പുസ്തക നിരൂപണം: വിശ്വാസത്തിന്റെ ജാതി | സന്തോഷ് കാലെബ്

വിശുദ്ധന്‍റെ സന്തതികള്‍ (നോവല്‍)- ആഷേര്‍ മാത്യു, ക്രൈസ്തവ എഴുത്തുപുര പബ്ലിക്കേഷന്‍സ്, 2022; പേജ്,133; വില, 150.

വീകരണത്തിനായി ഒരുപിടി ചോദ്യങ്ങളെ അനുവാചകരില്‍ ഉയര്‍ത്താന്‍ പ്രാപ്തമായ ഒരു നോവലാണ് അഷേര്‍ മാത്യു രചിച്ചിട്ടുള്ള ‘വിശുദ്ധ സന്തതികള്‍’ എന്ന നോവല്‍. പെന്തെക്കോസ്ത് സഭാ പശ്ചാത്തലത്തില്‍ രചിക്കപെട്ടിട്ടുള്ളത് ആയതുകൊണ്ട് ‘ക്രൈസ്തവ നോവല്‍’ എന്ന കള്ളിക്കുള്ളിലാവും ഈ കൃതിയും ഉള്‍പ്പെടാന്‍ സാധ്യത. എന്നാല്‍ ഇതിനുവെളിയിലേക്ക്, പൊതുസമൂഹം ഇന്ന് ഗൗരവമായി ചര്‍ച്ച ചെയ്യുന്ന പലവിഷയങ്ങളും ഈ നോവലില്‍ പരാമര്‍ശിക്കുന്നുണ്ട്. അതിനാല്‍തന്നെ മുഖ്യധാരാ സാഹിത്യത്തിന്റെ ‘കള്ളിക്കുള്ളിലേക്ക്’ ഇത്തരത്തില്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിശ്വാസ സമൂഹങ്ങളുടെ സാഹിത്യം പരിഗണിക്കപ്പെടേണ്ടതുണ്ട്.
രേഖീയമായി കഥ പറയുക എന്ന പരമ്പരാഗത രീതിയില്‍ തന്നെയാണ് ഈ കൃതിയും രചിക്കപെട്ടിരിക്കുന്നത്. എന്നാല്‍ ഈ ഒരു പരിമിതിയെ മറികടക്കാനായി അദ്യായങ്ങളെ/ സംഭവങ്ങളെ ക്രമരഹിതമായി അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മൂന്നുതലമുറകളുടെ ചരിത്രമാണ്‌ ഈ നോവല്‍ എന്ന് പറയാം. തലമുറകളെകുറിച്ചുള്ള കഥപറച്ചില്‍ നോവല്‍ സാഹിത്യത്തില്‍ സര്‍വ്വസാധാരണമാണ്. മാര്‍കേസിന്റെ ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങളും’ ഇങ്ങ് മലയാളത്തില്‍ തകഴിയുടെ ‘കയര്‍’ തുടങ്ങി ധാരാളം ക്ലാസ്സിക് നോവലുകള്‍ ഇത്തരത്തില്‍ ദര്‍ശിക്കാനാവും.
കുട്ടപ്പന്റെയും അടുത്ത രണ്ടുതലമുറയുടെയും കഥയാണ് ഇവിടെ അവതരിപ്പിക്കുന്നതെങ്കിലും മധ്യതിരുവിതാംകൂറിലെ സുറിയാനി പെന്തെക്കോസ്ത് സമൂഹത്തിന്റെ പൊതുവായ ഒരു നേര്‍ചിത്രമായി ഇതിനെ പരിഗണിക്കാവുന്നതാണ്. ഏതാണ്ട് 1980-കള്‍ മുതല്‍ ഇന്നുവരെയുള്ള (2020- കള്‍) മധ്യതിരുവിതാംകൂറിന്റെ സാമൂഹിക മാറ്റത്തിന്റെ ചിത്രം സൂക്ഷ്മവായനയില്‍ മനസ്സിലാക്കിയെടുക്കാം. കായിക അധ്വാനത്തില്‍ (പ്രധാനമായും കൃഷി) അധിഷ്ഠിതമായ കുടുംബം പുലര്‍ത്തല്‍, തങ്ങളുടെ പരമ്പരാഗത പട്ടത്വ സഭയില്‍നിന്നും ആചാരങ്ങളില്‍നിന്നും കുടുംബങ്ങളില്‍നിന്നുമുള്ള വിടപറച്ചില്‍, അടുത്ത തലമുറയുടെ തൊഴില്‍ തേടിയുള്ള ഗള്‍ഫ് ജീവിതം, പതിയെപതിയെയുള്ള സാമ്പത്തീക മെച്ചപ്പെടല്‍, നാട്ടിലെ വിലയുംനിലയും മെച്ചപ്പെടുത്തല്‍, അതിന്റെയും അടുത്തതലമുറയുടെ ഭൂതകാലകെട്ടില്ലാത്ത പുത്തന്‍ചിന്തകളും ജീവിതവും – ഈവക കഥകള്‍ മിക്ക പെന്തെക്കോസ്ത് കുടംബങ്ങളിലും കാണാനാവും. ഇവിടെയും വായനക്കാരന് ഈ ചരട് കാണാനാവും. വേണ്ടത്ര തെളിവ്സാമിഗ്രികളുടെ പിന്തുണയുണ്ടെങ്കില്‍ ഒരു ചരിത്ര പുസ്തകമായി ഈ കൃതിയെ മാറ്റാന്‍ പരിശീലനം ലഭിച്ച ചരിത്രകാരന് അധികം പണിപ്പെടെണ്ട ആവശ്യമില്ല.

മാറ്റമില്ലാത്ത വചനം
ഏതാണ്ട് പതിനൊന്നാം ആദ്യായം മുതല്‍ നിരവധി ചോദ്യങ്ങള്‍ പെന്തെക്കോസ്ത് വിശ്വാസസമൂഹത്തിലെ ‘നിലനില്‍ക്കുന്ന സമ്പ്രദായത്തോട്’ ചോദിച്ച് തുടങ്ങുന്നതായി കാണാനാകും.അവിശ്വാസി കൂട്ടുകെട്ട്, ഓണം,നൃത്തം , ടെലിവിഷന്‍, സിനിമ, സിനിമാപാട്ട്, സ്പോര്‍ട്സ്, പ്രേമം, സ്വയംഭോഗം, തിയറ്റര്‍, ജീന്‍സ്, ഫ്രെഞ്ച്താടി, പുരികം ത്രെഡ് ചെയ്യല്‍, സമരം, രാഷ്ട്രീയം തുടങ്ങി കേരളത്തിലെ പെന്തെക്കോസ്ത് വിശ്വാസികള്‍ നിഷിദ്ധമായി കരുതിയിരുന്ന ഒരുപിടി ‘അരുതുകളെ’ അല്ലെങ്കില്‍ ആചാരങ്ങളെയും ആശയങ്ങളെയും ചോദ്യം ചെയ്യുന്നുണ്ട്. വേദപുസ്തക (Bible) അടിസ്ഥാനമുള്ളതല്ലല്ലോ ഈ സമ്പ്രദായങ്ങള്‍ എന്നോര്‍ത്ത്, കൃതിയിലെ കെവിന്‍ എന്ന കഥാപാത്രം നെടുവീര്‍പ്പെടുന്നുണ്ട്.
സാമ്പ്രദായക ദൈവശാസ്ത്രത്തില്‍ അധിഷ്ടിതമായുള്ള ഒരു ബൈബിള്‍ വ്യാഖനത്തില്‍ ഇത്തരത്തില്‍ തദ്ദേശീയമായതെന്തും പാപമായി മാറുമെന്നാണ് ഏഷ്യയുടെയും ആഫ്രിക്കയുടെയുമൊക്കെ പ്രേഷിതചരിത്രം ചൂണ്ടിക്കാണിക്കുന്നത്. പാശ്ചാത്യ സമൂഹം പൗരസ്ത്യ സമൂഹങ്ങളെയും സംസ്കാരങ്ങളെയും എത്രമാത്രം മേധാവിത്വത്തോടുകൂടിയാണ് നോക്കികണ്ടത് എന്ന് എഡ്വേർഡ് സൈദിന്‍റെ (Edward Said, 1935-2003) ‘ഓറിയന്റലിസം’ എന്ന സങ്കല്പനം വിശദമാക്കുന്നുണ്ട്. അതിന്റെ ഭാഗമായി 19-20 നൂറ്റാണ്ടുകളില്‍ ഇന്ത്യയിലേക്കും വിശിഷ്യ കേരളത്തിലേക്കുമൊക്കെ കടന്നുവന്ന മിഷനറിമാരുടെ അന്നത്തെ പഠിപ്പിക്കലുകള്‍ ഇന്നും വലിയ മാറ്റമൊന്നും കൂടാതെ പിന്തുടരുന്നു എന്നതാണ് ഇതിന്റെ പിന്നിലെ കാരണം. എന്നാല്‍ ഇതിനടയില്‍ ദൈവശാസ്ത്രം എത്രയോ ദൂരം മുന്‍പോട്ട് പോയി. ലിബറേഷന്‍ തിയോളജി, ബ്ലാക്ക്‌ തിയോളജി, ഫെമിനിസ്റ്റ് തിയോളജി, ഇക്കോ തിയോളജി, ദലിത് തിയോളജി എന്നിങ്ങനെ ധാരാളം പഠന ശാഖകള്‍ അവരവരുടേതായ വ്യാഖ്യാനങ്ങളുമായി മുന്‍പോട്ട് പോയി. ഇവക്കൊക്കെ അതിന്റേതായ മെച്ചങ്ങളും പരിമിതികളും ഉണ്ട്. എന്നാല്‍ ഇവയിലെ ജ്ഞാനത്തെ ഉപയോഗപ്പെടുത്തി എല്ലാമനുഷ്യരെയും, പ്രകൃതിയെയുമെല്ലാം ഉള്‍പ്പെടുത്തി മുന്‍പോട്ട് പോകുവാനാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒരു വിശ്വാസസമൂഹം പരിശ്രമിക്കേണ്ടത്. കേരളത്തിലെ വിവിധ വേദസെമിനാരികളില്‍ ഈ വിഷയങ്ങളൊക്കെ ചര്‍ച്ചയാവുമ്പോഴും സാധാരണക്കാരായ വേദപഠിതാക്കള്‍ ഇപ്പോഴും കെട്ടിയിട്ട കുറ്റിയില്‍തന്നെ ചുറ്റിതിരിയുന്ന വഞ്ചികള്‍ മാത്രമാവുന്നു. അതിന്റെഫലമായി സഭകള്‍ അഥവാ ജനങ്ങള്‍ നൂറ്റാണ്ടുകള്‍ക്കുപുറകില്‍ നിലയുറപ്പിക്കുന്നു. പരമ്പരാഗത പിന്തിരിപ്പന്‍ നിലപാടുകളെ മുറുകെപ്പിടിക്കുന്നു.

ജാതിയധിഷ്ഠിത വിശ്വാസസമൂഹം
നോവലിന്റെ പതിനാറാം ആദ്യായമായ ‘പ്രണയം പൂക്കുന്ന ചില്ലകള്‍’ മുതല്‍ ഈ കൃതി പ്രധാനമായും ‘ക്രിസ്തുവിശ്വാസികള്‍ക്കിടയിലെ ജാതി’ എന്ന വിഷയത്തെ ചര്‍ച്ചെക്കെടുക്കുന്നു. സുറിയാനി പാരമ്പര്യമുള്ള കഥാപാത്രത്തിന് പുതുതായി ക്രിസ്തുവിശ്വാസം സ്വീകരിച്ചുവന്ന ദലിത് കുടുംബത്തിലെ പാട്ടുകാരിയായ പെണ്‍കുട്ടിയോട് അനുരാഗം ജനിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ രക്ഷ ലഭിച്ച രണ്ടാളും ക്രിസ്തുവില്‍ ഒന്നാണന്നുള്ള സഭാപഠിപ്പിക്കലുകള്‍ക്ക് അനുസരിച്ച് വിവാഹത്തിലേക്ക് നീങ്ങുന്നുണ്ടെങ്കിലും അവിടെ തടസ്സമായി ജാതി കടന്നുവരുന്നു.
ഇന്ത്യ ഒരു ജാതിയധിഷ്ടിത സമൂഹമാണ്‌. ഇന്ത്യയിലെ ജാതിവിരുദ്ധ പോരാട്ടങ്ങള്‍ നൂറ്റാണ്ടുകളായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഭരണഘടന നിലവില്‍ വന്നതോടെ ജാതിവിവേചനം കുറ്റമായി മാറ്റപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്നും ജാതിവിവേചനത്തിനും ജാതിക്കൊലകള്‍ക്കും തെല്ലും കുറവൊന്നും സംഭവിച്ചിട്ടില്ല. ഇന്ത്യന്‍ സമൂഹത്തില്‍ ഒളിഞ്ഞും തെളിഞ്ഞും ജാതിതന്നെയാണ് അധികാരത്തെ നിയന്ത്രിക്കുന്നത്‌.
ഇതില്‍നിന്നും ഒട്ടും വ്യത്യസ്തമല്ല പെന്തെക്കോസ്ത് സമൂഹത്തിന്റെയും സ്ഥിതി. ഉപരിപ്ലവമായി ഐക്യവും സ്നേഹവും സംസാരിക്കുമ്പോഴും, അടിസ്ഥാനപരമായി ജാതി അധിഷ്ടിതവുമാണ് പെന്തെക്കോസ്ത് സമൂഹത്തിലെ മനുഷ്യബന്ധങ്ങള്‍. ആഭരണധാരണവും വിവധ ആഘോഷാചരണങ്ങളും അവിശ്വാസികളുടെത്/ ജാതികളുടെത് എന്ന് ലേബലില്‍ പടിക്ക്പുറത്ത് നിര്‍ത്തുമ്പോള്‍, തികച്ചും ഹൈന്ദവ അടിസ്ഥാനത്തില്‍ ഉള്ളതായിരുന്ന ജാതിയെ ‘വിശുദ്ധ സഭക്കുള്ളില്‍’ കുടിയിരുത്താന്‍ ഒരു വിമുഖതയും പെന്തെക്കോസ്ത് സമൂഹം കൈകൊണ്ടാതായി കാണാന്‍ സാധിക്കുന്നില്ല. പോരാത്തതിന് ഈ ജാതിയധികാരത്തിന്റെ മാത്രം മാനദണ്ഡത്തില്‍ നേതൃത്വസ്ഥാനങ്ങളും കരസ്ഥമാക്കുന്നു. അഷേറിന്‍റെ നോവലിലെ 18-19 ആദ്യായങ്ങളില്‍ ഈ ജാതിബോധം ചര്‍ച്ചയ്ക്ക് വരുന്നുമുണ്ട്. എന്തുകൊണ്ടാണ് ഇന്നും ഒരു ക്രിസ്തീയ സമൂഹം ജാതിയെ പാപമായി കണക്കാക്കാന്‍ കൂട്ടാക്കുന്നില്ല? ജാതി വെറും മാറ്റിനിര്‍ത്തല്‍ മാത്രമല്ല, മറിച്ച് അത് വിഭവവുമായി/ സമ്പത്തുമായി ബന്ധപെട്ട മാറ്റിനിര്‍ത്തല്‍ കൂടിയാണ്. അതിനാല്‍ ‘അയല്‍ക്കാരനെ നിന്നെപോലെ തന്നെ സ്നേഹിക്കണമെന്ന’ കല്‍പ്പനയുടെ കാതലായ ‘സമത്വം’ എന്ന ആശയം പുലരണമെങ്കില്‍ ഏതൊരു സമൂഹവും അടിസ്ഥാനപരമായി ജാതിരഹിതം ആവേണ്ടതുണ്ട്. ആവശ്യമുള്ളപ്പോഴൊക്കെ ആവാഹിക്കുന്ന ‘പകലോമറ്റം ബാധയെ’ മനസ്സില്‍നിന്നും ശരീരത്തില്‍നിന്നും കുടിയൊഴിപ്പിക്കേണ്ടത് സഭയുടെ കെട്ടുറപ്പിന് അനിവാര്യമാണ്.

ഉപസംഹാരം
‘വിശുദ്ധന്റെ സന്തതികള്‍’ ശുഭപര്യവസാനിയാണ്. സമ്പത്തീകവും സാമൂഹീകവുമായ ഉയര്‍ച്ചയും അഗീകാരവും നേടുന്നതോടെ എല്ലാവരും ‘ഹാപ്പി’ യായി നോവല്‍ അവസാനിക്കുന്നു. എന്നാല്‍ അങ്ങനെയാണോ മനുഷ്യ ജീവിതത്തെ വിലയിരുത്തപ്പെടേണ്ടത്? കാഫ്കയുടെ ‘വിചാരണ’ യിലും, ദസ്തയോവ്സ്കിയുടെ ‘കുറ്റവും ശിക്ഷ’യിലെയും കേന്ദ്ര കഥാപാത്രങ്ങള്‍ ആത്മസങ്കര്‍ഷങ്ങളില്‍ പെട്ടുഴലുന്ന മനുഷ്യനെയാണ് അവതരിപ്പിക്കുന്നത്. അതായത് മറ്റുള്ളവര്‍ക്കു മനസ്സിലാക്കാന്‍ പറ്റാത്ത മനുഷ്യര്‍.
സമകാലിക സാഹിത്യം ഇപ്പോള്‍ എവിടെയാണ് എത്തിനില്‍ക്കുന്നത് എന്ന അറിവ് ഒരു എഴുത്തുകാരന് അത്യന്താപേക്ഷിതമാണ്‌.എന്നിരുന്നാലും ഇതേപോലെയുള്ള സാഹിത്യ കൃതികളാണ് പലപ്പോഴും സാമൂഹ്യമാറ്റത്തിനുള്ള തിരി തെളിച്ചിട്ടുള്ളത്. അതിനാല്‍ത്തന്നെ ഈ നോവല്‍ എല്ലാവരിലേക്കും എത്തിച്ചേരേണ്ടത് ഒരു അനിവാര്യതയാണ്.
ചില സാങ്കേതിക പ്രശ്നങ്ങള്‍ കൂടി ചൂണ്ടികാണിച്ചുകൊണ്ട് ഈ ചെറുകുറിപ്പ് അവസാനിപ്പിക്കം. നോവലിന് മുന്‍പുള്ള ആശംസകള്‍ ഒഴിവാക്കികൊണ്ട് അനില്‍ കൊടിത്തോട്ടത്തിന്റെ അവതാരികയുമായി നേരിട്ട് നോവലിലേക്ക് പ്രവേശിക്കാന്‍ ആവുമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് ഒരുവേള ആലോചിക്കാതിരുന്നില്ല. കൂടാതെ നോവലിന്റെ മുഖചിത്രം മികച്ച നിലവാരം പുലര്‍ത്തുമ്പോള്‍ പക്ഷേ ജയ്മോഹന്റെ ചിത്രങ്ങള്‍ പുസ്തകത്തെ ഒരു കാര്‍ട്ടൂണ്‍ ചിത്രകഥയുടെ സ്വഭാവത്തിലേക്കു നയിക്കുന്നുണ്ട്‌. ഗൌരവമായ കഥയ്ക് മറ്റേതെങ്കിലും തരത്തിലുള്ള ഇല്ലിസ്ട്രേഷന്‍ ആയിരുന്നു കൂടുതല്‍ ചേര്‍ച്ച എന്നാണ് എന്റെ പക്ഷം. എന്തുകൊണ്ടാണ് ഈ ചിത്രകാരന്മാര്‍ സമകാലിക സാംസ്കാരിക പ്രസിദ്ധീകരണങ്ങളില്‍നിന്നുള്ള മികച്ച മാതൃകകള്‍ സ്വീകരിക്കാത്തത്? മുഖ്യധാരാസാഹിത്യത്തോടൊപ്പം കിടപിടിക്കുന്ന ധാരാളം കൃതികള്‍ ഇനിയും ഈ സമൂഹങ്ങളില്‍നിന്നുയര്‍ന്നുവരാന്‍ ‘വിശുദ്ധന്റെ സന്തതികള്‍’ കാരണമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.