ലേഡീസ് കോര്‍ണര്‍: അധ്യാപകർ ഇങ്ങനെയും | സേബ ഡാർവിൻ

കെനിയയിലെ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു സ്കൂളിനെ രാജ്യത്തെ ഏറ്റവും മികച്ച സ്കൂളുകളിലൊന്നാക്കി, പ്രത്യേകിച്ച് ശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഏറ്റവും മികച്ചത് എന്ന പേര് നേടിക്കൊടുക്കുവാൻ കഴിഞ്ഞ വ്യക്തിയാണ് പീറ്റർ തബിച്ചി എന്ന ശാസ്ത്രഅദ്ധ്യാപകൻ. തന്റെ മാസവരുമാനത്തിന്റെ 80 ശതമാനവും പാവപ്പെട്ടവരെ സഹായിക്കുന്നതിനായി താൻ നൽകുന്നു എന്നത് അങ്ങേയറ്റം പ്രശംസനീയമാണ്. അർപ്പണബോധവും കഠിനാദ്ധ്വാനവും അദ്ദേഹത്തെ 2019ൽ ലോകത്തെ ഏറ്റവും മികച്ച അദ്ധ്യാപകൻ എന്ന പദവിയിലേക്ക് നയിച്ചു. അതിവേഗം സഞ്ചരിക്കുന്ന ഈ യുഗത്തിൽ, ഒരു കമ്പ്യൂട്ടറും വളരെ മോശമായ ഇന്റർനെറ്റ് സംവിധാനവും മാത്രം ഉള്ള ഒരു വിദ്യാലയത്തിലെ കുട്ടികളുടെ ജീവിതം വഴിതിരിച്ചു വിടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

ഏഴ് കിലോമീറ്ററോളം നടന്നായിരുന്നു ഈ സ്‌കൂളിലേക്ക് വിദ്യാർത്ഥികൾ എത്തിയിരുന്നത്. അങ്ങനെയുള്ള ഒരു വിദ്യാലയത്തിലെ കുട്ടികൾക്കായി അദ്ദേഹം ഒരു ടാലെന്റ്റ് നർചറിങ്ങ് ക്ലബ് ആരംഭിക്കുകയും, സ്‌കൂളിന്റെ സയൻസ് ലാബ് വിപുലീകരിക്കുകയും ചെയ്തു. ദേശീയ മത്സരങ്ങൾക്ക് യോഗ്യത നേടുന്ന തരത്തിൽ ഗുണനിലവാരമുള്ള ഗവേഷണ പ്രോജക്ടുകൾ രൂപകൽപന ചെയ്യാൻ അദ്ദേഹം തന്റെ വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു. അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനങ്ങൾ ഒന്നും പാഴായിപ്പോയില്ല. തന്റെ വിദ്യാർത്ഥികളുടെ ഹൃദയം കണ്ട ഒരു നല്ല അദ്ധ്യാപകൻ ആയിരുന്നു പീറ്റർ തബിച്ചി.

വിദ്യാർത്ഥികളെ സൽഗുണപൂർണരാക്കുന്നതിനും അറിവിന്റെ സമ്പന്നതയിലേക്ക് നയിക്കുന്നതിനും ഒരു അദ്ധ്യാപകനു കഴിയും. ചില സമയങ്ങളിൽ മാതാപിതാക്കളോടൊപ്പം തന്നെ അദ്ധ്യാപകരും പ്രാധാന്യം അർഹിക്കുന്നു.

ഹോം ലൈഫ് മാസികയ്ക്ക് വേണ്ടി 1974ൽ എലിസബത്ത് സൈലെൻസ് ബല്ലാർഡ് എഴുതിയ, സ്വന്തം ജീവിതത്തിലെ ചില ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള, സാങ്കല്പികമെങ്കിലും യാഥാർഥ്യത്തോട് അടുത്ത് നിൽക്കുന്ന ഒരു കഥയാണ് ടെഡി എന്ന ബാലന്റെയും മിസ്സിസ് തോംസൺ എന്ന അദ്ധ്യാപികയുടെയും ഹൃദയസ്പർശിയായ ജീവിതം. മിസ്സിസ് തോംസൺ തന്റെ വിദ്യാർത്ഥിക്ക് നൽകിയ സ്നേഹത്തിന് പകരമായി, താൻ മുതിർന്നപ്പോൾ സഹാനുഭൂതി, കരുതൽ, തന്റെ അദ്ധ്യാപികയോടുള്ള സ്നേഹം എല്ലാം പ്രകടിപ്പിക്കുന്ന വിദ്യാർത്ഥി-അധ്യാപികാ ബന്ധത്തിന്റെ തീവ്രത വളരെ നന്നായി ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന രീതിയിൽ വരച്ച് കാട്ടുന്നതിന് എലിസബത്ത് എന്ന എഴുത്തുകാരിക്ക് കഴിഞ്ഞു.

അദ്ധ്യാപകൻ അഥവാ ഗുരു എന്ന വാക്കിന് വളരെ അധികം പഴക്കമുണ്ട്. ക്രിസ്ത്യാനിത്വം യേശുവിൽ ആരംഭിച്ചു. യേശു ഒരു അദ്ധ്യാപകൻ കൂടി ആയിരുന്നു. “റബ്ബീ” എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്. യേശുവിന്റെ അദ്ധ്യാപനരീതികൾ വ്യത്യസ്തമായിരുന്നു. കഥകൾ, ഉപമകൾ, ഉപദേശങ്ങൾ, പ്രസംഗം, അത്ഭുതങ്ങൾ, തന്റെ തുറന്ന ജീവിതം തുടങ്ങിയവയിലൂടെ വളരെ സാധാരണക്കാരായിരുന്നവർക്കു പോലും ഗ്രഹിക്കത്തക്ക വിധത്തിലായിരുന്നു തന്റെ അദ്ധ്യാപനം.

കൃത്യമായ മാർഗ്ഗനിർദ്ദേശവും സമർപ്പണവും വിദ്യാർത്ഥികൾക്ക് ലഭിക്കത്തക്കവണ്ണം ആകണം നമ്മുടെ അദ്ധ്യാപനം. ഒരു തരത്തിൽ സമൂഹത്തിന്റെ നട്ടെല്ലാണ് അദ്ധ്യാപകർ എന്ന് പറയാം. അവർ കുട്ടികൾക്ക് നല്ല മാതൃക ആകേണ്ടവർ കൂടിയാണ്. ഒരു രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിലേക്ക് കുഞ്ഞുങ്ങളെ വളർത്തുന്നതിൽ അദ്ധ്യാപർക്കുള്ള പങ്ക് ചെറുതല്ല. ക്രിസ്തുവും തന്റെ അനുയായികളും നമുക്ക് മുൻപിൽ തുറന്നുകാട്ടിയ അദ്ധ്യാപനത്തിന്റെ മാതൃക നാം പിൻപറ്റിയാൽ നല്ലൊരു യുവതലമുറയെ വാർത്തെടുക്കുന്നതിന് അദ്ധ്യാപകർക്ക് കഴിയും. ഈ അദ്ധ്യാപകദിനം പീറ്റർ തബിച്ചിയേപ്പോലെ ഉള്ളവരുടെ ജീവിതവും, ക്രിസ്തുദർശനവും ഏവർക്കും ഒരു പ്രചോദനം ആകട്ടെ.

(അദ്ധ്യാപകദിനാശംസകൾ…..)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.