ചെറുകഥ: വടംവലി മത്സരം ഒന്നാം സമ്മാനം | ജോബി. കെ. സി

കായിക പ്രേമികളെ!! ഇന്ന് ഉച്ചകഴിഞ്ഞ് കൃത്യം മൂന്നുമണിക്ക് തൈക്കാട് മൈതാനത്ത് കേരളത്തിന്റെ ചുണക്കുട്ടന്മാർ ഏറ്റുമുട്ടുന്നു. 25000 രൂപയും എവറോളിംഗ് ട്രോഫിയും സ്വന്തമാക്കാൻ കാരിരുമ്പിന്റെ കരുത്തും കനലെരിയുന്ന മനസ്സുമായി പാലക്കാടിന്റെയും പത്തനംതിട്ടയുടെയും പത്തരമാറ്റുള്ള മല്ലന്മാർ ഏറ്റുമുട്ടുന്നു. കൈവെള്ളയിൽ കിനിയുന്ന ചോരതുള്ളികളെ ആവേശത്തിന്റെ പനിനീരാക്കി മാറ്റി കാണികളെ ആനന്ദ കൊടുമുടിയിൽ എത്തിക്കുന്ന മത്സരത്തിന്റെ കലാശക്കൊട്ട് …

വാഹനത്തിൽ കെട്ടിവച്ച ഉച്ചഭാഷിണിയിലൂടെ ദിവാകരന്റെ ശബ്ദം അന്തരീക്ഷത്തിൽ അലതല്ലികൊണ്ടിരുന്നു. ഗ്രാമത്തിന്റെ വിരി മാറിലൂടെ പറഞ്ഞു പോകുന്ന അനൗൺസ്മെൻറ് വാഹനത്തിന് പിന്നാലെ പറന്നു കളിക്കുന്ന നോട്ടീസുകൾ കൈക്കലാക്കാൻ നാട്ടിലെ കുട്ടിപ്പട്ടാളം മത്സരിച്ചു ഓടിക്കൊണ്ടിരുന്നു.

കഴിഞ്ഞ വർഷങ്ങളിലെ പരിപാടികളെല്ലാം ചീറ്റി പോയ പടക്കങ്ങൾ പോലെയായിരുന്നു. വെള്ളപ്പൊക്കത്തിനും കോവിഡിനും ശേഷം ആകെ നടന്നത് സംഘാടകരുടെ വെള്ളത്തിൽ കളിയും പിരിഞ്ഞു കിട്ടിയതിന്റെ ബാക്കി തുകയ്ക്ക് വേണ്ടിയുള്ള അടിപിടിയും മാത്രമല്ലേ… പക്ഷേ ഇത്തവണ കസറും, മത്സരമാകെ കൊഴുകൊഴുക്കും. ദിവാകരന്റെ പിടിപാടുകൊണ്ട് പോലീസിന്റെ വലിയ പട തന്നെ സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ടല്ലോ. അലമ്പുണ്ടാക്കുന്ന വരെ ഉടനടി കസ്റ്റഡിയിലെടുക്കാനാണ് ഉത്തരവ്… കടക്കാരൻ വാസു വായുപോലും എടുക്കാതെ അത്രയും വാർത്തകൾ പുട്ടിനൊപ്പം നൈസായി തള്ളി വിട്ടു.

നാടുമുഴുവനും ആഘോഷിക്കുമ്പോൾ നിങ്ങൾ എന്താണ് ഒന്നും മിണ്ടാതെ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരിക്കുന്നത്… ചായക്കടയുടെ ഒരു കോണിലിരുന്ന് പത്രത്താളുകളിലെ അക്ഷരങ്ങളെ അലസമായി നോക്കിക്കൊണ്ടിരുന്ന സൈമണിനോട് തോമസ് മാഷിന്റെ അന്വേഷണം. എന്ത് ആഘോഷവും വടംവലിയും … വടംവലി നടക്കുന്നത് മൈതാനത്ത് അല്ല എന്റെ ചങ്കിന്റെ ഉള്ളിലാണ് , വല്ലാത്ത ഒരു നെടുവീർപ്പോടെ സൈമൺ പറഞ്ഞു. ആ കണ്ഠം ഇടറിയതും കണ്ണുകൾ നിറഞ്ഞതും ആരും അറിഞ്ഞില്ല.

ആഹാ! ഇത് നല്ല കളി, മൈതാനത്ത് നാടും നാട്ടുകാരും ഒരുങ്ങി നിൽക്കുമ്പോൾ നിങ്ങൾ ഇവിടെ കൊച്ചു വർത്തമാനം പറഞ്ഞുകൊണ്ട്
ഇരിക്കുകയാണോ … മത്സര കമ്മിറ്റി അംഗമായ കുട്ടപ്പൻ പരിഭവപ്പെട്ടു. പാലക്കാട്ടു നിന്നും വന്നവർക്ക് ഭക്ഷണം എത്തിച്ചായിരുന്നോ ചേട്ടത്തിയെ … അടുക്കളയിലേയ്ക്ക് കുട്ടപ്പന്റെ അന്വേഷണം എത്തി.

നിങ്ങളുടെ ഓട്ടവും വെപ്രാളവും കണ്ടാൽ നിങ്ങളാണ് വടംവലിക്കാർ എന്ന് തോന്നുമല്ലോ.. മാഷിന്റെ ഡയലോഗ് ചായക്കടയിൽ ഇരുന്നവർക്ക് ചെറിയ ചിരിക്ക് വക നൽകി. വടംവലിക്കാൻ പോയിട്ട് നേരാം വണ്ണം ശ്വാസം വലിക്കാനാകുന്നില്ല മാഷേ… തോളത്ത് കിടന്ന് തോർത്ത് മടക്കി വീശി പറഞ്ഞു.

സൈമണേ നീ എഴുന്നേൽക്ക്, ഇങ്ങനെ ചടഞ്ഞിരുന്നാൽ ശരിയാവില്ല. കാര്യങ്ങളൊക്കെ ഉടയതമ്പുരാൻ ശരിയാക്കി തരുമെന്നേ… മാഷ് അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. വടംവലിയും വയ്യാവേലികളും ഇല്ലാത്ത മനുഷ്യരായി ഈ ഭൂമിയിൽ ആരും തന്നെ ഉണ്ടാവില്ല. നിന്റെ കാര്യത്തിൽ സ്വന്തം ഭാര്യയാണ് എതിർ ടീമിൽ എന്ന വ്യത്യാസമേ ഉള്ളൂ. പക്ഷേ ആര് ജയിച്ചാലും തോറ്റാലും പൊട്ടും തിരിച്ചറിയാൻ പ്രായമില്ലാത്ത നിങ്ങളുടെ കൊച്ചു കുഞ്ഞിന് ആണല്ലോ നഷ്ടം, അത് ഓർക്കുമ്പോൾ .. മാഷിന്റെ കണ്ണുകളിൽ മിഴിനീർ തിളക്കം .

എല്ലാം എന്റെ തെറ്റാണ് മാഷേ… ഒരിക്കൽ ഞാൻ അഹങ്കരിച്ചിരുന്നു , സൗന്ദര്യമുള്ള ഭാര്യ, ആരും കൊതിക്കുന്ന ജോലി, ആവശ്യത്തിലേറെ സമ്പത്ത്, ആരോഗ്യമുള്ള കുഞ്ഞ് … പക്ഷേ, ഇപ്പോൾ .. ആർക്കുവേണ്ടി ഞാൻ ഇതൊക്കെ നേടിയോ അവർക്ക് എന്നെ വേണ്ടാതായി. എന്നെ തോൽപ്പിക്കാനാണ് അവരുടെ ശ്രമം.. സൈമൺ വികാരാധീനനായി. ജാറിൽ നിന്നും ചെറു ചൂടുവെള്ളം കിതപ്പ് അടങ്ങുവോളം കുടിച്ചു.

എനിക്ക് ജയിക്കണം , ജയിച്ചേ പറ്റൂ. എല്ലാം അവളുടെ തെറ്റിദ്ധാരണകളാണ് , പക്ഷേ ആര് അവളെ പറഞ്ഞു മനസ്സിലാക്കും. എന്റെ കുഞ്ഞിനെ പിരിഞ്ഞു ജീവിക്കാൻ എനിക്ക് ആവില്ല . അങ്ങനെ വന്നാൽ എന്റെ മരണമായിരിക്കും അവർക്ക് കിട്ടുന്ന സമ്മാനം. സൈമൺ അതു പറഞ്ഞപ്പോൾ ആ മുഖത്ത് വല്ലാത്തൊരു ഭാവം മിന്നിമറയുന്നത് മാഷ് ശ്രദ്ധിച്ചു.

അങ്ങനെയുള്ള മണ്ടത്തരങ്ങൾ ഒന്നും പറയാതെ .. എല്ലാം കാണുന്ന ദൈവം ഉണ്ടല്ലോ. കുടുംബപ്രശ്നങ്ങൾ സർവ്വസാധാരണമാണ് . കുടുംബത്തിനുള്ളിൽ നരകവും സ്വർഗ്ഗവും എല്ലാം സൃഷ്ടിക്കുന്നത് അവരവർ തന്നെയാണ് . ആദ്യം എവിടാണ് താളപ്പിഴ സംഭവിച്ചത് എന്ന് അറിയുക, തിരുത്തുക. വീണ്ടും നിങ്ങൾ ഒത്തുചേരണം. അല്ലാതെ ഇത്തരം നിസ്സാര കാര്യങ്ങൾക്ക് കേസും വക്കാണവും ഒന്നും പഠിപ്പും വിവരമുള്ളവർക്ക് ചേർന്നതല്ല. ഭാര്യയോട് അല്പസമയം സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ നിങ്ങൾക്കുള്ളൂ. ഒന്ന് ഞാൻ പറയാം , ഇനിയെങ്കിലും ജോലിയെക്കാളും ശമ്പളത്തേക്കാളും ബിസിനസ് ടൂറുകളെക്കാളും സുഹൃത്തുക്കളെക്കാളും സ്ഥാനം കുടുംബത്തിന് കൊടുക്ക്… സൈമണിന്റെ തോളത്തു പിടിച്ചുകൊണ്ട് മാഷ് പറഞ്ഞു.

പിന്നെ നീ പറഞ്ഞതുപോലെ ആത്മഹത്യ, അത് ആർക്കും ചെയ്യാം. പ്രത്യേകിച്ച് ജീവിതത്തിൽ തോൽക്കാനും പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുവാനും താല്പര്യമുള്ളവർക്ക് .. അതൊരു ധൈര്യമില്ലായ്മ ആയിട്ടേ എനിക്ക് തോന്നുന്നുള്ളൂ… എന്നാൽ ഒരു ആത്മാവിനെ രക്ഷിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്… നീ നന്നായി ചിന്തിക്കുക എന്നിട്ട് അവരെ പോയി ഒന്ന് കാണാം. ഞാനും വരാം. എന്റെ വാക്കുകളെ തള്ളിക്കളയാൻ അവർക്കാവില്ല. എല്ലാം മറന്ന് പുതിയൊരു മനുഷ്യനായി ജീവിക്കാനുള്ള താൽപര്യം നിനക്കുണ്ടെങ്കിൽ നിന്നോടൊപ്പം വരാതിരിക്കാൻ അവൾക്കാവില്ല പ്രത്യാശ മങ്ങിയ സൈമണിന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് മാഷ് പറഞ്ഞു.
അവന്റെ ഹൃദയത്തിൽ ആഞ്ഞടിച്ചു കൊണ്ടിരുന്ന കൊടുങ്കാറ്റിനെ ആ വാക്കുകൾ ശമിപ്പിച്ചു. അവന്റെ കവിൾത്തടങ്ങളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുള്ളികൾ പ്രായശ്ചിത്തം ചെയ്യാനുള്ള അവന്റെ തീരുമാനത്തിന്റെ പ്രത്യക്ഷ അടയാളമായി.

മാഷിനൊപ്പം അവനും കടയ്ക്ക് വെളിയിലേക്ക് ഇറങ്ങി. നിൽക്ക് ഞാനും വരുന്നു മൈതാനത്തേക്ക് … കടയുടെ വാതിലുകൾ അടച്ചുകൊണ്ട് മറിയ ചേട്ടത്തിയും അവരോടൊപ്പം എത്തി.
മൈതാനത്തെ വടം വലി മത്സരത്തിന്റെ അനൗൺസ്മെന്റും കാണികളുടെ ആരവവും ഇപ്പോൾ സൈമണ് വളരെ വ്യക്തമായി കേൾക്കാം. നാളുകളായി മനസ്സിൽ നടന്നുകൊണ്ടിരുന്ന വടംവലിയുടെ ഫലം അവനു ഉറപ്പായി കഴിഞ്ഞിരുന്നു. അത് തീർച്ചയായും ഒരാൾക്കു മാത്രം സ്വന്തമായിരിക്കില്ല. തനിക്കും തന്റെ ഭാര്യക്കും കുഞ്ഞിനും അർഹമായ വിധിയായിരിക്കും തീർച്ച.

-Advertisement-

You might also like
Comments
Loading...