ലേഖനം: മാറായിൽ നിന്നും മധുരത്തിലേക്ക് | പാസ്റ്റർ. സി. ജോൺ,ഡൽഹി

പുറപ്പാട് 15:22-27.
കഴിഞ്ഞ ചില വർഷങ്ങൾ ആയി ലോകം മുഴുവൻ ഒരു മാറായുടെ അനുഭവത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ഇന്ന് അവസ്ഥകൾക്ക് സാരമായ വ്യത്യാസം ഉണ്ടാകുകയും മാറാ മധുരത്തിന്റെ അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. മാറ എന്ന വാക്കിന്റെ അർത്ഥം കയ്പ് എന്നാണ്. കയ്പ്പിനെ മധുരിപ്പിക്കുന്ന അവസ്ഥയിലേക്ക് മാറ്റുന്നവനാണ് നമ്മുടെ ദൈവം.
ദൈവജനമായ ഇസ്രായേൽ നേരിട്ട കയ്പ്പിന്റെ അനുഭവവും ദൈവം അതിനെ മധുരമാക്കി മാറ്റിയ സംഭവവും ആണ് പ്രസ്തുത വേദഭാഗത്ത്‌ നാം കാണുന്നത്. ദൈവ ജനം നേരിടുന്ന കയ്പ്പിന്റെ അനുഭവം ദൈവം അനുവദിച്ചതാണെങ്കിൽ അതിനു പിന്നിൽ ഒരു വലിയ ദൈവ ഹിതം വെളിപ്പെടാനുണ്ട്. പലപ്പോഴും കയ്പ്പിന്റെ അനുഭവത്തിൽ നാമും അക്ഷരീയ ഇസ്രായേലിനെ പോലെ പിറു പിറുക്കുകയാണ് പതിവ്. എന്നാൽ എന്തുകൊണ്ട് ഈ കയ്പ് എന്റെ ജീവിതത്തിൽ, കുടുംബത്തിൽ, സഭയിൽ ഉണ്ടായി? ഇതിന്റെ കാരണം എന്ത്? ഇതിലൂടെ ദൈവം എന്താണ് എന്നിൽ നിന്നും ഞങ്ങളിൽ നിന്നും ആഗ്രഹിക്കുന്നത്? ഇതിന് പിന്നിലെ ദൈവീക ഉദ്ദേശം എന്താണ് ഇതൊന്നും നാം അറിയാനായി സമയം എടുക്കാറില്ല. ദൈവ ജനത്തിന്റെ ജീവിതത്തിലേക്ക് ദൈവം അയക്കുന്ന കയ്പ്പിന്റെ അനുഭവത്തിന് പിന്നിൽ വലിയ ദൈവീക ഉദ്ദേശം ഉണ്ടെന്ന് പ്രസ്തുത വചന ഭാഗം നമ്മെ പഠിപ്പിക്കുന്നു.
പുറപ്പാട് പുസ്തകം 14, 15 അദ്ധ്യായങ്ങളിൽ വലിയ വിടുതൽ കണ്ട് അനുഭവിച്ച ജനം തുള്ളിചാടി ദൈവത്തെ മഹത്വപ്പെടുത്തുകയും തങ്ങളെ പിന്തുടർന്ന ശത്രു സമുദ്രത്തിൽ മുങ്ങി താഴുന്നത് കണ്ട് ആർപ്പോടെ ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു. എന്നാൽ ഈ ആർപ്പും സ്തുതിയും നന്മകളും സന്തോഷവും ഉള്ളപ്പോൾ മാത്രമേയുള്ളോ അതോ എപ്പോഴും ഈ ജനം ദൈവത്തെ ഇതേ രീതിയിൽ ആരാധിക്കുമോ എന്നറിയാൻ ദൈവം അവരെ പരീക്ഷിക്കുന്നതിനു വേണ്ടിയാണ് ദൈവം വലിയ വിടുതലിന്റെ സന്തോഷതിമിർപ്പിൽ തന്നെ അവരുടെ ജീവിതത്തിൽ “മാറാ” യുടെ അനുഭവം അയച്ചത്. നമ്മുടെ ദൈവം ആരാധന പ്രിയൻ ആണ്. ഞാൻ എന്റെ മഹത്വം മറ്റൊരുത്തനും വിട്ടുകൊടുക്കുകയില്ല എന്നാണ് അവിടുന്ന് അരുളിചെയ്തിട്ടുള്ളത്. ദൈവം നമുക്ക് തന്നിട്ടുള്ള അനുഗ്രഹ, നന്മകളിലൂടെ ദൈവത്തോട് നമുക്കുള്ള മനോഭാവം എന്താണെന്നറിയാൻ ദൈവം നമ്മെ പരീക്ഷിക്കും. അതിന് ഉദാഹരണം ആണ് നീണ്ട 25 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ അബ്രഹാമിന് ലഭിച്ച മകനെ തനിക്കുവേണ്ടി യാഗം അർപ്പിക്കാൻ ദൈവം അബ്രഹാമിനോട് പറയുന്നത് (ഉല്പത്തി 22).
ഇവിടെ ചെങ്കടൽ കടന്ന ജനം തുള്ളി ചാടി വിജയഘോഷം മുഴക്കി ദൈവത്തെ സ്തുതിച്ചു. മോശ ദൈവീക കല്പന പ്രകാരം അവരെ ശൂർ മരുഭൂമിയിലേക്ക് നയിച്ചു. പെട്ടന്ന് അവരുടെ പാട്ടും, നൃത്തവും നിന്നു. ചെങ്കടലിൽ തപ്പെടുത്തു പാടി നൃത്തം ചെയ്ത മിര്യാം ഉൾപ്പടെ സകലരും പാട്ടും, നൃത്തവും നിർത്തി. കാരണം അവരുടെ മുൻപിൽ ” *പ്രശ്നം”* കുടിക്കാൻ വെള്ളമില്ല. അതാണ് അവരുടെ പ്രശ്നം. പ്രശ്നം പാട്ടും നൃത്തവും ആരാധനയും നിർത്തികളഞ്ഞു.
എത്തിയ സ്ഥലത്തിന്റെ പേര് *“മാറാ”* അർത്ഥം *അത്യന്തം കയ്പ്പ്*  (രൂത്ത് 1:20). ദാഹിച്ചു വലഞ്ഞവർക്ക് കുടിക്കാൻ കിട്ടിയത് കയ്പ്പ് വെള്ളം!!. ഇസ്രായേല്യർ കയ്പ്പ് വെള്ളത്തിങ്കൽ ചെയ്തത് നാം ഓരോരുത്തരും ചെയ്യുന്നതാണ്. അവർ ദൈവത്തിനും അവരുടെ ഇടയനും എതിരായി പിറു പിറുത്തു. മോശ ദൈവത്തോട് കരഞ്ഞു. ദൈവം പ്രതി വിധി പറഞ്ഞു കൊടുത്തു. നിമിഷ നേരത്തിൽ മാറ മധുരമായി. കയ്പ്പ് മധുരമായി. പിറു പിറുത്തവർ കുടിച്ചു ദാഹം തീർത്തു. മാറായ്ക്ക് ശേഷം എലീം വരുന്നുണ്ട്. എന്നുംമാറായുടെ അനുഭവത്തിലോടെ കടന്നു പോകുവാനോ, മാറായിൽ നിൽക്കുവാനോ ദൈവ പൈതലേ ദൈവം നിന്നെ അനുവദിക്കില്ല. മാറായ്ക്ക് ശേഷം നിനക്കായി ഒരു എലീം ഉണ്ട്‌. നിനക്കായി എലീം കാത്തിരിക്കുന്നു. നീ ഇപ്പോൾ മാറായിലൂടെ യാത്ര ചെയ്യുകയാണെകിൽ ഈ യാത്ര നിന്നെ എലീമിൽ എത്തിക്കും. ഇത് മാറായിൽ നിന്നും എലീമിലേക്കുള്ള യാത്ര ആണ്. കയ്പ്പ് വെള്ളത്തിൽ നിന്നും 12 ഉറവുകളും, 70 ഈന്തപ്പനകളുടെയും അനുഭവം!!  ഇത് ആന്തരികവും, ബാഹ്യവുമായ യാത്രയുടെ അനുഭവങ്ങളാണ്.
ബാഹ്യമായ യാത്ര ഇവിടെ ദൃശ്യമാണ്.
മോശയും കൂട്ടരും ഒരു വലിയ കയ്പ്പിന്റെ അനുഭവത്തിലൂടെ യാത്ര ചെയ്യുന്നു.3 ദിവസം വെള്ളമില്ലാത്ത അവസ്ഥ. കിട്ടിയ വെള്ളം കയ്പ്പ്. മരണം മുൻപിൽ കാണുന്നു.മോശ ദൈവത്തോട് നിലവിളിക്കുന്നു. ദൈവം കയ്പ്പ് വെള്ളത്തെ മധുരമുള്ളതാക്കി മാറ്റുന്നു. അവർ പുതിയ അനുഭവം പ്രാപിച്ചു…
അടുത്തപടി എലീമിലേക്ക് യാത്ര ചെയ്യുന്നു. ഇത് ദൈവത്തിന്റെ ശക്തിയെയും, വിശ്വാസ യോഗ്യതയെയും  കാണിക്കുന്ന സംഭവമാണ്. ഇതിൽ നമുക്കുള്ള സന്ദേശം വളരെ വ്യക്തമാണ്.
ജീവിത യാത്രയിൽ നമുക്ക് നേരിടുന്ന എല്ലാ കയ്പ്പേറിയ അനുഭവങ്ങളിലും നമുക്ക് ദൈവത്തിൽ പൂർണമായും ചാരുവാനും, ആശ്രയിക്കുവാനും കഴിയും. ദൈവത്തിന് മാറായുടെ (കയ്പ്പിന്റെ ) അനുഭവത്തെ മധുരിപ്പിക്കുന്ന അനുഭവത്തിലേക്ക് മറ്റുവാൻ കഴിയും. നാം നമ്മുടെ കയ്പ്പിന്റെ അനുഭവത്തിൽ ദൈവത്തോട് നിലവിളിക്കുമ്പോൾ അവൻ നമ്മുടെ കയ്പ്പിനെ മധുരമാക്കി മാറ്റും. കുടിക്കുവാൻ യോഗ്യമാക്കും. അടുത്ത യാത്രക്ക് നമ്മെ യോഗ്യരാക്കും. നാം അഭിമുഖീകരിക്കുന്ന എല്ലാ ബാഹ്യ പ്രശ്നങ്ങളെയും മാറ്റി നമ്മെ വിടുവിക്കുവാൻ തക്കവണ്ണം ദൈവം വലിയവൻ ആണ്.
ആന്തരിക യാത്ര ഇവിടെ ദൃശ്യമല്ല. എന്നാൽ അതാണ് ഇവിടെ പ്രതിപാതിച്ചിരി ക്കുന്ന  മുഖ്യ വിഷയം.
ഇവിടെ ദൈവം ഒരു മരം “കാണിച്ചു കൊടുത്തു ” എന്ന് എഴുതിയിരിക്കുന്നു. കാണിച്ചു എന്നതിന് instructed എന്നാണ് ശരിയായ ഭാഷാന്തരം. അതിനർത്ഥം God instructed or taught Moses a tree. ഇവിടെ taught എന്ന ക്രിയ “Torah”  എന്ന പദത്തിന്റെ മൂല ക്രിയാ പദമാണ്. Torah എന്നാൽ instruction അഥവാ നിർദേശം എന്നാണ്. ഇത് മോശക്ക് ദൈവം പാർവ്വതത്തിൽ വച്ച് സമാഗമന കൂടാരത്തെ കുറിച്ച് നൽകിയ നിർദേശത്തെ അനുസ്മരിപ്പിക്കുന്നു. Torah എന്നാൽ വചനം ആണ്. മോശ ഈ വചന വൃക്ഷത്തെ കയ്പ്പ് വെള്ളത്തിലേക്ക് ഇട്ടപ്പോൾ അത് മധുരമായി മാറി.
മാറായിലെ വെള്ളത്തിന്റെ കയ്പ് അക്ഷരാർത്ഥത്തിൽ ജനത്തിന്റെ ഹൃദയത്തിലെ കയ്പ് ആയിരുന്നു. മാറായിൽ അവർ പിറു പിറുത്തു. ഹൃദയത്തിൽ കയ്പ് ഉള്ളപ്പോൾ ആണ് പിറുപിറുപ്പ് ഉണ്ടാകുന്നത്. പുറമെയുണ്ടായ തടസം അവരുടെ ഹൃദയത്തിലെ ആന്തരിക സത്യങ്ങളെ വെളിപ്പെടുത്തി. ഇസ്രായേല്യർ ദൈവാശ്രയം തള്ളികളഞ്ഞപ്പോഴും മോശ ദൈവത്തിൽ ആശ്രയിച്ചു, പ്രശ്‌നം ദൈവത്തിന്റെ സന്നിധിയിൽ വച്ചു. ദൈവത്തോട് നിലവിളിച്ചു.
മാറായുടെ അനുഭവം വെളിപ്പെടുത്തുന്നത് ഇസ്രായേലിനു ഫറവോനിൽ നിന്നുള്ള വിടുതലിനെക്കാൾ അപ്പുറമായ ഒരു ആന്തരിക വിടുതൽ ആവശ്യമാണ്‌ എന്നാണ്  അവരുടെ പിറുപിറുപ്പിൽ നിന്നും, ആവിശ്വാസത്തിൽ നിന്നും, കയ്പ്പ് നിറഞ്ഞ അനുഭവത്തിൽ നിന്നും അവർക്ക് ഒരു വിടുതൽ ആവശ്യമായിരുന്നു. ദൈവം അവരുടെ ആന്തരിക കയ്പ്പ് മാറ്റി ആ വിടുതൽ അവരിൽ കൊണ്ടുവരുവാൻ ആഗ്രഹിച്ചു. ദൈവം അവരിൽ മാറ്റം കൊണ്ടുവരുന്ന ഒരു മരം കാണിച്ചു കൊടുത്തു. ഒരു മാറ്റത്തിന്റെ മരം…
വെള്ളം കയ്പ്പിൽ നിന്നും മധുരമായപ്പോൾ ദൈവം ഒരു നിയമം പാസ്സാക്കി. പുറപ്പാട് 15:26″ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു” ഈ പ്രസ്താവനയിൽ നിന്നും  വളരെ വ്യക്തമായി പറയുന്നു ദൈവം ഒരു മാറ്റത്തിന് ഊന്നൽ കൊടുത്തത് മാറായിലെ വെള്ളത്തിനല്ല പിന്നെയോ ഇസ്രായേല്യരുടെ ഹൃദയത്തിനാണ്. ഇസ്രായേൽ പൂർണമായും ദൈവാധിഷ്ഠിതർ ആകണം. അവർ മിസ്രയേമിൽ ഫറവോധിഷ്ഠിതർ ആയിരുന്നു. അവർ ഫറവോനിൽ കേന്ദ്രിതർ ആയിരുന്നു. അതുകൊണ്ട് ദൈവം അവരെ മാറായിൽ പരീക്ഷിച്ചു. ഈ പരീക്ഷ അവരെ പരിശീലിപ്പിക്കുവാൻ ആയിരുന്നു. അവരുടെ ഹൃദയത്തിലെ കയ്പ്പ് വെളിപ്പെടുത്തുവാൻ ആയിരുന്നു. പരീക്ഷയിൽ മോശ ദൈവത്തിൽ കേന്ദ്രിതൻ ആണെന്നും തെളിഞ്ഞു. എന്നാൽ ഇസ്രായേൽ ദൈവത്തിൽ കേന്ദ്രിതർ അല്ലെന്നും തെളിഞ്ഞു. അവരുടെ കയ്പ്പ് നിറഞ്ഞ ഹൃദയം ദൈവത്തിങ്കലേക്ക് തിരിക്കുവാനുള്ള ടെസ്റ്റ്‌ ആയിരുന്നു മാറായിലെ അനുഭവം. എങ്ങനെയാണ് വെള്ളം മധുരമായത്? ദൈവം കാണിച്ചു കൊടുത്ത മരത്താൽ.. എങ്ങനെയാണ് ഒരുവൻ ദൈവാധിഷ്ഠിതൻ ആകുന്നത്? The Torah = വചനത്താൽ.. കൈപ്പ് വെള്ളം മധുരമായത് എങ്ങനെ? ആ മരത്തെ മോശക്ക് കാണിച്ചു കൊടുത്ത ദൈവത്താൽ..
ഇവിടെ ദൈവം ഞാൻ വെള്ളത്തെ സൗഖ്യമാക്കുന്ന യഹോവ എന്നല്ല പറഞ്ഞത്. അപ്പോൾ വെള്ളത്തിനല്ല ജനത്തിനായിരുന്നു പ്രശ്നം എന്ന് സ്പഷ്ടം. വെള്ളമല്ല ജനത്തിന്റെ ഹൃദയത്തിന്റെ അവസ്ഥയാണ് മാറേണ്ടത് എന്ന് സ്പഷ്ടം. കയ്പ്പ് വെള്ളത്തെ സൗഖ്യമാക്കുന്നു എന്നല്ല ഞാൻ നിന്നെ സൗഖ്യമാക്കുന്നു. ജനത്തിന്റെ ആന്തരികമായ മാറ്റമാണ് ദൈവം ഇതിലൂടെ ആഗ്രഹിച്ചതെന്നു സ്പഷ്ടം. മിസ്രേം വിട്ടിട്ടും ഇപ്പോഴും ഫറവോന് അധിഷ്ഠിതമായ ജനം. ഉള്ളിൽ കയ്പ്പ് കൊണ്ട് നടക്കുന്നു. കൂട്ട് സഹോദരങ്ങളോട്, കൂട്ട് വേലക്കാരോട്, വിശ്വാസികളോട്, തങ്ങളുടെ ഇടയന്മാരോട് ഹൃദയത്തിൽ കയ്പ്പ് കൊണ്ട് നടക്കുന്നവർ..
അതേ ദൈവം ആഗ്രഹിച്ചത് അവർ പൂർണമായും ദൈവത്താൽ കേന്ദ്രീകൃതർ ആകുവാനാണ്. അവൻ നമ്മെ ആന്തരികമായി തന്റെ വചനത്താൽ മാറ്റുന്നു. ആന്തരികമായ മാറ്റം ആണ് ഇവിടുത്തെ മുഖ്യ വിഷയം.
മധുരമായി ജീവിക്കുവാൻ അവന്റെ വചനം (Torah) കയ്പ്പ് വെള്ളത്തിൽ ഇടുക. ദൈവം പറയുന്നത് അനുസരിക്കുക. മോശ ദൈവം പറഞ്ഞത് അനുസരിച്ചപ്പോൾ ആണ് കയ്പ്പ് വെള്ളം മധുരമായത്. നമ്മെ മാറ്റുന്ന വചനം (Torah) ആണ് ക്രിസ്തു. ക്രിസ്തു കേന്ദ്രീകൃതമായി, വചനാധിഷ്ഠിതമായി ജീവിക്കാം. ക്രിസ്തുവിന്റെ വചനം നമ്മെ മാറ്റുന്നു. ക്രിസ്തീയ ജീവിതം കയ്പ്പേറിയ മാറായിൽ നിന്നും 12 നീരുറവുകൾ ഉള്ള എലീമിലേക്കുള്ള യാത്ര ആണ്. വെള്ളമില്ലാത്ത മരുഭൂമിയിൽ നിന്നും മധുരിപ്പിക്കുന്ന 70 ഈന്തപനകളുള്ള അനുഭവത്തിലേക്കും നമ്മെ നയിക്കുന്ന, നമ്മെ ആന്തരീകമായി മാറ്റുന്ന എലീമിലേക്കുള്ള യാത്രയാണ്.
ജീവിതത്തിലെ എല്ലാ മാറായുടെ അനുഭവങ്ങളും നമ്മെ Torah അഥവാ വചനമാകുന്ന ക്രിസ്തുവിലേക്ക് നയിക്കട്ടെ….

പാസ്റ്റർ സി. ജോൺ

-ADVERTISEMENT-

-ADVERTISEMENT-

You might also like