ചരിത്രം കുറിച്ച് പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മൂ സ്ഥാനമേറ്റു

KE News Delhi Desk

ന്യൂഡല്‍ഹി: പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മൂ സ്ഥാനമേറ്റു. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ 10.15നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യന്‍ രാഷ്ട്രപതി സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിതയാണ് മുര്‍മൂവെങ്കിലും, ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുന്ന ആദ്യ വനിതയെന്ന ബഹുമതി ദ്രൗപദീ മുര്‍മൂവിനാണ്.
കൂടാതെ രാഷ്ട്രപതിയായി റെയ്സീന കുന്നിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും മുര്‍മൂവാകും. സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച്‌ മുര്‍മുവിന്റെ വസതിയിലേക്ക് രാജ്യത്തുടനീളമുള്ള ഗോത്രവര്‍ഗ്ഗ കലാസംഘങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. തങ്ങളില്‍ നിന്നുള്ള ഒരാള്‍ രാജ്യത്തെ പരമോന്നത പദവിയില്‍ എത്തിയതിന്റെ ആഹ്ലാദ പ്രകടനങ്ങളിലാണ് സംഘം.
രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പമാണ് നിയുക്ത രാഷ്ട്രപതി പാര്‍ലമെന്റില്‍ എത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം മുര്‍മുവിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ശേഷം അവര്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ചടങ്ങില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യാ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്‍.വി രമണ, ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല, മന്ത്രിമാര്‍, സംസ്ഥാന ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍ തുടങ്ങിയ പ്രമുഖരെല്ലാം പങ്കെടുത്തു.
സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതിനാല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും നാളെ രണ്ടു മണിക്ക് മാത്രമേ ചേരുകയുള്ളു. പാര്‍ലമെന്റിന് ചുറ്റുമുള്ള 30 ഓഫീസുകള്‍ക്ക് ഉച്ചവരെ അവധിയും നല്‍കി

യിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ 6,76,803 വോട്ട് മൂല്യം നേടിയാണ് മുര്‍മൂ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് എത്തിയത്. 2824 വോട്ടുകള്‍ മുര്‍മു സ്വന്തമാക്കി. കേവല ഭൂരിപക്ഷത്തിനായി 5,28,491 വോട്ട് മൂല്യമാണ്  നേടേണ്ടിയിരുന്നത്. മൂന്നാംവട്ട വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ തന്നെ മുര്‍മു കേവല ഭൂരിപക്ഷം മറികടക്കുകയായിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like