അമേരിക്കയില്‍ അലബാമയിലെ ക്രൈസ്‌തവ ദേവാലയത്തിൽ വെടിവയ്പ്പ്; അക്രമി പിടിയിൽ

വാഷിംഗ്‍ടൺ: അമേരിക്കയിലെ അലബാമയില്‍ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. സെന്റ് സ്റ്റീഫന്‍സ് എപിസ്‌കോപല്‍ ചര്‍ച്ചിലാണ് വെടിവയ്പ്പ് നടന്നത്. പള്ളിയിലെത്തിയ അക്രമി വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമം നടത്തിയ ആളെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
പരിക്കേറ്റ രണ്ട് പേര്‍ ബര്‍മിംഗ്ഹാമിലെ യുഎബി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് വാര്‍ത്താ ഏജന്‍സി അറിയിച്ചു.
വെടിവെപ്പില്‍ സഭയും ക്രൈസ്തവ സമൂഹവും സ്തംഭിച്ചിരിക്കുകയാണെന്ന് അലബാമ രൂപതയിലെ എപ്പിസ്‌കോപ്പല്‍ വൈദികന്‍ റവ. കെല്ലി ഹഡ്ലോ ബ്രോഡ്കാസ്റ്റ് ഔട്ട്ലെറ്റ് ഡബ്ല്യുബിആര്‍സിയോട് പറഞ്ഞു. എല്ലാവിഭാഗം ജനങ്ങളും പരിക്കേറ്റവരുടെ ആരോഗ്യപുരോഗതിക്കായി പ്രാര്‍ത്ഥിക്കണമെന്നും വൈദികന്‍ അഭ്യര്‍ത്ഥിച്ചു.
രാജ്യത്തെ നടുക്കിയ വെടിവയ്പ്പു പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് അലബാമയിലെ പള്ളിയിലുണ്ടായത്. അമേരിക്കയിലെ കോര്‍ണര്‍ സ്റ്റോണ്‍ പള്ളിയില്‍ ജൂണ്‍ 3 ന് നടന്ന വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. മില്‍വൗക്കിയിലുള്ള സെമിത്തേരിയില്‍ നടന്ന വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മേയ് മാസം 25 ന് അമേരിക്കയിലെ ടെക്‌സാസിലുള്ള സ്‌കൂളില്‍ പതിനെട്ടുകാരന്‍ നടത്തിയ വെടിവെപ്പില്‍ 21 പേരായിരുന്നു കൊല്ലപ്പെട്ടിരുന്നത്. ഒക്ലഹോമയിലെ മെഡിക്കല്‍ സ്ഥാപനത്തിനുള്ളില്‍ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.
അമേരിക്കയില്‍ തുടര്‍ച്ചയായി നടക്കുന്ന കൂട്ടക്കൊലയില്‍ ആശങ്ക അറിയിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തെ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കണമെന്നും ബൈഡന്‍ പറഞ്ഞു.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading