ലേഖനം: ഞാൻ മാത്രം | നെവിൻ മങ്ങാട്ട്

ജീവിതത്തിൽ പ്രതിസന്ധികൾ ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ അഭിമുഖീകരിക്കാത്ത ആരും തന്നെ ഉണ്ടാവില്ല. ഇന്നലെ ജനിച്ച ശിശു മുതൽ വയോധികർ വരെ ഓരോ പ്രതിസന്ധികളിലൂടെ ആയിരിക്കാം ഓരോ ദിവസവും കടന്ന് പോവുന്നത്. ചിലത് പങ്കുവയ്ക്കാൻ കഴിയുന്നതാണെങ്കിൽ ചില മാനസീക സമ്മർദ്ദങ്ങൾ സ്വയമേ അനുഭവിച്ചു അല്ലെങ്കിൽ സഹിച്ചു തീർക്കുകയെ നിവർത്തിയുള്ളു. എന്നാൽ ഒരു ക്രിസ്തീയ ഭക്തനെ സംബന്ധിച്ചു പ്രതിസന്ധികളിൽ മറ്റുള്ളവരെ പോലെ നെടുവീർപ്പിട്ടു മുഖം വാടി ഇരിക്കുവാൻ സാധിക്കുമോ? എന്തു ചെയ്യണമെറിയാതെ ഒരു വഴിയും തെളിയാതെ നിൽക്കുന്ന ചിലരോടാണ് ഈ സന്ദേശം.

ഒന്നിനും കൊള്ളില്ല, നിന്നെക്കൊണ്ട് ഒരു പ്രയോജനവും ഇല്ല, നിനക്ക് ഒന്നിനും കഴിവില്ല എന്നൊക്കെയുള്ള മുറിപ്പെടുത്തുന്ന വാക്കുകൾ പലപ്പോഴും നമ്മളെ ചില സാഹചര്യങ്ങളിൽ തളർത്തിയിട്ടുണ്ടാവാം. അത് നമ്മൾ ഏറ്റവും സ്നേഹിക്കുന്ന വ്യക്തികളിൽ നിന്നാണെങ്കിൽ പറയുകെയും വേണ്ട. മനുഷ്യർ ദൈവസൃഷ്ടികൾ എങ്കിലും ബലഹീനരാണ്. അതുകൊണ്ടാണ് മനുഷ്യ ശരീരത്തെ താഴ്ചയുള്ള ശരീരം എന്ന് പൗലോസ് വിശേഷിപ്പിക്കുന്നത്. ചിലരുടെ വാക്കുകൾക്ക്, പലവിധ സാഹചര്യങ്ങൾക്ക് നമ്മളിൽ വലിയ സ്വാധീനം ഉണ്ടാക്കുവാൻ സാധിക്കും എന്നുള്ളത് പരമാർത്ഥമാണ്. നമ്മളുടെ ബലഹീനത ചിലർ മുതലെടുത്താൽ എന്താവും നമ്മളുടെ പ്രതികരണം? എന്നാൽ നമ്മുടെ ഈ ബലഹീനതയിലാണ് ചില ദൈവീക സപർശനം നമുക്ക് അനുഭവിക്കുവാൻ കഴിയുന്നത്. ഈ പ്രതിസന്ധി എന്തേ ദൈവത്തെ വിളിക്കുന്ന എനിക്കുമാത്രം, എനിക്ക് മാത്രം സഹായത്തിന് ആരുമില്ലല്ലോ എന്നോർത്തു നാം പലപ്പോഴും തളർന്നു പോവാറുണ്ട്. എന്നാൽ ചില സാഹചര്യങ്ങൾ ദൈവത്താൽ ഉണ്ടാവുന്നതാണ്. ചില പ്രതിസന്ധികൾ ദൈവം നമുക്ക് തരുന്നത് തളർത്തുവാനല്ല മറിച്ചു ക്രിസ്തുവിൽ നമ്മളെ വളർത്തി പൂർണ്ണത ഉള്ളവരായി തീർക്കുവാനാണ്. മാത്രമല്ല ബലഹീനതയിൽ തികഞ്ഞു വരുന്ന ദൈവീക ശക്തി വെളിപ്പെടുവാനാണ് ചില രംഗങ്ങൾ നമ്മളുടെ ജീവിതത്തിൽ ഉണ്ടാവുന്നത്.

മതി കർത്താവേ,എന്ന് പറഞ്ഞു തളർന്നു ചൂരച്ചെടിയുടെ ചുവട്ടിൽ മരിക്കുവാൻ കിടന്ന ഏലീയാവെന്ന മഹാപുരുഷനെ ദൂതനെ വിട്ട് തട്ടിയുണർത്തിയ അതേ ദൈവത്തെയാണ് നമ്മൾ സേവിക്കുന്നത്. കാലം മാറിയെങ്കിലും ദൈവം മാറിയിട്ടില്ല. മനുഷ്യർ മാറിയെങ്കിലും ദൈവവും വചനവും മാറിയിട്ടില്ല. വഴിയറിയാതെ നിൽക്കുന്ന ഒരു കുട്ടിയെപ്പോലെ ചില സന്ദർഭങ്ങളിൽ നമ്മൾ നിന്നിട്ടുണ്ടാവാം. പക്ഷേ അവിടെയും വഴി ഇന്നതാകുന്നു എന്നുള്ള ദൈവീക ശബ്ദം കേൾക്കുവാൻ കഴിയണമെങ്കിൽ ദൈവമത്വം വെളിപ്പെടേണ്ടതിനു നമ്മളെ തന്നെ സമർപ്പിക്കണം. സമർപ്പണ മനോഭാവത്തിലാണ് ചില മാനുഷീക വിധിയെഴുത്തുകൾ മാറുന്നത്. ശതാധിപൻറെ കഥയിൽ ശതാധിപൻറെ സമർപ്പണ മനോഭാവത്തിലാണ് വീടിനുള്ളിൽ അത്ഭുതം ആയി മാറിയത്. ഒരു തട്ടിക്കൂട്ട് ജീവിതമല്ല ദൈവമക്കളായ നമ്മളുടെ അവകാശം. ദൈവം നമ്മളെക്കുറിച്ച് ആഗ്രഹിക്കുന്നതും അങ്ങനെയൊരു ജീവിത രീതി അല്ല. യഥാർത്ഥമായി ദൈവത്തെ സേവിക്കുക അതിൽ തന്നെ ശുദ്ധമനസോടെ ദൈവത്തെ ആരാധിക്കുക. ഇതാവണം നമ്മളുടെ ജീവിത ശൈലി. നമ്മളുടെ നടപ്പും നിൽപ്പും എല്ലാം ആരാധനയായി മാറുമ്പോൾ നാടൻ ഭാഷയിൽ എഴുതിയാൽ പ്രതിസന്ധികൾ പമ്പ കടക്കും. നമ്മളുടെ ദൈവത്തിലുള്ള വിശ്വാസം വളരണം, വളർന്നാൽ മാത്രം പോരാ നമ്മളുടെ വിശ്വാസം ഉറക്കണം. സാഹചര്യങ്ങളിലൂടെയും ചില രംഗങ്ങളിലൂടെയും ഒക്കെയാണ് നമ്മളുടെ വിശ്വാസം അടിയുറക്കുന്നത്. ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിൻ എന്ന് ദൈവം പറഞ്ഞത് നമ്മളുടെ പ്രതിസന്ധികൾ നമ്മളെ തകർക്കില്ല എന്നുള്ള വലിയ ഉറപ്പാണ്. ഒരു വാക്കിൽ ഒതുക്കി പറഞ്ഞാൽ ദൈവമുഖത്തേക്ക് നോക്കിയവരാരും ഇന്നേവരെ തകർന്നിട്ടില്ല. കടലിൻ മീതെ നടക്കുന്ന പത്രോസിൽ ഉണ്ടായ ചെറിയ അവിശ്വാസം മാത്രമാണ് കടൽ അവനെ മുക്കുവൻ നോക്കിയത്. എന്നാൽ കൈപിടിച്ച നാഥനെ പത്രോസ് നോക്കിയപ്പോൾ കഴുത്തോളം കടൽ അവനെ മുക്കിയെങ്കിലും കടലിനു പത്രോസിൻമേൽ ജയം ലഭിച്ചില്ല എന്ന് ബൈബിളിൽ നമ്മൾ കാണുന്നുണ്ടല്ലോ. വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കിയാൽ നമ്മളുടെ പ്രതിസന്ധികൾ നമ്മളുടെ വിജയക്കൊടി അയി മാറ്റുവാൻ കഴിയും. ഈയ്യോബിന് ഉണ്ടായ അത്രയും കഷ്ടത നമ്മളുടെ ജീവിതങ്ങളിൽ ഉണ്ടോ? എല്ലാം നഷ്ടപ്പെട്ട് എല്ലാവരും നഷ്ടപ്പെട്ട് ഇരുന്ന ഈയ്യോബ്‌ എല്ലാവരാലും വെറുക്കപ്പെട്ട ഈയ്യോബ്‌ ദൈവത്തെ മുറുകെ പിടിച്ചത് കൊണ്ട് അവനു നഷ്ടമായതിനെ ദൈവം അവനു ഇരട്ടിയായി കൊടുത്തു. മുന്നെ എഴുതിയത് പോലെ ഈയ്യോബ്‌ സേവിച്ച അതെ ദൈവത്തെയാണ് നമ്മൾ സേവിക്കുന്നത്. കാലം മാറിയെങ്കിലും ദൈവം മാറിയിട്ടില്ല. മനുഷ്യർ മാറിയെങ്കിലും ദൈവവും വചനവും മാറിയിട്ടില്ല. എല്ലാവരും നമ്മളെ നിന്ദിച്ചു തള്ളിയാലും പൂർത്തിവരുത്തുന്ന ദൈവമുഖത്തേക്ക് മാത്രം നോക്കിയാൽ തകർന്നു പോവില്ല ഒരിക്കലും. തകർന്നും നുറുങ്ങിയും ഇരിക്കുന്ന ചില മനസുകൾ ഇത് വായിക്കുന്നെങ്കിൽ ഉറപ്പോടെ നിങ്ങളോട് എഴുതുവാൻ കഴിയും നുറുങ്ങിയ മനസിനെ ദൈവം പണിയുകയും, നിന്നക്കപെട്ട ഇടത്ത് തന്നെ മാനിക്കും. മാത്രമല്ല നിന്ദിച്ചവർക്കും കൂടെ ഒരു ആശ്വാസം ആകത്തക്കവണം ദൈവം ഉയർത്തും. ഒന്നു മാത്രം ചെയ്യുക, പ്രതിസന്ധികളിൽ പിറുപിറുക്കാതെ ഒരു ചെറു പുഞ്ചിരി എന്നും മുഖത്തു നിലനിർത്തി വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ മാത്രം നോക്കുക. മനുഷ്യരുടെ മുഖത്തേക്ക് നോക്കിയാൽ അവിടെയും നിരാശയും നെടുവീർപ്പും മാത്രമേ കാണുവാൻ കഴിയുകയുള്ളു. എന്നാൽ യഥാർത്ഥമായി നോക്കുന്നവർ പ്രകാശിതരാവുന്ന നല്ല നാഥൻറെ മുഖം എന്നും ഒരു ആശ്വാസമാണ്. നമ്മളുടെ മുഖം വാടരുത്, മനസ്സ് ക്ഷീണിക്കരുത്. ഏത് സാഹചര്യത്തിലും. മനുഷ്യരുടെ പൊളി വിധിയല്ല നമ്മളെ നയിക്കേണ്ടത്. ദൈവത്താൽ നമുക്ക് സകലവും സാധ്യമാകും നിശ്ചയം. ഈ പ്രതിസന്ധിയും ഒഴിഞ്ഞു ഒരു പ്രഭാതം ഉണ്ടാവട്ടെ!

post watermark60x60

നെവിൻ മങ്ങാട്ട്

-ADVERTISEMENT-

-ADVERTISEMENT-

You might also like