ഇന്നത്തെ ചിന്ത : രാജാവിന്റെ ഹൃദയം | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 21:1
“രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യിൽ നീർത്തോടുകണക്കെ ഇരിക്കുന്നു; തനിക്കു ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവൻ അതിനെ തിരിക്കുന്നു”. നാം ചിന്തിക്കുന്നതുപോലെയല്ല ദൈവം ചിന്തിക്കുന്നതും നാം പ്രവർത്തിക്കുന്നതുപോലെയല്ല ദൈവം പ്രവർത്തിക്കുന്നതും. നമ്മുടെ ഹൃദയം മുഴുവനായി അറിയുന്നവൻ ദൈവം മാത്രമാണ്. അതിന്റെ ഓരോ ചലനങ്ങളും ദൈവം ഒപ്പിയെടുക്കുന്നു. ഈ ലോകത്തിലെ ഭരണാധികാരികൾ ആരായാലും എത്ര മിടുക്കന്മാരായാലും അവരുടെ ഹൃദയത്തിലെ ചിന്തകളെ മാറ്റുവാൻ ദൈവത്തിന് അധികം സമയം വേണ്ട. ബൈബിൾ ചരിത്രത്തിൽ ചില അത്ഭുതങ്ങൾക്കായി ദൈവം ചില ഭരണാധികാരികളുടെ മനസ് മാറ്റിയിട്ടുണ്ടല്ലോ.

അതുപോലെ ഒരു സാഹചര്യമാണ് എസ്രാ 6:22ൽ കാണുന്നത്. ആ വാക്യം ശ്രദ്ധിക്കൂ, “യഹോവ അവരെ സന്തോഷിപ്പിക്കയും യിസ്രായേലിൻദൈവമായ ദൈവത്തിന്റെ ആലയത്തിന്റെ പണിയിൽ അവരെ സഹായിക്കേണ്ടതിന്നു അശ്ശൂർരാജാവിന്റെ ഹൃദയത്തെ അവർക്കു അനുകൂലമാക്കുകയും ചെയ്തതുകൊണ്ടു അവർ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ഏഴു ദിവസം സന്തോഷത്തോടെ ആചരിച്ചു”. രാജാക്കന്മാരുടെ മുൻ തീരുമാനങ്ങളെപ്പോലും ദൈവം മാറ്റിയിട്ടുണ്ട്. ചില വർഷങ്ങൾക്കു മുൻപ് ഒ പി ത്യാഗി എന്നൊരു മനുഷ്യൻ മതപരിവർത്തന നിരോധന ബിൽ പാർലമെന്റിൽ കൊണ്ടുവന്നപ്പോൾ അന്നത്തെ സഭാജനങ്ങൾ ശക്തമായി ഐക്യമത്യപ്പെട്ടു പ്രാർത്ഥിച്ചു. ആ ബിൽ പാസ്സായില്ല. ഇങ്ങനെ നിരവധി ചരിത്രമുണ്ട്. അപ്പോൾ തന്നെ ചിലതു ദൈവം അനുവദിക്കുന്നുമുണ്ട്. അത് മറ്റൊരു വശം. പ്രിയരേ, സകലത്തേയും നിയന്ത്രിക്കാൻ കഴിവുള്ളവൻ നമ്മോടു കൂടെയുണ്ട്. നാം ഐക്യതയോടെ പ്രാർത്ഥിച്ചാൽ മാറ്റം ആവശ്യമുള്ള മേഖലകളിൽ ദൈവം അത് കൊണ്ടുവരും. രാജാക്കന്മാരെ വാഴിക്കുന്നതും നീക്കുന്നതും ദൈവമല്ലോ?

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.