ലേഖനം: എപ്പോൾ നീ എന്റെ അടുക്കൽ വരും? | രാജൻ പെണ്ണുക്കര

അതിഥികൾ വീട്ടിൽ വരുന്നതും, അതിഥിയായി വിരുന്നിന് പോകുന്നതും ഇഷ്ടപെടാത്ത ആരുണ്ട്. അതുപോലെ ബഹുമാന്യനായ പ്രധാനമന്ത്രി നമ്മുടെ വീട്ടിൽ അതിഥിയായി വരുന്നു എന്നു കേട്ടാൽ നമുക്കുണ്ടാകുന്ന ഉത്സാഹവും നാം ചെയ്യുന്ന ഒരുക്കങ്ങളും എത്ര എന്നു സങ്കൽപ്പിക്കാമോ?. അതിന് അതിന്റെതായ നിയമങ്ങളും ലംഘിക്കാനാവാത്ത പെരുമാറ്റചട്ടവും, കീഴ്വവഴക്കവും ഉള്ളതിനാൽ VIPയെ ക്ഷണിക്കാതെയും, ഒരുക്കങ്ങൾ ഇല്ലാതെയും ചുമ്മാതെ കയറി വരില്ല എന്നത് ലോകത്തിന്റെ പ്രമാണം അല്ലേ.

അപ്പോൾ പിന്നെ സർവ്വത്തിന്റെയും അധിപനായ ദൈവം ആണ് നമ്മുടെ വീട്ടിൽ വരുന്നതെങ്കിൽ നാം എത്രയധികം ഒരുക്കങ്ങൾ ചെയ്യണമെന്ന് നിങ്ങൾ തന്നേ ചിന്തിക്കുക. അതുകൊണ്ടാവും ആദ്യ നടപടി എന്നോണം സങ്കിർത്തനക്കാരനായ ദാവീദ് രാജാവു പോലും ദൈവത്തോട് ചോദിക്കുന്നത് “എപ്പോൾ നീ എന്റെ അടുക്കൽ വരും? ( സങ്കി 101:2).

ഈ ചോദ്യത്തിൽ നിന്നും ഇവരിപ്പോൾ പരസ്പരം അടുത്തടുത്തല്ല എന്നതല്ലേ സത്യം. അതുതന്നേയാവാം ഇങ്ങനെ ചോദിക്കാൻ തന്നേ കാരണം എന്നും തോന്നി പോകുന്നു. എന്നാൽ ഇവിടെ ആരോടാണ് തന്റെ ന്യായമായ ആഗ്രഹം പ്രകടിപ്പിക്കുന്നതെന്ന കാര്യവും, എങ്ങോട്ടാണ് ക്ഷണിക്കുന്നതെന്ന സത്യവും കൂടി എപ്പോഴും ഓർമ്മവെക്കുക.

post watermark60x60

ഇന്നു പല ഭവനങ്ങളിലും കൂട്ടായ്മകളിലും ദൈവം അകത്തുണ്ടെന്ന വിശ്വാസത്തിൽ കഴിയുന്ന പലരേയും കാണാം. അവിടെ ആരാധന, സാക്ഷ്യം, പ്രസംഗം, തിരുവത്താഴം, രോഗശാന്തി, ക്രിസ്തീയ കൂട്ടായ്മ (Koinonia) എന്നീ പേരുകളിലുള്ള വിവിധ ശുശ്രുഷകൾ കെങ്കേമമായി നടക്കുന്നുമുണ്ട്. എന്നാൽ ദാവീദ് സങ്കി 101-ൽ സ്വയം സമ്മതിക്കുന്ന കാര്യങ്ങൾ വെച്ചും, പുറത്തുള്ളവർ കാണുകയും കേൾക്കുകയും ചെയ്യുന്ന കാഴ്ചകളും, അനുഭവങ്ങളും പറയാതെപറയുന്ന സാക്ഷ്യങ്ങളും വെച്ച് അവിടെ ദൈവീക സാന്നിധ്യം അല്പംപോലും ഉണ്ടോ എന്ന് സത്യത്തിൽ സംശയിച്ചു പോകയാണ്.!.

ദാവീദ് തന്റെ വീട്ടിലേക്ക് ദൈവത്തേ ക്ഷണിക്കുന്നതിന് മുൻപേ ദൈവത്തിന് അനിഷ്ടമായ, ദൈവം വെറുക്കുന്ന ഒത്തിരി കുറവുകൾ ദാവീദിന്റെ ജീവിതത്തിൽ ഉണ്ടെന്ന് സ്വയം മനസ്സിലാക്കി എടുക്കുന്ന ചില പ്രതിജ്ഞകളും, നിബന്ധനകളും (Conditions) വളരെ പ്രാധാന്യമുള്ളവയാണ്. ആ തിരിച്ചറിവും, അതനുസരിച്ചു എടുക്കുന്ന പ്രതിജ്ഞകളും തന്നെയാവണം നമ്മുടെ ക്രിസ്തിയ ജീവിതത്തിന്റെയും “ആധാരശീല” എന്ന വസ്തുത മറക്കരുത്.

ദൈവപൈതാൽ എന്ന് സ്വയം അഭിമാനിക്കുന്നവർ ഈ പ്രതിജ്ഞകളും, നിബന്ധനകളും വള്ളി പുള്ളി തെറ്റിക്കാതെ പാലിച്ചാൽ മാത്രമേ നമ്മുടെ വീട്ടിലും സഭയിലും കൂട്ടായ്മകളിലും ദൈവം വരികയുള്ളു എന്ന സത്യം കൂടി ഓർത്താൽ നന്ന്. അല്ലാതെ ദൈവത്തേ വെളിയിൽ നിർത്തി അകത്തു എന്തു കലാപരിപാടികൾ നടത്തിയാലും ദൈവം അടുത്തുവരില്ല, അകത്തു പ്രവേശിക്കില്ല ദൈവത്തിന് അതിനോട് അനുരഞ്ജനം ഉണ്ടാകില്ല എന്നുകൂടി മനസിലാക്കുക. അല്ലാത്തതെല്ലാം പുറംപൂച്ച് മാത്രം അകമേയോ ക്ലാവ് പിടിച്ച അവസ്ഥയും.

ഇവിടെ ദാവീദ് പ്രതിജ്ഞ പോലെ പറയുകയാണ് :-

1. ” ഞാൻ ഒരു നീചകാര്യം എന്റെ കണ്ണിന്നു മുമ്പിൽ വെക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തിയെ ഞാൻ വെറുക്കുന്നു; അതു എന്നോടു ചേർന്നു പറ്റുകയില്ല”. രാജാവിന്റെ എത്ര നല്ല തീരുമാനം. നമ്മുടെ വിശ്വാസജീവിതത്തിൽ ഇങ്ങനെ ഒരു തീരുമാനം എടുക്കുവാൻ കഴിയുമോ?. നമ്മുടെ ആത്മീക ജീവിതത്തിൽ നാം എത്രയോ തെറ്റായ തീരുമാനങ്ങൾക്കും, ക്രമംകെട്ട പ്രവർത്തികൾക്കും, കാര്യങ്ങൾക്കും കണ്ണുമടച്ച് സപ്പോർട്ട് ചെയ്ത് അതിനോട് പറ്റിച്ചേർന്ന് വിജയിപ്പിച്ച് അതിന്റെ അംശികൾ ആയി മറിയ അവസ്ഥ ഉണ്ടായിട്ടില്ലേ?. എത്രയോ തവണ സത്യവും ന്യായവും പറയുന്നവർക്ക് എതിരെ കൈകൾ ഉയർത്തി നീചകാര്യം (തെറ്റായ കാര്യം) വിജയിപ്പിച്ച് സത്യത്തേ ഹിംസിക്കുവാൻ സാഹചര്യം ഉണ്ടാക്കികൊടുത്തു എന്നു കൂടി ചിന്തിക്കുക. അപ്പോൾ നീചകാര്യം കണ്മുൻപിൽ വെക്കാനോ, അതിനോട് സന്ധി ചേരാനോ കൂട്ടു പിടിക്കാനോ വ്യവസ്ഥയില്ലായെന്ന കാര്യം രാജാവിന് മനസ്സിലായി, എന്നാൽ നമുക്കോ? എന്തുകൊണ്ട് ചില സാഹചര്യത്തിൽ ഈ സത്യം മറന്നുപോകുന്നു?.

2. “വക്രഹൃദയം എന്നോടു അകന്നിരിക്കും; ദുഷ്ടതയെ ഞാൻ അറികയില്ല”. വക്രതയോട് ഒരിക്കലും മമതയില്ലാത്ത, കൂട്ടുകൂടാത്ത ദൈവം പറയുന്നു “വക്രനോടു നീ വക്രത കാണിക്കുന്നു”. “വക്രതയുള്ളവൻ യഹോവെക്കു വെറുപ്പാകുന്നു”; “വക്രതയുള്ള മനുഷ്യൻ വഴക്കു ഉണ്ടാക്കുന്നു; വക്രതയും ചതിവും വഞ്ചനയും കൗശലവും നിറഞ്ഞിരിക്കുന്ന ഹൃദയം ദൈവത്തിന് സ്വീകാര്യമല്ല. അങ്ങനെയുള്ള ഹൃദയത്തിൽ വസിക്കാൻ ദൈവം ആഗ്രഹിക്കുമോ?. കാരണം ഹൃദയത്തിൽ വക്രത മുളച്ചാൽ അത് വളർന്നു വക്രതയും കോട്ടവും ദുഷ്ടതയും നിറഞ്ഞ ഫലങ്ങൾ മാത്രം ആയിരിക്കും പുറപ്പെടുവിക്കുക. അപ്പോൾ പിന്നെ അങ്ങനെയുള്ള വീട്ടിൽ പോലും വസിക്കാൻ വിസമ്മതിക്കുന്ന ദൈവത്തേ ഹൃദയത്തിലോട്ട് ക്ഷണിച്ചാൽ വരുമോ, അവിടെ വസിക്കുമോ.? എന്നാൽ “നിർമ്മലനോടു നീ നിർമ്മലനാകുന്നു”; “നീതിമാന്മാർക്കോ അവന്റെ സഖ്യത ഉണ്ടു.”

3. “കൂട്ടുകാരനെക്കുറിച്ചു ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹിക്കയില്ല”. “ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.” ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയ, അത് ഉള്ളിൽ ചെന്നാൽ കുറച്ചു കഴിയുമ്പോൾ ദോഷം ചെയ്യും. അവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുതു; അവന്റെ ഹൃദയത്തിൽ ഏഴു വെറുപ്പു ഉണ്ടു. സ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ടഹൃദയവും വെള്ളിക്കീടം പൊതിഞ്ഞ മൺകുടം പോലെയാകുന്നു. അവർ അധരംകൊണ്ടു വേഷം ധരിക്കുന്നു; ഉള്ളിലോ അവൻ ചതിവു സംഗ്രഹിച്ചു വെക്കുന്നു. എത്ര കപടഭക്തി കൊണ്ടു മറെച്ചു വെച്ചാലും അവന്റെ ദുഷ്ടത സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും എന്ന് വചനം പറയുന്നു. ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ദൈവം സഹിക്കയില്ല, സഹായിക്കുകയുമില്ല എന്ന സത്യം കൂടി ഓർത്തുകൊൾക.

4. “വഞ്ചനചെയ്യുന്നവൻ എന്റെ വീട്ടിൽ വസിക്കയില്ല; ഭോഷ്കു പറയുന്നവൻ എന്റെ മുമ്പിൽ ഉറെച്ചുനിൽക്കയില്ല”. യിരേമ്യാവ് 14:14-ൽ പറയുന്നു പ്രവാചകന്മാർ എന്റെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവരോടു സംസാരിച്ചിട്ടുമില്ല; അവർ വ്യാജദർശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു. അപ്പോൾ ഒരുകാര്യം തീർച്ച, വഞ്ചനചെയ്യുന്നവൻ ദൈവത്തിന്റെ വീട്ടിൽ വസിക്കയില്ലയെങ്കിൽ ചതിവും വഞ്ചനയും കൗശലവും ചെയ്യുന്നവന്റെ വീട്ടിലും അങ്ങനെയുള്ള ശുശ്രുഷയിലും ദൈവീക സാന്നിധ്യം വരുമോ?. വഞ്ചന ദൈവം വെറുക്കുന്നു. ഇനിയും ഒത്തിരി ഒന്നും പറയേണ്ടിയ കാര്യമില്ലല്ലോ.

5. “നിഷ്കളങ്കമാർഗ്ഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും (101:6). ഞാൻ നിഷ്കളങ്കമാർഗ്ഗത്തിൽ ശ്രദ്ധവെക്കും; ഞാൻ എന്റെ വീട്ടിൽ നിഷ്കളങ്ക ഹൃദയത്തോടെ പെരുമാറും”. ഇവിടെ പറയുന്നതുപോലെ “നിഷ്കളങ്കമാർഗ്ഗത്തിൽ നടക്കുകയും, ശ്രദ്ധവെക്കുകയും, പെരുമാറുകയും ചെയ്യുന്ന ഒരുവന് മാത്രമേ പരിപാവനമായതും സ്വർഗ്ഗം പ്രസാദിക്കുന്നതുമായ ദൈവീക ശുശ്രൂഷ ചെയുവാൻ സാധിക്കുകയുള്ളു എന്ന കാര്യം കൂടി ഓർത്തുകൊള്ളുക.

അപ്പോൾ കളങ്കമായ മാർഗ്ഗത്തിൽ കൂടിയും മറ്റു ദുരുദ്ദേശങ്ങളും, ലക്ഷ്യങ്ങളും വെച്ച് ചെയ്യുന്ന ഒരു ശുശ്രൂഷയും ദൈവീകം അല്ലാ എന്നു ചുരുക്കം. നമ്മുടെ നടപ്പും, ശ്രദ്ധയും, പെരുമാറ്റവും നിഷ്കളങ്കമായിരിക്കണം എന്ന് ആശിച്ചു പോകുന്നു.

വചനം പറയുന്നു “നിന്റെ ദൈവമായ യഹോവ.. പാളയത്തിന്റെ മദ്ധ്യേ നടക്കുന്നു; നിങ്കൽ വൃത്തികേടു കണ്ടിട്ടു അവൻ നിന്നെ വിട്ടകലാതിരിപ്പാൻ നിന്റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം” (ആവ 23:14). ഈ വാക്യത്തിന്റ അക്ഷരീകാര്‍ത്ഥവും സന്ദർഭവും സാഹചര്യവും വേറെയാണെങ്കിലും ഒന്ന് ചോദിച്ചുകൊള്ളട്ടെ നമ്മുടെ ഹൃദയത്തിലും ആത്മീക ജീവിതത്തിലും കളങ്കഹൃദയം, നീചകാര്യം, ക്രമംകെട്ട പ്രവർത്തി, വക്രഹൃദയം, ദുഷ്ടത, ഏഷണി, ഉന്നത ഭാവം, നിഗള ഹൃദയം, വഞ്ചന എന്നീ വൃത്തികേടുകൾ (പാപങ്ങൾ) കണ്ടാൽ ദൈവം നമ്മോട് ചങ്ങാത്തം കൂടാതെ നമ്മെ വിട്ടകന്നു ദൂരെ പോകില്ലേ!.

ഇനിയും നമുക്ക് സാവധാനം ചിന്തിക്കാം, നമ്മേ തന്നേ ശോധന ചെയ്യാം, ഈ അളവുകോലുകൾ കൊണ്ട് നമ്മേ ഒന്ന് അളന്നാൽ നാം എവിടെ നിൽക്കും. നമ്മുടെ ഹൃദയത്തിൽ, പുരക്കകത്ത്, ശുശ്രുഷയിൽ, ആരാധനയിൽ ദൈവം എഴുന്നെള്ളി വരുവാൻ നാം യോഗ്യരോ.? ഇതിലെ ഒരു നിബന്ധന തെറ്റിച്ചാൽ പോലും അവൻ നമ്മുടെ വീട്ടിൽ വരില്ല എന്നതും സത്യം.

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-ADVERTISEMENT-

You might also like