ചെറുചിന്ത: ഒരു സ്വപ്നത്തിന്റെ പൊരുൾ തേടി | പാസ്റ്റർ ബിജോ മാത്യു, പാണത്തൂർ

യോസേഫ് ഒരു സ്വപ്ന സഞ്ചാരി ആയിരുന്നില്ല. പക്ഷേ ദൈവം കാണിച്ച സ്വപ്നത്തിലേക്ക് നടന്നടുത്തവൻ ആയിരുന്നു.ആ നടപ്പ്‌ വേദനയുടെ വൈതരണിയിലൂടെയും ഒറ്റപ്പെടലിലൂടെയും ആയിരുന്നു.പൊട്ടകിണറ്റിലും, യിശ്മായേല്യ കച്ചവടക്കാരുടെ ഒട്ടകക്കൂട്ടത്തിലും, തടവറയിലെ ഇരുട്ടിലും, യോസേഫ് സ്വപ്നത്തിന്റെ അർഥം തിരഞ്ഞില്ല.വണങ്ങുന്ന സൂര്യചന്ദ്രന്മാരും, പിന്നെ പതിനൊന്നു നക്ഷത്രങ്ങളും, വയലിൽ എഴുനേറ്റു നിന്ന് തന്നെ വണങ്ങുന്ന പതിനൊന്നു കറ്റകളും.ഇവയായിരുന്നു യോസേഫിന്റെ സ്വപ്നം. വെറുമൊരു പാഴ്കിനാവണത് എന്ന് വിശ്വസിക്കാൻ യോസേഫ് ഒരു അവിശ്വാസി ആയിരുന്നില്ല.പകരം ജീവനുള്ള ദൈവത്തെ അതിയായി വിശ്വസിച്ച ശക്തനായ വിശ്വാസിയായിരുന്നു.

post watermark60x60

നിഴൽപോലെ കൂടെ നടന്ന സഹോദരങ്ങൾ 20 വെള്ളിക്കാശിനു വില പറഞ്ഞു വിൽക്കുമ്പോൾ തകർന്ന മനസുമായി ദുഖത്തിന്റെ ആഴത്തിലേക്ക് മുങ്ങി താഴുന്ന യോസേഫിനെ ബൈബിൾ പരിചയപ്പെടുത്തുന്നു. കച്ചവടക്കാരുടെ ഒട്ടക കൂട്ടത്തിൽ മണൽകാട്ടിലൂടെ നടക്കുമ്പോൾ ഒട്ടകങ്ങളുടെ കുടമണി ശബ്ദത്തിനൊപ്പം മിടിച്ചതു അവൻറെ ഹൃദയമാണ്.മിസ്രയിമിലെ അടിമ ചന്തയിൽ വിൽക്കപെട്ടതു അവൻറെ ഉറച്ച ശരീരം മാത്രമല്ല, അപമാനഭാരത്താൽ വ്യഥയിലാണ്ട അവന്റെ കരയുന്ന മനസും കൂടെയാണ്. എന്നാൽ ചെയ്യാത്ത തെറ്റിന് തുറുങ്കിൽ അടയ്ക്കപ്പെട്ടപ്പോൾ താഴ് വീണത് ജയിൽ വാതിലിനു മാത്രമായിരുന്നു അവന്റെ ഹൃദയ ത്തിനായിരുന്നില്ല. ദൈവ സന്നിധിയിൽ അത് തുറന്നു തന്നെ കിടന്നു.

അപ്പക്കാരുടെ പ്രമാണി അവനെ ഓർക്കാതെ മറന്നു കളഞ്ഞപ്പോഴും സർവശക്തൻ മറക്കാതെ ഓർത്തു.അവൻ കണ്ട സ്വപ്‌നങ്ങൾ കൊണ്ട് ജീവിതമാകെ ഉടയപ്പെട്ടപ്പോൾ ഫറവോൻ കണ്ട രണ്ടു സ്വപ്‌നങ്ങൾ കൊണ്ട് അത് വീണ്ടും പണിയ പ്പെട്ടു.മിസ്രയിമിന്റെ പ്രധാന മന്ത്രിയായി യോസേഫ് മാറുകയായിരുന്നു. ഒരു സ്വപ്നത്തെ നെഞ്ചിലേറ്റി ധീരനെപോലെ അദ്ദേഹം നടന്നു കയറിയത് അതിന്റെ പൊരുളിലേക്കായിരുന്നു. ഏതൊരു സ്വപ്നം കൊണ്ട് പ്രശ്‍നങ്ങൾ തുടങ്ങിയോ അതിന്റെ നിവൃത്തീകരണത്തിലേക്കുള്ള യാത്രയായിരുന്നു യോസേഫിന്റെ ജീവിതം. ഒരു സ്വപ്നത്തിന്റെ പൊരുൾ തേടിയുള്ള യാത്ര.

-ADVERTISEMENT-

You might also like