ലേഖനം: നാം പുരുഷരമോ കാട്ടത്തിയോ? | രാജൻ പെണ്ണുക്കര

ചില നാളുകളായി മനസ്സിനെ വളരെ ചിന്താ കുഴപ്പത്തിലാക്കുന്ന വിഷയം ഒന്നു വിചിന്തനം ചെയ്യുന്നു.

post watermark60x60

യേശുവിന്റെ മുന്നിൽ വരാൻ അഥവാ ഒന്നു കാണാൻ ആഗ്രഹിച്ചവർക്ക് ചിലർ തടസ്സമായി നിന്നു എന്നു മനസിലാക്കുന്നു. ഇതു ഞാൻ സ്വന്തമായി പറയുന്ന അഭിപ്രായം അല്ല മറിച്ച് വചനം സ്പഷ്ടമായി പല ഉദാഹരണ സഹിതം വിവരിക്കുന്നു സത്യമാണ്.

നാമും ഇന്ന് സ്വയമേ ചോദിക്കേണ്ട ചോദ്യമാണ്, മറ്റുള്ളവർക്ക് യേശുവിനെ കാണുവാൻ, യേശുവിന്റെ അടുത്തുവരാൻ ഞാൻ ഇന്ന് ആർക്കെങ്കിലും ഏതെങ്കിലും വിധത്തിൽ തടസ്സമായി നിൽക്കുണ്ടോ?.

Download Our Android App | iOS App

വളർച്ചയിൽ കുറിയവനായ സഖായിക്ക് “പുരുഷാരം നിമിത്തം” യേശുവിനെ കാണുവാൻ കഴിഞ്ഞില്ല. എന്നാറെ അവൻ മുമ്പോട്ടു ഓടി, അവസാനം നിവർത്തി ഇല്ലാതെ വന്നപ്പോൾ യേശുവിനെ കാണേണ്ടതിനു ഒരു “കാട്ടത്തിമേൽ” കയറി.

യേശു യെരീഹോവിന്നു അടുത്തപ്പോൾ ഒരു കുരുടൻ ഇരന്നുകൊണ്ടു വഴിയരികെ ഇരുന്നിരുന്നു. അവനും യേശുവിനോട് എന്തൊക്കൊയോ പറയുവാനും ഒന്നു കാണാനും ആഗ്രഹം ഉണ്ട്, എന്നാൽ അവന്റെ ശ്രമത്തിന്റെ ഫലം എന്തായിരുന്നു “മുൻനടക്കുന്നവർ” അവനെ മിണ്ടാതിരിപ്പാൻ ശാസിച്ചു;”

ഇവിടെ പറയുന്ന പദപ്രയോഗങ്ങളിൽ കാണുന്നത്:-
i) “പുരുഷാരം നിമിത്തമായി” (തടസ്സം നിൽക്കുന്നവർ), ii)”മുൻനടക്കുന്നവർ” വെറുതെ ശാസിക്കുന്നു. തീർച്ചയായും ഈ കാലഘട്ടത്തിലെ പുതിയ തലമുറക്ക് വിശ്വാസത്തിൽ വളരുവാനും, പ്രോത്സാഹനത്തിനും തടസ്സമായി, മാതൃക ഇല്ലാതെ നിൽക്കുന്ന ഇങ്ങനെയുള്ള എത്രയോ പേരെ വിശ്വാസ ഗോളത്തിൽ കാണുവാൻ സാധിക്കുന്നു.

സഖായി ശാരീരിക വളർച്ചയിൽ കുറിയവൻ എന്നത് വാസ്തവം. അതുപോലേ ഇന്ന് വിശ്വാസത്തിൽ പുതിയതായി വന്നവർക്കും, വരുന്നവർക്കും, ഒത്തിരി പാരമ്പര്യം പറയാൻ ഇല്ലാത്ത സാധുക്കൾക്കും, യഥാർത്ഥത്തിൽ യേശുവിനെ കാണണം, സത്യമായി യേശുവിനെ വിളിച്ചപേക്ഷിക്കണം എന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർക്കും, യേശുവിന്റെ കൂടെയാണെന്ന് വീമ്പടിക്കുന്ന, എപ്പോഴും യേശുവിന്റെ കൂടെ നടക്കുന്നു എന്നു സ്വയം അഭിമാനിക്കുന്ന വലിയ പാരമ്പര്യം പുകഴ്ചയായി പറയുന്നവരുടെ രീതികളും മനോഭാവവും, പ്രവർത്തനങ്ങളും, തട്ടിപ്പും വെട്ടിപ്പും പുകമറപോലെ തടസ്സമായി നിൽക്കുന്നു എന്നത് മഹാസത്യം അവർ ഗ്രഹിക്കുന്നില്ല, ഗ്രഹിച്ചാൽ തന്നേയും കാര്യമായി എടുക്കുന്നില്ല എന്നതാണ് മഹാകഷ്ടം.

പലരുടെയും പൊക്കം, പല പൊക്കകാരുടെ വട്ടം കൂടൽ, അഹംഭാവം, പലരുടെയും പാരമ്പര്യശക്തി, മാതൃക ഇല്ലാത്ത പ്രവർത്തനം, കാഴ്ച്ചപ്പാട്, മറ്റുള്ളവരെ കുറിച്ചുള്ള ഉത്‌കണ്‌ഠ കുറവ്, ഒന്നു താഴ്ന്നു കൊടുക്കാൻ, ഒന്നു മാറിക്കൊടുക്കാനുള്ള വൈമനസ്യം, ഒരു വിട്ടുവീഴ്ച മനോഭാവ കുറവ്, പലരേയും മടുപ്പിച്ച് ഈകാലയളവിൽ യേശുവിൽ നിന്നും അകറ്റിക്കൊണ്ടു പോകുന്നു എന്നു പറയാതെ വയ്യാ.

കാര്യസാധ്യത്തിനു വേണ്ടി മാത്രം യേശുവിനെയും യേശുവിന്റെ നാമത്തേയും സമിപിക്കുന്നവർ/വട്ടം വെക്കുന്നവർ ഒരു തടസ്സം തന്നെ സൃഷ്ടിക്കുന്നു എന്നതിനും സംശയം ഇല്ല.

അല്ലയോ പുരുഷാരമേ നീ ചിലർക്ക് തടസ്സമായി തീർന്നാൽ പലരും കുറുക്കുവഴി തേടിപോകും എന്നകാര്യം സ്മരിക്കുക. ഇതാണ് പലരേയും കാട്ടത്തിയിൽ കയറാൻ പ്രേരിപ്പിക്കുന്ന ഘടകം.

ആർക്കും കൊള്ളില്ല എന്നുകരുതുന്ന വെറും പാഴ്മരം എന്നു പറഞ്ഞു തള്ളിക്കളയുന്ന, ആർക്കും വേണ്ടാത്ത, അതു മൂലക്കെങ്ങാനും വളർന്നോട്ട് എന്നു ചിന്തിക്കുന്ന “കാട്ടത്തി” പോലുള്ള മരങ്ങളെ, സഭയിലും ദേശത്തും നട്ടു വെച്ചിരിക്കുന്നതും വളരുമാറാക്കുന്നതും വെറുതെയല്ല, ദൈവിക പദ്ധതിക്കു വേണ്ടിയാണ്. ചിലപ്പോൾ നാം പ്രതീക്ഷിക്കാത്ത പലരേയും ആയിരിക്കാം യേശുവിനെ കാണുവാൻ ഉപയോഗപ്രദം ആകുന്ന കാട്ടത്തി ആയി മാറ്റുന്നതെന്ന മർമ്മം ഓർക്കുക.

അങ്ങനെ ഒരു കാട്ടത്തി വൃക്ഷം അവിടെ ഇല്ലായിരുന്നു എങ്കിൽ, സഖായി യേശുവിനെ കാണുമായിരുന്നുവോ, ആ വീടിനു രക്ഷ വരുമായിരുന്നുവോ, സഖായി എന്ന കഥാപാത്രം ബൈബിളിൽ വരുമായിരുന്നുവോ, അല്ലാ എനിക്ക് സഖായിയെ കുറിച്ച് ഇങ്ങനെ എഴുതുവാൻ സാധിക്കുമായിരുന്നുവോ, സഖായിയുടെ ആഗ്രഹം സഫലമാകുമായിരുന്നുവോ????.

വേറെ അമൂല്യങ്ങളായ മരങ്ങൾ ഇല്ലാഞ്ഞിട്ടോ?… പിന്നെ എന്തിനുവേണ്ടി, ആർക്കും വേണ്ടാത്ത, സമൂഹത്തിൽ സ്ഥാനമാനം ഇല്ലാത്ത, എല്ലാവരാലും തള്ളപ്പെട്ട ആരും പ്രാധാന്യം കൊടുക്കാത്ത വെറും കാട്ടത്തി എന്നു വിളിക്കുന്ന (കളിയാക്കി) മരം മാത്രം തിരഞ്ഞെടുത്തു. കുറിയവനു വേണ്ടിയത് ഉയരം കുറഞ്ഞ (താഴ്മയുള്ള) മറ്റുള്ളവർക്ക് തണലായി മാറുന്ന പടരുന്ന ശാഖയുള്ള (എല്ലാവരെയും ഉൾകൊള്ളാൻ മനസ്സുള്ള) മരമാണ്. അതിന്റെ ഇടതൂർന്ന ശാഖകൾ, ഉയരം കുറഞ്ഞ (വിനയം) അവസ്ഥയാണ് സഖായിക്കു പ്രയോജനമായി ഭവിച്ചതെന്ന കാര്യം ഓർക്കുക. പേര് എന്തുമാകട്ടെ എന്നാൽ അങ്ങയുള്ള ഒരു മരമായെങ്കിലും തീരാൻ ഞാനും, നീയും യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുവോ?.

ചില മരങ്ങളുടെ പൊക്കം അഥവാ ഞാൻ താൻ വലിയവൻ, ഉയരത്തിൽ വളർന്നവൻ എന്ന “അഹം”, ചില മരങ്ങുളുടെ വണ്ണം അഥവാ ഞാൻ എല്ലാം “നേടിയവൻ” എന്നേ കൊണ്ടേ പ്രയോജനം ഉണ്ടാകു, എനിക്ക് സമൂഹത്തിൽ വലിയ വിലയുണ്ട്/എന്നിൽ ഒത്തിരി ബലമുള്ള കാതൽ ഉണ്ട്, മാർക്കറ്റിൽ വലിയ ഡിമാൻഡും സ്ഥാനവുംമുണ്ട് എന്ന അഹങ്കാരം/ ആത്മാഭിമാനം, ചില മരങ്ങളുടെ പേരിനു പോലും ചില്ലികളില്ലാത്ത ഒറ്റത്തടിയുടെ ആകാരം, ഞാൻ ഒറ്റക്ക് കാര്യങ്ങൾ നോക്കികൊള്ളാം ഞാൻ ആരെയും എന്നിൽ കയറി ഇരിക്കാൻ അനുവദിക്കില്ല, എനിക്ക് ശാഖ ഒന്നും വേണ്ടാ എന്ന “ഗർവ്വിന്റെ മനോഭാവം”, ചില മരങ്ങളെ പിടിച്ചാൽ തെന്നുന്ന അവസ്ഥ അഥവാ ഞാൻ ആർക്കും വഴങ്ങില്ല, ഞാൻ അങ്ങനെ തോറ്റുകൊടുക്കില്ല എന്ന “ശാഠ്യസ്വഭാവം” പലപ്പോഴും സഖായിയെ പോലുള്ളവർക്ക് അനുയോജ്യമാകുന്നില്ല എന്നതാണ് ദുഖകരം.

രണ്ടാമത്തെ കൂട്ടമാണ് “മുന്നടക്കുന്നവർ” അവരുടെ വിചാരം അവർ യേശുവിനെക്കാൾ മുന്നിലാണ്, യേശു അവരുടെ പുറകിലും, ഞങ്ങളാണ് എല്ലാം നിയന്ത്രിക്കുന്നത്, ഞങ്ങൾ മുന്നിൽ ഇല്ലായെങ്കിൽ യേശു പിന്നിൽ നടക്കില്ല എന്ന അഹന്ത, അല്ലെങ്കിൽ ഞങ്ങളാണ് യേശുവിനോട് ഒട്ടി ചാരി എന്നും നടക്കുന്നവർ എന്ന ഭാവം.. ഞങ്ങളെ യേശു ഒന്നും പറയില്ല, ഞങ്ങൾ പറയുന്നതെന്തും അംഗീകരിക്കും, ഞങ്ങളുടെ പ്രാർത്ഥന പെട്ടെന്ന് കേട്ടു മറുപടി തരും എന്ന അഹംഭാവം, ഞങ്ങൾ പറയുന്നതുപോലെ കാര്യങ്ങൾ നടക്കു എന്ന മനോഭാവത്തിൽ പേരെടുത്തു നടക്കുന്ന വഴികാട്ടികൾ.

എന്നാൽ കാര്യസാധ്യത്തിനുവേണ്ടിയും , അത്ഭുതങ്ങൾ കാണാനും , കൂടെ നടന്നാൽ ഇല്ലായ്മയിലും പോഷിപ്പുക്കുന്ന കരുതൽ അനുഭവിച്ച് സ്ഥലം കാലിയാക്കാൻ മാത്രം മുന്നിൽകയറി ആളുകളിക്കുന്നവർ യഥാർത്ഥത്തിൽ ഭക്തിയുള്ളവരോ വിശ്വാസം ഉള്ളവരോ ആകണം എന്നില്ല.

ഇന്നത്തെ ആത്മീകഗോളത്തിലും സഭകളിലും സത്യത്തിനും നിതിക്കും ന്യായത്തിനും വേർപാടിനും പ്രാധാന്യം കൊടുത്ത് കാപട്യമില്ലാതെ, കളങ്കമില്ലാതെ, ചതിവില്ലാതെ, വഞ്ചനയില്ലാതെ, നേരോടെ, നിർഭയം ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് എത്രപേരുടെ പിന്തുണ ലഭിക്കും. “ബഹുഭൂരിപക്ഷം” (പുരുഷാരം, Multitude) ഒന്നുചേർന്ന് അവരെ ഒറ്റപെടുത്തില്ലേ, അങ്ങനെയുള്ളവർക്കല്ലേ ഇന്ന് സമ്പൂർണ വിജയം!!. കൂടാതെ “മുന്നടക്കുന്നവർ” എന്നു അവകാശപെടുന്ന വഴികാട്ടികളായ ശുശ്രുഷക്കാർ നേതാക്കൾ അവരെ ഒതുക്കി ശാസിച്ച് നിരുത്സാഹപ്പെടുത്തി പിന്തിപ്പിച്ച്, മടുപ്പിച്ച്, ഒറ്റപ്പെടുത്തി, വീർപ്പുമുട്ടിച്ച് പുറത്താക്കി വഴിയിലെ തടസ്സങ്ങളെ ഉന്മൂലനം ചെയ്യാൻ കൂട്ടുനിൽക്കില്ലേ. കാരണം അവർക്ക് അതുകൊണ്ട് പ്രയോജനം ഉണ്ട്.. അവിടെ ദൈവവചനത്തിനും, വ്യവസ്ഥക്കും, നിതിക്കും ന്യായത്തിനും പുല്ലുവില. എന്നു കാണും ഇതിനെല്ലാം ഒരവസാനം…

ഇങ്ങനെയുള്ളവർ പലപ്പോഴും യേശുവിനും സത്യത്തിനും തടസ്സമായി മാറുന്നു. എന്നാൽ യേശു അങ്ങനെയുള്ളവരെ ശാസിക്കുന്ന ദിവസം അടുത്തുവരുന്നു. നീയും ഇന്ന് പലർക്കും തടസ്സമോ അതൊ ഒരു കാട്ടത്തി മരമോ???.

രാജൻ പെണ്ണുക്കര

-ADVERTISEMENT-

You might also like