സഭയിൽ ഇന്നും ജെൻഡർ വിവേചനം നിലനിൽക്കുന്നു: പാസ്റ്റർ ജെയ്സ് പാണ്ടനാട്

കോട്ടയം: സാമൂഹിക ക്രമം ഏറെ മാറിയിട്ടും ഇന്നും സഭയിൽ ജെൻഡർ വിവേചനം നിലനിൽക്കുന്നുവെന്ന് പിസിഐ സ്റ്റേറ്റ് ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് പ്രസ്താവിച്ചു. പെന്തകോസ്ത് വുമൻസ് കൗൺസിൽ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

post watermark60x60

സഭയ്ക്ക് സ്ത്രീകളോടുള്ള സമീപനത്തിൽ വചനാധിഷ്ടിതവും കാലോചിതവുമായ മാറ്റങ്ങൾ ആവശ്യമാണ്. മിഷൻ, ലീഡർഷിപ്പ്, അധ്യാപനം, മിനിസ്ട്രി എന്നീ മേഖലകളിൽ കൂടുതൽ വനിതാ പ്രാതിനിധ്യവും പങ്കാളിത്തവും ഉണ്ടാകണം. ഈ കാര്യത്തിൽ പ്രൊട്ടസ്റ്റൻ്റ് സഭകൾ കൂടുതൽ മുന്നോട്ട് പോയിട്ടുണ്ട്. വനിതകളുടെ കഴിവുകൾ കൂടുതൽ പരിപോഷിപ്പിക്കാൻ സഭയ്ക്ക് കഴിയണം. യുവജന സംഘടനകളുടെ നേതൃത്വത്തിൽ യുവതികൾ പരിഗണിക്കപ്പെടാറില്ല. ഈ അവസ്ഥ മാറണം. പ്രബുദ്ധരും വിദ്യാസമ്പന്നരും സംഘടനാ പാടവവും ഉള്ള യുവതികൾ നമ്മുടെ ഇടയിൽ ഉണ്ട്. എന്നാൽ അവർ യുവജന പ്രസ്ഥാനങ്ങളുടെ കമ്മിറ്റികളിൽ ഇല്ല. വൈജ്ഞാനിക വൈഭവമുള്ള വനിതകൾ സഭയുടെ നേതൃത്വത്തിലേക്ക് വരണം. ഭാരതത്തിലെ സ്ത്രീകളെ ക്രിസ്തുവിങ്കലേക്ക് നയിക്കാനുള്ള ഉത്തരവാദിത്വം ഭാരതസഭയിലെ വനിതകൾക്കാണ്. അത് നിർവ്വഹിക്കാൻ വനിതകളെ ശാക്തീകരിക്കണം. വാർഷിക ക്യാമ്പുകൾ മാത്രം നടത്തി പിരിയുന്ന പതിവ് പരിപാടികൾ അവസാനിപ്പിച്ച്, പുതിയ പ്രവർത്തന മേഖലകൾ കണ്ടെത്തണം. ഇതിന് വനിതാ നേതാക്കന്മാർക്കും പ്രവർത്തകർക്കും പരിശീലനം ആവശ്യമാണ്. ഭാവനാപൂർവ്വമായ പദ്ധതികൾ ആവഷ്കരിക്കണം.
വെബ് ഇവാഞ്ചലിസ്റ്റ്കളായ ( ഓൺലൈൻ പ്രസംഗകർ) വനിതകൾ കൂടുതൽ ജാഗ്രത പുലർത്തണം. ഇക്കൂട്ടർക്ക് കൂടുതൽ ട്രെയിനിങ് ആവശ്യമാണ്. പ്രസംഗം, വ്യാഖ്യാനം, ശുശ്രൂഷ എന്നിവ പക്വതയോടെ കൈകാര്യം ചെയ്യാൻ വനിതാ ശുശ്രൂഷകൾക്ക് വേദശാസ്ത്ര പരിശീലനം ആവശ്യമാണ്. ഇൻ്റെലക്ച്വൽ ആയ വനിതാ പ്രവർത്തകർ സഭയിൽ ഇല്ലെന്ന് തന്നെ പറയാം. അതുപോലെ ആക്ടിവിസ്റ്റുകളും. സാമൂഹിക വിഷയ ഇടപെടൽ കുറവാണ്. സ്ത്രീകൾക്ക് എതിരെയുള്ള ഹിംസാത്മകമായ അതിക്രമങ്ങളെ കളിൽ അഭിപ്രായം പോലും നമ്മുടെ വനിതാ സംഘടനകൾ രേഖപ്പെടുത്താറില്ല. ഈ സ്ഥിതി മാറണം. സ്ത്രീ വിരുദ്ധമായ കൺസർവേറ്റീവ് നിലപാടുകളിൽ നിന്നും സഭ പുറത്ത് വരണം.

സ്ത്രീപുരുഷ ബന്ധങ്ങൾ കാപട്യമില്ലാത്തതും കൂടുതൽ പരസ്പരം പ്രചോദിപ്പിക്കുന്നതുമാകാതെ കേരളീയ ജീവിതത്തിൽ ഒരു തുറയിലും ഒരിഞ്ചു മുന്നോട്ട് പോകാനാവില്ല. പരസ്പരം പഴിചാരുന്നതും ആവർത്തനവിരസവുമായ സംവാദങ്ങളിൽ കുടുക്കിയിട്ട്, സ്ത്രീകളെ പൊതുവെ ഏതാണ്ട് നെഗറ്റീവായ സദാചാരബോധത്തിൽ തളച്ചിട്ട് ഒരു സമൂഹത്തിനും മുന്നോട്ട് നീങ്ങാനാവില്ല, പാസ്റ്റർ ജെയ്സ് പാണ്ടനാട് വിശദീകരിച്ചു.

Download Our Android App | iOS App

സിസ്റ്റർ ഷേർളി ഷാജി അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി വിജയികൾക്ക് പാസ്റ്റർ മാത്യൂ കുരുവിള ക്യാഷ് അവാർഡ് നൽകി. യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾക്ക് പാസ്റ്റർ ജെയ്സ് പാണ്ടനാട് മേമൻ്റോ നൽകി. പാസ്റ്റർന്മാരുടെ വിധവമാർക്ക് സാമ്പത്തീക സഹായവിതരണം പിസിഐ മിഷൻ കോഡിനേറ്റർ പാസ്റ്റർ രാജീവ് പൂഴനാട് നടത്തി.സിസ്റ്റർ ഒമേഗ സുനിൽ സമാപന സന്ദേശം നൽകി.

പാസ്റ്റർ ജിതിൽ വെള്ളക്കോട്ട്, സിസ്റ്റർ ഷേർളി സണ്ണി, അന്നമ്മ ജേക്കബ്, പാസ്റ്റർ ടീ കെ ബേബിച്ചൻ എന്നിവർ ആശംസ പറഞ്ഞു.

-ADVERTISEMENT-

-ADVERTISEMENT-

You might also like