എഡിറ്റോറിയല്‍: ആരാധനാലയങ്ങളും ശബ്ദ നിയന്ത്രണങ്ങളും | ജെ. പി. വെണ്ണിക്കുളം

കേരളത്തിലെ വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിൽ ഉച്ചഭാഷണി ഉപയോഗിക്കുന്നത് കർശനമായി നിയന്ത്രിക്കാൻ സർക്കാർ ഡിജിപിക്ക് നിർദേശം നൽകിയിരിക്കുകയാണ്. ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നില്ലെന്ന് ബാലാവകാശ കമ്മീഷൻ ആഭ്യന്തര വകുപ്പിനെ ഓർമിപ്പിച്ചതിനെതുടർന്നാണ് ഈ നടപടി. ഉത്സവങ്ങൾ ഉൾപ്പെടെയുള്ള മത ചടങ്ങുകളിൽ ഇത് ബാധകമായിരിക്കുമെന്നാണ് അറിയുന്നത്. കുട്ടികളും പ്രായം ചെന്നവരും രോഗികളും അമിത ശബ്ദം മൂലം ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി ഉത്തരവിൽ പറയുന്നുണ്ട്. കേന്ദ്ര ചട്ടം പാലിക്കാതെ പൊതുസ്ഥലങ്ങളിൽ ഉച്ചഭാഷണി ഉപയോഗിക്കാൻ പാടില്ല എന്ന് നിലവിൽ നിയമമുണ്ട്. അത് പാലിക്കുവാൻ എല്ലാ മതസ്ഥരും ബാധ്യസ്ഥരാണ്. അനിയന്ത്രിതമായ ശബ്ദ കോലാഹലങ്ങൾ എന്തിന്റെ പേരിൽ ആയാലും നിയന്ത്രിക്കണം. മുൻ‌കൂർ അനുമതിയില്ലാതെ ഇത്തരം കാര്യങ്ങൾ ചെയ്യാൻ അനുവദിക്കരുത്. ശബ്ദം നിയന്ത്രിക്കുന്നതിൽ ചിലർക്കെങ്കിലും ബുദ്ധിമുട്ട് കാണും എങ്കിലും രാജ്യത്തിന്റെ നിയമങ്ങളോടും നിലവിലുള്ള ഭരണ സംവിധാനങ്ങളോടും യോജിച്ചു പോകുവാൻ എല്ലാവരും ശ്രദ്ധിക്കണം. പ്രകോപനപരമായ സമീപനം ഭൂഷണമല്ല. അനിയന്ത്രിതമായ അളവിലുള്ള ശബ്ദം പുറത്തേക്കു പോകാതിരിക്കാൻ ശ്രദ്ധിക്കണം. പണ്ടൊക്കെ ഇതത്ര കാര്യമല്ലായിരുന്നു. ആർക്കും ഇന്നത്തെപോലെ ആരോഗ്യ പ്രശ്നങ്ങളും ഇല്ലായിരുന്നു. ഇന്ന് പക്ഷെ രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരുന്നു. അവരുടെ ആരോഗ്യം ശ്രദ്ധിക്കാനുള്ള കടമ നമുക്കുണ്ട്.
ശബ്ദമലിനീകരണം ആരോഗ്യത്തെയും പെരുമാറ്റത്തെയും ഒരുപോലെ ബാധിക്കുന്നു. ആവശ്യമില്ലാത്ത ശബ്ദം ശാരീരിക ആരോഗ്യത്തെ നശിപ്പിക്കും. ഹൃദയ സംബന്ധമായ തകരാറുകൾ, രക്താതിമർദ്ദം , ഉയർന്ന സമ്മർദം, ടിന്നിടസ് , ശ്രവണ നഷ്ടം, ഉറക്ക അസ്വസ്ഥതകൾ, മറ്റ് ദോഷകരവും ശല്യപ്പെടുത്തുന്നതുമായ ഫലങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ അവസ്ഥകളുമായി ശബ്ദ മലിനീകരണം ബന്ധപ്പെട്ടിരിക്കുന്നു. നിയന്ത്രണങ്ങൾ വരുമ്പോൾ കരുതലോടെ മുന്നോട്ടു പോകാൻ എല്ലാവരും ശ്രദ്ധിക്കണം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.