ലേഖനം: സുവിശേഷം ധനസമ്പാദനത്തിനുള്ള ഉപാധിയോ? | ദീന ജെയിംസ് ആഗ്ര

ഉത്തരേന്ത്യയിലെ ഒരു സുവിശേഷകന്റെ മരണവും അതിനോടാനുബന്ധി ച്ചുനടന്ന സംഭവങ്ങളും കഴിഞ്ഞ ദിവസങ്ങളിലെ ചൂട് പിടിച്ച വാർത്തയായിരുന്നു. നിരവധി അഭിപ്രായങ്ങൾ പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. അതിലൊന്ന് എന്റെ ഹൃദയത്തെ ചിന്തിപ്പിച്ചു. നോർത്തിന്ത്യയിലെ സുവിശേഷവേല പണം സമ്പാദിക്കുന്നത്തിന് വേണ്ടിയുള്ള നല്ലൊരു മാർഗ്ഗമായി പലരും വിനിയോഗിക്കുന്നു എന്നതായിരുന്നു ആ വാർത്ത. വളരെ വ്യക്തമായ കാര്യമാണ് അത്. പലരും സ്വന്തം കീശ വലുതാക്കുന്നുമുണ്ട് സുവിശേഷത്തിന്റെ പേരിൽ. എന്നാൽ ഒരു നാണയത്തിന് രണ്ടുവശമുള്ളത് പോലെ നിരവധി ത്യാഗങ്ങൾ സഹിച്ച് ഇവിടുത്തെ അത്യുഷ്ണവും അതിശൈത്യവും ഒക്കെ അതിജീവിച്ച് ദൈവം ഏല്പിച്ച ദൗത്യം വിശ്വസ്തതയോടെ നിറവേറ്റുന്നവർ നിരവധിയാണ് എന്ന സത്യം വിസ്മരിക്കരുത്. ഒരു പക്ഷെ അവരെയും അവർ ദൈവനാമത്തിനുവേണ്ടി ചെയ്യുന്നതും ഒന്നും സമൂഹമാധ്യമങ്ങളിൽ വാർത്തയാകാറില്ല. അവരത് ആഗ്രഹിക്കുന്നുമില്ല. സകലത്തിനും പ്രതിഫലം നൽകുന്ന ദൈവത്തിന് വേണ്ടി യാതൊരു ലാഭേച്ഛയും കൂടാതെ ജീവിതത്തിൽ നേടാവുന്നതൊക്കെ ക്രിസ്തുനിമിത്തം ത്യജിച്ച് സുവിശേഷത്തിന്റെ വിത്ത് വിതയ്ക്കുന്നവർ!!!

post watermark60x60

അങ്ങനെയുള്ളവർ ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ ഒരു പക്ഷേ ഹൃദയവേദന തോന്നിയേക്കാം. ചത്തഒരു ഈച്ച തൈലക്കാരന്റെ മുഴുവൻ തൈലവും ഉപയോഗശൂന്യമാക്കുന്നതുപോലെ സ്വാർത്ഥ താല്പര്യങ്ങൾക്കും സാമ്പത്തികലാഭത്തിനും വേണ്ടിയുള്ള ചിലരുടെ പ്രവർത്തികൾ മുഴുവൻ പേരെയും ബാധിക്കുന്നു. അങ്ങനെയുള്ളവർ മറക്കാതിക്കട്ടെ… ഓരോരുത്തരും ന്യായാസനത്തിന് മുന്നിൽ നിൽക്കേണ്ടവരാണ്. അവൻ നമ്മോട് കാര്യം തീർക്കുന്ന നാളിൽ നമ്മുടെ കരം ബലപ്പെട്ടിരിക്കുമോ? ലോകത്തിലെ താത്കാലിക നന്മകൾക്ക് വേണ്ടി വീണ്ടും വീണ്ടും പ്രാണനാഥനെ ക്രൂശിക്കാതിരിക്കാൻ ശ്രദ്ധയുള്ളവരായിരിക്കാം.
ദൈവം ഓരോരുത്തരെയും ഏൽപ്പിച്ചിരിക്കുന്ന ദൗത്യം കൃത്യനിഷ്ഠയോടെ പൂർത്തീകരിക്കാം.
സ്വന്തനന്മയ്ക്കോ ഉയർച്ചയ്ക്കോ വേണ്ടി സുവിശേഷവേല ഉപാധിയാക്കി മാറ്റാൻ ശ്രമിക്കാതിരിക്കുക. യേശുവിനെ അറിയാത്ത ജനം ഇന്നും ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഉണ്ട്. അവരെ ക്രിസ്തുവിനായി നേടി ക്രിസ്തുവിനാൽ അനുഗ്രഹീതരാകാം.
യഥാർത്ഥക്രിസ്തു ഭടന്മാർ എല്ലാ വെല്ലുവിളികളും ഏറ്റെടുത്തു സുവിശേഷത്തിന്റെ ജൈത്രയാത്ര തുടരുക തന്നെ ചെയ്യും. മാനുഷിക വാക്കുകൾക്ക് അവരെ തളർത്തുവാൻ സാധ്യമല്ല.

ദീന ജെയിംസ് ആഗ്ര

-ADVERTISEMENT-

-ADVERTISEMENT-

You might also like