ബൈബിൾ പരിഭാഷാ ഗവേഷണത്തിൽ സാറ മറിയം റോയിക്ക് ഡോക്ടറേറ്റ്

ബൈബിൾ പരിഭാഷാ ഗവേഷണത്തിൽ സാറ മറിയം റോയിക്ക് ഡോക്ടറേറ്റ്
ബൈബിൾ ട്രാൻസലേഷനിലെ ഭാഷാപരമായ വ്യതിയാനങ്ങളെ കുറിച്ചുള്ള പഠനത്തിനാണ് പി എച്ച് ഡി

റാന്നി: റാന്നി സെന്റ് തോമസ് കോളേജ് അധ്യാപികയും ഇട്ടിയപ്പാറ ദൈവസഭാ ശുശ്രൂഷകൻ പാസ്റ്റർ റോയി വാലയിലിന്റെയും റൂബി റോയിയുടെയും മകളുമായ സാറാ മറിയം റോയിക്ക് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡി ലഭിച്ചു. സ്കൂൾ ഓഫ് ലാംഗ്വേജ് ആൻഡ് കംപാരിറ്റീവ് ലിറ്ററേച്ചറിൽ ബൈബിൾ ട്രാൻസലേഷനിലെ ഭാഷാപരമായ വ്യതിയാനങ്ങളെ കുറിച്ചുള്ള പഠനത്തിനാണ് പി എച്ച് ഡി ലഭിച്ചത്.
യോഹന്നാന്റെ സുവിശേഷം ഒന്നു മുതൽ മൂന്നു വരെയുള്ള അധ്യായങ്ങളുടെ വിവിധ പരിഭാഷകളിൽ വന്ന അർത്ഥവ്യത്യാസങ്ങൾ ആശയ വ്യതിയാനങ്ങൾ എന്നിവയാണ് ഗവേഷണ വിധേയമാക്കിയത്. ഇന്ത്യയിലെ സെക്കുലർ യൂണിവേഴ്സിറ്റികളിൽ ബൈബിൾ ട്രാൻസലേഷനുമായി ബന്ധപ്പെട്ട ഗവേഷണം ആദ്യമായാണ് പിഎച്ച്ഡിക്ക് അർഹമാകുന്നത്.
ഭർത്താവ് വിജയരാജ് കൗൺസിലറും സഭാ ശുശ്രൂഷകനുമാണ്. രണ്ടു മക്കൾ ഹെപ്സിബയും തിയോഫിലസും. സഹോദരൻ ജോയൽ ചാക്കോ റോയിയും പി എച്ച് ഡി വിദ്യാർത്ഥിയാണ്. വിഷയം കൊമേഴ്സ്. ഒരു സഹോദരിയും ഉണ്ട് എഞ്ചിനീറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ ഷേബ പ്രിയ റോയ്.

എന്തുകൊണ്ടാണ് ഇങ്ങനെ ഒരു വിഷയം ഗവേഷണ പഠനത്തിനായി തെരഞ്ഞെടുത്തതെന്ന ചോദ്യത്തിന് സാറ മറിയം പറഞ്ഞത്:
ചെറിയ പ്രായത്തിൽ എൻ്റെ പപ്പ മുംബൈയിൽ ഗൾഫ് എയർ കമ്പനിയിൽ ഉദ്യോഗസ്ഥൻ ആയിരുന്നു. പല ഭാഷക്കാരായ ആളുകൾ പങ്കെടുക്കുന്ന ഒരു സഭയിലാണ് ഞങ്ങൾ ആരാധിച്ചിരുന്നത്. അവിടെ പാസ്റ്റർ ഒരു വാക്യം മലയാളത്തിലും ഉറുദുവിലും ഹിന്ദിയിലും ഇംഗ്ലീഷിലും കൊങ്ങിണിയിലും ഒക്കെ വായിപ്പിക്കുമായിരുന്നു. ഓരോ ഭാഷയിലും വരുന്ന അർത്ഥവ്യതിയാനങ്ങൾ അന്നേ എൻ്റെ ശ്രദ്ധയിൽ വന്നിരുന്നു. വളർന്ന് ഇംഗ്ലീഷ് ഭാഷ ഐഛിക വിഷയമായി എടുത്ത് പഠനം തുടർന്നപ്പോൾ ഈ വിഷയം തിരഞ്ഞെടുക്കുകയായിരുന്നു.
വേദപുസ്തകവുമായി ബന്ധപ്പെട്ട ഒരു വിഷയം തെരഞ്ഞെടുത്തത് റിസ്ക് ആയിരുന്നില്ലേ?
ദൈവത്തിൻ്റെ പ്രത്യേക കരുതൽ ഉണ്ടായിരുന്നു. പാശ്ചാത്യ യൂണിവേഴ്സിറ്റികളിൽ അത്തരം വിഷയങ്ങൾ ധാരാളമായി ഗവേഷണ വിധേയമാകാറുണ്ട്. എന്നാൽ ഇന്ത്യയിൽ വളരെ അപൂർവമായി മാത്രമേ ഇത്തരം വിഷയങ്ങൾ പരിഗണിക്കപ്പെടാറുള്ളൂ.
യോഹന്നാൻ്റെ സുവിശേഷം ആദ്യ അധ്യായങ്ങൾ പഠനവിധേയമാക്കിയപ്പോൾ അക്കാദമിക് ഇന്ററസ്റ്റ് എന്നതിന് അപ്പുറം വിശ്വാസ സമൂഹത്തോട് പറയാനുള്ള എന്തെങ്കിലും നിരീക്ഷണങ്ങൾ ഉണ്ടോ?
എൻ്റെ നിരീക്ഷണത്തിൽ ബൈബിൾ പരിഭാഷകളിൽ പലടത്തും ഒറിജിനൽ ടെക്സ്റ്റുമായി വലിയ അർത്ഥ- ആശയ വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. ഒരു ഉദാഹരണം പറയാം : യോഹന്നാൻ 1:14 ൽ ദൈവത്തിൻ്റെ ‘കുഞ്ഞാട്’ എന്ന വിശേഷണമുണ്ട്. എന്നാൽ ചില രാജ്യങ്ങളിൽ ആട് ഇല്ല. ആ നാട്ടിലെ ജനങ്ങൾക്ക്‌ കുഞ്ഞാട് എന്നുപറഞ്ഞാൽ മനസിലാക്കണമെന്നില്ല. അങ്ങനെ ചില പരിഭാഷകളിൽ കുഞ്ഞാട് എന്നതിനുപകരം അവർക്കു മനസിലാകുന്ന മറ്റു ജീവികളുടെ പേരുകൾ ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ അങ്ങനെ ചെയ്യുമ്പോൾ യഹൂദ പശ്ചാത്തലത്തിൽ ആടും യാഗവും ഒക്കെയായി ബന്ധപ്പെട്ടുകിടക്കുന്ന വിശാലമായ ആശയങ്ങൾക്കു പ്രസക്തിയില്ലാതാകും. അടിസ്ഥാനപരമായി ആശയവും അർത്ഥവും മാറിപ്പോകുന്ന പരിഭാഷകൾ വേദപുസ്തകത്തെ വികലമാക്കുന്ന കാലമാണിത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like