ലേഖനം: മക്കളേ സൗഹൃദങ്ങൾ കൈവിട്ടുപോകല്ലേ! | സാം കുരിയന്‍

ധുനിക ലോകത്തേക്കുള്ള നമ്മുടെ മുന്നേറ്റം സംഭവിച്ചപ്പോൾ തന്നെ നമ്മുടെ ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ആ വലിയ സാധ്യതകൾ നമുക്കു മുൻപിൽ ലഭ്യമായി തുടങ്ങി. നാട്ടിൽ മാങ്ങക്കു കല്ലെറിഞ്ഞും മൈതാനങ്ങളിൽ കളിച്ചും വളർന്ന പഴയ തലമുറ ബന്ധങ്ങൾക്ക് ഇന്നത്തെ ഇൻറർനെറ്റ് ബന്ധങ്ങളെയും പബ്ജി സൗഹൃദങ്ങളെയും പലപ്പോഴും ഉൾക്കൊള്ളാൻ ആയെന്നു വരില്ല. കോവിഡ് മഹാമാരി നമ്മെ വരിഞ്ഞു മുറുക്കിയപ്പോൾ ഇത്തരം ഇ-ബന്ധങ്ങൾ കൂടുതൽ സൗകര്യപ്രദവും ആശ്വാസപ്രദവും ആയി മാറി എന്നുള്ളത് ഒരു പച്ചയായ യാഥാർത്ഥ്യം തന്നെയാണ്.

post watermark60x60

എന്നാൽ കാലോചിതമായ മാറ്റം എല്ലാത്തിലും നമുക്ക് അവഗണിക്കാനാവാത്ത വസ്തുത തന്നെയാണ്. മാറിയ കാലത്തിനൊപ്പം ജീവിക്കാതെ ഇരുന്നാൽ നമ്മുടെ തലമുറകൾ എല്ലാ മേഖലയിലും; അത് തൊഴിൽ മേഖലയോ, വിദ്യാഭ്യാസമോ ആവട്ടെ; പിന്നിലായിപോകുമെന്നുള്ളത് വളരെ ശരിയായ വസ്തുതയാണ്. ഇതൊക്കെ അവർക്ക് ആവശ്യമുള്ളതുമാണ്.

നമ്മുടെ ആരാധനകളും കൂട്ടായ്മകളും പോലും ഇന്റർനെറ്റിന്റെ അനന്തസാധ്യതകൾ ദിവസവും ചികഞ്ഞു കൊണ്ടിരിക്കുന്നു. സ്തോത്രകാഴ്ചയായി ലഭിക്കുന്ന മുഷിഞ്ഞ നോട്ടുകളെക്കാൾ ഓൺലൈൻ പണമിടപാട് പ്രോത്സാഹിപ്പിക്കുന്ന ആത്മീയർക്കും, ആത്മീയ കച്ചവടക്കാർക്കും ഇത് ഏറ്റവും നല്ല സമയം തന്നെ. അത്ഭുത രോഗശാന്തികളും സാമ്പത്തിക നേട്ടങ്ങളും മാത്രം പ്രസംഗ വിഷയങ്ങൾ ആക്കുന്ന ഇന്നിന്റെ നേതൃനിര പക്ഷേ, നമ്മുടെ യുവതലമുറയ്ക്കായി എന്തു സന്ദേശമാണ് നൽകി കൊടുക്കുന്നത്. സഭാരാഷ്ട്രീയം ഏറ്റവും അതിക്രമിച്ചിരിക്കുന്ന ഒരു യുഗത്തിലേക്ക് നിർഭാഗ്യവശാൽ നാം എത്തപ്പെട്ടിരിക്കുന്നു. ഇതിൽ നിന്നും ഇനിയൊരു മോചനം അസാധ്യമെന്നു തന്നെ പറയേണ്ടിവരും. എന്നാൽ ഇത്തരം പ്രവർത്തികൾ നമ്മുടെ തലമുറകളുടെ നാശത്തിലേക്കാണ് എന്നു മനസ്സിലാക്കാൻ നാം ഇനിയും വൈകിക്കൂടാ.

Download Our Android App | iOS App

ഇന്നത്തെ സ്കൂൾ-ക്യാമ്പസ് ജീവിതങ്ങൾ കൂടുതൽ വർണ്ണാഭവും, മനോഹരവും ആണെന്നുള്ളത് ഒരു ത്രസിപ്പിക്കുന്ന വസ്തുതയാണ്. അവർക്ക് ലഭിക്കുന്ന അറിവുകൾ, ബന്ധങ്ങൾ, വിവരസാങ്കേതിക വിദ്യയുടെ സഹായം എന്നിവ അവർക്ക് നേട്ടങ്ങൾ കൈവരിക്കുവാൻ സംഗതിയാകുന്നു. എന്നാൽ ഈ പറഞ്ഞവയെല്ലാം ചേർന്നു തകർക്കുന്ന കുടുംബങ്ങളുടെ എണ്ണം ഇന്നും എണ്ണിയാൽ ഒടുങ്ങാത്തതാണ്. എഴുത്തുകാരന്റെ സ്കൂൾ-കോളേജ് കാലഘട്ടങ്ങളിൽ ഈ സംഗതികളുടെ തുടക്ക സമയമായിരുന്നു. എന്നാൽ അന്നു വഴിതെറ്റി പോകുന്നവരിലും എത്രയോ അധികമാണ് ഇന്നത്തെ തലമുറ. ചിലപ്പോൾ അത് തെറ്റായ ബന്ധങ്ങൾ ആയേക്കാം. അതിലൂടെ നഷ്ടമാകുന്നത് അനേകം ജീവിതങ്ങളുടെ സ്വപ്നങ്ങളും, കുടുംബ ബന്ധങ്ങളുമാണ്. പ്രണയ ബന്ധങ്ങളും-നഷ്ടങ്ങളും ഒരാളുടെ ജീവൻ എടുക്കുന്നതിന് നാം ദിവസേന എത്രയെത്ര ഉദാഹരണങ്ങളാണ് പത്രമാധ്യമങ്ങളിലൂടെ അറിയുന്നത്.

ഇതിനേക്കാൾ ഭയാനകമായ സ്ഥിതിവിശേഷമാണ് ഇന്നത്തെ തലമുറയെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയുടെ ഉപഭോഗം. മുൻപ് പുകവലിയിലും, ഹാൻസിലും, മദ്യപാനത്തിലും ഒതുങ്ങിക്കൂടിയിരുന്ന തലമുറയ്ക്ക് പകരമായി ആൺ-പെൺ വ്യത്യാസമില്ലാതെ മയക്കുമരുന്നിന്റെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലേക്ക് നമ്മുടെ തലമുറ എത്തിച്ചേർന്നിരിക്കുന്നു. ഓരോ ദിവസവും നമ്മുടെ കൊച്ചു കേരളത്തിൽ പോലും പിടിക്കപ്പെടുന്ന ഇത്തരം കേസുകൾ നമ്മെ ശരിക്കും ആകുലപ്പെടുത്തുന്നതാണ്. കഞ്ചാവും, സിന്തറ്റിക് ഡ്രഗ്ഗുകളും, എം.ഡി.എം.എയും കുത്തഴിഞ്ഞ് അരങ്ങു വാഴുകയാണ് നമ്മുടെ കലാലയങ്ങളിലും സമൂഹത്തിലും.

ഇതൊക്കെ കേൾക്കുമ്പോഴും നാം കരുതും നമ്മുടെ കുഞ്ഞുങ്ങൾ ഇതിലൊന്നും ചെന്നു പെടില്ല അവർ സുരക്ഷിതരാണെന്ന്. എന്നാൽ സങ്കടകരമായ യാഥാർത്ഥ്യം എന്തെന്നാൽ അനേക വിശ്വാസികൾ ഇതിനൊക്കെ രഹസ്യവും പരസ്യവുമായി അടിമകളായി ജീവിതം നഷ്ടമാക്കികൊണ്ടിരിക്കുന്നു എന്നുള്ളതാണ്. ഒരു പക്ഷേ നമ്മുടെ സൗഹൃദങ്ങളിൽ ഇത്തരം വിഷയങ്ങളിൽ നാം നോ എന്ന് തീർത്തു പറഞ്ഞു കഴിഞ്ഞാൽ; നമ്മെ ചിലപ്പോൾ കഴിവില്ലാത്തവനെന്നും, പഴങ്കഞ്ഞിയെന്നും, ഒന്നിനും കൊള്ളില്ലാത്തവനെന്നും, ഉപദേശിയെന്നുമൊക്കെയാവും കൂട്ടുകാർ വിശേഷിപ്പിക്കുന്നത്. നമ്മുടെ കടുത്ത തീരുമാനങ്ങൾ ചിലപ്പോൾ നമ്മുടെ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തി എന്നു വരാം. മറ്റു ചിലപ്പോൾ നാം മാറ്റിനിർത്തപ്പെട്ടെന്നു വരാം. എന്നാൽ അതുകൊണ്ട് ഞാനെന്നെ തന്നെ അശുദ്ധനാക്കില്ല എന്നു തീരുമാനമെടുക്കാൻ നിനക്ക് സാധിച്ചാൽ; അതാവും നിന്നെക്കുറിച്ച് നിന്റെ ദൈവവും, മാതാപിതാക്കളും അഭിമാനിക്കുന്ന നിമിഷം.

പ്രിയ സഹോദരങ്ങളെ, സൗഹൃദങ്ങളെ ശ്രദ്ധയോടെ തിരഞ്ഞെടുക്കുക. ഒരു തിരഞ്ഞെടുപ്പ് അല്പം സമയമെടുത്തും, ശ്രദ്ധയോടും കൂടെ ആക്കുവാൻ എപ്പോഴും ശ്രമിക്കുക. നിന്റെ സൗഹൃദങ്ങളിൽ നോ പറയേണ്ടിടത്ത് നീ സധൈര്യം അത് തുറന്നു പറയുക. തുടക്കത്തിൽ നീ അതിനു മടിച്ചാൽ പിന്നെ ജീവിതത്തിൽ നിനക്കതിനു സാധിച്ചില്ല എന്ന് വന്നേക്കാം. അത് വലിയൊരു നാശത്തിലേക്കാവാം നിങ്ങളെ എത്തിക്കുന്നത്. തീരുമാനം കൊണ്ട് താൽക്കാലിക നഷ്ടങ്ങൾ നിനക്ക് നേരിട്ടേക്കാം; എന്നാൽ ലഭിക്കാൻ പോകുന്നത് കൂടുതൽ ബഹുമാനം ആയിരിക്കും എന്നുള്ളതിന് എഴുത്തുകാരൻ സാക്ഷി.

പ്രിയ സഭകളെ, സഭാ-യുവജന നേതാക്കന്മാരെ മറ്റു പലതിനും പിമ്പേ നിങ്ങളോടാതെ നമ്മുടെ തലമുറയ്ക്കായി ഒന്ന് ഉണരാൻ ശ്രമിക്കാം. അവരെ വെറും സഭാ കൽപ്പനകളിൽ തളച്ചിടാതെ അവരുമായി ചേർന്നിരുന്നു, അവരെ മനസ്സിലാക്കി, അവർക്കു വേണ്ടതായ പഥ്യ ഉപദേശത്തിൽ അവരെ നയിക്കാം. ഈ തലമുറകൾ നശിച്ചുപോയിട്ട് നീ സ്വർഗ്ഗത്തിൽ പോയാൽ, ആർ കർത്താവിനോട് ഇതിനു മറുപടി നൽകും. കുടുംബബന്ധങ്ങൾ കൂടുതൽ കെട്ടുറപ്പുള്ളതായി മാറട്ടെ, മാതാപിതാക്കളും കുഞ്ഞുങ്ങളും ഊഷ്മളമായ ബന്ധത്തിൽ വളർന്നു വരട്ടെ, ദൈവിക ഭക്തിയിൽ അവർ വർദ്ധിച്ചു വരട്ടെ, കൃപയിലും, ജ്ഞാനത്തിലും അവർ പെരുകട്ടെ. ഇത് അവരുടെ സൗഹൃദങ്ങളെ ശ്രദ്ധയോടെ തിരഞ്ഞെടുക്കുവാൻ അവരെ സഹായിക്കുക തന്നെ ചെയ്യും.

(സാം കുരിയന്‍)

-ADVERTISEMENT-

-ADVERTISEMENT-

You might also like