ലേഖനം: ലോക അധ്യാപക ദിന ചിന്തകൾ | ജെ. പി. വെണ്ണിക്കുളം

 

അദ്ധ്യാപകരുടെ കഴിവുകൾ,സൃഷ്ടികൾ അംഗീകരിക്കുന്നതിനും ആഘോഷിക്കുന്നതിനുമാണ് അധ്യാപക ദിനം ആഘോഷിക്കുന്നത്.

‘വിദ്യാഭ്യാസത്തിന്റെ പരിവർത്തനം ആരംഭിക്കുന്നത് അധ്യാപകരിൽ നിന്നാണ്’ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.
ഐക്യരാഷ്ട്ര ചിൽഡ്രൻസ് ഫണ്ട് (യുണിസെഫ്), ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ), വിദ്യാഭ്യാസ ഇന്റർനാഷണൽ എന്നിവയുമായി സഹകരിച്ചു കൊണ്ടാണ് ഐക്യരാഷ്ട്ര വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക സംഘടന (യുനെസ്‌കോ) അന്താരാഷ്ട്ര അധ്യാപക ദിനം ആഘോഷിക്കുന്നത്.
ഇന്ന് ലോകത്ത് അഞ്ച് കോടിയിലേറെ അദ്ധ്യാപകരുണ്ട്. സമൂഹത്തിന് അവർ നൽകുന്ന സംഭാവനകളെക്കുറിച്ച് ഓർക്കാനും അവരെ ബഹുമാനിക്കാനുമാണ് യുനസ്‌കോ ഈ ദിനം ആചരിക്കുന്നത്.
1966 ഒക്ടോബർ 5 ന് അധ്യാപകരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും, പ്രാരംഭ തയ്യാറെടുപ്പും തുടർവിദ്യാഭ്യാസവും, നിയമനം, തൊഴിൽ, അധ്യാപന-പഠന സാഹചര്യങ്ങൾ എന്നിവയുടെ മാനദണ്ഡങ്ങൾ അടങ്ങുന്ന ശുപാർശ യുനെസ്‌കോ സ്വീകരിച്ചിരുന്നു. ഈ സംഭവത്തെ അനുസ്മരിക്കുവാൻ വേണ്ടിയാണ് യുനെസ്‌കോ 1994 മുതൽ ലോക അധ്യാപക ദിനം എല്ലാ വർഷവും ആഘോഷിച്ച് തുടങ്ങിയത്.
അദ്ധ്യാപക ദിനത്തിന് ഇത്രയധികം പ്രാധാന്യം കിട്ടുന്നതിൽ എഡ്യൂക്കേഷൻ ഇന്റർനാഷണൽ എന്ന സംഘടന വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എല്ലാ വർഷവും ഈ സംഘടന അദ്ധ്യാപനത്തിന്റെ പ്രാധാന്യവും മഹത്വവും പ്രചരിപ്പിക്കുന്നതിനായി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്‌ട്രപതിയും മികച്ച അദ്ധ്യാപകനുമായ സർവ്വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ അഞ്ചിനാണ് ഇന്ത്യയിൽ അദ്ധ്യാപക ദിനം ആചരിക്കുന്നത്.
അസർബൈജാൻ, ബൾഗേറിയ, കാനഡ, എസ്‌തോണിയ, ജർമ്മനി, ലിത്വാനിയ, മാസിഡോണിയ, മാലിദ്വീപ്, മൗറിഷ്യസ്, റിപ്പബ്ലിക്ക് ഓഫ് മോൾഡോവ, നെതർലാണ്ട്, പാകിസ്താൻ, ഫിലിപ്പീൻസ്, കുവൈറ്റ്, ഖത്തർ, റൊമേനിയ, റഷ്യ, സെർബിയ, ഇംഗ്ലണ്ട് എന്നീ 19 രാജ്യങ്ങൾ ഒക്ടോബർ 5 ഔദ്യോഗികമായി അദ്ധ്യാപകദിനമായി ആചരിച്ചു വരുന്നു.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like