പുസ്തക നിരൂപണം: കലവറയിലെ കാൽപാത്രങ്ങൾ

രാജി പോൾ

ക്രൈസ്തവ എഴുത്തുപുര പബ്ലികേഷന്‍സ് പുറത്തിറക്കിയ “കലവറയിലെ കാൽപാത്രങ്ങള്‍” എന്ന നോവലിനെ കുറിച്ച് വായനക്കാരിയുടെ വൈറൽ ആയ കുറിപ്പ്

വായന എന്നാൽ വല്ലാത്ത ഒരു ഭ്രമം ആയി കൊണ്ട് നടന്നിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു പക്ഷെ അന്ന് വായിക്കാൻ ആഗ്രഹിച്ച അത്രയൊന്നും പുസ്തകങ്ങൾ കിട്ടിയിരുന്നുമില്ല.പിന്നീട് ആ ഭ്രമം ഒക്കെ മെല്ലെ മെല്ലെ ജീവിതത്തിൽ നിന്നും ഇല്ലാതെ ആയി.സോഷ്യൽ മീഡിയയിൽ കാണുന്ന എഴുത്തുകൾ വായിക്കുന്നത് മാത്രമായി വായന.എങ്കിലും ചില പുസ്തകങ്ങൾ കാണുമ്പോൾ കിട്ടിയിരുന്നു എങ്കിൽ അശിച്ചിടുണ്ട്..അങ്ങനെ ഒരുപാട് ആഗ്രഹിച്ചു കിട്ടിയ പുസ്തകമാണ്.Pastor Blesson P B എഴുതിയ “കലവറയിലെ കൽപ്പാത്രങ്ങൾ”..

ഏറ്റവും കൂടുതൽ ആകാംക്ഷ അതിലെ ഇതിവൃത്തം എന്തായിരിക്കും എന്നറിയുക എന്നതായിരുന്നു. കാരണം കൽപ്പത്രങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട് വായിച്ചിട്ടുണ്ട് പക്ഷേ ഒരു നോവൽ ആയി എഴുതുവാൻ തക്കവണണം എന്തായിരിക്കും ഇത്രയധികം ആ കൽപ്പാത്രങ്ങൾ എഴുത്തുകാരനെ ചിന്തിപ്പിച്ചിരിക്കുക എന്നതായിരുന്നു.

എന്നാൽ ആക്ഷരികമായ കൽപ്പാത്രങ്ങളെ കുറിച്ചല്ല അവ മറിച്ച് ജീവിതത്തിലെ പല അവസ്ഥകളിൽ കൂടി കടന്നുപോയിട്ടും കഷ്ടതകളുടെ വെയിലും മഴയും കൊണ്ട് പലപ്പോഴും ഉപയോഗശൂന്യമായി തീർന്നെന്ന് കരുതി കലവറയ്ക്കുള്ളിലെവിടെയൊക്കെയോ തിരസ്കരിക്കപ്പെട്ട് നാം മറന്നു പോകാൻ ഇടയുള്ള കുറെ ജീവിതങ്ങൾ അതായിരുന്നു ആ നോവലിലെ കൽപ്പാത്രങ്ങൾ .

കാനായിൽ ആവശ്യം വന്നപ്പോൾ മാത്രം പ്രയോജനപ്പെടുകയും അത് വരെയും ആരാലും ഗൗനിക്കപ്പെടാതെ സ്വന്തം കടമകൾ നിറവേറ്റി ദൈവഹിതത്തിന് വേണ്ടി കാത്തിരുന്ന ആ കൽപ്പാത്രങ്ങൾ പോലെ ഒരു കുടുംബം റിൻസിയും കുടുംബവും …..

ഭാവി എന്തായി തീരുമെന്നോ എത്ര നാൾ ഇനി ശേഷിക്കുമെന്നോ ഉറപ്പില്ലാതിരുന്നിട്ടും ഇനിയും എരിഞ്ഞ് സ്വയം വിളക്കായി ശോഭിക്കുവാൻ തന്നെ തീരുമാനിച്ചുറച്ച ഒരാൾ സെലിൻ …..

ഒറ്റയിരുപ്പിന് വായിച്ചു തീർത്തു അതും അവസാനം വരെ നിറകണ്ണുകളോടെ .. ചില അവസരങ്ങളിലെങ്കിലും സ്വന്തം ജീവിത അനുഭവങ്ങൾ വരെ തെളിഞ്ഞുകണ്ടു ചില സന്ദർഭങ്ങളിൽ . എന്നെ ഞാൻ തന്നെ വായിക്കുന്നത് പോലെ .

വായിച്ചു തുടങ്ങുന്നത് സെലിൻ എന്ന പെൺക്കുട്ടിയുടെ ആത്മകഥ പോലെ തോന്നിത്തുടങ്ങും എങ്കിലും പിന്നീട് അത് റിൻസി എന്ന പെൺകുട്ടിയുടെ ജീവിത കഥയായി മാറുന്നു. നഴ്സിംഗ് എന്ന ജോലിയുടെ കഷ്ടതകളും വെല്ലു വിളികളും ഒറ്റപ്പെട്ടലുകളും ഒരു നഴ്സ് ആയി മാറിയാൽ ജീവിതത്തിലേക്ക് കൂട്ടി ചേർക്കപ്പെടുന്ന ബാധ്യതകളും ഒക്കെ വളരെ നന്നായി എഴുതിച്ചേർത്തിട്ടുണ്ട്. വായിക്കുന്ന വായനക്കാരിക്ക് അതാണ് സ്വന്തം ജീവിതത്തോട് താരതമ്യപ്പെടുത്തുവാൻ തോന്നുന്നതും.

കുമളിയുടെ പ്രകൃതി ഭംഗിയും പാവപ്പെട്ട കർഷകന്റെ ഇല്ലായ്മകളും ദുരിതങ്ങളും നന്മകളും ഒക്കെയുണ്ട് ഈ നോവലിൽ .

എല്ലാത്തിനും ഉപരിയായി ഉരുവാകുന്നതിലും മുൻപേ നാം ഓരോരുത്തരെയും അറിഞ്ഞ് നമുക്ക് വേണ്ടി കരുതിയ ഒരു പിതാവിനോടുള്ള വിശ്വസ്ഥമായ ഒരു ഹൃദയം സ്വന്തം മാതാ പിതാക്കളിൽ നിന്നും പകർന്നു കിട്ടിയ ആ ഗുണമാണ് വീണു പോകാവുന്ന വേളയിലും ആ പിതാവാകുന്ന ദൈവത്തെ തള്ളി പറയാതെ നിലനിൽക്കുവാൻ റിൻസിയെ പ്രാപ്തയാക്കുന്നത്.

പാരമ്പര്യഗുണങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും തിരിച്ചറിഞ്ഞ ദൈവസ്നേഹത്തിന്റെ വഴിയിലൂടെ അവസാനം വരെ ജീവിക്കുവാൻ ഒരു തിരിയായ് എരിഞ്ഞു തീരും വരെ പ്രകാശിക്കുവാൻ സെലിനെ പ്രാപ്തയാക്കുന്നതും,
നോവലിന്റെ പേര് പോലെ ഒഴിയാത്ത നന്മയുടെ കൽപ്പാത്രമായി അവൾ മാറുന്നതും അളവില്ലാത്ത ആ ദൈവ സ്നേഹം അവളിലുണ്ടാക്കിയ രൂപാന്തരത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്.

ഇത് പോലെ മനോഹരമായ പുസ്തകങ്ങൾ എഴുതുവാൻ സർവ്വശക്തൻ ഇനിയും അനുഗ്രഹിക്കട്ടെ. ഒരുപാട് ഇഷ്ടമായ “കലവറയിലെ കൽപ്പാത്രങ്ങൾ ” എന്ന നോവലിന് എല്ലാ അഭിനന്ദനങ്ങളും…

രാജി പോൾ

-Advertisement-

You might also like
Comments
Loading...