ചെറു ചിന്ത: രുചി മാറും മുമ്പേ, ചിരി മായുമ്പോൾ | പാസ്റ്റർ ബിജോ മാത്യു, പാണത്തൂർ

ചില ദിവസങ്ങൾക്കു മുമ്പ് ഒരു കുഞ്ഞു ഷവർമ കഴിച്ചു മരിച്ചത് നമ്മൾ മറന്നിട്ടുണ്ടാവില്ല.ജീവിതത്തിന്റെ ആകാശത്ത്‌ പറക്കാൻ തുടങ്ങുന്നതിനു മുമ്പ് താഴെ വീണുപോയ ഒരു കിളിക്കുഞ്ഞു പോലെ. പറക്കമുറ്റും മുമ്പ് കാണാമറയത്തേക്ക് യാത്രയായി. വിശപ്പടക്കാൻ കയറിയപ്പോൾ പാത്രത്തിൽ നിറഞ്ഞത് വിഷമായിരുന്നു.കേരളത്തിൽ പലയിടങ്ങളിലും ഭക്ഷ്യ വിഷബാധയേറ്റു ആളുകൾ ആശുപത്രികളിലായിരുന്നു. രുചിയുള്ള, വഴിയാത്രക്കാരെ പിടിച്ചു നിർത്തുന്ന മണമുള്ള, കൊതിപ്പിക്കുന്ന ഭക്ഷണങ്ങൾ പലപ്പോഴും ജീവിതത്തിൽ വില്ലന്മാരാകാറുണ്ട്. ചിരിച്ചു മയക്കി രുചിക്കൂട്ടുകളുടെ മന്ത്രികതയിൽ തീന്മേശയിൽ മരണം വിളമ്പുന്നവർ.(എല്ലാവരുമല്ല).ആകർഷണീയതയ്ക്കും വശ്യതയ്ക്കും പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഒരപകടം ഉണ്ടാകും.ചിരിക്കുന്നത് മയക്കും പിന്നെ തകർക്കും.”തല തലോടി തലച്ചോറ് തകർക്കുക”എന്ന ഒരു ചൊല്ല് ഉണ്ട്.

വേദപുസ്തകവും അതിലേക്കു വിരൽ ചൂണ്ടുന്നു.ദലീല എന്ന സ്ത്രീ ശിംശോനെ മടിയിൽ ഉറക്കി, അവന്‍റെ മഹാ ശക്തിയുടെ രഹസ്യം ചോദിച്ചറിഞ്ഞു. അങ്ങനെ അവന്‍റെ ജഡകൾ മുറിച്ചു കളഞ്ഞു. ബൈബിൾ പറയുന്നു “ഇങ്ങനെ അവൾ അവനെ ഒതുക്കി തുടങ്ങി”.അതെ ലോകം നമ്മെ ആകർഷിച്ചു ഒതുക്കി നശിപ്പിക്കാൻ ശ്രമിക്കും.പ്രലോഭനങ്ങളുടെ അമ്പുകൾ നമുക്കെതിരായി എയ്യും.യേശുവിനെ പോലും വീഴ്ത്തുവാൻ ശ്രമിച്ചു. എന്നാൽ യേശു അതിനെ ജയിച്ചു. ചിരിച്ചു മയക്കി വീഴ്‍ത്തുന്ന ലോകത്തെ കുറിച്ച് അറിവുള്ള വരാകുക.

ചൈനയിലെ ഒരു തെരുവിലൂടെ ഒരു കൂട്ടം പന്നികൾ സഞ്ചരിക്കുന്നു.ശ്രദ്ധിച്ചു നോക്കിയാൽ നമുക്ക് മനസിലാകും അവയുടെ ഏറ്റവും മുന്നിൽ ഒരു മനുഷ്യൻ നടക്കുന്നുണ്ട്.നിരയൊപ്പിച്ചു അനുസരണയോടെ ആ പന്നികൾ അയാൾക്ക് പിന്നിൽ നടന്നു പോകുന്നു. കാരണം എളുപ്പമാണ്, അയാളുടെ കയ്യിൽ ഒരു പാത്രത്തിൽ കുറച്ചു പയറുകളുണ്ട്. അത് അയാൾ പാത്രത്തിൽ നിന്ന് താഴേക്കു ഇട്ടുകൊണ്ടേയിരിക്കുന്നു.വാസ്തവത്തിൽ അത് തിന്നാൻ വേണ്ടിയാണ് പന്നികൾ അനുസരണയോടെ അയാളെ അ നുഗമിക്കുന്നത്.എന്നാൽ അവസാനം അയാൾ പോയി നിന്നതു പന്നിയിറച്ചി വിൽക്കുന്ന ഒരു അറവുശാലയുടെ മുന്നിൽ.. ബാക്കിയുള്ള കാര്യം നമുക്ക് ഊഹിക്കാവുന്നതേയുള്ളു.പയറുകൊടുത്തു ആകർഷിച്ചങ്കിലേ പന്നികളെ അയാൾക്ക് അറവുശാലയിൽ എത്തിക്കാൻ കഴിയൂ.അഥവാ പയറിന്റെ രുചി പറ്റി ആ മനുഷ്യന്റെ പിറകെ പോയ പാവം പന്നികളെ കാത്തിരുന്നത് മരണമാണ്.മനുഷ്യനെ മോഹങ്ങൾ കാട്ടി ഇന്നും പിശാച് ആകർഷിച്ചു കൊണ്ടിരിക്കുന്നു.ബൈബിൾ പറയുന്നു, സാത്താൻ അവരെ നരകത്തിലേക്ക് നയിക്കുന്നു. “പാപം ചെയ്യുന്ന ദേഹി മരിക്കും.പാപത്തിന്റെ രുചി പിടിച്ചു സന്തോഷിക്കുന്ന മനുഷ്യന്റെ അന്തം അഗ്നിനരകത്തിലാണ്.അന്ന് ഈ ചിരിയും സന്തോഷവും ഉണ്ടാകില്ല. അവിടെ കരച്ചിലും പല്ലുകടിയുമുണ്ടാകും.പാപത്തിന്റെ രുചി മാറും മുമ്പേ മരണം കവർന്നെടുത്ത മനുഷ്യന്റെ ചിരിയും മായും.അതുകൊണ്ട് ക്രിസ്തുവിൽ വിശ്വസിച്ചു, വിശുദ്ധിയിൽ ജീവിച്ചു പാപത്തെ ജയിച്ചുള്ള ജീവിതം നയിക്കുക.ജീവന്റെ പുസ്തകത്തിൽ പേരെഴുതപ്പെടട്ടെ.നിത്യതയിൽ യേശുവിനോട് ഒപ്പം ചിലവഴിക്കാം.പാപത്തിന്റെ തത്കാല ഭോഗങ്ങളെ വിട്ട് ഓടിയകലാം.ദൈവം സഹായിക്കട്ടെ.

പാസ്റ്റർ ബിജോ മാത്യു, പാണത്തൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.