എഡിറ്റോറിയൽ: ഏവർക്കും ആരോഗ്യം | അനീഷ് വലിയപറമ്പിൽ, ഡൽഹി

 

ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) ലോകാരോഗ്യദിനം ആചരിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 75 വർഷം പിന്നിടുന്നു. ലോകമെങ്ങും കോവിഡ് മഹാമാരിക്കെതിരായ പോരാട്ടം തുടരുന്ന സാഹചര്യത്തിൽ ‘എല്ലാവർക്കും ആരോഗ്യം’ എന്ന സന്ദേശവുമായാണ് ലോകാരോഗ്യ ദിനം ആചരിക്കുന്നത്. മഹാമാരികളുടെ കാലത്ത് ഈ സന്ദേശത്തിന്റെ പ്രസക്തി എടുത്തു പറയേണ്ടതില്ലല്ലോ .
ശാരീരികാരോഗ്യം മനുഷ്യനെ സംബന്ധിച്ച് പരമപ്രധാനമാണ്. എന്നാൽ അതിനോടൊപ്പം തന്നെ മാനസികവും സാമൂഹികവുമായ ആരോഗ്യം കൂടി സംരക്ഷിക്കണമെന്നതാണ് ഈ സമയങ്ങളിൽ ലോകാരോഗ്യ ദിനം ഓർമിപ്പിക്കുന്നത്.നമ്മുക്കറിയാമല്ലോ മഹാമാരി സമയങ്ങളി മനുഷ്യൻ ഏറ്റവും അധികം വെല്ലുവിളി നേരിട്ടതും മാനസിക സമ്മർദ്ദം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളിലാണ്.നിരവധി ആളുകൾ ലോകത്തിലുടനീളം വിവിധ ആരോഗ്യപ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഈ സമയങ്ങളിൽ സ്വന്തം ആരോഗ്യം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണെന്ന ചിന്ത ഉളവാക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നതും അതിനായുള്ള ശ്രമങ്ങൾ ലോകാരോഗ്യ സംഘടന ചെയ്തെടുക്കുന്നതും.
എല്ലാവർക്കും ആരോഗ്യവും സമാധാനവുമുള്ള, സമ്പന്നവും സുസ്ഥിരവുമായ അന്തരീക്ഷത്തിൽ ആനന്ദകരമായ ജീവിതം നയിക്കാൻ കഴിയുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയണം.അതിനുള്ള സാഹചര്യങ്ങളിൽ നമ്മുക്ക് ഉണ്ടാകണം.ചില വിദേശ രാജ്യങ്ങളിൽ അവിടെ ഉള്ള പൗരന്മാരുടേയും പ്രവാസി താമസക്കാരുടേയും ആരോഗ്യത്തിന് മുൻതൂക്കം നൽകി മെഡിക്കൽ ഇൻഷുറൻസ് പോലുള്ള നടപടിക്രമങ്ങൾ ഏറെ നിർബന്ധമാക്കിട്ടുണ്ട്.മാത്രമല്ല പിരിമുറുക്കം നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽ നിന്ന് അയവ് വരുത്തുവാൻ നിരവധി മാനസിക ഉല്ലാസപദ്ധതികളും ഗവൺമെന്റ്തലങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകുന്നു.ആരോഗ്യത്തിനുള്ള അവകാശം മനുഷ്യന്റെ മൗലികാവകാശങ്ങളിലൊന്നാണ്.സാമ്പത്തിക ബാധ്യതയില്ലാതെ എല്ലാവർക്കുംആവശ്യമുള്ളപ്പോൾ ആരോഗ്യ പരിരക്ഷ ലഭ്യമാകണം എന്നതാണ് നമ്മുടെ ജനാധിപത്യത്തിന്റെ ആവശ്യം.ലോകത്ത് ഏതാണ്ട് ഇരുനൂറ് കോടി ജനങ്ങൾ ആരോഗ്യ
പരിപാലനച്ചെലവുകൾ താങ്ങാനാകാതെ മരണത്തിന് കീഴടങ്ങുകയാണ്. സാമ്പത്തിക പരാധീനതകൾ സാധാരണക്കാരെയും, പിന്നാക്കാവസ്ഥയിലുള്ളവരെ ഗുരുതരമായി ബാധിക്കുന്നുണ്ട് .എല്ലാവർക്കും ആരോഗ്യം യാഥാർത്ഥ്യമാക്കാൻ, ഉയർന്ന നിലവാരമുള്ള
ആരോഗ്യ സേവനങ്ങൾ എല്ലാ ജനവിഭാഗങ്ങൾക്കും ഉറപ്പാക്കാൻ നമ്മുടെ സംവിധാനങ്ങൾ ശ്രമിക്കണം. ഗവൺമെന്റ് തലങ്ങൾ ഇതിനായുള്ള പരിശ്രമങ്ങൾ ചെയ്തെടുക്കുന്നണ്ടെങ്കിലും അതൊന്നും ഫലവത്തായി അർഹതപ്പെട്ടവരിൽ എത്തുന്നില്ല.2025 അവസാനത്തോടെ ഇന്ത്യയിലെ ആരോഗ്യ മേഖലയിൽ 17.5 കോടി അധിക കിടക്കകൾ വേണ്ടിവരുമെന്നാണ് ഒരു പഠനറിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയിൽ ദേശീയ ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്ന ജനങ്ങൾ സ്വന്തം പോക്കറ്റിൽ നിന്ന് ആരോഗ്യ സംരക്ഷണത്തിനായി ധനം കണ്ടെത്തേണ്ട സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്. ജനസംഖ്യയിലെ ഏറ്റവും ദരിദ്രരായ 10% ആളുകൾ അവരുടെ അല്പമായുള്ള ആസ്തികളുടെ വിൽപനയെയോ കടമെടുപ്പിനെയോ ആശ്രയിച്ചാണ് ആരോഗ്യം സംരക്ഷിക്കുന്നത്. ഇത് കുടുംബത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും അവരുടെ ദീർഘകാല സാമ്പത്തിക സാധ്യതകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിനായുള്ള മൊത്തം ചെലവിന്റെ 70 ശതമാനത്തിലധികം തുക രോഗിയുടെ പോക്കറ്റിൽ നിന്നാണ് ചെലവാക്കപ്പെടുന്നത്. ഈ സ്ഥിതിക്ക് മാറ്റം വരുത്താൻ കഴിയണം. ആരോഗ്യ സുരക്ഷാ ഏകീകരണം കൂടുതൽ ശക്തീപ്പെടുത്തണം.അതിനായുള്ള ഏറെ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കണം. ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങൾ പോലെ ഏവർക്കും ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിൽക്കട്ടെ.നാം ആരോഗ്യമായി ഇരിക്കുമ്പോഴും മറ്റുള്ളവരുടെ ആരോഗ്യത്തിനും നമ്മുക്ക് പ്രാധാന്യം നൽകി ഒരു നല്ല ജീവിതം ജയകരമായി നയിക്കാം.
ഏവർക്കും ലോക ആരോഗ്യ ദിനാശംസകൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.