ലേഖനം: ഒറ്റയ്ക്ക് ഒരു കോട്ടയ്ക്കുള്ളിൽ | ബിജോ മാത്യു പാണത്തൂർ

 

ഒരിക്കൽ ഒരു മനുഷ്യൻ ഒറ്റയ്ക്ക് ഒരു ആറ്റുതീരത്ത് കൂടെ നടന്നു പോവുകയായിരുന്നു. മറുകരയിൽ നിന്ന് ഒരു നായ, നദി കടന്നുപോകുന്ന ആ മനുഷ്യനെ നോക്കി നിർത്താതെ കുരയ്ക്കാൻ തുടങ്ങി. ആ മനുഷ്യൻ വളരെയധികം പേടിച്ച് മുന്നോട്ട് നടന്നു. ആഴമുള്ള നദിയുടെ മറു കരയിലാണ് നായ എന്ന് അദ്ദേഹം വിചാരിക്കുന്നില്ല. ബന്ധിക്കപ്പെട്ട ആ നായയുടെ തുടൽ പൊട്ടിയാലും നദി വറ്റാതെ അതിന് ഒരിക്കലും ഇക്കരെ എത്താൻ കഴിയില്ല. എങ്കിലും ഈ മനുഷ്യൻ ഭയന്ന് സഞ്ചരിക്കുകയാണ്!!

നമ്മുടെ ചിന്തകൾ ഇതുപോലെയാണ്.. ഓരോ ചിന്തകളും ഓരോ കല്ലുകൾ ആയി കണക്കാക്കിയാൽ ആധികളും, സങ്കല്പങ്ങളും, ഭയവുമാകുന്ന ചിന്തകൾ വച്ച് നമുക്കെതിരെ നാം തന്നെ ഒരു കോട്ട പണിതെടുക്കുന്നു. പെട്ടെന്ന് തകർക്കാൻ കഴിയാത്ത ഒരു കോട്ട. അപ്പുറം കാണാതെ വണ്ണം നമ്മുടെ തലയ്ക്കു മുകളിൽ അത് തലയുയർത്തി നിൽക്കുന്നു. ഭാവിയെ ദർശിക്കാൻ കഴിയാതെ വണ്ണം നമ്മുടെ കണ്ണുകൾക്ക് മറ തീർക്കുന്നു.

ഒരു തടവുകാരനെപ്പോലെ ഭയത്തിൻ്റെ തടവറയിൽ ഒറ്റയ്ക്ക്. ചില ദിവസങ്ങൾ കഴിയുമ്പോൾ ഈ കോട്ടയ്ക്ക് കനം വെക്കും. കോട്ട ബലമുള്ളതാവും. മനസ്സിൻറെ ചട്ടക്കൂടിന് താങ്ങാനാവാത്ത നിലയിൽ എത്തുമ്പോൾ മനസ്സിൻറെ താളം തെറ്റും. പതുക്കെ ഒരു പക്ഷെ ഡിപ്രഷൻ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും.

ഇന്നത്തെ തലമുറയിൽ നല്ലൊരു ശതമാനം ആളുകളും ഡിപ്രഷൻ്റെയോ, മറ്റേതെങ്കിലും മാനസിക പ്രശ്നങ്ങളുടെയോ അടിമകളാകുന്നു. പ്രായഭേദമെന്യെ ഇത് ബാധിക്കുന്നു. മനസ്സിന് ഏൽക്കേണ്ടി വന്ന ഉണങ്ങാത്ത മുറിവുകൾ കാലാകാലങ്ങളിൽ പഴുത്ത് വ്രണങ്ങളായി പൊട്ടിയൊലിക്കുന്നതോ, ആശങ്കകളുടെ കോട്ടയ്ക്ക് മുകളിൽ മനസ്സെന്ന മാസ്മരിക തുലാസിന്റെ സൂചിക്ക് അതിൻറെ ബാലൻസിൽ നിന്ന് മുമ്പോട്ടോ പുറകോട്ടോ ചലനം സംഭവിക്കുന്നതോ ഇതിലേക്കുള്ള കാരണങ്ങളാണ്.

മദ്യം, മയക്കുമരുന്നുകളുടെ അമിതമായ ഉപയോഗവും ഇതിൽ പെടുന്നു. കാരണങ്ങൾ ഇതാണ്- ആശങ്കകൾ, ആകുലതകൾ, നാളെ എനിക്ക് എന്ത് സംഭവിക്കും? എന്റെ ഭാവി എങ്ങനെയാകും? എന്നുളള ആശങ്കകൾ.

വചനം പറയുന്നു ദൈവിക പരിജ്ഞാനത്തിന് വിരോധമായി പൊങ്ങുന്ന സങ്കൽപ്പങ്ങൾ ഇടിച്ചു കളയുക. അതെ.. നിരാശയും, സങ്കല്പവും എല്ലാം പിശാചിൻ്റെ തന്ത്രങ്ങളാണ്. ഈ സകല കോട്ടകളെയും ഇടിക്കാനാണ് ദൈവവചനം നമ്മളോട് ആവശ്യപ്പെടുന്നത്.

ഒരു വേട്ടക്കാരൻ പക്ഷിക്ക് കെണിവെക്കുന്നതുപോലെ പല സാഹചര്യത്തിലും നമ്മുടെ മനസ്സിനെ പിശാച് കെണിവെച്ചു പിടിക്കുന്നു. 20ലധികം കമ്പാർട്ട്മെൻ്റുകൾ ഉള്ള ഒരു ട്രെയിനിൻ്റെ നിയന്ത്രണം ട്രെയിനിന്റെ എൻജിൻ റൂമിൽ ഒരു കൊച്ചു കസേരയി ലിരുന്നാണ്. ഇതുപോലെ എത്ര വലിയ ആളായാലും അദ്ദേഹത്തെ നിയന്ത്രിക്കുന്ന ഭാഗം മനസ്സാണ്.

മനസ്സിനെ കീഴ്പ്പെടുത്തിയാൽ ശത്രു വിജയിക്കുന്നു. സങ്കല്പങ്ങളുടെ കോട്ട പണിയാൻ മനുഷ്യനെ അവൻ സഹായിക്കുന്നു. പിശാച് അവസാനം ആത്മഹത്യയിലേക്ക് ആ മനുഷ്യനെ നയിക്കുന്നു. സങ്കല്പങ്ങളെയും ആശങ്കകളെയും എറിഞ്ഞുടക്കാൻ ദൈവം സഹായിക്കട്ടെ. “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്” വീണ്ടും വചനം പറയുന്നു..സകല “ചിന്താകുലങ്ങളും അവൻ്റെ മേൽ ഇട്ടു കൊൾക”.

ബിജോ മാത്യു പാണത്തൂർ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.