഒരു അധ്യായം കൂടെ മറിയുമ്പോൾ എല്ലാവരെയും സർവ്വശക്തൻ വഴി നടത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

കൊറോണയും കോളറയുമൊക്കെ ഒടിച്ചു കളഞ്ഞ നന്മകളെ ചേർത്ത് വെച്ച് വീണ്ടും പുതിയൊരു തലം പടുത്തുയർത്താൻ മനുഷ്യൻ പരിശ്രമിക്കുന്ന കഠിനകാലങ്ങൾ തുടരുകയാണ്. വെട്ടിയൊരുക്കിയ വഴിയിലൂടെ പോകാൻ എളുപ്പമെങ്കിലും വഴി വെട്ടിത്തെറിച്ച് പോകാൻ പ്രയാസമാണ്. പുതിയ പാതകൾ തെളിക്കുവാൻ ദൈവം തന്നെ നമുക്കായി ഇറങ്ങട്ടെ. കരുതുന്നവന്റെ കരം താങ്ങായി കൂടെ ഇരിക്കട്ടെ.

“ആണ്ടിന്റെ ആരംഭം മുതൽ അവസാനം വരെ യഹോവയുടെ ദൃഷ്ടി നമ്മുടെ മേൽ ഇരിക്കുന്നു”. കാലങ്ങൾ മാറിയാലും മാറാത്തവൻ ആയ ദൈവത്തിൻറെ അഗ്നിമയ നേത്രങ്ങൾ നമ്മെ കാണുന്നു.. നമ്മുടെ വഴികളെ കാണുന്നു. യോശുവയോട് പറഞ്ഞ വചനം ഇവിടെ പ്രസ്താവ്യമാണ്.

40 വർഷത്തെ മരുവാസം അവസാനിപ്പിച്ച് കനാനിലേക്ക് പ്രവെശിക്കാൻ സമയമാകുമ്പോൾ ഇസ്രായേലിൻ്റേ നേതൃത്വപദത്തിലേക്ക് യോശുവ എത്തുന്നു. മുമ്പിലുള്ള തടസ്സങ്ങൾ ഇതുവരെ കണ്ടതുപോലെ അല്ല കാര്യങ്ങൾ വ്യത്യസ്തമാണ്. മൂന്ന് തടസ്സങ്ങൾ യോശുവയ്ക്കു മുമ്പിൽ ഉണ്ട്.

1.അറിയാത്ത നാട്: കനാന്റെ ഭൂമിശാസ്ത്രം യോശുവയ്ക്ക് വശമില്ല ഏതുതരം ഭൂമിയാണ്? എവിടെയൊക്കെ ആരൊക്കെ വസിക്കുന്നു? ശത്രുവിന്റെ കോട്ടകൾ, കൊട്ടാരങ്ങൾ എവിടെയാണ്? ഇതൊന്നും അറിയാതെ യോശുവ ഭ്രമിക്കുന്നു.

2. അറിയാത്ത ആളുകൾ: ഏതുതരം മനുഷ്യവർഗ്ഗങ്ങൾ എവിടെയൊക്കെ വസിക്കുന്നു? എവിടെയൊക്കെ ഭരിക്കുന്നു? എന്ന് അറിയില്ല.

3.യോർദാൻ നദി: എല്ലാം ശരിയായാലും യോർദാൻ കടക്കുക പ്രയാസമാണ്. ഹെർമോനിലെ മഞ്ഞുരുകി വെള്ളപ്പൊക്കം ഉണ്ടാക്കുന്നതാണിത്. എങ്കിലും ഇതൊക്കെ മറികടക്കാൻ ഒരു കാര്യം ദൈവം യോശു കൊടുത്തു ന്യായപ്രമാണം.

ന്യായപ്രമാണംഎന്നത് വചനമാണ്. വചനം ധ്യാനിക്കണം. അത് സംസാരിക്കണം. മാത്രമല്ല അത് പ്രമാണിക്കണം ഇതാണ് ദൈവം യോശുവയോട് പറഞ്ഞത്. ഈ മൂന്നു കാര്യങ്ങൾ യോശുവ ചെയ്യുമ്പോള്‍ യേശുവേയുടെ മുമ്പിലുള്ള 3 തടസ്സങ്ങൾ ഓരോന്നോരോന്നായി ഉരുകി മാറും എന്ന് ദൈവം യോശുവയ്ക്ക് അറിവ് കൊടുക്കുന്നു.

പുതിയൊരു ഭൂമികയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ദൈവം യോശുവയ്ക്ക് നൽകിയത് വചനമായിരുന്നെങ്കിൽ ഒരു പുതുവർഷത്തിലേക്ക് നാം കടക്കുമ്പോൾ നമ്മോടും ദൈവം പറയുന്ന ഒരു കാര്യം.. ഒരേ ഒരു കാര്യം ഇതുതന്നെയാണ്..വചനം പ്രമാണിക്കാം. നമുക്കു മുമ്പിൽ ഉള്ള സങ്കീർണതകളെ ചാടിക്കടക്കാൻ ദൈവ വചനത്താൽ ദൈവം നമ്മെ ഒരുക്കട്ടെ. എല്ലാവർക്കും നന്മകളുടെ ഒരു പുതുവർഷം ആശംസിക്കുന്നു.

എഴുത്ത്: ബിജോ മാത്യു പാണത്തൂർ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.