ലേഖനം: തെക്കൻ കുരിശും, മഗല്ലൻ മേഘങ്ങളും | ബിജോ മാത്യു പാണത്തൂർ

നൂറ്റാണ്ടുകൾക്കു മുമ്പ് കപ്പലുകൾ സഞ്ചരിച്ചിരുന്നത് നക്ഷത്രങ്ങളെ നോക്കി ദിക്കും,ദിശയും കണ്ടു പിടിച്ചായിരുന്നു.ജി.പി.എസും,റഡാറും ഒന്നുമില്ലതിരുന്ന ഒരു കാലം.കാറ്റിന്റെ ഗതിക്കനുസരിച്ചു കപ്പലോടിക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്ന സമയം. അപ്പോൾ അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളിൽ ധാരാളം കപ്പലുകൾ തലങ്ങും വിലങ്ങും സഞ്ചരിച്ചിരുന്നു.പര്യവേക്ഷണത്തിനും വാണിജ്യത്തിനുമായി ആളുകൾ ഭൂഖണ്ഡങ്ങൾ താണ്ടിയിരുന്ന കാലമായിരുന്നു.

ഇന്നത്തെ പനാമ കനാൽ നിർമ്മിക്കപ്പെടുന്നതിനു മുമ്പ് ഒരു കപ്പൽ, ന്യൂയോർക്കിൽ നിന്ന് കാലിഫോർണിയക്കു പോകണമെങ്കിൽ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഏറ്റവും തെക്കുള്ള ഹോൺ മുനമ്പ് ചുറ്റി പസഫിക് സമുദ്രത്തിൽ പ്രവേശിച്ചു വീണ്ടും വടക്കോട്ടു സഞ്ചരിക്കണമായിരുന്നു.മടക്കയാത്രയിൽ തിരിച്ചും.ഇത് ദീർഘമായൊരു യാത്രയാണ്.തെക്കോട്ടു പോകുമ്പോൾ കാലാവസ്ഥ മാറും,തണുപ്പ് കൂടിവരും, ഭൂപ്രകൃതി മാറും,ആളുകളുടെ നിറം, ഭാഷ, വംശീയത,സംസ്കാരം എല്ലാം മാറും.രാജ്യങ്ങൾ പലതു മാറി വരും, ഇതുവരെയും കണ്ടിട്ടില്ലാത്ത പക്ഷികളും, മൃഗങ്ങളുമൊക്കെ കരയിൽ കാണപ്പെടും.മൂടൽ മഞ്ഞു കൂടിവരും. പിന്നെയും മൈലുകൾ പിന്നിടുമ്പോൾ മഞ്ഞിന്റെ ചെറിയ കട്ടകൾ സമുദ്രത്തിൽ പ്രത്യക്ഷപ്പെടും.പതുക്കെ അവ വലുതാവും, മഞ്ഞു മലകളാകും.

ഈ സമയത്തു പരിചയസമ്പന്നരായ നാവികർ ആകാശത്തു നക്ഷത്രങ്ങളുടെ ഗതി നോക്കും.ആകാശത്തിനു മറ്റൊരു നിറം കൈവന്നിരിക്കുന്നു.ഭംഗി കൂടിയിരിക്കുന്നു.ഈ സമയത്തു തെക്കൻ ചക്രവാളത്തിൽ കുരിശിന്റെ ആകൃതിയിൽ രണ്ടു വരകൾ വരച്ചാൽ യോജിപ്പിക്കാവുന്ന രീതിയിൽ നാല് നക്ഷത്രങ്ങൾ നിൽക്കുന്നത് കാണാം.നാവികർ ഇതിനെ തെക്കൻ കുരിശെന്ന് വിളിക്കുന്നു.ദക്ഷിണാർദ്ധ ഗോ ളത്തിൽ മാത്രമേ ഈ കാഴ്ച ഭംഗിയായി കാണാൻ കഴിയൂ.ഇതിനപ്പുറം പ്രകാശിക്കുന്ന മേഘപടലങ്ങൾ പോലെ രണ്ടു കൂട്ടം നക്ഷത്രങ്ങൾ കാണാം.ഇവയെ വിളിക്കുന്ന പേര് മഗല്ലൻ മേഘങ്ങൾ എന്നാണ്.(ഏതാണ്ട് 266 പ്രകാശ വർഷം അകലെയുള്ള രണ്ടു കുള്ളൻ ഗ്യലക്സികളാണ് ഇവ.നമ്മുടെ ഗ്യലക്സിയായ ക്ഷീരപഥത്തെ ചുറ്റുന്നു.)

post watermark60x60

ഈ രണ്ടു കാഴ്ചകളും കണ്ടു തുടങ്ങിയാൽ ദക്ഷിണ ദ്രുവത്തോടടുത്താണ് തങ്ങൾ, എന്ന് അവർക്കു മനസിലാവും.ചില ദിവസങ്ങൾ കഴിയുമ്പോൾ തണുപ്പ് അതി കഠിനമാകും അവർ ഹോൺ മുനമ്പിലെത്തും.കപ്പൽ വടക്കോട്ടു, പസഫിക്കിലേക്ക് തിരിക്കും.തെക്കൻ കുരിശ് ഒരു അടയാളമാണ്.അവർക്ക് വടക്കോട്ടു തിരിയാനുള്ള സമയമായി എന്ന് കാണിക്കുന്ന അടയാളം.

നാവികർ ആകാശത്തു അടയാളം കാണുമ്പോൾ തങ്ങൾക്ക് തിരിയേണ്ട ദിശയെതെന്നു മനസിലാക്കുന്നതു പോലെ ലോകസംഭവങ്ങളാകുന്ന അടയാളങ്ങൾ കാണുമ്പോൾ തങ്ങളുടെ വീണ്ടെടുപ്പ് അടുത്തിരിക്കുന്നു എന്ന് ദൈവ ജനം മനസിലാക്കണം.ലോകസംഭവങ്ങൾ വിളിച്ചു പറയുന്നത് യേശുവിന്റെ വരവിനെയാണ്.പകർച്ചവ്യാധിയും ക്ഷാമവും ഭൂകമ്പങ്ങളുമെല്ലാം വരവിന്റെ ലക്ഷണങ്ങളാണ്.

മേഘം പൊങ്ങുമ്പോൾ കൂടാരത്തിന്റെ കുറ്റിയൂരി കയറുകൾ അഴിച്ചു ഇസ്രായേൽ യാത്രയ്ക്ക് സജ്ജരാകുമായിരുന്നു.മേഘം പൊങ്ങുന്നത് ഒരു അടയാളമാണ്.നാമും അടയാളങ്ങളെ വിവേചിക്കണം.കാഹളം ധ്വനിക്കാൻ സമയമായി, സഭ എടുക്കപ്പെടാൻ സമയമായി. ഈ ലോകമാകുന്ന സമുദ്രത്തിലൂടെയുള്ള യാത്ര അവസാനിച്ചു,സ്വർഗീയ വൻകരയിൽ ചെന്നടുക്കാൻ നമ്മുടെ ജീവിതമാകുന്ന യാ നത്തിന് സമയമായി, അതിനായി നമ്മെ തന്നെ ഒരുക്കാം.

– ബിജോ മാത്യു പാണത്തൂർ

-ADVERTISEMENT-

-ADVERTISEMENT-

You might also like