ചെറു ചിന്ത: ഇനി നമ്മുടെ ജീവിതം തന്നെ ഒരു പ്രാർത്ഥനയാവട്ടെ | ബിജോ മാത്യു, പാണത്തൂർ

സൊറെൻ കിർക്ഗാഡ് എന്ന ഡാനിഷ് തത്വ ചിന്തകൻ പറഞ്ഞ ഒരു കഥ ഇങ്ങനെയാണ്. പാടശേഖരങ്ങളിൽ ആളുകൾ വളർത്തുന്ന ഒരുകൂട്ടം വാത്തകൾ ഒരു ദിവസം ഒത്തുകൂടുകയും അതിൽ നേതാവ് എന്ന് തോന്നുന്ന ഒരു വാത്ത വാതോരാതെ വാത്തകളുടെ മഹത്വത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. “ഒരു കോഴിയെ ക്കാളും തങ്ങൾക്കുള്ള ധാരാളം പ്രത്യേകതകൾ” അത് വിവരിച്ചു. സൗന്ദര്യം, ഭംഗി, കഴിവ്, വലിപ്പം എല്ലാം പറയപ്പെട്ടു.

post watermark60x60

മറ്റുവാത്തകൾ ആഹ്ലാദത്തോടെ ശബ്ദഘോഷം മുഴക്കി. പെട്ടെന്ന് എരണ്ടകളുടെ (കാട്ടുതാറാവ്) ഒരുകൂട്ടം, തങ്ങളുടെ തലയ്ക്കുമുകളിലൂടെ ഉയരത്തിൽ പറന്നു പോകുന്നത് അവർ കണ്ടു. നീലനിറമുള്ള ആകാശവീഥിയിലൂടെ, ചലിക്കുന്ന ഒരു മനോഹരചിത്രം പോലെ അവ പറന്നു പോയിക്കൊണ്ടിരുന്നു.

അത് കണ്ട് വാത്തകൾ തമ്മിൽ തമ്മിൽ നോക്കി പറഞ്ഞു.”ശരിക്കും നമ്മൾ അതുപോലെ പറക്കാനായി ജനിച്ചവരാണ്. നമുക്ക് വലിയ ചിറകുകളുണ്ട്. നാം ചെളി കണ്ടത്തിൽ സമയം കളയണ്ടവരല്ല”. എന്നാൽ അല്പം കഴിഞ്ഞ് പാടശേഖരത്തിലെക്ക്‌ തന്നെ അവർ മടങ്ങി. അവർ പറന്നില്ല. വാസ്തവത്തിൽ ഭൂരിഭാഗം ആളുകളും ഈ വാത്തകളെ പോലെയാണ്. പറക്കുന്ന കാര്യത്തെക്കുറിച്ച് സംസാരിക്കുമെങ്കിലും പറക്കില്ല.

Download Our Android App | iOS App

യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും. അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചു കയറും. ആത്മമണ്ഡലത്തിൽ ചിറകടിച്ചു പറക്കാൻ നമുക്ക് കഴിയണം. കളിയാക്കലുകൾ അവഗണിക്കുക, പരിഹാസങ്ങൾ കണ്ടില്ലെന്ന് നടിക്കുക, താഴ്വരയിൽ നിന്നും യേശുവും ശിഷ്യരും മലകയറി പോകാൻ ആരംഭിക്കുന്നു.

കയറ്റം എന്നത് പ്രയാസമുള്ള കാര്യമാണ്. എന്നിരുന്നാലും ചെങ്കുത്തായ മലയെ തോൽപ്പിച്ച് അവർ അടിവെച്ചു കയറുന്നു. പ്രാർത്ഥന ഒരു മലകയറ്റം പോലെ ബുദ്ധിമുട്ടേറിയതാണ്. അപ്പോൾ തന്നെ പ്രതിസന്ധി നിറഞ്ഞതും. എന്നിരുന്നാലും അവർ നാലുപേരും മലയുടെ മുകളിൽ എത്തുന്നു.

അപ്പോൾ പത്രോസ് കണ്ടു, രൂപഭാവങ്ങൾ മാറിയ ക്രിസ്തുവിനെ.. ഭൂമിയിലെ ഒരു അലക്കുകാരനും അലക്കി വെളുപ്പിക്കാൻ കഴിയാത്തവിധം യേശുവിന്റെ വസ്ത്രങ്ങൾ വെളുത്തതായിരുന്നു. തേജസ് വാരി പുതച്ച യേശുവിനെ അവർ കണ്ടു. പ്രാർത്ഥനയിൽ ക്രിസ്തുവിന്റെ മഹത്വം നമുക്ക് ദർശിക്കാൻ കഴിയും. പിന്നീട് ദിഗന്തങ്ങൾ ഭേദിക്കുന്ന ഒരു ശബ്ദം അവർ കേട്ടു.അത് ദൈവശബ്ദം ആയിരുന്നു.

ദൈവത്തെ ആത്മാവിൽ കാണാനും ദൈവ ശബ്ദം കേൾക്കാനും കഴിയുന്നത് പ്രാർത്ഥനയുടെ ഉയരങ്ങളിൽ നാം എത്തുമ്പോഴാണ്. എഡ്മണ്ട് ഹിലാരിയും ടെൻസിങ് നോർഗെ യും ലോകത്ത് അന്നുവരെ ആരും കണ്ടിട്ടില്ലാത്ത ആ മഹാ പർവതത്തിന്റെ മുകളിലെത്തി. എവറസ്റ്റിന്റെ. മഞ്ഞുവീഴ്ച, സാഹസിക മലകയറ്റം, കാറ്റ് ഇതെല്ലാം തരണം ചെയ്തു അവർ മുകളിലെത്തി.

നാം തോൽക്കാൻ വിധിക്കപ്പെട്ടവർ അല്ല. പ്രാർത്ഥന പർവ്വതത്തിന്റെ ഉയരങ്ങളിൽ എത്തേണ്ടവരാണ്. നമ്മുടെ ജീവിതം തന്നെ ഒരു പ്രാർത്ഥന ആവട്ടെ…

ബിജോ മാത്യു പാണത്തൂർ.

-ADVERTISEMENT-

-ADVERTISEMENT-

You might also like