ലേഖനം: ഇന്നു നിങ്ങളും പശ്ചാത്തപിക്കുന്നുവോ? | രാജൻ പെണ്ണുക്കര

വേദനയും, പരിഭവവും, പശ്ചാത്താപവും നിറഞ്ഞ ഒരു സഹോദരന്റെ വാക്കുകൾ, “”ഒന്നര പതിറ്റാണ്ടായി പെന്തകൊസ്ത് സഭയിൽ ചേർന്നിട്ട്, എന്നാൽ താൻ സ്വപ്നത്തിൽ കണ്ട, അല്ലെങ്കിൽ വിചാരിച്ച ആത്മീകത്തേക്കാൾ ഉപരി ഇതിന്റെ ഉള്ളിലെ കപടതയും, ചതിവും, അനീതിയും, അന്യായവും, അധികാര ദുർവിനിയോഗവും, പല വിധത്തിലുള്ള ആധിപത്യങ്ങളും, തെറ്റും ശരിയും കണ്ടും കേട്ടും മടുത്തു. ഒട്ടും സഹിക്കാനും പ്രതികരിക്കാനും പറ്റുന്നില്ല, പ്രതികരിച്ചാൽ തന്നേയും ഒറ്റപ്പെട്ടു പോകുന്നു ഒരു പ്രയോജനം ഇല്ല. അന്ന് കുടുംബക്കാർ പറഞ്ഞത് ഞങ്ങൾ കേട്ടില്ല. ഒരിക്കലും ഇതിലേക്ക് വരണ്ടായിരുന്നു. ഇപ്പോൾ പശ്ചാത്തപിക്കുന്നു. തിരിച്ചു പോയാലോ എന്നുപോലും ആശിക്കുന്നു”” ഈ വേദനിപ്പിക്കുന്ന വാക്കുകളാണ് ലേഖനം എഴുതുവാൻ പ്രേരകമായ മുഖ്യ ഘടകം.

post watermark60x60

കൂടാതെ, നാം സാധാരണ കേൾക്കുന്ന വാക്കുകൾ അല്ലേ!!!!
ഞങ്ങൾ അറിയാതെ പെട്ടുപോയി….
നിവർത്തികേടുകൊണ്ട് നിൽക്കുകയാണ്….
കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിൽ ആയി….

ഈ കേൾക്കുന്ന ശബ്ദത്തേ ഒറ്റപെട്ട ശബ്ദം ആയി കാണാനാകുമോ??. മറിച്ച് ശ്വാസം അടക്കി നിവർത്തി കേടുകൊണ്ട് വീർപ്പുമുട്ടി പെന്തകൊസ്ത്തു സഭയിൽ കഴിയുന്ന അനേകായിരങ്ങളുടെ ശബ്ദമാണെന്ന സത്യം സഭയുടെ നേതൃത്വവും, ശുശ്രുഷാഗണവും ഓർത്താൽ നന്നായിരിക്കും.

Download Our Android App | iOS App

ഹൃദയത്തിന്റെ ഉള്ളിൽ വല്ലാതെ വേദനിപ്പിക്കുന്നതും , നീറുന്നതും ചിന്തിപ്പിക്കുന്നതുമായ വാക്കുകൾ അല്ലേ
ഈ കേട്ട വാക്കുകളിൽ പ്രതിധ്വനിക്കുന്നത്….
അപ്പോൾ ഞാൻ എന്നോടു തന്നെ ചോദിച്ച കുറെ ചോദ്യങ്ങൾ.. നിങ്ങളോടും ചോദിക്കുന്നു??
എന്തുകൊണ്ട് ഇങ്ങനെ??
ആരാണ് ഇതിനെല്ലാം ഉത്തരവാദികൾ??
ആരാണ് യഥാർത്ഥത്തിൽ കാരണക്കാർ.??
ഇതിന്റെ എല്ലാം കണക്ക് ആരുകൊടുക്കണം??.
എന്തുകൊണ്ട് പെന്തക്കോസ്ത്തിന്റെ യഥാർത്ഥ മൂല്യം കാത്തു സൂക്ഷിക്കപ്പെടുന്നില്ല??.

വചനം പറയുന്നു “കപടഭക്തിക്കാരായ ശാസ്ത്രിമാരും, പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ “മതത്തിൽ” ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു; ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു” (മത്താ 23:14-15).

ഇന്നത്ത സഭകളുടെ അവസ്ഥയും പശ്ചാത്തലവും, പോക്കും, നിലവാരവും കാണുമ്പോൾ, നിങ്ങൾ ഒരുത്തനെ “മതത്തിൽ” എന്നതിനുപകരം “പെന്തക്കോസിൽ” എന്നാക്കി വായിച്ചാൽ ഈ കേട്ട സാക്ഷ്യം എത്രയൊ സത്യമെന്നു നിങ്ങൾക്കും തോന്നിപോകുന്നില്ലേ??

പെന്തകൊസ്ത് പ്രസ്ഥാനത്തിലെ പ്രധാന ഘടകങ്ങൾ വിശ്വാസികളും ശുശ്രുഷകരും ആണെന്ന കാര്യത്തിൽ സംശയം ഉണ്ടോ?. ഇതിൽ സുപ്രധാന ഘടകമായ വിശ്വാസികളുടെ കാര്യങ്ങൾ പെട്ടെന്ന് പ്രധാന വാര്‍ത്തയായി (Highlight) മാറുന്നില്ല. എന്നാലോ ശുശ്രുഷകർ പൊതുജന ശ്രദ്ധയിൽ വന്നു പ്രധാന വാര്‍ത്തയായി ചർച്ച ചെയ്യപെട്ട് ദൈവനാമം ദുഷിക്കപ്പെടാൻ കാരണവും ആകുന്നു എന്നതല്ലേ വാസ്തവം…

എന്നാൽ വിശ്വാസികൾ എന്ന വിഭാഗം ഇല്ലായെങ്കിൽ ശുശ്രുഷകരുടെ ആവശ്യം ലേശവുമില്ലാ എന്ന മഹാസത്യം കൂടി കുറിച്ചു വെക്കണം. ശുശ്രുഷ എന്നാൽ സേവനം (Service) പരിചരണം എന്നാണ് അല്ലാതെ ഉദ്യോഗം അഥവാ ജോലി എന്നല്ലല്ലോ അർത്ഥം!.

പെന്തകോസ്ത്പ്രസ്ഥാനം പാരമ്പര്യത്തിന്റെ, കുടുംബവാഴ്ച്ചയുടെ കൂത്തരംഗായി മാറി എന്നു പറഞ്ഞാൽ തെറ്റുണ്ടോ?. പാരമ്പര്യത്തിന്റെ കൊടിയ ബന്ധനത്തിൽ കേട്ടപ്പെട്ടു പോയി പ്രസ്ഥാനം.

അനേക പതിറ്റാണ്ടുകൾ പഴക്കമുള്ള നാട്ടിലെ ഒരു സഭയിലെ ഒരാൾ പറഞ്ഞത് ഞങ്ങളുടെ കുടുംബക്കാർ മാത്രം നല്ലൊരു ശതമാനമുള്ള സഭയാണിത് അതായത് ഞങ്ങളുടെ കുടുംബക്കാരുടെ സഭയാണ്. അതുകൊണ്ട് ഞങ്ങൾ പറയുന്നതു പോലെയും നിയന്ത്രിക്കുന്നതു പോലെയും മാത്രമേ കാര്യങ്ങൾ നടക്കു എന്നല്ലേ അർത്ഥമാക്കേണ്ടിയത്.

ആരാധനക്ക് വരാൻ പോലും ആരോഗ്യം ഇല്ലാത്ത 80-ൽ അധികം വയസ്സായവരും ഒരുവട്ടം പോലും സ്ഥാനമാനങ്ങൾ വിട്ടുകൊടുക്കാൻ മനസ്സില്ലാതെ പതിറ്റാണ്ടുകളായി കസേരയിൽ കടിച്ചുതൂങ്ങി കിടക്കാൻ / ഇരിക്കാൻ വ്യാമോഹിക്കുന്നതിന്റെ ഉദ്ദേശം അധികാര മോഹമോ, ആത്മഭാരമോ, ബന്ധുജന/സ്വജന പക്ഷപാതമൊ ?

എന്തുകൊണ്ട് കഴിവുള്ള പുതിയ തലമുറക്ക് ചുമതലകൾ കൈമാറി അവർക്ക് ശുശ്രുഷയിൽ വളരാൻ പ്രോത്സാഹനമായി അവസരം കൊടുക്കുന്നില്ല. അവർ മുന്നോട്ടു വരട്ടേ. അവർ പ്രാപ്തർ ആകട്ടെ എന്നു ചിന്തിക്കാൻ കഴിയുന്നില്ല.

എന്നിട്ടും അവരുടെ പ്രാർത്ഥന ആത്മക്കളെ കൊണ്ട് ആലയം നിറയ്ക്കണേ എന്നല്ലേ!. എന്താ…സ്വർഗ്ഗം ഇങ്ങനെയുള്ള ഉദ്ദേശ ശുദ്ധിയില്ലാത്ത കപട വേഷത്തിന്റ/ഭക്തിയുടെ പ്രാർത്ഥന കേൾക്കുമോ?

ഇപ്പോൾ സ്വർഗത്തിൽ കയറി പോകാൻ വിസ ഒരുക്കി കാത്തിരിക്കുന്ന ഒരുകൂട്ടം അധികാരത്തിനും സ്ഥാനത്തിനും കസേരക്കും വേണ്ടി കടിപിടി കൂട്ടുന്നു, ഒരുമിച്ച് ഒരുതാലത്തിൽ കൈയ്യിടുന്ന സ്വന്തം കൂട്ടുസഹോദരനെ/സഹപ്രവർത്തകരെ പോലും കൊടിയ ശത്രുവായി കാണുന്നു.

വളരെ വർഷങ്ങൾക്കു മുൻപ് ഒരു പാരമ്പര്യ പെന്തക്കൊസത് അപ്പച്ചൻ പറഞ്ഞവാക്കുകൾ ഇങ്ങനെയാണ് “ഇന്നലെ സഭയിൽ വന്നവൻ അഭിപ്രായം പറയുന്നുവോ?.”” അന്ന് മാന്യരായ ഒരുകുടുംബം ഒന്നും പറയാതെ സഭ വിട്ടുപോയി. എത്ര ലജ്ജാകരം എന്നുവേണം പറയുവാൻ.

ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ, കഴിവുള്ളവരെ, എല്ലാം കണ്ണുമടച്ച് സപ്പോർട്ട് ചെയ്യാത്തവരെ, ആദർശങ്ങളും നീതിന്യായ ബോധമുള്ളവരെയും മനഃപൂർവ്വം ഒഴിവാക്കാൻ അങ്ങനെയുള്ളവർ കമ്മറ്റിയിൽ വരാതിരിക്കാൻ കൗശലവും, കൃത്രിമങ്ങളും, മുൻകൂട്ടി ആസൂത്രണം ചെയ്ത (pre planned) പദ്ധതികളും അവർക്ക് അനുകൂലമായ സമയവും സന്ദർഭവും ഭൂരിപക്ഷവും സൃഷ്ടിച്ച് അതിനു അനുയോജ്യമായ രീതിയിൽ കാര്യങ്ങൾ നീക്കി, മാനിഫസ്‌റ്റോയോ അജണ്ടയോ ഇല്ലാതെ ഇലക്ഷൻ നടത്തുന്നവർ. എന്നിട്ടും അവിടെ ഉപവാസവും പ്രാർത്ഥനയും അപ്പം നുറുക്കലും പ്രവചനവും നടക്കുന്നില്ലേ!.

നാം ഒരുകാര്യം മനസ്സിൽ ചിന്തിക്കുന്നതിനു മുൻപേ ഇന്നത്തെ തലമുറ അത് മാനത്ത് കാണുന്നു എന്നു മനസ്സിലാക്കണം അത്രമാത്രം അവർ എല്ലാതലങ്ങളിലും വളർന്നുകഴിഞ്ഞു. അപ്പോൾ നാം ചെയ്യുന്ന, പ്രവർത്തിക്കുന്ന ഓരോ കാര്യങ്ങളും അവർ നന്നായി വീക്ഷിക്കുന്നുണ്ട്, അവർ നന്നേ മനസ്സിലാക്കുന്നുണ്ട്, നമ്മിൽ നിന്നും നല്ലതും ചിത്തയുമായ പല പാഠങ്ങളും പഠിക്കുന്നുണ്ട്, അപ്പോൾ പിന്നെ എങ്ങനെ അവരെ നേർവഴിയിൽ നടത്തുവാൻ സാധിക്കും..

എവിടെ എത്തിനിൽക്കുന്നു ഇന്നു ക്രിസ്തിയ വേല. സ്വന്തനിലനിപ്പിനും സ്വാർത്ഥ താല്പര്യത്തിനും, നേട്ടങ്ങൾക്കു വേണ്ടിയും മനഃസാക്ഷിയെ വഞ്ചിച്ച് എത്ര തരംതാണ പണിയും ചെയ്യുവാൻ മടിയില്ലാതെ സ്വന്തം മനഃസാക്ഷിയിൽ തഴമ്പുപിടിച്ചവർക്ക് എന്തു കുറ്റബോധവും മനസാന്തരവും വരാനാണ്. ഇവരാണോ ആത്മഭാരക്കാർ, ഇവരാണോ ആത്മാവിന്റെ വിടുതലിനു വേണ്ടി മല്ലിടുന്നവർ??.

വചനത്തിൽ വ്യക്തമായി ഇങ്ങനെ എഴുതിയിരിക്കുന്നു… “സകല മാനുഷനിയമത്തിന്നും കർത്താവിൻ നിമിത്തം കീഴടങ്ങുവിൻ”, “എന്നാൽ സകലമനുഷ്യർക്കും നാം സർവ്വഭക്തിയോടും ഘനത്തോടും കൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിന്നു..”ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു”.. “അതുകൊണ്ട് “മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക”. (1 പത്രൊ 2:13, 1 തിമൊ 2:1, റോമർ 13:1, സദൃ 24:21)

വിശ്വാസികളുടെ കഷ്ടപ്പാടിന്റെ ഓഹരി കൊണ്ടു മാത്രം (Income Tax / IT return പോലും കൊടുക്കാതെ) ജീവിക്കുന്നവർ, ഇങ്ങനെ ലോക നിയമത്തോടും, സമൂഹത്തോടും സ്വന്ത മനഃസാക്ഷിയോടും അതിലുപരി ദൈവത്തോടും ആവിശ്വസ്തത കാണിച്ചിട്ട്‌ സ്വേച്ഛാധിപതികളെ പോലെ പറയുന്നത് “ഞാൻ പറയുന്നതു പോലെ മാത്രമേ ഇവിടെ കാര്യങ്ങൾ നടക്കു, ഞാനാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്, കമ്മറ്റിക്കാർ ശുശ്രുഷകനെ സഹായിക്കുവാൻ (Assist) വേണ്ടി (വെറും കാഴ്ച്ചക്കാർ)” മാത്രമാണെന്ന് Societies Registration Act- നിയമത്തിന്റ കീഴിൽ വരുന്ന പ്രസ്ഥാനങ്ങൾക്ക് എങ്ങനെ ജനാധിപത്യ രീതി വിട്ടു പറയുവാൻ കഴിയും. ജനാധിപത്യ രീതികൾ മനഃപൂർവ്വം ലംഘിച്ച് ഭരണ തന്ത്രങ്ങളിൽ ഏകധിപത്യ വ്യവസ്ഥ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇതിനൊക്കെ ദൈവം അംഗീകാരം കൊടുക്കുമോ എന്നതാണ് ചോദ്യം??? ഇവർ ആത്മകളെ നേടുന്ന ശുശ്രുകാരോ അതൊ ഭരണകർത്താക്കളോ?.

പത്തും നാൽപതും വർഷം ജോലി ചെയ്തിട്ടു ഒരു കൂര വെക്കാൻ പ്രാപ്തിയില്ലാത്ത ലോൺ എടുത്ത് തിരിച്ചടക്കാൻ മാർഗ്ഗമില്ലാതെ വിശ്വാസികൾ നെട്ടോട്ടം ഓടുമ്പോൾ ചുരുങ്ങിയ കാലംകൊണ്ട് ദൈവം തന്നു എന്നു പറഞ്ഞ് ആഡംബര കാറും വീടും എസ്റ്റേറ്റ് വാങ്ങി കൂട്ടുന്ന ശുശ്രുഷക്കാർ. ഇതിൽ പല മണിമന്ദിരങ്ങളും നാളുകളായി അടഞ്ഞു കിടക്കുന്നു, ചിലത് അവധികാലം സമയം കളയാൻ (Weekend time pass) വേണ്ടി മാത്രം ഉപയോഗിക്കുന്നു, കൂടാതെ മരത്തിലെ കായ്ഫലങ്ങൾ തറയിൽ വീണു കിളിർക്കുന്നു, ഉടമസ്ഥൻ സായിപ്പിനെ നേടാൻ മറുനാട്ടിലും, അമേരിക്കയിലും. ഇവിടെ കഷ്ടപ്പെട്ടും പട്ടിണികിടന്നും മണ്ണുച്ചുമ്മിയും സഭയെ താങ്ങി വളർത്തി നിർത്തിയവർ വെറും കറിവേപ്പിലകൾ.

ദൈവത്തേ ഭയം ഇല്ലാത്തവർ, പരിപാവനമായ സുവിശേഷവേലയെ വെറും തൊഴിലുപോലെയാക്കി തികച്ചും രാഷ്ട്രിയ രീതിയിൽ മാറ്റി മറിച്ച്, പരസ്പരം മത്സരിച്ചും, കുതന്ത്രങ്ങൾ പ്രയോഗിച്ചും, ക്രമക്കേടുകൾ കാണിച്ചും, സഭയിൽ നീണാൾ വാഴാൻ വിശ്വാസികളിൽ ഭിന്നതയും, ഗ്രൂപ്പും ഉണ്ടാക്കി ദൈവഹിതമല്ലാത്ത വിജയം കൈവരിച്ചും, കോടതിയും കേസ്സുമായി ചെയ്തു കൂട്ടുന്ന പലതരം വേലകൾ കണ്ട് മനസ്സ് മടുത്തു പോകുന്ന വിശ്വാസികൾ എത്ര അധികം….. ഇങ്ങനെയുള്ളവർ എന്തു സന്ദേശമാണ് സമൂഹത്തിനും വളരുന്ന തലമുറക്കും കൊടുക്കുന്നത് വളരെ ചിന്തനീയം തന്നേ. ഇതെല്ലാം കണ്ട് തലയിൽ കൈവെച്ച് നെടുവീർപ്പിടുന്ന വിശ്വാസികൾ എത്രപേർ!.

വിമർശിച്ചാൽ/ തെറ്റുകൾ ചൂണ്ടി കാണിച്ചാൽ അഭിഷിക്ക്ത്തനെ ഒന്നും പറയരുത് എന്ന വാക്യത്തിന്റെ അറ്റം മാത്രം വായിച്ച് ദൈവം കണ്ണു കുത്തിപ്പൊട്ടിക്കും എന്നു പറഞ്ഞു പേടിപ്പിച്ച് സമൂഹത്തെയും വിശ്വാസികളെയും കൊള്ളയിടുന്നവർ. മാത്രവുമല്ല അങ്ങ് ദൂരെനിന്നും പ്രവാചകരെ ഇറക്കുമതി ചെയ്തിട്ട് ശത്രുക്കൾ ഓടിപോയി എന്നു വ്യാജമായി പ്രവചിപ്പിച്ചു വിശ്വാസികളെ ഭയത്തിൽ ആക്കി കാര്യങ്ങൾ നേടി ആത്മസംതൃപ്തി അടയുന്നവർ.

ആരാണ് അഭിഷിക്തൻ അല്ലാ അഭിഷിക്തനു ഇങ്ങനെ തെറ്റുകളും കുറ്റങ്ങളും ചെയ്യുവാൻ സാധിക്കുമോ?.

ഇങ്ങനെ പോയാൽ എന്താകും പെന്തകൊസ്തിന്റെ ഭാവി. വരുന്ന തലമുറയുടെ ആത്മിക ഭാവിയും, നിലനിൽപ്പും, ദർശനവും കാഴ്ചപ്പാടും എവിടെ പോയി അവസാനിക്കും. ഇതെല്ലാം കണ്ട് വിശ്വാസികൾ പിന്തിരിഞ്ഞു മനസ്സുമടുത്തിട്ട് ചിലരുടെ ഭാഷയിൽ പറഞ്ഞാൽ പിന്മാറ്റത്തിൽ പോയാൽ;
ആരാണ് ഈ ആത്മാക്കളുടെ കണക്കു പറയേണ്ടിയത്,
ഈ ആത്മാവിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും?.
അവർ നരകയോഗ്യർ അയിത്തീർന്നാൽ ആരാണ് ദൈവ സന്നിധിയിൽ കണക്കുകൊടുക്കേണ്ടിയവർ.?

ദൈവവചനം പറയുന്ന മാനദണ്ഡങ്ങൾ, “നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻ കൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മനഃപൂർവ്വമായും ദുരാഗ്രഹത്തോടെയല്ല, ഉന്മേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല. ആട്ടിൻ കൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‍വിൻ”, മാത്രവുമല്ല “അനുകരിപ്പാൻ നിങ്ങൾക്കു ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിന്നത്രേ”. (1 പത്രൊ 5:2-3, 2 തെസ്സ 3:9).

അപ്പോൾ വിശ്വസിക്ക് ആദര്‍ശമാതൃക (role model) ആകേണ്ടിയവർ ദൈവത്തിന്നു ഹിതമല്ലാത്ത രീതിയിൽ ദ്രവ്യാഗ്രത്തോടും, ദുരാഗ്രഹത്തോടും, ഇടവകകളുടെ മേൽ കർത്തൃത്വത്തിനു പകരം ഭരണ യന്ത്രം പിടിക്കുന്നവരായി, ആട്ടിൻ കൂട്ടത്തിന്നു മാതൃകയില്ലാത്ത അദ്ധ്യക്ഷത ചെയ്യുക മാത്രവുമല്ല അനുകരിപ്പാൻ അയോഗ്യമായ മാതൃകയുള്ളവരും ആയിമാറുന്നു എങ്കിൽ അഥവാ കുറുംതോട്ടിക്ക് വാതം വന്നാൽ എന്തു കഷായം എന്നപോലെ ആയാൽ എങ്ങനെ വളർന്നുവരുന്ന തലമുറയെ വിശ്വാസത്തിൽ നിലനിർത്താൻ കഴിയും. എങ്ങനെ വളർന്നുവരുന്ന തലമുറയെ ഉപദേശിച്ച് നേർ വഴിയും സത്യമാർഗ്ഗവും കാണിക്കുവാൻ കഴിയും.

ഇതെല്ലാം കണ്ടു കണ്ട് മനസ്സുമടുത്ത് പശ്ചാത്തപിക്കുന്നവർ കൈപൊക്കാൻ പറഞ്ഞാൽ എത്രപേർ കൈപൊക്കുമെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ??. ഒരു സത്യം കുറിച്ചുകൊൾക ഇങ്ങനെയായാൽ സഭയിൽ/ആരാധനയിൽ പായ് വിരിക്കാൻ പോലും അടുത്ത ഒരു തലമുറ കാണില്ല എന്ന സത്യം ഓർത്തിരുന്നാൽ നന്നായിരിക്കും.

ഒരുകാര്യം കൂടി ഇവിടെ പറയേണ്ടിയത് അനിവാര്യം എന്നു തോന്നുന്നു. പത്രോസ് അപ്പോസ്ത്തോലൻ ഇടയനെയും ആടുകളെയും ആണ് ഉദാഹരണം ആക്കി എടുത്തത്. ആടിനാണ് യഥാർത്ഥത്തിൽ ഇടയൻ വേണ്ടിയത്. എന്നാൽ അകത്തു ആടുകളുടെ സ്ഥാനത്ത്, ആടുകളുടെ വേഷം ധരിച്ച കടിച്ചുകീറുന്ന ചെന്നായ്ക്കളോ, സിംഹമോ, കരടിയോ, ആനയോ ആകുന്നെങ്കിൽ അവിടെ ഇടയനെ അല്ല പിന്നെയോ പാപ്പാനെയോ മൃഗശാല സൂക്ഷിപ്പുകാരെയോ ആണ് വേണ്ടിയതെന്ന കാര്യം ഓർക്കുക. പുറത്ത് ഇടയന്റെ സ്ഥാനത്ത് കള്ള ഇടയനൊ, ആടുകളെ സൂക്ഷിപ്പാൻ അറിയാത്തവരൊ; അവരെല്ലാവരും ഒട്ടൊഴിയാതെ താന്താന്റെ വഴിക്കും ഓരോരുത്തൻ താന്താന്റെ ലാഭത്തിന്നും തിരിഞ്ഞിരിക്കുന്നവരും ആയിത്തീർന്നാലുള്ള ഗതിയും എന്താകുമെന്ന് നിങ്ങൾ തന്നേ ചിന്തിക്കൂ (യേഹേ 34).

ഉദാഹരണം പോലെ വേറെയൊരു ചോദ്യം കൂടി ചോദിച്ചു കൊള്ളട്ടെ.! വചനം പറയുന്നു “കോഴ ജ്ഞാനിയെ പൊട്ടനാക്കുന്നു; കൈക്കൂലി ഹൃദയത്തെ കെടുത്തുകളയുന്നു,” “നീതിയായി നടന്നു നേർ പറകയും പീഡനത്താൽ ഉള്ള ആദായം വെറുക്കയും കൈക്കൂലിവാങ്ങാതെ കൈ കുടഞ്ഞുകളക,” “തന്റെ ദ്രവ്യം പലിശെക്കു കൊടുക്കാതെയും കുറ്റുമില്ലാത്തവന്നു വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവൻ; ഇങ്ങനെ ചെയ്യുന്നവൻ ഒരുനാളും കുലുങ്ങിപ്പോകയില്ല.”” (സഭാ 7:7, യെശ 33:15, സങ്കീ 15:5). ഇങ്ങനെ പാവങ്ങളെ പോലും വിടാതെ അവരിൽ നിന്നും കൈകൂലിയും, അമിത പലിശയും ലാഭവും, കമ്മിഷനുമായി വാങ്ങിയ പണം കൊണ്ട് മക്കളെ ശുശ്രുഷകൻ ആക്കിയാൽ അവരുടെ വേലയും ദർശനവും വിജയിക്കുമോ, അവർക്ക് പാവനമായ ശുശ്രുഷ ചെയ്യുവാൻ സാധിക്കുമോ, ഇതെല്ലാം എവിടെ പോയി നിൽക്കും!.

ഇന്നു പലരേയും വഴിമാറി ചിന്തിക്കേണ്ട അവസ്ഥയിൽ വരെ എത്തിച്ചതിനു ആരാണ് ഉത്തരവാദികൾ. പെന്തക്കോസ്തിൽ ഇതൊന്നുമില്ല എന്ന് പറഞ്ഞ് വന്നിട്ട് ഇപ്പോൾ ഇവിടെ ഇതുമാത്രമേ ഉള്ളു എന്നു പറയേണ്ട സ്ഥിതി വിശേഷം ആയില്ലേ. എല്ലാം വിറ്റും വിട്ടും സകലതും ഉപേക്ഷിച്ച് ഇറങ്ങിയവർ എന്നു വിളിച്ചുപറയുന്ന പെന്തക്കോസ്ത്തുകാർ ഇപ്പോൾ അതിൻ്റെ പുറകെ മാത്രം പോകുന്ന കാഴ്ച്ചയാണ് ഏറ്റവും ദുഃഖകരം. പേരിൽ മാത്രം വെറും പെന്തക്കോസ്തായി മാറി എന്നു പറയാതെ വയ്യാ, നമ്മുടെ വരും തലമുറ പെന്തക്കോസ്തിൽ തന്നേ ഉണ്ടാവുമോ എന്നത് ചോദ്യമായി അവശേഷിക്കുന്നു.

ആദിമസ്നേഹവും ജീവനും ത്യാഗവും മാഞ്ഞുപോയില്ലേ, ദൈവവിശ്വസവും ദൈവഭയവും കേവലം പേരിനു മാത്രമായി പോയില്ലേ. നമ്മുടെ സ്നേഹ പ്രകടനങ്ങളിൽ, വിളിയിൽ, ലേശമെങ്കിലും അർദ്രതയും, അനുകമ്പയും, ആത്മാർത്ഥതയും നിർവ്യാജമായ സ്നേഹത്തിന്റെ ഒരു തരി പോലും കലർന്നിട്ടുണ്ടോ?. എല്ലാം താത്കാലിക ലാഭത്തിനും നേട്ടങ്ങൾക്കും, മനുഷ്യരെ പ്രസാദിപ്പിക്കാനും, നിലനിൽപ്പിനും, സ്വന്തം കാര്യസാധ്യത്തിനും വേണ്ടി മാത്രമായി മാറിയില്ലേ. ഇതല്ലേ വളരുന്ന തലമുറ കാണുന്നതും മാതൃക ആകുന്നതും. ഹൃദയങ്ങളെ തൂക്കി നോക്കുന്ന ഒരു ദൈവം ഉണ്ട്, മറന്നു പോകരുത്.

വെളിപ്പാടു ഇല്ലാത്തേടത്തു ജനം മര്യാദവിട്ടു നടക്കുന്നു; (സദൃ 29:18). വെളിപ്പാടും, വിളിയും, തിരഞ്ഞെടുപ്പും, ദർശനവും, ലക്ഷ്യവും, ഉദ്ദേശവും, തീരുമാനങ്ങളും, നഷ്ടമായാൽ/മാറിപോയാൽ ശലോമോൻ പറഞ്ഞ അവസ്ഥയെ ഉണ്ടാകു എന്നു മനസ്സിലാക്കണം.

നമ്മുടെ പിതാക്കന്മാർ കണ്ടതും കാത്തുസൂക്ഷിച്ച ദർശനവും, വെളിപ്പാടും, ആത്മഭാരവും, പരിപാവനതയും ഏറ്റെടുക്കാൻ അടുത്ത ഒരു തലമുറ ഇല്ലാതെ പോകുന്ന സത്യം വളരെ ദുഃഖത്തോടെ എല്ലാവരും മനസ്സിലാക്കിയെങ്കിൽ കൊള്ളാമായിരുന്നു. ഇതിന്റെയെല്ലാം പ്രത്യാഘാതം ഒരു തലമുറയെ ഇല്ലാതാക്കും ഉന്മൂലനാശം വരുത്തും എന്നസത്യം ഓർത്താൽ നന്ന്. പിന്നെ കരഞ്ഞിട്ടോ, , ആലയത്തിന്റെ ശൂന്യമായ അവസ്ഥ കണ്ട് നെടുവീർപ്പിട്ടിട്ടോ എന്തു പ്രയോജനം… സകലത്തിനും എണ്ണി എണ്ണി കണക്കു പറയണം. പക്ഷേ ആരുകേൾക്കാൻ, ആർക്ക് മാനസാന്തരം വരും.?
ന്യായവിധി ദൈവഗൃഹത്തിൽ തുടങ്ങുവാൻ സമയമായി എന്നുതന്നെ കാത്തിരുന്നു കാണാം.

കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലെ ഒരു വലിയ സ്ഥാപനത്തിൽ വച്ച് അവിചാരിതമായി പരിചയപെട്ട ഒരു വിശ്വസിയുടെ വാക്കുകൾ വളരെ ശ്രദ്ധേയമായി. 38 വർഷമായി വിശ്വാസത്തിൽ വന്നിട്ട്, കണ്മുന്നിൽ നടക്കുന്ന തോന്നിയവാസങ്ങൾ കണ്ടിട്ട് മടുത്തു. അദ്ദേഹം പറയുകയാണ് മനുഷ്യരെ നോക്കരുതെന്ന പ്രമാണം അറിയാം, പക്ഷെ കണ്മുന്നിൽ ആദ്യം കാണുന്നവർ മാതൃക ആകുന്നില്ലായെങ്കിൽ, അവർ തെറ്റുകളുടെ മേൽ തെറ്റുകൾ ആവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ, എങ്ങനെ മുന്നോട്ട് പോകുവാൻ സാധിക്കും.

ദുഖവും നെടുവീർപ്പും പരാതികളും നെഞ്ചിലേറി പ്രതികരിക്കാതെ എല്ലാം കണ്ടുകെട്ടും കണ്ണും കാതും അടച്ചുവെച്ച് അടിമകളെ പോലെ എല്ലാം അപ്പാടെ വിഴുങ്ങി പെന്തകോസ്ത്തിൽ കഴിയുന്നവർ എത്ര പേർ. ആരോ പറഞ്ഞപോലെ കയ്പുള്ള ഗുളികകൾ ചവച്ചിറക്കാറില്ല, വിഴുങ്ങുകയാണ് പതിവ്. ജീവിതത്തിൽ കയ്പേറിയ അനുഭവങ്ങളെ വിഴുങ്ങിക്കളയുക. മധുരമുള്ള അനുഭവങ്ങൾ അയവിറക്കുക. പക്ഷേ അയവിറക്കാൻ ഒന്നും ഇല്ല എന്നതല്ലേ സത്യം. എന്തുകൊണ്ട് ഇങ്ങനെയെന്ന ചോദ്യത്തിന് നിങ്ങളുടെ പക്കൽ ഉത്തരം ഉണ്ടോ?.

അനേക പതിറ്റാണ്ടിന്റെ അനുഭവങ്ങൾ ഉള്ള എനിക്ക് പലപ്പോഴും ഇങ്ങനെ തോന്നി പോയിട്ടുണ്ടെങ്കിൽ വിശ്വാസത്തിൽ ശിശുക്കളായവരുടെ ഗതി എന്തായിരിക്കും. ആത്മാർത്ഥമായി ചോദിച്ചു പോകുന്നു ഇന്നു നിങ്ങളും പശ്ചാത്തപിക്കുന്നുവോ?”

-ADVERTISEMENT-

-ADVERTISEMENT-

You might also like