എലിസബത്ത് രാജ്ഞിയുടെ സംസ്കാരം ഇന്ന് ലണ്ടനിൽ നടക്കും

സുരക്ഷയൊരുക്കാൻ 10,000 പൊലീസുകാർ

ലണ്ടന്‍: ചരിത്രത്തിലെ ഏറ്റവും വലിയ സംസ്കാര ചടങ്ങിന് ഇന്നു ലണ്ടൻ സാക്ഷിയാകും. കഴിഞ്ഞയാഴ്ച അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ ഇന്ന് 6.30 വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. സംസ്കാരച്ചടങ്ങിനോട് അനുബന്ധിച്ച് യു.കെയിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടൻ സമയം രാവിലെ 11 നു വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നിന്ന് മൃതദേഹവുമായുള്ള പേടകം വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്കു കൊണ്ടുപോകും. ‘ദ് ലോങ് വോക്’ നിരത്തിലൂടെയാണ് അന്ത്യയാത്ര. ഭർത്താവ് ഫിലിപ്പ് രാജകുമാരന് അരികെ കിങ് ജോർജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലാണു രാ‍‍ജ്ഞിയുടെ അന്ത്യവിശ്രമം.

post watermark60x60

ഏകദേശം പത്ത് ലക്ഷം പേരെങ്കിലും സംസ്‌കാരച്ചടങ്ങിന് എത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ലോകചരിത്രത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ മാധ്യമങ്ങൾ വഴി തത്സമയം വീക്ഷിക്കുന്ന ചടങ്ങായിരിക്കും എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാരം എന്ന് വിലയിരുത്തപ്പെടുന്നു. രാജ്ഞിക്ക് യാത്രാമൊഴി നൽകാൻ വിവിധ രാജ്യങ്ങളിലെ നേതാക്കൾ ഇതിനകം ബക്കിങ്ഹാം കൊട്ടാരത്തിൽ എത്തിയിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപദി മുർമു, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ​ഗൾ‍ഫ് രാജ്യങ്ങളിലെ നേതാക്കന്മാർ തുടങ്ങി നൂറിലേറെ പേരാണ് ലണ്ടനിലെത്തിയിട്ടുളളത്.

സംസ്കാരച്ചടങ്ങിൽ സുരക്ഷയ്ക്കായി 10,000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. യുകെയിലെ സിനിമ തിയറ്ററുകളിലും നഗരങ്ങളിൽ സ്ഥാപിച്ച വലിയ സ്ക്രീനുകളിലും സംസ്കാരച്ചടങ്ങുകൾ തൽസമയം കാണിക്കുന്നുണ്ട്. കൂടുതൽ ആളുകൾ എത്തുന്നതിനാൽ 250 അധിക ട്രെയിൻ സർവീസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്കാര ശുശ്രൂഷകൾക്കിടെ ശബ്ദശല്യം ഉണ്ടാകാതിരിക്കാൻ ഹീത്രോ വിമാനത്താവളത്തിലെ 100 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. രാജകീയ രഥത്തിലാകും ഭൌതിക ശരീരം കൊണ്ടുപോകുക. 142 റോയൽ നേവി അംഗങ്ങൾ ചേർന്നാകും ഈ യാത്ര നിയന്ത്രിക്കുന്നത്. ചടങ്ങുകൾക്കൊടുവിൽ ലാസ്റ്റ് പോസ്റ്റ് പ്ലേ ചെയ്യും. തുടർന്ന് രണ്ടു മിനിറ്റ് മൗനമാചാരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like