ശാസ്ത്രവീഥി: മോറിയയിലെ കാട്ടാട്ടുകൊറ്റൻ | പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ

ദൈവം അബ്രഹാമിനെ പത്തുപ്രാവശ്യം പരീക്ഷിച്ചു എന്നാണ് റബ്ബിനിൿ സാഹിത്യങ്ങളിൽ കാണുന്നത്. അതിൽ ചിലതിൽ അബ്രഹാം തോറ്റു, ചിലതിൽ ജയിച്ചു എന്നും പാരമ്പര്യം പറയുന്നു. ക്ഷാമകാലത്ത് മിസ്രയീമിൽ പോയതും ഹാഗാറിനെ വെപ്പാട്ടി ആക്കിയതും ഒക്കെ തോൽവിയുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. യിസഹാക്കിനെ മോറിയദേശത്തു അർപ്പിക്കുവാൻ ദൈവം പറഞ്ഞത് മറ്റൊരു പരീക്ഷ ആയിരുന്നു. ആ പരീക്ഷയിൽ അബ്രഹാം വിജയശ്രീലാളിതനായി.

ഉല്പത്തിപുസ്തകം 22 -ാം അദ്ധ്യത്തിലാണ് യിസഹാക്കിൻ്റെ യാഗാർപ്പണസംഭവം പ്രതിപാദിച്ചിരിക്കുന്നത്. ദൈവകല്പനപ്രകാരം അബ്രഹാം യിസഹാക്കിനെ യാഗം അർപ്പിക്കുവാനായിബേർ-ശേബയിൽ നിന്നു മോറിയാദേശത്തേക്കു യാത്ര തിരിക്കുന്നു.

ഈ യാഗത്തിൻ്റെ ഗൗരവം ഗ്രഹിക്കണമെങ്കിൽ ഇരുപത്തിഒന്നാം അദ്ധ്യായത്തിലെ സംഭവവികാസങ്ങൾ വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. അബ്രഹാം ഫെലിസ്ത്യദേശത്തു പാർത്തുവരവെ അവിടുത്തെ രാജാവായിരുന്നു അബീമേലെക്കുമായും സൈന്യാധിപൻ പീക്കോലുമായും ഒരു ഉടമ്പടി ഒപ്പുവച്ചു. പ്രോട്ടോകോൾ പ്രകാരം രണ്ടുരാജ്യങ്ങൾ തമ്മിലുള്ള ഉടമ്പടി ആയിരുന്നു അത്. അബ്രഹാമിന് രാജ്യം ഇല്ലായിരുന്നുവെങ്കിലും അദ്ദേഹം ഒരു ഗോത്രത്തലവൻ/ കുലപതി ആയിരുന്നു. അബീമേലെക്കും സേനാപതി പീക്കോലും ഒരു ഭാഗത്തും മറുഭാഗത്തു ഇതേക്രമം അനുസരിച്ചു അബ്രഹാമിൻ്റെ ഒപ്പം യിസഹാക്കും ഉണ്ടായിരുന്നു എന്ന് നമുക്ക് അനുമാനിക്കാം. കാരണം, തുല്യറാങ്കിലുള്ളവർ തമ്മിലായിരിക്കുമല്ലോ ഉടമ്പടി ഒപ്പു വയ്ക്കുന്നത്. അതു ഒരു സമാധാനക്കരാർ ആയിരുന്നു – സന്തതിപരമ്പര ഉള്ളിടത്തോളം കാലം പരസ്പരം ആക്രമിക്കുകയില്ല എന്ന ഉടമ്പടി തന്നെ. അങ്ങനെ മകൻ്റെ ഭാവിയുടെ വിഷയത്തിൽ ദീർഘവീക്ഷണത്തോടെയുള്ള ക്രമീകരണങ്ങൾ ചെയ്തു സ്വസ്ഥമായി
ബേർ-ശേബയയിൽ പാർക്കുമ്പോഴാണു ദൈവം അബ്രഹാമിനെ അപ്രതീക്ഷിതമായി പരീക്ഷിക്കുന്നത്.

post watermark60x60

ഈ സംഭവം നടക്കുമ്പോൾ അബ്രഹാമിനു ഏകദേശം 137 വയസ്സ് വരെ പ്രായം ആയിരുന്നിരിക്കാം. കാരണം, സാറാ 127 -ാം വയസ്സിൽ മരിച്ചു എന്ന് ഉല്പത്തി 23 -ൽ കാണുന്നു. അങ്ങനെയെങ്കിൽ യിസഹാക്കിനു 37 വയസ്സു പ്രായം ഉണ്ടായിരുന്നിരിക്കണം. യിസഹാക്കിനെ “ബാലൻ” എന്നു യഹോവയുടെ ദൂതൻ പറയുന്നതിനാൽ 15 വയസ്സ് എന്നു കണക്കാക്കിയാൽ തന്നെ അബ്രഹാം 115 വയസ്സു പ്രായമുള്ള വൃദ്ധനായിരുന്നു എന്ന് മനസ്സിലാക്കാം.

മൂന്നു ദിവസത്തെ വഴിദൂരം നടന്നു അബ്രഹാം നിയോഗിക്കപ്പെട്ട ആ സ്ഥലം ദൂരെ കണ്ടു. മലയടിവാരത്തിൽ ദാസന്മാരെയും വാഹനമൃഗമായിരുന്ന കഴുതകളേയും വിട്ട് അബ്രഹാമും യിസഹാക്കും യഗത്തിനുള്ള വസ്തുക്കളുമായി മലകയറി. അവിടെ യാഗപീഠം പണിതു. ഒടുവിൽ, യിസഹാക്കിനെ അർപ്പിക്കുവാനായി എടുത്തു യാഗപീഠത്തിൽ കിടത്തി, അറുക്കേണ്ടതായി കത്തി എടുത്തു. ആ നൊടിനേരത്തിൽ യഹോവയുടെ ദൂതൻ ഇടപെട്ടു. അബ്രഹാം തലഉയർത്തി നോക്കിയപ്പോൾ പിമ്പുറത്ത് ഒരു ആട്ടുകൊറ്റൻ കൊമ്പു കാട്ടിൽ പിടിപെട്ടു കിടക്കുന്നതു കണ്ടു. അബ്രാഹാം ചെന്നു ആട്ടുകൊറ്റനെ പിടിച്ചു യിസഹാക്കിനു പകരം ഹോമയാഗം കഴിച്ചു. യഹോവയുടെ പർവ്വതത്തിൽ അവൻ പ്രത്യക്ഷനാകും, യഹോവയുടെ പർവ്വതത്തിൽ അവൻ കാണുന്നു, യഹോവയുടെ പർവ്വതത്തിൽ അതു കാണും അഥവാ ഉണ്ടായിരിക്കും (In the mount of the LORD it shall be seen) എന്നൊക്കെ അർത്ഥം വരുന്ന “യഹോവ-യിരെ” എന്നു ആ സ്ഥലത്തിനു പേരിട്ടു. അന്നു ഇങ്ങനെ ദൈവം അബ്രഹാമിനെ പരീക്ഷിച്ചു. അവൻ അതിൽ വിജയിച്ചു. ദൈവം അബ്രഹാമിനെ അനുഗ്രഹിച്ചു.

ഈ സംഭവത്തിൽ ആത്മികമായി വിശകലനം ചെയ്യേണ്ട ധാരാളം തന്തുക്കൾ ഉണ്ട്. കൊമ്പു കാട്ടിൽ പിടിപെട്ടു കിടന്നിരുന്ന കാട്ടാടാണ് (Wild Ram) ഇവിടെ ചിന്താവിഷയം. ആൺചെമ്മരിയാടിനെയാണു Ram എന്നു പറയുന്നത്. അബ്രഹാമിനു കിട്ടിയ ആട് യെഹൂദ്യമലനാടുകളിൽ ജനിച്ചുവളർന്നു, പാറക്കെട്ടുകളിലും കിഴുക്കാംതൂക്കിലും അതിവേഗം താഴെക്കു ഓടുവാനും തിരിച്ചു അതേപോലെ ഓടിക്കയറുവാനും അഭ്യാസം പ്രാപിച്ച ജീവികളിൽ ഒന്നു ആയിരുന്നു. ഇവയുടെ ചടുല നീക്കങ്ങളും, മെയ്‌വഴക്കവും; ശേഷിയും, ഒപ്പം ശക്തിയും അമ്പരപ്പിക്കുന്നതാണ്.

ഈ മലയാടുകൾ, ആട്ടിൻപറ്റത്തിൻ്റെ നായകത്വം ഏറ്റെടുക്കേണ്ടതിനായി ആട്ടുകൊറ്റന്മാർ തമ്മിൽ കൊമ്പുകോർത്തും തലകൊണ്ട് പരസ്പരം ഇടിച്ചും യുദ്ധം ചെയ്യാറുണ്ട്. ആൺചെമ്മരിയാട് എന്നതിനു എബ്രായഭാഷയിൽ ഉപയോഗിച്ചിരിക്കുന്ന ‘അയ്ൽ’ എന്ന വാക്കിനു താങ്ങിനിർത്തുന്ന ബലമുള്ള തൂൺ, കട്ടിളക്കാൽ, കുറുമ്പടി; ബലവും, കടുപ്പമുള്ള കരുവേലകം പോലെയുള്ള വൃക്ഷം; ബലവാൻ, നായകൻ, ഗോത്രത്തലവൻ എന്നിങ്ങനെയും അർത്ഥമുണ്ട്. ആട്ടുകൊറ്റനു ഇതെല്ലാം യോജിക്കുന്നുണ്ട്.

ജനിക്കുമ്പോൾത്തന്നെ ആട്ടുകൊറ്റനു കൊമ്പുമുളകൾ ഉണ്ടായിരിക്കും. പത്തുമാസം പ്രായമാകുമ്പോഴേക്കും കൊമ്പുകൾ നന്നായി വളർന്നിരിക്കും. എന്നാൽ രണ്ടു വയസ്സു ആകുമ്പോഴേ പൂർണ്ണ വളർച്ചയെത്തി ബലവത്താവുകയുള്ളൂ. ഒരു ആട്ടുകൊറ്റൻ ശാരീരികമായി പൂർണ്ണ വളർച്ചയെത്തി ശേഷി കൈവരിക്കാൻ ഏറ്റവും കുറഞ്ഞത് അഞ്ചുവർഷമെടുക്കും. അപ്പോഴേക്കും അവയ്ക്ക് 6 അടി നീളവും 140 കിലോഗ്രാം വരെ തൂക്കവും കൈവന്നിരിക്കും. ഈ കാലയളവുകൊണ്ട് അവയുടെ കൊമ്പുകൾ ചെവിയുടെ പിന്നിലൂടെ തലയ്ക്കിരുവശവുമായി “റ” ആകൃതിയിൽ വളഞ്ഞു മുന്നോട്ടു വളർന്നു വിടർന്നു മനോഹരമായിട്ടുണ്ടാവും. രണ്ടുകൊമ്പുകൾക്കു 15 റാത്തൽ വരെ തൂക്കവും കാണും. ഒരു ആട്ടുകൊറ്റൻ പറ്റത്തിൻ്റെ നായകത്വം ഏറ്റെടുക്കുമ്പോൾ 5 മുതൽ 7 വരെ വയസ്സ് പ്രായം ഉണ്ടായിരിക്കും. 50 പെണ്ണാടുകൾ വരെ അടങ്ങിയ ഒരു പറ്റത്തെ നയിക്കുവാനും ഇണചേരുവാനും ഒരു ആട്ടുകൊറ്റൻ മതിയാകും.

ഇത്രയും ശേഷിയുള്ള, യെഹൂദിയാ മലനിരകളിൽ മാറിമാറിവരുന്ന വന്യമായ കാലാവസ്ഥ അതിജീവിച്ചു കിഴുക്കാംതൂക്കായ പാറക്കെട്ടുകളിൽ തുള്ളിച്ചാടി മെയ്‌വഴക്കവും അഭ്യാസവും പ്രാപിച്ച, പൂർണവളർച്ചയെത്തിയ, ബലവത്തായ കൊമ്പുകളോടു കൂടിയ ഒരു ആട്ടുകൊറ്റനെ 115 വയസ്സു പ്രായമുള്ള വൃദ്ധനായ അബ്രഹാം നിസ്സാരമായി പിടിച്ചുകെട്ടി കൊണ്ടുവന്നു യാഗം അർപ്പിച്ചുവെന്നോ? അബ്രഹാം യാഗാർപ്പണത്തിനു ഒരുങ്ങുമ്പോഴാണ് ആ ജീവി കൊമ്പു കുരുങ്ങിയതു എന്നതു വാദത്തിനു വേണ്ടി അംഗീകരിച്ചാൽ മറ്റൊരു പ്രശ്നം ഉദിക്കുന്നു. ആടിൻ്റെ സ്വഭാവമനുസരിച്ച്, അപകടത്തിൽ ചെന്നുചാടിയാൽ അവ ശക്തമായി കുതറുകയും കരഞ്ഞു വിളിച്ച് കാടിളക്കി ബഹളം വയ്ക്കുകയും ചെയ്യും. അപ്പോൾ തീർച്ചയായും അബ്രഹാമിനു അതിനെ വളരെ നേരത്തേ തന്നെ കാണുവാൻ സാധിക്കും. ഇവിടെ അങ്ങനെയല്ല സംഭവിച്ചത്.

അബ്രഹാം നിന്നിരുന്നതിൻ്റെ പിമ്പുറത്തു കിടന്നിരുന്ന ആ കാട്ടാട് നിലവിളിക്കാൻ പോലും ത്രാണിയില്ലാത്തതായിരുന്നുവെന്ന് നമുക്ക് വിലയിരുത്തുന്നതിൽ തെറ്റില്ല. ഈ വാദത്തെ ശാസ്ത്രം പിന്തുണയ്ക്കുന്നു.

കാട്ടാടുകളെക്കുറിച്ചും അവയുടെ ശാരീരികക്ഷമത, കൊമ്പുകൾ, കാലുകൾ എന്നിവയെക്കുറിച്ചും വ്യക്തമായ ശാസ്ത്രീയപഠനം നടത്തുന്ന ഗവേഷകരുടെ അഭിപ്രായപ്രകാരവും കണ്ടെത്തൽ പ്രകാരവും ആട്ടുകൊറ്റൻ കൊമ്പു കുരുങ്ങി കുറ്റിക്കാട്ടിൽ കുടുങ്ങിയിട്ടു ഏറ്റവും കുറഞ്ഞത് മൂന്ന് ദിവസം ആയിരുന്നിരിക്കണം. ബലവത്തായ കൊമ്പുപിടിപെട്ട നിമിഷം മുതൽ രക്ഷപ്പെടുവാനായി കുതറിക്കുതറി കൊമ്പിൽ കെട്ടുമുറി കൊണ്ടിരുന്നു. പിടച്ചിലിൻ്റെ ശക്തിയിലും ആഘാതത്തിലും കൊമ്പുകൾ സാവധാനം ഇളകി അതിൻ്റെ ചുവട്ടിലൂടെ രക്തസ്രാവമുണ്ടായി കൊണ്ടിരുന്നു. മാത്രമല്ല, വെള്ളം കുടിക്കാതെയും തീറ്റകിട്ടാതെയും ഭക്ഷിക്കാതെയും ആ ആടു ബലഹീനമായി. ഒന്നു കുതറുവാനോ നീട്ടികരയുവാനോ ത്രാണിയില്ലാതെ ആരോഗ്യവും ബലവും ജയിച്ച ആട്ടുകൊറ്റനെ അബ്രഹാമിനെപ്പോലെ വൃദ്ധനായ ഒരു മനുഷ്യനു കൈകാര്യം ചെയ്യുക എളുപ്പം. ഈ വാദഗതി ശരിയായിരിപ്പാൻ സാദ്ധ്യതയുണ്ട് – ശരിയായിരിക്കട്ടെ. അങ്ങനെയെങ്കിൽ അതിലൊരു ആത്മികമർമ്മം മറഞ്ഞുകിടപ്പുണ്ട്. യാഗാർപ്പണത്തിനായി അബ്രഹാം യിസഹാക്കുമായി വീട്ടിൽ നിന്നു ഇറങ്ങിയപ്പോൾത്തന്നെ ആട്ടുകൊറ്റൻ മോറിയായിൽ കുരുങ്ങിക്കഴിഞ്ഞിരുന്നു. ശേഷിച്ച മണിക്കൂറുകൾ അത് അബ്രഹാമിന് വേണ്ടി, യിസഹാക്കിനു പകരമായി ബലഹീനം ആയിക്കൊണ്ടേയിരിക്കുകയായിരുന്നു. ഇതാണു ദൈവത്തിൻ്റെ പർവ്വതത്തിലെ ദൈവികകരുതൽ. ദൈവത്തിൻ്റെ പർവ്വതത്തിൽ അതിനെ കണ്ടെത്തും. യഹോവ – യിരെ!

മോറിയയിലെ ആട്ടുകൊറ്റൻ ക്രിസ്തുവിനു നിഴൽ – പ്രതിരൂപം അത്രെ. “അവൻ വഴിയിൽ വച്ചു എൻ്റെ ബലം ക്ഷയിപ്പിച്ചു; അവൻ എൻ്റെ നാളുകളെ ചുരുക്കിയിരിക്കുന്നു” (സങ്കീ: 102:23). നൂറ്റിരണ്ടാം സങ്കീർത്തനം ഒരു മിശിഹൈക സങ്കീർത്തനമാണ്. ഭൂമിക്ക് അടിസ്ഥാനമിട്ട സൃഷ്ടാവാം ദൈവം; കാലാതീതനും നിത്യനുമായ ദൈവം ബലം ക്ഷയിച്ചവനായി നാളുകൾ ചുരുങ്ങിയവനായി
കാൽവറിയിലേക്ക് നടന്നുകയറി നമുക്ക് പകരമായി യാഗമായിത്തീർന്നു. “ഇതാ ദൈവത്തിൻ്റെ കുഞ്ഞാട്.” മോറിയ വെറും നിഴൽ മാത്രമായിരുന്നു. കാൽവരി പൊരുൾ ആകുന്നു. Over against Moriah is Calvary. നമുക്കായി രക്ഷണ്യപദ്ധതി ഒരുക്കിയ ദൈവനാമം എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ.

പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ

-ADVERTISEMENT-

-ADVERTISEMENT-

You might also like