ചെറു ചിന്ത: ഭരണി | റോയ് തോമസ് തൃശ്ശൂര്‍

ഞാൻ ഭരണി. ഭരണി എന്ന നക്ഷത്രമല്ല.മാങ്ങയിട്ടു വയ്ക്കുന്ന ഉപ്പു മാങ്ങാ ഭരണിയുമല്ല.എനിക്ക് ചില കഥകൾ നിങ്ങളോട് പറയുവാനുണ്ട്.ജയത്തിന്റെയും തോൽവിയുടെയും കഥകൾ .
ആദ്യം ജയത്തിന്റെ കഥ പറയാം.

ഞാൻ താമസിച്ചിരുന്നത് കഷ്ടപ്പാടും ദാരിദ്രവും നിറഞ്ഞ ഒരു ഭവനത്തിലായിരുന്നു. അമ്മയും മക്കളും മാത്രമുള്ള ഒരു ഭവനം. ഭർത്താവ് പ്രവാചകനായ എലീശയുടെ ശിഷ്യനായിരുന്നു. അദ്ദേഹം മരിച്ചപ്പോൾ കഷ്ടപ്പാടും ദുരിതവും ഏറിവന്നു. കടം വാങ്ങി കടം വാങ്ങി തിരിച്ചു കൊടുക്കുവാൻ പറ്റാത്ത നിലയിലായപ്പോൾ കടക്കാരൻ മക്കളെ അടിമകളാക്കി പിടിച്ചു കൊണ്ട് പോകുവാൻ വന്നു. പ്രാണരക്ഷാർത്ഥം അവൾ എലീശാ പ്രവാചകനോട് നിലവിളിച്ചു. ”നിന്റെ വീട്ടിൽ എന്താ മിച്ചമുള്ളത് ?” പ്രവാചകൻ ചോദിച്ചു. എന്നെ ചൂണ്ടി കൊണ്ട് അവൾ പറഞ്ഞു: ” ഇത് മാത്രമേയുള്ളു .ഒരു ഭരണി എണ്ണ” ” “ഉം..ഭരണിയിൽ നിന്നും എണ്ണ മറ്റു പാത്രങ്ങളിലേക്ക് പകരൂ” പ്രവാചകൻ കല്പിച്ചു. എന്നിൽ നിന്നും എണ്ണ പകരുവാൻ തുടങ്ങി. പാത്രങ്ങളില്‍ നിന്നും പാത്രങ്ങളിലേക്ക്…എന്നിലെ എണ്ണ തീരാറായപ്പോൾ ദൈവം വീണ്ടും വീണ്ടും എന്നിലേക്കു പകർന്നു .പരിശുദ്ധാത്മാവാകുന്ന എണ്ണയാണ് എന്നിൽ നിന്നും വെറും പാത്രങ്ങളിലേക്ക് ഞാന്‍ പകരുന്നതെന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. ദൈവം പകരുന്ന എണ്ണ പലർക്കും ആശ്വാസമാണ്, ആനന്ദമാണ്, അനുഭവമാണ്. അതു ശക്തി നൽകും.രോഗസൗഖ്യം നൽകും.കഷ്ടതയിൽ ആശ്വാസം നൽകും. പെട്ടെന്നാണ് എന്നിലെ എണ്ണയുടെ പ്രവാഹം നിന്നു പോയത്.പകരാൻ ഇനി പാത്രങ്ങൾ ഇല്ലത്രേ ! ശരിയായിരിക്കാം.മറ്റു പലതും ആ പാത്രങ്ങളിൽ നിറച്ചീട്ടുണ്ടല്ലോ.അതുകൊണ്ടല്ലേ പാത്രങ്ങൾ തികയാതെ പോയത് ?

ഇതാണ് ഞാൻ പറഞ്ഞ ദൈവകൃപയുടെ ജയത്തിന്‍റെ കഥ.

എന്നാൽ ഇന്ന് …എന്നിലേക്ക് ദൈവം എണ്ണ പകരുന്നുണ്ട്. പക്ഷേ, ഞാൻ നിറയപ്പെടുന്നില്ല. എവിടെയോ അതു ചോർന്നു പോകുന്നു.ആർക്കും കണ്ടുപിടിക്കാനാവാത്ത ഏതോ സുഷിരത്തിലൂടെ.അത് എന്റെ ഒരു പരാജയമല്ലേ ? ഒരു വലിയ പരാജയം ?!! എനിക്ക് പ്രാര്‍ത്ഥിക്കുവാന്‍ സമയമില്ല, വചനം ധ്യാനിക്കുവാന്‍ സമയമില്ല. ആ സുഷിരം കണ്ടുപിടിക്കുവാനോ അത് മാറ്റിയെടുക്കുവാനോ സമയമില്ല.
പ്രിയരേ, ദൈവത്തിന്‍റെ ദാനമായ പരിശുദ്ധാത്മാവാകുന്ന ഈ എണ്ണ നാമാകുന്ന ഭരണിയിലേക്ക് ദൈവം പകരുന്നുണ്ട്. എന്നാല്‍ അത് നിറയാതെ നമ്മുടെ ബലഹീനത എന്ന സുഷിരത്തിലൂടെ നാമറിയാതെ ചോര്‍ന്നു പോകുന്നു.

നമുക്കുണരാം…നമ്മുടെ ബലഹീനതകളെ തിരിച്ചറിഞ്ഞ് ,അത് ജീവിതത്തില്‍ നിന്നും മാറ്റി ഒരു ആത്മ നിറവിനു വേണ്ടി നമുക്ക് കാത്തിരിക്കാം. നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല

ഈ ഭരണി…. അത് കര്‍ത്താവിന് മാനപാത്രമായി തീരട്ടെ

റോയ് തോമസ് തൃശ്ശൂര്‍

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.