ലേഖനം: ആത്മാവേതെന്ന് തിരിച്ചറിയുമോ? | രാജൻ പെണ്ണുക്കര

ദൈവ വചനം ഉടനീളം വായിക്കുമ്പോൾ “ആത്മാവ്” എന്ന പദം ഇരുന്നൂറ്റിഅൻപതിൽ അധികം തവണ ആവർത്തിച്ച് എഴുതിയിരിക്കുന്നതായി കാണുന്നു. അതിൽ വിവിധ പേരുകളിൽ വിളിക്കുന്ന ആത്മാവിന്റെ കൂട്ടത്തിൽ എടുത്തു പറയേണ്ടിയവയാണ് യഹോവയുടെ ആത്മാവ്, മനുഷ്യന്റെ ആത്മാവ്, ഭോഷ്കിന്റെ ആത്മാവ് മുതലായവ.

മുകളിൽ പറഞ്ഞവയിൽ പരമ പ്രധാനമാണ് “യഹോവയുടെ ആത്മാവു; അത് ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു” തന്നേ എന്ന് യെശയ്യാ പ്രവാചകൻ പറയുമ്പോൾ, അപ്പോസ്തൊനായ പൗലോസ് വിളിച്ചു പറയുന്നത് “പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ”, “ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു” (യെശ 11:2, എഫെ 1:17, 2 തിമൊ 1:7). മാത്രവുമല്ല നിർവ്യാജ സ്നേഹത്തോടെയും സഹോദര്യത്തോടെയും എല്ലാവരെയും ഒരുമിച്ചു ചേർത്തുപിടിച്ചുകൊണ്ട് ഒത്തൊരുമയോടു കൊണ്ടുപോകുന്ന ആത്മാവ് എന്നുംകൂടി വിളിക്കണം.

എന്നാൽ നമ്മുടെ ഇന്നത്തെ ചർച്ചാവിഷയം ഇതൊന്നും അല്ലായെന്ന് ആദ്യമേ പറയുന്നു. ഇന്നു ആഗോള തലങ്ങളിലും, ക്രിസ്തീയ ഗോളത്തിലും അഥവാ വേർപെട്ട സമൂഹത്തിലും അധികം ശക്തിയോടെ വ്യാപാരിച്ചുകൊണ്ടിരിക്കുന്ന വിവിധ ആത്മാവിനെ കുറിച്ച് കേൾക്കുമ്പോൾ വളരെ ആശങ്കയോടെ അവയെ തിരിച്ചറിയേണ്ടിയ അവസ്ഥ സംജാതമായിരിക്കുന്നു എന്നു പറയാതെ വയ്യാ. എന്നാൽ അവയിൽ പ്രേത്യേകിച്ച് എടുത്തു പറയേണ്ടിയ ആത്മാവാണ് “ഭിന്നിപ്പിന്റെ ആത്മാവ്”. ഭിന്നിപ്പ് എന്നാൽ അകല്‍ച്ച, വിരോധം. പലരും ഇതിലെ പ്രയോഗകൗശലവും തന്ത്രവൈദഗ്ദ്ധ്യവും ഉപായവും (Strategy) പലപ്പോഴും മനസ്സിലാക്കാൻ വൈകിപോകുന്നു എന്നതാണ് ദുഃഖസത്യം.
മാത്രവുമല്ല എല്ലാം തിരിച്ചറിഞ്ഞു വരുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ടിരിക്കും എന്നത് അതിലും ദുഃഖകരം.

ഇന്നു രാഷ്ട്രീയത്തിൽ ആയാലും ആത്മീകത്തിൽ ആയാലും അനായാസം ഫലം കാണുവാനും, കാര്യങ്ങൾ നേടുവാനുമുള്ള ഏറ്റവും മൂർച്ചയുള്ള ആയുധമായി ഉപയോഗിക്കുന്നത് ഭിന്നിപ്പിന്റ ആയുധം ആകുന്നു എന്ന് പ്രേത്യേകിച്ചു പറയണോ!. “ഭിന്നിപ്പിച്ച് ഭരിക്കുക”, “ഭിന്നിപ്പിച്ച് നിർത്തുക” എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ, നാം അങ്ങനെയുള്ള വാർത്തകളും നിരന്തരം വായിക്കുന്നുണ്ടല്ലോ!.

ഭിന്നിപ്പിക്കുന്നത് ഒരാളുടെ അല്ലെങ്കിൽ അവരുടെ പക്ഷത്തിന്റെ വിജയത്തിന് വേണ്ടി മാത്രം. ഇതിന്റെ തന്ത്രങ്ങളും മന്ത്രങ്ങളും ആർക്കും പെട്ടെന്ന് പിടികിട്ടാത്ത അഥവാ ഒട്ടും മനസ്സിലാകാത്ത രീതിയിൽ ആണ് പ്രയോഗിക്കുന്നത്, അതായത് പതുക്കെ വ്യാപിക്കുന്ന വിഷത്തിനു തുല്യം (Slow Poisoning).

വചനം പറയുന്നു “യെഹൂദയും യിസ്രായേലും തമ്മിലുള്ള സഹോദരത്വം ഭിന്നിപ്പിക്കേണ്ടതിന്നു ഒരുമ എന്ന മറ്റെ കോൽ മുറിച്ചുകളഞ്ഞു” (സെഖ 11:14). “ഒരുമ” (Unity, Bands, Binders) എന്ന പദത്തിന് ഏകത, ഐക്യം, പൊരുത്തം, രഞ്ഞനം, സംഘടിതാവസ്ഥ, ഏകീകൃതമായ അവസ്ഥ, ദൃഢബന്ധം, സ്വരചേർച്ച, മനപ്പൊരുത്തം, ഏകമനസ്സു് എന്നീ ധാരാളം മലയാള അർത്ഥങ്ങൾ ഉണ്ട്. ഒരുമ എന്ന കോൽ അല്ലെങ്കിൽ കയർ അറുത്തു കളഞ്ഞാൽ സഹോദരത്വം ഭിന്നിക്കും, അവർ അകന്നകന്നു മാറി അവസാനം ബദ്ധശത്രുക്കൾ ആയി തീരും എന്ന മഹാസത്യം നാം അറിയാത്തവരല്ലല്ലോ. ഇത് നമ്മുടെ ജീവിതത്തിലും സ്വന്തം കുടുംബങ്ങളിലും, സഭകളിലും നിരന്തരം കാണുന്നില്ലേ.

“മുപ്പിരിച്ചരടു വേഗത്തിൽ അറ്റുപോകയില്ല” എന്ന് സഭാപ്രസംഗി (4:12) പറഞ്ഞാലും “ഭിന്നിപ്പിന്റെ ആത്മാവ്” സഭയിൽ വ്യാപാരിക്കാൻ തുടങ്ങിയാൽ ക്രമേണ അതും പിഞ്ചിപോകും ഒടുവിൽ അറ്റുപോകും എന്ന് എത്രയോ തിക്തമായ അനുഭവങ്ങൾ നമുക്ക്‌ തെളിയിച്ചു തരുന്നു. എത്ര കെട്ടുറപ്പോടും സ്നേഹത്തോടും സഹോദര്യത്തോടും കഴിഞ്ഞുപോന്ന കുടുംബങ്ങൾ, സഭകൾ, വേലകൾ ആണ് ഇങ്ങനെ കടപുഴക്കി വീണുപോയത്. കൂടാതെ പല സഭകൾ പിളർന്നതും, പല കുടുംബങ്ങളും , വ്യക്തികളും സഭയുടേയും /പ്രസ്ഥാനത്തിന്റെയും പുറത്ത് വലിച്ചെറിയപെട്ടതും.

ആത്മീക തലങ്ങളിലും രാഷ്ട്രീയത്തിലും സാമൂഹികശാസ്ത്രത്തിലും തമ്മിലടിപ്പിച്ചുകൊണ്ടു് അധികാരം നേടുവാനും, നഷ്ടപ്പെടുവാൻ പോകുന്ന അധികാരവും സ്ഥാനവും തിരിച്ചുപിടിക്കാനും നിലനിർത്തുവാനും പ്രയോഗിക്കുന്ന കുടിലതന്ത്രങ്ങളിൽ ഒന്നാണ് ഭിന്നിപ്പിച്ച്, വിഭജിച്ച് ഭരിക്കുക എന്ന നയം അല്ലെങ്കിൽ വിഭജിച്ച് കീഴടക്കുക എന്നത്.

സഭയിൽ സത്യത്തിനുവേണ്ടി പ്രതികരിക്കുന്ന ഒരുവ്യക്തിയോ ലഘു പക്ഷമോ ഉണ്ടെങ്കിൽ ഭിന്നിപ്പിന്റെ ആത്മാവ് പണിതുടങ്ങിയിരിക്കും തീർച്ച. “ഭിന്നിപ്പിന്റെ ആത്മാവ്” നുണയിലും ഏഷണിയിലും തുടങ്ങി കൈപ്പിന്റയും വിദ്വേഷത്തിന്റെയും വേരുകളെ മുളപ്പിച്ച് ശത്രുത, മത്സരം, ദ്വന്ദപക്ഷം, പക, വെറുപ്പ്, വൈരാഗ്യം എന്നി ആവാത്ത ഫലങ്ങൾ പുറപ്പെടുവിക്കയും ചെയ്യുന്നു. ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കി ആഹ്ലാദിച്ച് വിജയം വരിക്കുന്നവർ കരുതുന്നത് ഇനിയും ആരും ചോദിക്കാനും പറയാനും ഉണ്ടാകില്ലല്ലോ എന്ന് ആയിരിക്കാം. ഇങ്ങനെയുള്ളവരുടെ കണ്ണിൽ ആത്മാർത്ഥത ഇല്ലാത്ത മുതലകണ്ണുനീർ ഒത്തിരി ഉണ്ടാകും എന്നതും വാസ്തവം. ആരാണ് ഇതിനെല്ലാം ഉത്തരവാദികൾ. ഇതിനെ മനസ്സിലാക്കാനുള്ള ദൈവകൃപ നാം പ്രാപിക്കണം.

ചിലർ ചോദിക്കുന്നത് കേട്ടിട്ടുണ്ട് നിങ്ങൾക്ക്‌ അന്ന് മനസ്സിലായില്ലായിരുന്നോ അദ്ദേഹത്തിന്റെ കുടില തന്ത്രങ്ങൾ. അന്ന് വേണ്ടതും വേണ്ടാത്തതും, കുറ്റവും കുറവും ഏഷണിയും നുണയും വന്നുപറയുമ്പോൾ എന്തിനു മൗനമായി കേട്ടിരുന്നു. എന്തിന് ഇതെല്ലാം കേൾക്കാൻ നിന്നുകൊടുത്തു. നിങ്ങളോട് ആരുപറഞ്ഞു ഐക്യത നഷ്ടപ്പെടുത്തി കളയാൻ. ശരിയല്ലേ ഈ ചോദ്യങ്ങൾ!.

സ്നേഹത്തിലും സഹോദര്യത്തിലും ഒരുമനസ്സോടെ കഴിഞ്ഞിരുന്നവരെ പരസ്പരം കാണുവാനോ സഹകരിക്കുവാനോ ഉള്ള സാഹചര്യം ഉണ്ടാക്കാതെ, “പാലക്കാ വിരിഞ്ഞ” ചൊല്ല് പോലെ ആക്കിതീർത്ത്, മാനസികമായും ശാരീരികമായും അകറ്റി അകറ്റി അറ്റങ്ങൾ ഒരിക്കലും കൂട്ടി മുട്ടാത്ത രണ്ട് ദ്രുവത്തിൽ എത്തിച്ച് ബദ്ധശത്രുക്കൾ ആക്കി പോരടിപ്പിച്ച് അവർ കാര്യങ്ങൾ നേടുകയും സ്വർഗ്ഗരാജ്യത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും ചെയ്യുമ്പോൾ സ്വർഗ്ഗം ഇവരെ നോക്കി ചിരിക്കുന്നുണ്ടാകും.

രണ്ട് ആട്ടിൻ കുട്ടികളും ചെന്നായുടെയും പഴംകഥ പോലെയും ആയി മാറുന്നില്ലേ ഈ ആത്മാവിന്റെ പ്രവർത്തനങ്ങൾ. ഇതിന്റെ അവസാന ഫലം എന്താണ്, ആർക്കാണ് ഇതുകൊണ്ട് ഉണ്ടാകുന്ന പ്രയോജനം?. ആർക്കുവേണ്ടിയാണ് ഈ ആത്മാവ് പ്രവർത്തിക്കുന്നത്?.

“സാത്താൻ നമ്മെ തോല്പിക്കരുതു; അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ” (2 കൊരി 2:11). “ഹൃദയം ഭിന്നിച്ചിരിക്കുന്നു; അവർ കുറ്റക്കാരായ്തീരും” (ഹോശേ 10:2) എന്ന് മാത്രം പറഞ്ഞു നിർത്തുന്നു.

(രാജൻ പെണ്ണുക്കര)

-Advertisement-

You might also like
Comments
Loading...