ലേഖനം: ആശ്രയം | ആൻസി സ്റ്റാൻലി

(യിരെമ്യാവ് 17:7)

പ്രകൃതി മനുഷ്യനും സകല ഭൂചര ജന്തുക്കൾക്കും അനുവദിച്ചിട്ടുള്ള ഒരു പ്രക്രിയയാണ് ആശ്രയം. പരസ്പര ആശ്രയം കൂടാതെ ആർക്കും ഈ ഭൂമിയിൽ വസിക്കാൻ സാധ്യമല്ല. മനുഷ്യൻ തന്റെ ചുറ്റുപാടുകളെയും കൂടെയുള്ളവരെയും ആശ്രയിക്കുന്നു. ഒരു കുഞ്ഞ് ജനിക്കുന്നത് മുതൽ തന്റെ മാതാപിതാക്കളെ ആശ്രയിക്കുന്നു അവൻ സ്വന്തമായി സമ്പാദിക്കാൻ ആരംഭിക്കുന്നതുവരെ അവന്റെ ആശ്രയം മാതാപിതാക്കളാണ്, അങ്ങനെ നോക്കുമ്പോൾ പരസ്പരം ആശ്രയിക്കുക എന്നത് പ്രകൃതി നമ്മെ പഠിപ്പിച്ച ഒരു പ്രക്രിയയാണ്.
എന്നാൽ നമ്മുടെ യഥാർത്ഥ ആശ്രയം ആരിലാണ്, ചിന്തിച്ചിട്ടുണ്ടോ?

ഏതു നേരത്തും ഒരു മടിയും കൂടാതെ ആശ്രയിക്കാൻ പറ്റിയ ഒരുവനെ ഉള്ളൂ അവനാണ് ജീവനുള്ള ദൈവപുത്രനായ “യേശുക്രിസ്തു”. ലോകത്തിലുള്ള ആശ്രയം വെറും കുറച്ച് സമയത്തേക്ക് മാത്രമേ ഉള്ളൂ, എന്നാൽ എന്നേക്കും ആശ്രയിക്കാൻ കഴിയുന്ന ഒരേ ഒരിടം അത് യേശു ക്രിസ്തുവാണ്. “യഹോവയിൽ ആശ്രയിക്കുകയും യഹോവ തന്നെ ആശ്രയം ആയിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ” (യിരെമ്യാവ് 17 :7). ഇതുപോലെയുള്ള ഒരു ഭാഗ്യ അവസ്ഥ ലോകത്തിലെങ്ങും ലഭിക്കുകയില്ല. നാം നമ്മുടെ മാതാപിതാക്കളിലും കൂട്ടുകാരിലും ഒക്കെ ആശ്രയിക്കും, എന്നാൽ അതിനൊക്കെ ഒരു പരിധിയുണ്ട്. എന്നാൽ പരിധിക്ക് അതീതമായി ആശ്രയം വെക്കാൻ കഴിയുന്ന ഒരിടം അത് മറ്റൊന്നുമല്ല നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ സന്നിധി മാത്രം.അവിടെ മാത്രമേ യഥാർത്ഥ ആശ്രയവും സമാധാനവും പൂർണ്ണ സന്തോഷവും പ്രാപിക്കാൻ കഴിയൂ.
” മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത് പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത് (സങ്കീർത്തനങ്ങൾ 118:8, 9).” നാം പലപ്പോഴും മറ്റുള്ളവരെ ആശ്രയിച്ചു മടുക്കുമ്പോൾ അല്ലെങ്കിൽ നമ്മുടെ ആശ്രയമായിരുന്നവർ നമ്മെ വിട്ടു പോകുമ്പോൾ നാം ഒരുപാട് വേദനിക്കാറുണ്ട്. ഒരു പക്ഷെ എല്ലാവരും ചുറ്റും ഉള്ളപ്പോഴും ആരുമില്ല എന്നൊരു തോന്നൽ നമ്മെ ഭരിക്കും. ആ സമയം നാം നമ്മുടെ കണ്ണുയർത്തി മേലോട്ട് നോക്കണം, നമ്മെ നോക്കി ഇരിക്കുന്ന നമ്മുടെ ആവശ്യങ്ങൾ നന്നായി അറിയുന്ന ഒരു നല്ല സ്നേഹനിധിയായ പിതാവ് നമുക്ക് സ്വർഗത്തിൽ ഉണ്ട്. അവിടെ നിന്ന് ലഭിക്കുന്ന ആശ്രയം പോലെ ലോകത്തിൽ വേറെ ആർക്കും നൽകാൻ കഴിയില്ല.
നാം പലപ്പോഴും നമ്മുടെ ജീവിത കാര്യങ്ങളിൽ മുഴുകി ചിന്തയിലാണ്ടു ജീവിക്കുന്നു.നമുക്ക് വേണ്ടി എല്ലാം കരുതാൻ കഴിയുന്ന ഒരു പിതാവിനെ കുറിച്ച് മറന്നുപോകുന്നു.ലോകത്തിൽ ഉള്ള ആർക്കും നിന്റെ ആശ്രയം ആകാൻ കഴിയാതെ ഇരിക്കുന്ന വേളയിൽ നിനക്ക് ഒരു ഭയവും ശങ്കയും കൂടാതെ ആശ്രയിക്കാൻ കഴിയുന്ന ഒരുവനെ ഉള്ളു അത് സ്വർഗ്ഗസ്ഥനായ,നിന്റെ പിതാവ് മാത്രം. അവനിൽ ആശ്രയിക്കുന്ന ആരും ഒരു നാളും ലജ്ജിച്ചു പോകയില്ല.
ജീവിതസാഹചര്യം മാറിമറിയുമ്പോൾ നാമോരോരുത്തരും അസ്വസ്ഥരായിത്തീരും.ആരിലും ആശ്രയം കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്ന സാഹചര്യം, എന്ത് ചെയ്യണമെന്നറിയാതെ പലപ്പോഴും ജീവിതം അവസാനിപ്പിച്ചാലോ എന്ന് ചിന്തിക്കുന്ന നിമിഷം,ആ നിമിഷം നമ്മുടെ കണ്ണുകൾ ഉയരത്തിലേക്ക് ഉയർത്തി നോക്കണം.”ഞാൻ എന്റെ കണ്ണ് പർവ്വതങ്ങളിലേക്ക് ഉയർത്തുന്നു, എന്റെ സഹായം എവിടെ നിന്നു വരും? എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽ നിന്ന് വരുന്നു. (സങ്കീർത്തനങ്ങൾ 121:1, 2). ഈ ഒരുറപ്പും വിശ്വാസമാണ് ഓരോ ഭക്തനും വേണ്ടത്, ലോകത്തിൽ ആരൊക്കെ ഉപേക്ഷിച്ചാലും ഒരിക്കലും നമ്മെ ഉപേക്ഷിക്കാതെ നമ്മോടൊപ്പം ചേർന്ന് നടക്കുന്ന നല്ലൊരു പിതാവു നമ്മോടു കൂടെയുണ്ട്. അവനിലാകട്ടെ നമ്മുടെ ആശ്രയം.
ഈ ലോകത്തിൽ ആർക്കും, ഒന്നിനും ഉറപ്പ് പറയാൻ കഴിയില്ല. എന്നാൽ ശാശ്വതമായ ഒരു ഉറപ്പും ധൈര്യവും നമുക്ക് പ്രദാനം ചെയ്യാൻ കഴിയുന്ന ഒരുവനെ ഉള്ളു, അത് കർത്താവായ യേശുക്രിസ്തു മാത്രം.
“പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും”(സദൃശ്യവാക്യങ്ങൾ
3:5,6). യഹോവയിൽ തന്നെ നമുക്ക് അടിയുറച്ച് വിശ്വസിക്കാം, പതറാതെ അവനിൽ മാത്രം ആശ്രയിക്കാം. അവനാകട്ടെ നമ്മുടെ ഓരോരുത്തരുടെയും ആശ്രയം.

(ആൻസി സ്റ്റാൻലി)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.