ലേഖനം: എന്ത്, എങ്ങനെ, എപ്പോൾ, എവിടെ? | രാജൻ പെണ്ണുക്കര

വളരെ ചിന്തിപ്പിക്കയും, യുവ തലമുറ കേട്ടിട്ട് മാതൃക ആക്കേണ്ടിയതുമായ കേരളത്തിന്റെ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ്‌ ശ്രി ദേവൻ രാമൻ അവർകളുടെ വൈറലായൊരു പ്രസംഗം കഴിഞ്ഞ ദിവസം കേൾക്കുവാൻ ഇടയായി. പല ആവർത്തി കേട്ടിട്ടും പിന്നെയും പിന്നെയും കേൾക്കുവാൻ തോന്നിയ പ്രസംഗത്തിൽ അദ്ദേഹത്തിന്റെ ബാല്യകാലത്ത് പിതാവ് ഉപദേശിച്ച വാക്കുകളും നിബന്ധനകളും ഓർമ്മപ്പെടുത്തുണ്ട്. “”ഒരിക്കലും മദ്യം കുടിക്കുകയും പുകവലിക്കുകയും ചെയ്യരുത്, പക്ഷേ എന്തുകൊണ്ടെന്ന ചോദ്യം ഒരിക്കലും എന്നോട് ചോദിക്കരുത്””. അങ്ങയുടെ ഹൃദയസ്പർശിയായ വാക്കുകൾ ഇവിടെ ഉദ്ധരിച്ചതിൽ ബഹുമാന്യ ചീഫ് ജസ്റ്റിസ്സ് എന്നോട് സദയം ക്ഷമിക്കണം.

ശരിയല്ലേ, ഇന്നത്തെ തലമുറ ചോദ്യങ്ങൾ കേൾക്കും മുൻപേ തിരിച്ചു ചോദിക്കുന്ന പലതരം ചോദ്യങ്ങളിൽ ചിലതല്ലേ തലകെട്ടിൽ കാണുന്നത്. ഞങ്ങളുടെ ബാല്യകാലങ്ങളിൽ ഇങ്ങനെ മറു ചോദ്യങ്ങൾ ചോദിക്കാൻ അവകാശമില്ലായിരുന്നു. ചോദിച്ചാൽ തന്നേയും അതിന്റെയൊക്കെ മറുപടികൾ മാതാപിതാക്കളുടെ പക്കൽ ഇല്ലാഞ്ഞിട്ടല്ല, പക്ഷേ ചോദിക്കാൻ ആരും ധൈര്യം കാണിക്കില്ലായിരുന്നു. ഇന്ന് നല്ലഉപദേശം കൊടുത്താലും, നല്ല വഴികൾ കാട്ടികൊടുത്താലും ഈ ചോദ്യങ്ങൾ ഉയരും എന്നതും വാസ്തവം.

പരിചയത്തിലുള്ള ഒരു ബാലകന്റെ പ്രകൃതം ഓർമ്മ വരുന്നു. അവനോട്‌ എന്തു പറഞ്ഞാലും അവൻ മറുചോദ്യം ചോദിക്കും, ആദ്യമൊക്കെ കരുതിയത് അവന്റെ ജിജ്ഞാസായാകും എന്നു കരുതി കാര്യമാക്കിയില്ല, എന്നാൽ പിന്നീടല്ലേ മനസ്സിലായി അത് ജിജ്ഞാസയായിരുന്നില്ല മറിച്ച് മറ്റുള്ളവരെ കൊച്ചാക്കാനുള്ള ശ്രമമാണ് അവൻ ചെയ്തിരുന്നത്.

post watermark60x60

ഇന്ന് ട്രാഫിക്ക് നിയമം പോലും പൂർണ്ണമായി തെറ്റിച്ച് ഇങ്ങോട്ട് വന്ന് അപകടം ഉണ്ടാക്കിയാലും അവരുടെ തെറ്റുകൾ അംഗീകരിക്കാതെ, നിനക്കെന്താ കണ്ണു കാണില്ലായിരുന്നോ എന്നു അസഹിഷ്ണതയോടെ കൈചൂണ്ടി ചോദിക്കുന്ന അവസ്ഥ പലപ്പോഴും വഴിയാത്രകളിൽ കാണാറില്ലേ. തെറ്റുകൾ സമ്മതിക്കാതെ വാദിച്ചു ജയിക്കാൻ ശ്രമിക്കുന്ന ഈ കൂട്ടർ പിന്നേയും അതുതന്നെ ആവർത്തിക്കുന്നു, എന്നാൽ അവസാനം നിയമത്തിന്റെ കരാളഹസ്തങ്ങളിൽ പെട്ടു അഴിക്കുള്ളിൽ പോകുന്നു എന്നതാണ് സങ്കടം.

ഫേസ് ബുക്ക്‌ പോലുള്ള സോഷ്യൽ മീഡിയയിലും മറ്റും നാം സാധാരണ കാണുന്നുണ്ടല്ലോ. തെറ്റായ കാര്യങ്ങൾ പോസ്റ്റ്‌ ചെയ്യുമ്പോഴും, ചർച്ചക്ക് എടുക്കുമ്പോഴും പ്രായത്തിൽ മുതിർന്നവരോടും അപ്പനമ്മമാരുടെ പ്രായത്തിലുള്ളവരോടും പ്രതികരിക്കുന്ന രീതികളും, അഭിസംബോധന ചെയ്യുന്ന വാക്കുകളും വായിച്ചിട്ട് നിങ്ങൾക്കും പ്രയാസം തോന്നിയിട്ടില്ലേ.

എങ്ങോട്ടാണ് ഈ ലോകത്തിന്റെ ഗതി, ആൺ പെണ്ണ് വ്യത്യാസം ഇല്ലാതെ ഈ തലമുറയുടെ പോക്ക്. ഒരിക്കലും കേട്ടുകേഴ്‌വി പോലും ഇല്ലാത്ത പുതുപുത്തൻ രീതിയിലും, മാനദണ്ഡത്തിലുമുള്ള കുറ്റകൃത്യങ്ങളുടെ തോത് ദിനംപ്രതി വർദ്ധിച്ചുവരുന്നു എന്നത് ചിന്തനീയമല്ലേ. മനസ്സിൽ പ്ലാൻ ചെയ്യുന്നതിന്റെ ദൂഷ്യവശങ്ങളും, വരും വരാഴികകളും ചിന്തിക്കാതെ ജീവിതത്തിൽ അതേപടി പ്രാവർത്തീകമാക്കുന്നു എന്നതാണ് ഏറ്റവും സങ്കടകരം.

ഇനിയും വചനം ഒന്നു പഠിച്ചാൽ, അതാ അബ്രാഹാമും യിസ്ഹാക്കും രണ്ട് ബാല്യക്കാരും ചേർന്ന് മൂന്നു ദിവസം ദൂരെയുള്ള മോരിയാദേശത്തിലെ ഒരു മലയിൽ ഹോമയാഗത്തിന് നടന്നു പോകുന്ന കാഴ്ച്ച നിങ്ങൾ കാണുന്നില്ലേ?.

മൂന്നു ദിവസം അവർ ഒരുമിച്ചു യാത്ര ചെയ്തിട്ടും ഒന്നും ഉരിയാടാതെ, ഒന്നും ചോദിക്കാതെ മകനും ബാല്യക്കാരും ആ പിതാവിന്റെ പിന്നാലെ നടന്നു പോകുന്നു. എന്നാൽ മൂന്നാം ദിവസം പിതാവും യിസ്ഹാക്കെന്ന മകനും തനിയെയായപ്പോൾ ചോദിക്കുന്ന “എവിടെ” എന്ന ചോദ്യവും, “ദൈവം നോക്കിക്കോളും” എന്ന അബ്രഹാമിന്റെ മറുപടിയും വളരെ ശ്രദ്ധേയമാണ്.

ഇന്നായിരുന്നെങ്കിൽ എത്രവിധ ചോദ്യങ്ങൾ ഇവർ മൂന്നു പേരും വഴി മദ്ധ്യേ ചോദിക്കുമായിരുന്നു. തൃപ്തി വരാത്ത മറുപടിയാണ് ലഭിക്കുന്നതെങ്കിൽ വഴിയിൽ വാദപ്രതിവാദങ്ങൾ നടത്തി വഴക്കുണ്ടാക്കി തെറ്റിപിരിഞ്ഞ് പലരും പല വഴിക്കു പോകുമായിരുന്നില്ലേ.

ആദ്യം ഞാൻ ചോദിച്ചതിന് മറുപടി തന്നാൽ മുന്നോട്ടു പോകാം എന്നു നിബന്ധന വരുമായിരുന്നില്ലേ. ഇത്ര ധൃതിപിടിച്ച് എന്തിന് യാഗം കഴിക്കാൻ പോകുന്നു, എന്തിനെ യാഗം കഴിക്കും, എങ്ങനെ യാഗം കഴിക്കും, എപ്പോൾ അവിടെ എത്തും, എവിടെവെച്ച് യാഗം കഴിക്കും, ഇത്രയും ദൂരം ഭാരം തലയിൽ ചുമന്ന് ആര് നടക്കും എന്ന ക്ഷമകെട്ട ചോദ്യശരങ്ങൾ ഒന്നിനുപുറകെ ഒന്നായി കേട്ട് അബ്രഹാം പോലും ചിലപ്പോൾ തീരുമാനം മാറ്റുമായിരുന്നു എന്നു വേണം സങ്കൽപ്പിക്കാൻ. ഞാൻ ഇങ്ങനെയൊക്കെ സങ്കൽപ്പിച്ചതിന് എന്നോട് പരിഭവം തോന്നരുത്.

ഞങ്ങൾക്കെല്ലാം അറിയാം ആരും ഉപദേശിക്കാനും പഠിപ്പിക്കാനും ശ്രമിക്കണ്ടാ, ഞങ്ങൾക്ക് സ്വയം തീരുമാനിക്കാൻ സ്വാതന്ത്ര്യം ഉണ്ട്, കഴിവുണ്ട്, ഇതു നിങ്ങൾ വളർന്ന കാലം അല്ല, മോർഡേൺ യുഗമാണ് എന്ന മനോഭാവം ആണോ കുഞ്ഞുങ്ങളെ വഴിതെറ്റിക്കുന്നത്?. ചെയ്ത തെറ്റിന്റെ ശിക്ഷ അനുഭവിച്ചാൽ പോലും ഗുണപാഠം പഠിക്കാൻ താല്പര്യമില്ലാതെ വെളിയിൽ ഇറങ്ങുന്ന നിമിഷം വീണ്ടും പഴയ തെറ്റിലേക്ക് വഴുതി പോകുന്ന അവസ്ഥ പലരിലുമിന്ന് കാണുവാൻ കഴിയുന്നു.

ശിക്ഷയുടെ കാഠിന്യകുറവോ, സാരമില്ല എന്ന തോന്നലോ?. രക്ഷിക്കാൻ ആളുകളും സ്വാധിനവും പണവും പിൻബലവും, സപ്പോർട്ടും ഉണ്ടെന്ന തോന്നലോ, ചിലപ്പോൾ അതിൻ്റെ വരും വരാഴികകൾ ആലോചിക്കാനുള്ള അസഹിഷ്ണതയോ ആകാം കാരണം എന്നു തോന്നിപോകുന്നു. ഇതുമൂലം നശിച്ചുപോകുന്നതും തകർന്നു പോകുന്നതും ഒരുതലമുറയാണ്, കണ്ണീർകയത്തിൽ താണുപോകുന്നത് വലിയ പ്രതിയ്ക്ഷയോടെ തീറ്റി പോറ്റി വളർത്തിയ അവരുടെ കുടുംബം ആണെന്ന സത്യം ഓർത്താൽ നന്ന്. ഇതൊരു കുടുംബത്തിന്റെയോ ഒരു സമൂഹത്തിന്റെയോ ദേശത്തിന്റെയോ മാത്രമല്ല, ഒരു രാഷ്ട്രത്തിന്റെ തീരാനഷ്ട്ടം തന്നേ എന്നുവേണം പറയുവാൻ. ഇവരെ നേർവഴിക്കു നയിക്കുവാൻ ദൈവസ്നേഹത്തിനു മാത്രമേ കഴിയൂ. “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല” (സദൃ 22:6).

രാജൻ പെണ്ണുക്കര

-ADVERTISEMENT-

-ADVERTISEMENT-

You might also like