എഡിറ്റോറിയൽ: ജീവന് പകരമായ് ജീവൻ മാത്രം | രാജേഷ് മുളന്തുരുത്തി

ലോകമെമ്പാടുമുള്ള രക്തദാതാക്കളോട് നന്ദി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ലോകാരോഗ്യ സംഘടനയുടെ ആഹ്വാന പ്രകാരം എല്ലാവർഷവും ജൂൺ 14 ന് ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു. ഈ ദിനാചരണം 2004 മുതലാണ് ആരംഭിച്ചത്. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെപ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനുമായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്. രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ലാന്റ് സ്റ്റെയിനര്‍ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്തദാന ദിനമായി ലോകം ആചരിക്കുന്നത്. ഈ വര്‍ഷത്തെ രക്തദാന ദിന സന്ദേശം “രക്തദാനം ചെയ്യുന്നത് ഐക്യദാര്‍ഡ്യമാണ്. പരിശ്രമത്തില്‍ പങ്കുചേരൂ, ജീവന്‍ രക്ഷിക്കൂ” എന്നതാണ് . കൂടുതല്‍ ആളുകളെ രക്തം ദാനം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതും ലോകമെമ്പാടുമുള്ള രക്തദാതാക്കളോട് നന്ദി പ്രകടിപ്പിക്കുന്നതുമാണ് ഈ ദിനത്തിൻ്റെ മറ്റ് പ്രധാന ലക്ഷ്യങ്ങള്‍. രക്തദാനത്തെ കുറിച്ചുള്ള അറിവില്ലായ്മകളും അനാവശ്യ ഭയങ്ങളും മാറ്റിവെച്ച് ഈ ‘ഒഴുകുന്ന ജീവനെ’ പങ്കുവെക്കാന്‍ നാം ഓരോരുത്തരും സന്നദ്ധരാകണം.

ആരോഗ്യമുള്ള ഏതൊരാള്‍ക്കും രക്തദാനം ചെയ്യാം. പ്രായം 18 നും 65 നും ഇടയില്‍ ആയിരിക്കണം. ഭാരം 45-50 കിലോഗ്രാമില്‍ കുറയാതിരിക്കുകയും ശരീര താപനില നോര്‍മലായിരിക്കുകയും വേണം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12.5 ശതമാനത്തില്‍ കുറയരുത്. മൂന്ന് മാസത്തില്‍ ഒരിക്കല്‍ മാത്രമേ ഒരാള്‍ക്ക് രക്തം ദാനം ചെയ്യാന്‍ അനുമതിയുള്ളൂ. രക്തദാനത്തിലൂടെ അനേകം ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതിനോടൊപ്പം രക്തദാതാവിനും നിരവധി ഗുണങ്ങള്‍ ലഭിക്കുന്നു. ആവര്‍ത്തിച്ചുള്ള രക്തദാനം ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ ഒരുപരിധിവരെ നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ മൂന്നുമാസത്തിലൊരിക്കല്‍ വിവിധ രോഗങ്ങള്‍ക്കുള്ള പരിശോധനയും ഇതിലൂടെ നടക്കുന്നു.

” രക്തദാനം മഹാദാനം ” എന്ന മഹത്തായ ആപ്ത വാക്യത്തെ മുൻനിർത്തി “മാംസത്തിൻ്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നുത് ” എന്ന ബൈബിൾ സത്യത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട് ഒരുകാര്യം വ്യക്തമാക്കട്ടെ, ആതുരസേവനരംഗത്ത് നാം ചെയ്യുന്ന അഥവാ നാം ചെയ്യേണ്ടുന്ന ഏറ്റവും മഹത്തായ, മഹത്തരമായ ദാനമാണ് രക്തദാനം. ഒഴുകുന്ന ജീവനാണ് നാം രക്തദാനത്തിലൂടെ പകരുന്നത്. ജീവനെ നേടുവാൻ ജീവനെ പകരുന്നത് എത്രയോ ശ്രേഷ്ഠമായ അനുഭവമാണല്ലേ..! ഒഴുകുന്ന ജീവൻ നൽകു, ഒരാളുടെയെങ്കിലും ജീവൻ രക്ഷിക്കൂ.
പകരാം നമുക്ക് ജീവൻ,പങ്കുവെക്കാം ആയുസ്സിൽ പുതു ദിനങ്ങൾ.
പകരംവെക്കാൻ ഒന്നില്ല ഭൂവിൽ,
ജീവന് പകരമായ് ജീവൻ മാത്രം…..!!

രാജേഷ് മുളന്തുരുത്തി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.