ലേഖനം: സ്നേഹിക്കുന്നുവോ..? | സുരേഷ് ജോൺ,ചണ്ണപ്പേട്ട

മറഞ്ഞുപോയ  തലമുറകൾ പലരും ആഗ്രഹിച്ചിട്ടും കാണാതെപോയ വലിയ മർമ്മം വെളിപ്പെടുത്തി  ദൈവത്തോടുള്ള സമത്വം  മുറുകെ പിടിക്കാതെ മണ്ണിലേക്ക്  വന്ന്, “കൂട്ടുകാർക്കു വേണ്ടി ജീവൻ കൊടുക്കുന്നതിലും വലിയ സ്നേഹമില്ല” എന്ന് പഠിപ്പിക്കുക മാത്രമല്ല,സ്വന്തജീവൻ കൊടുത്ത് അത് കാണിച്ചു കൊടുത്തിട്ടും, മുൻപ് തങ്ങൾ കേട്ടതുപോലെ മരണത്തിനവനെ പിടിച്ചുവെയ്ക്കാൻ കഴിഞ്ഞില്ല എന്ന് സ്വന്തകണ്ണാൽ കണ്ട്  മനസ്സിലാക്കിയിട്ടും..,വലയും വള്ളവുമെടുത്ത് പഴയ പണിക്കിറങ്ങിയ ശിഷ്യരെ കാത്ത് കടൽതീരത്ത് അപ്പവും മീനുമായി നിൽക്കുന്ന ക്രിസ്തുവിനെ  ബൈബിളിൽ ഒരിടത്ത് കാണാം (യോഹ: 21).ഒരു ചെറിയ വാക്കിന്റെയോ പ്രവർത്തിയുടെയോ പേരിൽ ബന്ധങ്ങൾ വരെ വേർപെടുത്തുന്ന,കൊല്ലുവാനോ മരിക്കുവാനോ തയ്യാറാകുന്ന ഈ പുതിയ കാലത്ത് ആ സ്നേഹത്തിന്റെ ചിത്രത്തിന്  തിളക്കമേറെയാണ്. ഒന്നും പറയാനാവാതെ നിസ്സഹായനായി നിൽക്കുന്ന ഒന്നാമത്തെ ശിഷ്യൻ ഉൾപ്പെടുന്ന ആ സംഘത്തെ അവിടുന്ന് വിളിക്കുന്നത് “കുഞ്ഞുങ്ങളെ” എന്നാണ്.. തന്നെ വിട്ട് ചിതറിപ്പോകുമെന്ന് അറിയാമായിരുന്നുവെങ്കിലും പ്രതീക്ഷയോടെ ഒരു വലിയ ദൗത്യത്തിനായി മൂന്നര വർഷകാലം കൊണ്ട് ഒരുക്കിയെടുത്ത ആ ചെറിയ കൂട്ടത്തോട്  ശാസനയുടെ ഒരു ചെറിയ വാക്കെങ്കിൽകൂടി പറയുന്നത്  ഈ സംഭവത്തിൽ നാം കാണുന്നില്ല .താൻ നഷ്ട്ടപ്പെട്ടുപോയി  എന്ന് ചിന്തിക്കുന്ന ആരെങ്കിലും ഈ കുറിപ്പ് വായിക്കുന്നുവെങ്കിൽ നിങ്ങൾ ഓർക്കുക നിങ്ങളെപ്പറ്റി നിങ്ങളോ ലോകമോ കാണുന്ന പോലെയല്ല അവിടുന്ന് കാണുന്നത്.. അളക്കാനാവാത്തവിധം അകന്നുനിൽക്കുന്ന, സ്വർഗ്ഗവും ഭൂമിയും തമ്മിലുള്ള അകലത്തിന് സമാനമാണ് അവിടുത്തേയ്ക്ക് നമ്മെപ്പറ്റിയുള്ള ചിന്തകൾ … പശ്ചാത്തപിച്ചു എന്ന് ചിന്തിക്കാമെങ്കിലും ഗുരുവിലേക്ക് മടങ്ങാതെ സ്വന്തം ജീവനെ കളഞ്ഞ ഒരുവൻ അടയാളമായി  നിൽക്കുമ്പോൾ  3 വട്ടം തള്ളിപ്പറഞ്ഞവനെ 3000 പേരെ ഒരൊറ്റ പ്രസംഗത്തിൽ നേടുന്നവനാക്കിയത് ആ സ്നേഹമാണ്.. നിരാശയും നിലനിൽപ്പിനെപ്പറ്റിയുള്ള  ആധിയും നിലനിൽക്കുമ്പോൾ തന്നെ ഇഹത്തിലും പരത്തിലും നിറവ് അനുഭവിപ്പാൻ ഒരു വഴിയേയുള്ളൂ. നിർത്തിയവങ്കലേയ്ക്ക്,ഇതുവരെ നടത്തിയവങ്കലേക്ക് മടങ്ങിപ്പോകുക.. ഈ വഴിയമ്പലത്തിലെ ആശ്വാസത്തിന് ആയുസ്സ് കുറവാണെന്ന് മനസ്സിലാക്കിയിട്ടും നശ്വരതയെ മുറുകെ പിടിച്ചു നിത്യതയെ നഷ്ട്ടമാക്കിക്കളയുന്ന ഭൂരിപക്ഷത്തെ അവഗണിക്കുക.. മുന്നിലെ വലകൾ നിറയ്ക്കുവാൻ അവിടുത്തേയ്ക്ക് കഴിയുമെങ്കിലും  അതുൾപ്പെടെ ഈ ലോകത്തിലെ പലതിനെയും ചപ്പെന്നും ചവറെന്നും എണ്ണുവാൻ,കാണുന്ന എല്ലാത്തിനേക്കാളും എല്ലാവരേക്കാളും  എനിക്ക് നിന്നോട് സ്നേഹമുണ്ടെന്ന് പറയുവാൻ തിരിഞ്ഞു നടക്കുക.. പിറകെ പ്രതീക്ഷയോടെ വരുവാനും തിരികെ വിളിക്കാനുമേ അവിടുന്ന് ശ്രമിക്കൂ..തീരുമാനം എടുക്കേണ്ടത് പൂർണ്ണമായും നമ്മളാണ്..

സുരേഷ് ജോൺ,ചണ്ണപ്പേട്ട

-Advertisement-

You might also like
Comments
Loading...