ലേഖനം: പരസ്യകോലമാകുന്ന പരസ്യയോഗങ്ങൾ | റോഷൻ ഗീവർഗ്ഗീസ്, ഹരിപ്പാട്

രസ്യയോഗങ്ങൾക്ക് പെന്തകൊസ്ത് പ്രസ്ഥാനങ്ങളേക്കാൾ പഴക്കമുണ്ട്. ദൈവസഭയുടെ വളർച്ചയ്ക്ക് പരസ്യയോഗങ്ങൾ നന്നായി ഉതകിയിട്ടുണ്ട്. ഇന്നത്തെ പല സുവിശേഷകരും വിശ്വാസികളും പണ്ടത്തെ പരസ്യയോഗങ്ങളുടെ ഫലങ്ങളാണ് മാത്രമല്ല ഇന്നും ഈ വിധത്തിൽ അനേകർ കർത്താവിനെ അറിയുന്നു. അതുകൊണ്ട് ഞാൻ ഒരിക്കലും പരസ്യയോഗങ്ങൾക്ക് എതിരല്ല. എന്നാൽ ഇന്നത്തെ പല പരസ്യയോഗ ടീമുകളും അവരുടെ പ്രവർത്തനങ്ങളും പ്രഹസനങ്ങൾ ആയി മാറുന്നു എന്ന് പറയാതെ വയ്യ…!

എന്താണ് അല്ലെങ്കിൽ എന്തിനാണ് പരസ്യയോഗം..? സഭാഹോളുകൾക്ക് അകത്തേക്കു കടന്നുവരാൻ മടിയുള്ള ആളുകളെ അവരുടെ അടുക്കൽ ചെന്ന് കണ്ടു ഹൃദ്യമായി സംസാരിക്കുവാനും യേശുവിനെ പരിചയപ്പെടുത്താനുമാണ് പരസ്യയോഗങ്ങൾ നടത്തുന്നത്. നമ്മുടെ പാട്ടുകളും പ്രസംഗങ്ങളും വസ്ത്രധാരണവും എല്ലാം ശ്രോതാക്കളെ ക്രിസ്തുവിലേക്കു അടുപ്പിക്കുന്നതാകണം. ഒരു കൊച്ചു കുഞ്ഞിനോട് സംസാരിക്കുമ്പോൾ അവന്റെ പ്രായത്തിലേക്കു ഇറങ്ങിച്ചെന്നു അവന്റെ ഭാഷശൈലി ഉൾക്കൊണ്ടു അവനോടു സംവദിക്കുംപോലെ ആയിരിക്കണം ഒരു പരസ്യയോഗപ്രസംഗി പൊതുവിനെ അഭിസംബോധന ചെയ്യേണ്ടത്. യോഗങ്ങൾ ക്രമീകരിക്കപ്പെടുന്ന പ്രദേശത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ ആത്മീയ സാഹചര്യങ്ങൾ പ്രസംഗകൻ മുന്നമേ മനസ്സിലാക്കി വയ്ക്കുന്നത് വളരെ നന്നായിരിക്കും. മതേതര രാഷ്ട്രമായ ഭാരതത്തിൽ പൊതുസമൂഹത്തെ അഭിസംബോധന ചെയ്യുമ്പോൾ മറ്റു മതങ്ങളോടുള്ള പൂർണ്ണ ബഹുമാനം നിലനിർത്തിക്കൊണ്ട് ആയിരിക്കണം പ്രസംഗിക്കേണ്ടത് മാത്രമല്ല ജാതി, മതസ്പർദ്ധ വളർത്തുന്ന വാക്കുകളും, വിശ്വാസങ്ങളെയോ ആശയങ്ങളെയോ വ്യക്തികളെയോ വെല്ലുവിളിക്കുകയും ചെയ്യുന്ന നടപടികളും തികച്ചും ഒഴിവാക്കണം. ആനുകാലിക സംഭവങ്ങളുടെ വെളിച്ചത്തിൽ സാമൂഹ്യതിന്മകൾക്കെതിരെ പ്രതികരിക്കുന്നതിനോടൊപ്പം യേശുക്രിസ്തുവിനെ ജനഹൃദയങ്ങളിലേക്കു പകർന്നുകൊടുക്കുക മാത്രമായിരിക്കണം ലക്ഷ്യം. ശ്രോതാക്കൾ വിവിധ മതസ്ഥർ ആയതുകൊണ്ട് സഭയ്ക്കുള്ളിൽ ഉപയോഗിക്കുന്ന പെന്തകോസ്ത് ശൈലി ഒഴിവാക്കി ലളിതമായ ഭാഷയിൽ സംയമനത്തോടെ കാര്യങ്ങൾ അവതരിപ്പിക്കുന്നതാണ് ഉത്തമം. ഏതു സ്ഥലത്തു യോഗം നടത്തിയാലും സുവിശേഷവിരോധികളിൽ നിന്നുള്ള എതിർപ്പുകൾ പ്രതീക്ഷിക്കാം. ചില സുവിശേഷകരുടെ രോഷത്തോടെയുള്ള പ്രതികരണങ്ങൾ കണ്ടു യോഗം കലക്കാൻ വന്നവർ പേടിച്ചു ഓടിയിട്ടുണ്ട്. എതിർക്കുന്നവരോട് അവരുടെ രീതിയിൽ തന്നെ പ്രതികരിക്കാതെ യേശുകർത്താവ് പറഞ്ഞതുപോലെ “ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആ വീടോ പട്ടണമോ വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളവിൻ” (മത്തായി 10:14). നാം പ്രസംഗിക്കുന്ന ക്രിസ്തുവിനെ ജീവിതത്തിലൂടെ വെളിപ്പെടുത്തണം എന്നതാണ് ഏറ്റവും പ്രധാനകാര്യം. പരസ്യയോഗം നടത്തുന്നവരും അവിടെയുള്ള പ്രാദേശിക സഭയും ദേശത്തു നല്ല സാക്ഷ്യം ഉള്ളവരായിരിക്കണം. ഇല്ലെങ്കിൽ ഈ യോഗം കൊണ്ട് വല്യ പ്രയോജനം ഒന്നും ഉണ്ടാകില്ല.

ഇന്നത്തെ പരസ്യയോഗ ടീമുകളിൽ പലരും ക്രിസ്തുവിനെ ഉയർത്തുവാൻ ശ്രമിക്കുന്നതിനേക്കാൾ സ്പോൺസർമാരെ ബോധ്യപ്പെടുത്താൻ കഷ്ടപ്പെടുകയാണ്. എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടി വിഡിയോ എടുത്തു സോഷ്യൽ മീഡിയയിൽ ഇട്ടു പ്രശസ്തി നേടുകയും അടുത്ത സ്പോൺസറെ കണ്ടെത്തുകയുമാണ് പ്രധാന ലക്ഷ്യം. ഒരേ മീറ്റിംഗിന്റെ പേരിൽ പല സ്പോൺസർമാരെ കണ്ടെത്തി സ്വന്തം കീശ നിറയ്ക്കാൻ ശ്രമിക്കുന്നവരും ഇല്ലാതില്ല. ജീവിതഭാരം കൊണ്ട് ചെറിയ പ്രായത്തിൽ തന്നെ പ്രവാസികളായിപ്പോയ സുവിശേഷതാൽപ്പര്യമുള്ള അനേക സഹോദരങ്ങൾ ഉണ്ട്. ഇതുപോലെയുള്ള പ്രവർത്തങ്ങളിൽ പങ്കാളികളാകാൻ തങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിലും സാഹചര്യങ്ങൾ അനുവദിക്കാത്തതുകൊണ്ട് ദൈവവേലയെ സ്നേഹിച്ചു അവരുടെ വരുമാനത്തിൽ നിന്നും മീറ്റിംഗ് സ്പോൺസർ ചെയ്യുമ്പോൾ വിശ്വസ്ഥതയില്ലായ്മ കാണിച്ചാൽ ദൈവസന്നിധിയിൽ കണക്ക് പറയേണ്ടിവരും എന്നതിന് സംശയമില്ല. ദൈവത്തിനു വേണ്ടി ചെയ്യുന്ന പ്രവൃത്തികൾ മനുഷ്യർക്ക്‌ വിളങ്ങേണ്ടതിനു വീഡിയോ എടുത്തു പ്രദർശിപ്പിക്കുമ്പോൾ നിങ്ങളുടെ പ്രതിഫലം കിട്ടിപ്പോയി, സ്വർഗ്ഗത്തിലെ പ്രതിഫലം നഷ്ടമാകും. ഇതിനെപറ്റി ഗ്രാഹ്യമില്ലാത്തത് കൊണ്ട് ചെയ്യുന്നതാകാം എന്ന് എന്റെ വായനക്കാർക്ക് തോന്നുന്നെങ്കിൽ തെറ്റി, ഈ കൂട്ടർക്കു സ്വർഗ്ഗത്തിലെ പ്രതിഫലം അല്ല ലക്ഷ്യം ഈ ലോകത്തിലെ മറ്റു പലതുമാണ്. ആത്മനിറവിൽ ആരാധിക്കുന്നതിനോ അന്യഭാഷ പറയുന്നതിലോ കൃപാവരങ്ങൾക്കും ഒന്നും ഞാൻ ഒട്ടും എതിരല്ല. അതിൽ ഞാൻ പൂർണ്ണമായും വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്. എന്നാൽ പബ്ലിക് മീറ്റിംഗുകളിൽ നാം പാലിക്കേണ്ട സാമാന്യ മര്യാദകൾ ഉണ്ട്. റോഡരികിൽ വച്ചു മൈക്കിലൂടെ അന്യഭാഷ പറയുകയും പിശാചിനെ ശാസിക്കുകയും ഭർസിക്കുകയും ഒക്കെ ചെയ്‌താൽ ആർക്കു എന്തു ആത്മീയ വർദ്ധനവ് ആണ് ഉണ്ടാകുന്നതെന്നു എനിക്ക് മനസ്സിലാകുന്നില്ല. സഭാകൂട്ടായ്മകളിൽ ആത്മപ്രേരണ അനുസരിച്ചു ചെയ്യേണ്ട ശുശ്രൂഷകൾ പൊതുവിന്റെ മുൻപിൽ ചെയ്യുമ്പോൾ നിങ്ങൾ സ്വയം പരിഹാസപാത്രം ആകുന്നു എന്ന് മാത്രമല്ല ക്രിസ്തു അപമാനിക്കപ്പെടുകയാണ്. കോമഡി സ്കിറ്റ് താരങ്ങൾ പെന്തകോസ്ത്കാർ പറയുന്നതിലും നന്നായി അന്യഭാഷ പറയുന്നതിന്റെ കാരണവും ഇതൊക്കെതന്നെയാണ്‌.

ഇത്രയധികം ക്രിസ്ത്യാനികൾ ജീവിക്കുന്ന പത്തനംതിട്ട ജില്ലയിൽ ആണ് ഏറ്റവും അധികം പരസ്യയോഗങ്ങളും കൺവൻഷനുകളും നടക്കുന്നത് എന്നതാണ് ഏറ്റവും രസകരമായ സംഗതി. കേരളത്തിന്റെ പുറത്തുള്ള ജനത്തെ പറ്റി ഈ പുള്ളികൾക്ക് യാതൊരുവിധ ആകുലതയും ഇല്ല. ഒരു ദേശത്തേക്കുറിച്ചുള്ള അതിയായ ആത്മഭാരവും പരിശുദ്ധാത്മാവിന്റെ പ്രേരണയുമാണ് പരസ്യയോഗത്തിനു ആധാരം. തങ്ങൾക്കു ലഭിക്കുന്ന ചെറിയ വരുമാനത്തിൽ നിന്നും നീക്കിവയ്ക്കുന്ന തുക ഉപയോഗിച്ച് ദൈവനാമ മഹത്വത്തിനായി ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ നടത്തുന്ന വിശ്വസ്ഥരായ അനേക ദൈവദാസന്മാർ ഉണ്ടെന്നുള്ളത് വസ്തുതയാണ്. പക്ഷെ അവർക്ക് ഒരു പബ്ലിസിറ്റിയും കാണില്ല, ഫോട്ടോ വിഡിയോ ഷൂട്ടിംഗ് ഇല്ല, ധരിക്കാൻ കോട്ടും സ്യൂട്ടും ഇല്ല, എന്തിനു പറയുന്നു അവരിൽ പലർക്കും ഒരു സ്മാർട്ട്‌ ഫോൺ പോലും കാണില്ല. കാരണം അവർ കർത്താവിനെ ചുമക്കുന്ന കഴുതകളാണ്. സ്വയപ്രശസ്തിയും ധനസമ്പാദനവും മാത്രം ലക്ഷ്യം വയ്ക്കുന്നവർ കർത്താവിനെയും സ്പോൺസർമാരെയും ഒരുപോലെ കഴുതകളാക്കി ഇന്നും അവരുടെ യാത്ര തുടരുന്നു…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.