നിരീക്ഷണം: സഭാ ഇലക്ഷൻ പരിഹാരം എന്ത് ? | എഡിസൺ ബി ഇടയ്ക്കാട്

കൃത്യമായ ഇടവേളകളിൽ നടക്കുന്ന സഭാ, പുത്രിക സംഘടനാ തെരഞ്ഞെടുപ്പുകൾ കൂടുതൽ  ചർച്ചകളിലേക്ക്
നയിക്കാറുണ്ട്. പാനലുകൾ രൂപപ്പെടുത്തി ചേരിതിരിഞ്ഞ് നടത്തുന്ന ഇത്തരം തെരഞ്ഞെടുപ്പുകൾ വ്യക്തി ബന്ധങ്ങൾ വഷളാക്കുന്നതിനും സഭ അവഹേളിക്കപ്പെടുന്നതിനും കാരണമാകാറുണ്ട്. തെരഞ്ഞെടുപ്പ് സമ്പ്രദായങ്ങളിൽ കാലോചിതമായ മാറ്റം വരുത്തി പരിഹാരം കണ്ടെത്തേണ്ടതുണ്ട് എന്ന് പലരും അഭിപ്രായപ്പെടാറുണ്ട്.

ജനാധിപത്യ രീതിയിലെ തെരഞ്ഞെടുപ്പുകൾ സംഘടനകൾക്ക് അത്യാവശ്യമെങ്കിലും പരസ്പരം പോരുവിളിച്ചം വ്യക്തിഹത്യ നടത്തിയും ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചും തിരഞ്ഞെടുപ്പിനെ നേരിടുന്നത് വിശ്വാസ സമൂഹത്തിന് ഭൂഷണമല്ല എന്നതാണ് പൊതു അഭിപ്രായം. ഭരണഘടനാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട സംഘടനകൾ ആണെങ്കിലും വേദപുസ്തക മൂല്യങ്ങൾക്ക് പരിഗണന കൊടുക്കേണ്ടതുണ്ടല്ലോ. പിതാക്കന്മാർ പഠിപ്പിച്ച ഉപദേശങ്ങളെ അടിസ്ഥാനമാക്കി ഭരണഘടനയിൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തുക വെല്ലുവിളിയാണെന്നതാണ് സത്യം. ഒരുകാലത്ത് വിമർശന വിധേയവും വിശ്വാസികൾക്ക് നിഷേധിക്കപ്പെട്ടതുമായ പലതും ഈ കാലത്ത് വിശ്വാസികൾക്കിടയിൽ അംഗീകരിക്കപ്പെട്ടവയായി മാറി എന്നതാണ് ഭരണഘടന പരിഷ്കാരത്തിന്റെ പ്രധാന പ്രശ്നം. പരമ്പരാഗത പെന്തക്കോസ്ത് സഭകളും ഇടവേളകളിൽ പൊട്ടിമുളയ്ക്കുന്ന ഇതര പെന്തക്കോസ്ത് സഭകൾക്കും ഉപദേശങ്ങളിൽ വേണ്ടത്ര യോജിപ്പില്ലാത്തതും വെല്ലുവിളി തന്നെ. ചിലർ നിഷേധിക്കുന്നതിനെ മറ്റു ചിലർ അംഗീകരിക്കുന്നതും പുതുതലമുറകൾക്കിടയിൽ പാരമ്പര്യ പെന്തക്കോസ്ത് സഭകൾക്ക് സ്വാധീനം ചെലുത്താൻ കഴിയാത്തതും മറ്റൊരു വെല്ലുവിളിയാണ്.

സഭാ തിരഞ്ഞെടുപ്പിന്റെ ബദൽ മാർഗം എന്ത് എന്ന പ്രധാന വിഷയം ചർച്ചകളിലേക്ക് വന്നാൽ എങ്ങനെ അവയ്ക്ക് പരിഹാരം കണ്ടെത്തും ? സഭകളുടെ സംഘടനാ ഘടനയും, ഭരണഘടനയും, വേദപുസ്തക ഉപദേശവും ഇതിന് അടിസ്ഥാനമാക്കേണ്ടി വരും എന്നത് യാഥാർത്ഥ്യമാണ്. ഐ പി സി എന്ന പരമ്പരാഗത പെന്തക്കോസ്ത് പ്രസ്ഥാനത്തിന്റെ സംസ്ഥാന, ജനറൽ തെരഞ്ഞെടുപ്പുകളാണ് ഇപ്പോൾ ചർച്ചകളിൽ മുന്നിലുള്ളത്. തിരഞ്ഞെടുപ്പ് ചൂട് പിടിക്കുന്നതിനിടയിൽ നിരവധി നിർദ്ദേശങ്ങൾ ഉയർന്നു കഴിഞ്ഞു. എന്നാൽ ഇവയെല്ലാം പരിഗണിക്കപ്പെടുമോ എന്നത് അറിയേണ്ടിയിരിക്കുന്നു.

സെന്റർ, മേഖല, സ്റ്റേറ്റ് എന്നിങ്ങനെ മൂന്നായി തിരിച്ചാണ് സംസ്ഥാനങ്ങളുടെ ഘടനാപരമായ ഭരണസംവിധാനം. അധികാര ഘടനയിൽ മേഖലയ്ക്ക് ഭരണഘടനാ സാധുത ഇല്ലെങ്കിലും അനിവാര്യമായത് തന്നെ. ഭരണഘടന ഭേദഗതികളിലൂടെ ഇവ ആദ്യം ഉറപ്പാക്കേണ്ടതാണ്. ഓരോ സഭയും പൊതുസഭ കൂടി തെരഞ്ഞെടുത്ത് അയക്കുന്ന പ്രതിനിധികളും ശുശ്രൂഷകന്മാരുമാണ് സെന്റർ ഭരണസമിതിയിൽ പദവികളിൽ എത്തുന്നത്. മേൽഘടകങ്ങളായ മേഖല സ്റ്റേറ്റ് തെരഞ്ഞെടുപ്പുകൾക്കും ഇതേ മാനദണ്ഡമാണ് പരിഗണിക്കുന്നത്.

എന്നാൽ മേഖല സ്റ്റേറ്റ് തെരഞ്ഞെടുപ്പും ജനറൽ കൗൺസിൽ ഇലക്ഷനും കൂടുതൽ ആവേശഭരിതമായി മാറുകയാണ് പതിവ്. പാനലുകൾ രൂപീകരിച്ച് പ്രതിപുരുഷന്മാരെയും ശുശ്രൂഷകമാരെയും നേരിട്ട് കണ്ടും ഓൺലൈൻ പ്രചാരണങ്ങളിലൂടെയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കൊഴുപ്പിക്കുകയാണ് പതിവ്. എന്നാൽ തെരഞ്ഞെടുപ്പ് അടുക്കുംതോറും വീറും വാശിയും വർദ്ധിക്കുകയും വ്യക്തിപരമായ ആക്രമണങ്ങളിലേക്ക് കടക്കുകയും ചെയ്യും. ഇതിൽ തിരുത്തലുകൾ അനിവാര്യമായത് തന്നെ.

ഗൗരവമായ ചർച്ചകളും പരിഷ്കരിച്ച തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും ആണ് ഇനി ആവശ്യം. തെരഞ്ഞെടുക്കപ്പെടുന്നവർ ആദ്യം പരിഹരിക്കേണ്ടുന്നതും ഇത് തന്നെ. വിവിധ സഭാ നേതൃത്വങ്ങൾ ഒരുമിച്ചിരിക്കാനും സഭകളിലെ തെരഞ്ഞെടുപ്പ് പ്രക്രിയകൾ കൂടുതൽ ആക്ഷേപരഹിതമാക്കാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

എഡിസൺ ബി ഇടയ്ക്കാട്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.