ഡല്‍ഹിയില്‍ മാസ്‌ക് ഉപയോഗം വീണ്ടും കര്‍ശനമാക്കി, ധരിക്കാത്തവര്‍ക്ക് പിഴ!

KE News Desk | Delhi

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മാസ്‌ക് ഉപയോഗം വീണ്ടും കര്‍ശനമാക്കി. ഡല്‍ഹി ലഫ് ഗവര്‍ണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് രാജ്യതലസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്.
പൊതുയിടങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ 500 രൂപ പിഴ ചുമത്തുമെന്ന് ഡിഡിഎംഎ അറിയിച്ചു.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ഡല്‍ഹിയിലാണ്. രാജ്യതലസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 632 പേര്‍ക്കാണ്. ഈ സാഹചര്യം വിലയിരുത്താനാണ് ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ അധ്യക്ഷതയില്‍ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്നത്.

പരിശോധനയും വാക്സിനേഷനും കൂട്ടാനും യോഗത്തില്‍ നിര്‍ദേശമുണ്ട്. എന്നാല്‍ സ്കൂളുകള്‍ തത്ക്കാലം ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറില്ല. ആള്‍ക്കൂട്ടങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തില്ല. ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ഉയരുന്നെങ്കിലും സ്ഥിതി രൂക്ഷമല്ല. ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്, സര്‍ക്കാര്‍ സ്ഥിതി വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.

കോവിഡ് കേസുകള്‍ ഉയരുന്നുണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെയും രോഗബാധയെ തുടര്‍ന്നുള്ള മരണ നിരക്ക് വളരെ കുറവായിട്ടാണ് രേഖപ്പെടുത്തുന്നത്. ഇതിനിടെ രാജ്യത്താകെ കോവിഡ് കേസുകളില്‍ ഇന്ന് അറുപത് ശതമാനം വര്‍ധനയുണ്ടായി. ഇരുപത്തിനാല് മണിക്കൂറിനിടെ 2067 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 40 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം പ്രിതിദന രോഗികളുടെ എണ്ണത്തില്‍ കേരളമാണ് രണ്ടാം സ്ഥാനത്ത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.