ശാസ്ത്രവീഥി: പെട്രോഗ്ലിഫ് – മണൽപ്പാറയിലെ സാഹിത്യപൈതൃകം | പാസ്റ്റർ സണ്ണി പി. സാമുവൽ, റാസ് അൽ ഖൈമ

ലോകപൈതൃക പട്ടികയിൽ ഇടംപിടിക്കുവാൻ അൽ-ഉല താഴ്‌വരയെ സഹായിച്ച ദെദാന്യരുടെ സംഭാവന ഇതൊന്നുമല്ല. അവരുടെ കരവിരുതും കൈപ്പണിയുമായ “പെട്രോഗ്ലിഫ്” എന്ന പ്രത്യേകതരം ആർട്ടാണു (Artwork) കാരണമായത്. “പെട്രോ” എന്ന ഗ്രീക്കുവാക്കിനു പാറ എന്നും “ഗ്ലൈഫോ” എന്ന ഗ്രീക്കുവാക്കിനു കൊത്തിയെടുക്കുക എന്നും അർത്ഥം. പാറയിൽ ചിത്രമെഴുത്തു നടത്തുന്ന “പെട്രോഗ്ലിഫ്” എന്ന സാങ്കേതികവിദ്യയിൽ ദെദാന്യർ അതിനിപുണർ ആയിരുന്നു.

യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഇടംപിടിച്ച സൗദിഅറേബ്യയിലെ ആദ്യത്തെ സ്ഥലമാണ് അൽ-ഉല. ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന ദെദാന്യർ (യെഹെ: 27 :15, 38 :13 ) എന്ന വംശമാണ് ഈ കീർത്തിമുദ്രക്കു കാരണമായത്. ദെദാന്യർ അബ്രഹാമിൻ്റെ ഭാര്യയായ കെതൂറയിൽ ജനിച്ച യോക്‌ശാന്റെ മകനായ ദെദന്റെ (ഉല്പത്തി 25 :1 -3) വംശപാരമ്പരയിൽ പെട്ട അറബ്ഗോത്രം ആയിരുന്നു. അൽ-ഉല താഴ്‌വര, അൽ-ഉല ഒയാസിസ്‌ എന്നൊക്കെ അറിയപ്പെടുന്ന ഈ പ്രദേശം ചെങ്കടലിൽ നിന്നു 200 കിലോമീറ്റർ ദൂരത്തിൽ സൗദിഅറേബ്യയുടെ വടക്കുപടിഞ്ഞാറു പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്നു. 29,261 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന ഈ പ്രദേശം “കിങ്ഡം ഓഫ് ലിഹ്‌യാൻ ” എന്നറിയപ്പെട്ടു. “ദെദാനിറ്റിൿ” എന്ന ഭാഷയാണ് ഇവർ സംസാരിച്ചിരുന്നത്.

പരമ്പരാഗത വിശ്വാസം അനുസരിച്ചു ദെദാന്യർ ഇവിടെ കുടിയേറുന്നതിനു മുമ്പു തമൂദുകൾ എന്ന പുരാതന അറബ്ഗോത്രമായിരുന്നു ഇവിടെ പാർത്തിരുന്നത്. രാക്ഷസസ്വഭാവം ഉണ്ടായിരുന്ന ഇവർ അഹങ്കാരികളും സ്വന്തംകൈവേലയിൽ പ്രശംസിച്ചിരുന്നവരും ആയിരുന്നു. എന്നാൽ മൂന്നുവർഷം നീണ്ടുനിന്ന വരൾച്ചയും , സമാപനത്തിൽ ഏഴു രാത്രിയും എട്ടു പകലും നീണ്ടുനിന്ന ശൈത്യകാറ്റും, ഒമ്പതാം ദിവസം ആകാശത്തു പ്രത്യാക്ഷപ്പെട്ട കറുത്തമേഘവും, തുടർന്നുണ്ടായ ശക്തമായ ശബ്‌ദവും നിമിത്തം കെട്ടിടങ്ങളും ഗോപുരവും, തകർന്നു ജനം ഉന്മൂലമാക്കപ്പെട്ടു. യെമനിലെ വസ്ത്രനിർമാണ സമ്പ്രദായവും , ചിത്രപ്പണികളും ഇവരുടെ സംഭാവനകൾ ആയിരുന്നു. ഇവരുടെ സംസ്‌കൃതി ഏകദേശം എട്ടാം നൂറ്റാണ്ടു ബി.സി.,യിൽ ആരംഭിച്ചു, അഞ്ചാം നൂറ്റാണ്ടു ബി. സി.,യിൽ തകർന്നു പോയതാണ്. പാറകൾ തുരന്നു വീടുവയ്ക്കുന്നതിൽ ഇവർ അതിനിപുണന്മാർ ആയിരുന്നു.

തമൂദിനു ശേഷം വന്നവരായിരുന്നു ദേദാന്യർ. ദേദാന്യർക്കു ശേഷം വന്നവരായിരുന്നു നബാത്തിയൻസ്. അവരുടെ സംസ്കൃതിയും ഉന്നതമായിരുന്നുവെന്നു ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ദെദാന്യർ ശക്തവും, സംഘടിതവുമായ ഒരു ജനതതി ആയിരുന്നു.
ഇവരുടെ വണിക്സംഘങ്ങളും ഒട്ടകകൂട്ടങ്ങളും (കാരവൻ) പ്രസിദ്ധം. ഇവരുടെ കാലത്തു തലസ്ഥാനനഗരിയായിരുന്ന ദെദാൻ അറേബ്യയെ മെഡിറ്ററേനിയനുമായി ബന്ധിപ്പിക്കുന്ന വാണിജ്യ പാതയുടെ സംഗമസ്ഥാനം ആയിരുന്നു. ഈ പാത “സുഗന്ധവർഗ്ഗപാത” എന്നും അറിയപ്പെട്ടിരുന്നു. തൽഫലമായി, ദെദാനും ദെദാന്യരും സാമ്പത്തികമായും സാംസ്കാരികമായും പുരോഗതി പ്രാപിച്ചു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലും വാണിജ്യവ്യാപാര പിൻബലത്താലും അന്നത്തെ ലോകത്തിൻ്റെ നാനാഭാഗത്തു നിന്നു വില്പനയ്ക്കും കൈമാറ്റത്തിനും ആയി വ്യാപാരികളും ഭാഗ്യാന്വേഷികളും അൽ-ഉല താഴ്‌വരയിലേക്കു വന്നുകൊണ്ടിരുന്നു. സീനായ് – അറേബ്യ മരുഭൂമികളുടെ മദ്ധ്യേയുള്ള ഈ മരുപ്പച്ച വണിൿസംഘങ്ങളുടെ ഇടത്താവളമായിരുന്നതിൽ അത്ഭുതം ഇല്ലല്ലോ. ദീർഘദൂര കരമാർഗ്ഗം വാണിജ്യപാതയുടെ ഇടത്താവളമായിരുന്ന ദെദാൻ വ്യാപാരത്തെ സുഗമമാക്കി. ദക്ഷിണ അറേബ്യയിലെ കുന്തുരുക്കം പോലുള്ള ആഡംബര സുഗന്ധവർഗ്ഗങ്ങൾ ഈജിപ്തിലേക്കും മറ്റു മെഡിറ്ററേനിയൻ മാർക്കറ്റുകളിലേക്കും ഉപരി ഷിപ്പിങിനായും ദെദാനിൽ എത്തിയിരുന്നു. അന്നത്തെ കാലത്തു യൂറോപ്പിലേക്ക് തുറക്കുന്ന തുറമുഖ നഗരമായ സോർപട്ടണം സുഗന്ധപാതയുമായി ബന്ധിക്കപ്പെട്ടിരുന്നു. ചുരുക്കത്തിൽ കിഴക്കും പടിഞ്ഞാറും തെക്കും വടക്കും ദെദാനിൽ സമ്മേളിച്ചിരുന്നു എന്നു നമുക്ക് യെഹെ:27-ൽ നിന്നു ഗ്രഹിക്കാം. ദെദാന്യർ നെയ്തിരുന്ന വിശിഷ്ടപടത്തെക്കുറിച്ച് യെഹെസ്കേൽ 27 – ൽ നാം വായിക്കുന്നുണ്ടല്ലോ.

എന്നാൽ ലോകപൈതൃക പട്ടികയിൽ ഇടംപിടിക്കുവാൻ അൽ-ഉല താഴ്‌വരയെ സഹായിച്ച ദെദാന്യരുടെ സംഭാവന ഇതൊന്നുമല്ല. അവരുടെ കരവിരുതും കൈപ്പണിയുമായ “പെട്രോഗ്ലിഫ്” എന്ന പ്രത്യേകതരം ആർട്ടാണു (Artwork) കാരണമായത്. “പെട്രോ” എന്ന ഗ്രീക്കുവാക്കിനു പാറ എന്നും “ഗ്ലൈഫോ” എന്ന ഗ്രീക്കുവാക്കിനു കൊത്തിയെടുക്കുക എന്നും അർത്ഥം. പാറയിൽ ചിത്രമെഴുത്തു നടത്തുന്ന “പെട്രോഗ്ലിഫ്” എന്ന സാങ്കേതികവിദ്യയിൽ ദെദാന്യർ അതിനിപുണർ ആയിരുന്നു.

അറേബ്യൻ ഉപഭൂഖണ്ഡത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന മണൽപാറകളും പാറക്കെട്ടുകളും പർവ്വതനിരകളും പുരാതനജനതയെ സംബന്ധിച്ചിടത്തോളം മരുഭൂമിയിൽ തലയെടുപ്പോടെ ഉയർന്നു നിന്നിരുന്ന പ്രകൃതിയുടെ ഭാഗം മാത്രമായിരുന്നില്ല. വാക്കുകളും പേരുകളും പ്രാർത്ഥനകളും ചിത്രങ്ങളും കൊത്തിവയ്ക്കുന്ന അതിവിശാലമായ ക്യാൻവാസ് ആയിരുന്നു. അന്നു ദെദാന്യർ കല്ലിൽ കൊത്തിയെടുത്ത, ഇന്നും നിലനില്കുന്ന പെട്രോഗ്ലിഫ് (Petroglyph) ആണ് അൽ-ഉല താഴ്‌വരയെ ആധുനികയുഗത്തിൽ അത്ഭുതപരതന്ത്രരാക്കി, സംരക്ഷിതപ്രദേശമാക്കി മാറ്റിയത്.

“അവസാദശിലകളിലെ സാഹിത്യ പൈതൃകം” എന്നു നമുക്ക് പെട്രോഗ്ലിഫിനെ വിശേഷിപ്പിക്കാം. കാരണം, മണല്പാറകൾ അവസാദശിലകൾ ആണ്. പലരീതിയിലുള്ള അവസാദങ്ങൾ അടിഞ്ഞുകൂടി രൂപം കൊള്ളുന്നതാണല്ലോ അവസാദശിലകൾ. ഭാരവും കാഠിന്യവും കുറഞ്ഞ ഇത്തരം ശിലകൾ മൂന്നു ഇനങ്ങളുണ്ട്. ശകലികശിലകൾ (Clastic rocks) ജൈവികശിലകൾ (Biological rocks) രാസീയശിലകൾ (Chemical rocks) എന്നിവയാണവ. മണല്പാറ ശകലികശിലയാണ്. കല്കരി, ചോക്ക്, ചുണ്ണാമ്പുകല്ല് എന്നിവ ജൈവിക ശിലകളും; കല്ലുപ്പ്, ജിപ്സം, രാസികശിലകളും ആണ്. കോടിക്കണക്കിന് വർഷങ്ങളുടെ അടിഞ്ഞൂറലിലൂടെയാണു ഇത്തരം ശിലകൾ രൂപപ്പെടുന്നത്.

തമൂദുകൾ പാറകൾ തുരന്നു ഗൃഹനിർമ്മാണം നടത്തിയിരുന്നുവെങ്കിൽ, ദെദാന്യർ പാറയെ ക്യാൻവാസ് ആയിട്ടായിരുന്നു ഉപയോഗിച്ചിരുന്നത്. ചിത്രരചന, ആർട്ടുവർക്ക്, മ്യൃറേൽ എന്നിവ യുദ്ധകാലത്തിൻ്റെ സംഭാവന അല്ലല്ലോ. സമ്പൽസമൃദ്ധിയും സമാധാനവും സമൃദ്ധമായിരിക്കുകയും ജീവിതക്ലേശവും ചിന്താകുലതയും ഇല്ലാത്ത ജീവിതസാഹചര്യങ്ങൾ ഉള്ളപ്പോഴാണ് കലാഭൂമിക പുഷ്ടിപ്പെടുന്നതും സമ്പന്നമാകുന്നതും!ഇതിൽനിന്നു ദെദാന്യർ ആരായിരുന്നുവെന്നും അവരുടെ ജീവിതസാഹചര്യം എന്തായിരുന്നുവെന്നും ഗ്രഹിക്കാമല്ലോ.

ഇന്നത്തെ ജമൽ ഇൿമ-ഇൿമ പർവ്വതനിരകൾക്കു സമീപമായിരുന്നു ദെദാന്യനാഗരികത തഴച്ചുവളർന്നിരുന്നത്. ആയിരക്കണക്കിനു ആളുകൾ പാർത്തിരുന്ന ഒരു മെട്രോപോളിറ്റൻ നഗരം ആയിരുന്നു ദെദാൻ. തൽമൂദിൿ, അരാമിക്, ദെദാനൈറ്റ്, മിനായ്ൿ, നബാത്തിയൻ ഭാഷകളിലുള്ള ലിഖിതങ്ങൾ ഈ പ്രദേശത്തെ പെട്രോഗ്ലിഫ് സാഹിത്യത്തെ സമ്പുഷ്ടമാക്കി. ഐബെൿസ് എന്ന മലയാട്, കുതിര, ഒട്ടകപ്പക്ഷി എന്നിങ്ങനെ ജീവിവർഗ്ഗങ്ങളും; ആയുധധാരികളായ യോദ്ധാക്കൾ, വേട്ടക്കാർ ഒക്കെ ചുവർചിത്രത്തിൽ വിഷയീഭവിച്ചു. സങ്കീർണ്ണമായ അലങ്കാരങ്ങളും, കൊത്തുപണികളും ഉള്ള മനോഹരപാത്രങ്ങളും ചുവർചിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്. എബ്രായ, അരമായ, ഭാഷകൾ പോലെ ദെദാനൈറ്റ് ഭാഷയിൽ സ്വരാക്ഷരങ്ങൾ ഇല്ലായിരുന്നു. എന്നാൽ, സമ്പുഷ്ടഭാഷയെന്നു വാഴ്ത്തപ്പെടുന്ന ഇംഗ്ലീഷിനു പോലും തത്തുല്യമായ അക്ഷരങ്ങൾ ഇല്ലാത്ത നിരവധി ശബ്ദങ്ങൾ ദെദാന്യഭാഷയ്ക്കു ഉണ്ടായിരുന്നു.

പില്കാലത്തു ഉദയം ചെയ്ത നബാത്തിയൻ സംസ്കാരം നിർമ്മിച്ച പെട്രാനഗരം ദെദാൻപട്ടണത്തിൻ്റെ മാതൃകയിലുള്ള സഹോദരിപട്ടണം ആയി കണക്കാക്കപ്പെടുന്നു. 2 കൊരിന്ത്യർ 11: 32- ൽ കാണുന്ന അരേതാരാജാവ് – അരേറ്റ നാലാമൻ ഫിലോപാട്രിസ്- ഈ വംശത്തിലെ ഏറ്റവും ശക്തനായ രാജാവും പോരാളിയും രാജ്യങ്ങൾ വെട്ടിപ്പിടിച്ചവനും ആയിരുന്നു.

തമൂദ്, ദെദാൻ, നബാത്തിയൻ സംസ്കൃതികൾ എല്ലാം ഭൂമുഖത്തുനിന്നു തുടച്ചുനീക്കപ്പെട്ടു. അവരുടെ ഔന്നത്യത്തിൻ്റെയും നാഗരികതയുടെയും സമ്പൽസമൃദ്ധിയുടെയും ചില കേവലചിഹ്നങ്ങൾ മാത്രം ചരിത്രത്തിൽ – പാറക്കെട്ടുകളിൽ – ശേഷിക്കുന്നു.

“പെട്രോഗ്ലിഫിക്” സാഹിത്യരചനയെ കുറിച്ച് ബൈബിളിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവം യിസ്രായേലിനു പത്തുകല്പനകൾ അടങ്ങിയ രണ്ടു പലക നല്കി. പലകകൾ ദൈവത്തിൻ്റെ പണിയും പലകയിൽ പതിഞ്ഞ അക്ഷരങ്ങൾ ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയതും ആയിരുന്നു (പുറ:32:15-16; 31:18). പലകകൾ രണ്ടും കല്പലക ആയിരുന്നു (പു:24:12; 31:18; ആവ: 4:13; 5:22; 9:9,10,11). മോശെ പൊട്ടിച്ചു കളഞ്ഞ പലകകൾക്കു പകരം മോശെ നിർമ്മിച്ചതും പില്ക്കാലത്തു നിയമപെട്ടകത്തിൽ വച്ചതും കല്പലകകൾ ആയിരുന്നു (പുറ:34:1,4; ആവ: 10:1,10; 1രാജാ: 8:9; 2 ദിന: 5:10; എബ്രാ: 9:4). ശില്പികളുടെ കൊത്തുളിയോ ചെത്തുളിയോ ഇല്ലാതെ ദൈവം വെട്ടിയെടുത്ത പാറക്കഷണത്തിൽ ദൈവത്തിൻ്റെ വിരലുകൾ ലേസർ കിരണങ്ങൾ പോലെ എഴുതി അക്ഷരങ്ങൾ പതിഞ്ഞതിനാലാകാം “അഗ്നിമയപ്രമാണം” എന്നു ന്യായപ്രമാണത്തെ വിളിച്ചിരുന്നത് (ആവ:33:2). യിസ്രായേൽമക്കൾ പില്ക്കാലത്ത് കനാനിൽ പ്രവേശിച്ചപ്പോൾ യോശുവ യിസ്രായേൽമക്കൾ കാൺകെ ഏബാൽപർവ്വതത്തിലെ കല്ലുകളിൽ ന്യായപ്രമാണം രേഖപ്പെടുത്തിയതായി നാം വായിക്കുന്നു (യോശുവ: 8:30-35). ഹബക്കുക് 2: 2- ൽ “ഓടിച്ചുവായിപ്പാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരെയ്ക്കുക,” എന്നതു, “ഓടിപ്പോകുന്നവനും തെളിവായി വായിപ്പാൻ തക്കവിധം തെളിവായി പലകയിൽ കൊത്തിയിടുക,” എന്നും വിവർത്തനം ചെയ്യാം. കല്പലക എന്നതിന് ഉപയോഗിച്ചിരിക്കുന്ന “ലൂ’ആഖ്” എന്ന എബ്രായവാക്കു തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ഇവിടെയെല്ലാം പെട്രോഗ്ലിഫ് എന്ന സാങ്കേതികവിദ്യ നാം കാണുന്നു. പ്രകൃതിദത്തമായതും എഴുതിയാൽ ദീർഘകാലം നിലനിൽക്കുന്നതുമായിരുന്ന പെട്രോഗ്ലിഫ് സാങ്കേതികത ബൈബിളിൻ്റെ രചനയിലും പകർപ്പെഴുത്തിലും ഉണ്ടായിരുന്നു.

ദെദാനിലെയും സമീപപ്രദേശങ്ങളിലെയും പെട്രോഗ്ലിഫ് ഡീകോഡ് ചെയ്തു എടുക്കുക ശ്രമകരമായ ദൗത്യമായിരുന്നു. കാരണം, അതിൽ പതിഞ്ഞ ഭാഷ മൃതഭാഷയായും അന്യംനിന്നുപോയ ഭാഷയായും മാറിയിരുന്നു. പത്തുകല്പനകൾ കൊത്തിയ കല്പലകകൾ ഇന്നു നമുക്ക് ലഭ്യമല്ല. എന്നിരുന്നാലും, ദൈവവചനവും അതെഴുതിയ ഭാഷയും ഇന്നും സജീവമാണ്. ദൈവവചനം രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും വലിയ ക്യാൻവാസ് പാറക്കെട്ടുകളോ മലനിരകളോ അല്ല – ഓരോ വിശ്വാസിയും അത്രേ! “ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിൻ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിൻ്റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപലകയിൽ തന്നേ എഴുതിയിരിക്കുന്നു”(2കൊരി: 3: 3). ആ രചന അന്യംനിന്നുപോയ ഭാഷ അല്ല, അവനവൻ്റെ മാതൃഭാഷയിൽ തന്നെ എഴുതപ്പെട്ടിരിക്കുന്നു. ബൈബിളിനെ ഇന്നത്തെ നിലയിൽ അദ്ധ്യായങ്ങളായി തിരിച്ച ആർച്ച് ബിഷപ് സ്റ്റീഫൻ ലാങ്റ്റണു (1150 – 1228) ബൈബിൾ മുഴുവൻ കാണാപ്പാഠം ആയിരുന്നു. മാഗ്നാകാർട്ട (1215) തയ്യാറാക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വിശ്രുതമാണല്ലോ.

ആകയാൽ ബൈബിളിലേക്ക് മടങ്ങിവരാം. വചനം വായിക്കാം, പഠിക്കാം, വചനപ്രകാരം ജീവിക്കാം. ആ സംസ്കൃതി മാത്രമേ നിത്യത വരെ നിലനിൽക്കുകയുള്ളൂ. അതിനായി നമ്മേ സമർപ്പിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.