ജഗ്ദീപ് ധന്‍കര്‍ രാജ്യത്തിന്റെ 14 മത് ഉപരാഷ്ട്രപതി

ന്യൂഡൽഹി:
ഗോത്ര വിഭാഗത്തില്‍നിന്നുള്ള ആദ്യ വനിതാ രാഷ്ട്രപതിക്കു പിന്നാലെ കര്‍ഷക കുടുംബത്തില്‍ നിന്നുമുള്ള ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍.
പൊതു പ്രവര്‍ത്തകനായും ജനപ്രതിനിധിയായും അഭിഭാഷകന്‍ എന്ന നിലയിലുമുള്ള അനുഭവ സമ്പത്തുമായാണ് ജഗ്ദീപ് ധന്‍കര്‍ രാജ്യത്തിന്റെ ഉപരാഷ്ട്രപതി പദത്തിലേക്ക് നടന്നു കയറുന്നത്.പശ്ചിമ ബംഗാളില്‍ സംസ്ഥാന സര്‍ക്കാരുമായുള്ള നിരന്തര ഏറ്റുമുട്ടലിന് ശേഷമാണ് ധന്‍കര്‍ ഡല്‍ഹിയില്‍ ഉന്നത പദവിയിലേക്ക് എത്തുന്നത്. രാജ്യസഭയില്‍ സമവായത്തിന്റെ അന്തരീക്ഷം ഒരുക്കുക എന്നതാണ് ധന്‍കറിനെ കാത്തിരിക്കുന്ന പ്രധാന ദൗത്യം.
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് പിന്നാലെ ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ പിറക്കുന്നത് പുതുചരിത്രമാണ്. 780 എംപിമാരില്‍ 725 പേരാണ് വോട്ട് ചെയ്തത്. ധന്‍കര്‍ 528 വോട്ട് നേടി. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് അല്‍വയ്ക്ക് നേടാനായത് 182 വോട്ട് മാത്രം. 15 വോട്ട് അസാധുവായി. കേവല ഭൂരിപക്ഷത്തിന് 372 വോട്ടാണ് വേണ്ടിയിരുന്നത്.രാജസ്ഥാനിലെ കിതാന എന്ന ചെറിയ ഗ്രാമത്തിലെ ജാട്ട് കര്‍ഷക കുടുംബത്തില്‍ 1951 മെയ്‌ 18നാണ് ജഗ്ദീപ് ജനിച്ചത്. കിതാനയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജഗ്ദീപ് പിന്നീട് സൈനിക സ്‌കൂളില്‍ ചേര്‍ന്നു. ജയ്പുര്‍ മഹാരാജാസ് കോളജില്‍നിന്ന് ഫിസിക്‌സില്‍ ബിരുദവും ജയ്പുര്‍ സര്‍വകലാശാലയില്‍നിന്ന് എല്‍എല്‍ബിയും കരസ്ഥമാക്കി. 1979 നവംബര്‍ 10 നു അഭിഭാഷകനായി എന്റോള്‍ ചെയ്തു. സുപ്രീം കോടതിയിലും രാജസ്ഥാന്‍ ഹൈക്കോടതിയിലും മികവു തെളിയിച്ച അഭിഭാഷകനായ ധന്‍കര്‍ ജനതാദള്‍ ടിക്കറ്റിലാണ് 1989 ല്‍ രാജസ്ഥാനില്‍നിന്നു പാര്‍ലമെന്റില്‍ എത്തിയത്.
1990 ല്‍ കേന്ദ്രമന്ത്രിയായി. 1993 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1993-98 കാലഘട്ടത്തില്‍ രാജസ്ഥാനിലെ കിഷന്‍ഗറില്‍ നിന്നു നിയമസഭയിലെത്തി. 2003 ല്‍ ആണ് ബിജെപിയില്‍ ചേരുന്നത്. 2019ലാണ് ജഗ്ദീപ് ധന്‍കറിനെ ബംഗാള്‍ ഗവര്‍ണറായി നിയമിക്കുന്നത്.
ജാട്ട് വിഭാഗത്തിനുള്‍പ്പെടെ ഒബിസി പദവി നേടിക്കൊടുക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ച നേതാവാണ് ധന്‍കര്‍. അതിനാലാകണം ജെ.പി.നഡ്ഡ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ ‘കര്‍ഷക പുത്രന്‍’ എന്ന് എടുത്തു പറഞ്ഞതും. രാജസ്ഥാന്‍ തിരഞ്ഞെടുപ്പാണ് ബിജെപിയുടെ ലക്ഷ്യമെന്നു സൂചിപ്പിക്കുന്ന മറ്റൊന്നു കൂടിയുണ്ട്. ധന്‍കര്‍ ഉപരാഷ്ട്രപതിയായാല്‍ ലോക്‌സഭയും രാജ്യസഭയും നിയന്ത്രിക്കുന്നവര്‍ രാജസ്ഥാനില്‍നിന്നാകും. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല രാജസ്ഥാനിലെ കോട്ടബന്‍ഡി മണ്ഡലത്തില്‍നിന്നുള്ള എംപിയാണ്.
പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ 10മുതല്‍ വൈകുന്നേരം 5 മണിവരെയായിരുന്നു വോട്ടെടുപ്പ്. 725 എംപിമാര്‍ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു. ബിജെപിയുടെ സണ്ണി ഡിയോള്‍, സഞ്ജയ് ധോേ്രത എന്നിവര്‍ വോട്ട് ചെയ്തില്ല. അനാരോഗ്യം കാരണമാണ് ഇവര്‍ വിട്ടുനിന്നത് എന്നാണ് പാര്‍ട്ടി വിശദീകരണം.
തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന പാര്‍ട്ടി നിര്‍ദേശം മറികടന്ന് രണ്ട് ടിഎംസി എംപിമാര്‍ വോട്ട് ചെയ്തു. സിസിര്‍ അധികാരി, ദിബ്യേന്തു അധികാരി എന്നിവരാണ് വോട്ട് ചെയ്തത്. ഇവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തേക്കുമെന്ന് സൂചനയുണ്ട്. 34 തൃണമൂല്‍ എംപിമാര്‍ വോട്ട് രേഖപ്പെടുത്തിയില്ല.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like