ലേഖനം: സത്യം, വെളിച്ചം, ഗന്ധം | രാജൻ പെണ്ണുക്കര

സത്യം, വെളിച്ചം, ഗന്ധം എന്നിവ എത്ര മറച്ചാലും മറനീക്കി ഒരുനാൾ പുറത്തു വരും എന്നത് പ്രകൃതിയുടെ നിഷേധിക്കാൻ പറ്റാത്ത നിയമമല്ലേ!!!. വേറെ ഒരു അർത്ഥത്തിൽ പറഞ്ഞാൽ ഇവമൂന്നിനേയും എത്രനാൾ മറച്ചു മൂടി വെക്കുവാൻ കഴിയും എന്നതാണ് അടുത്ത ചോദ്യം?.

മുകളിൽ ഉദ്ധരിച്ച മൂന്നു പദങ്ങളും വചനത്തിൽ അനേക തവണ ഉപയോഗിച്ചിരിക്കുന്നു. കൂടാതെ ദൈവീക പദപ്രയോഗത്തിന്റെ തുല്യർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന രണ്ടു പദങ്ങൾ ആണ് സത്യം, വെളിച്ചം. ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; (യോഹ 14:6). ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല; (1 യോഹ 1:5).

സത്യത്തോട് പോലും ദേഷ്യപ്പെടുന്നവനെ ബോധ്യപ്പെടുത്തരുത്…!!!. സത്യം പറയുന്നവൻ നീതി അറിയിക്കുന്നു; കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു (സദൃ 12:17). സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിങ്കലേക്കു വരുന്നു (യോഹ 3:21). അപ്പോൾ സത്യവും വെളിച്ചവും തമ്മിൽ ഒരു അഭേദ്യമായ ബന്ധം ഉണ്ടെന്നു ചുരുക്കം.

സത്യം പൊള്ളുന്നതാണ്, അതാണ് എല്ലാരും സത്യത്തേ ഭയക്കുന്നത്. സത്യം കയ്ക്കുന്നതാണ്, പരമസത്യം പരമമായി കയ്ക്കുന്നതാണ്, അതാണ് അതിനോട് പലർക്കും താൽപ്പര്യം ഇല്ലാത്തത്. നീ സത്യം വിൽക്കയല്ല വാങ്ങുയത്രേ വേണ്ടതു; (സദൃ 23:23). വിൽക്കുകയും വാങ്ങുകയും ചെയ്യുന്നത് കച്ചവടത്തിലാണ്, അപ്പോൾ ആത്മീയത നിറഞ്ഞ വ്യാപാരത്തിലും, ശുശ്രുഷയിലും സത്യമില്ലാത്ത ഒരു കാര്യവും ചെയ്യരുത്. സത്യത്തേ മറച്ച് എന്തെങ്കിലും ചെയ്താലോ, അഥവാ വേറെ രീതിയിൽ മറയ്ക്കുവാൻ ശ്രമിച്ചാലോ അതു ദൈവത്തേ തന്നെ കബളിപ്പിക്കുന്നതിനു തുല്യമാകും. ഒരു സത്യത്തേ മറയ്ക്കുവാൻ ഒരു അസത്യം പറഞ്ഞാൽ, ആ അസത്യത്തെ മറയ്ക്കുവാൻ നൂറ് അസത്യങ്ങൾ വീണ്ടും വീണ്ടും പറയേണ്ടി വരും എന്നതാണ് തത്വം. സത്യം ആയിരം വർഷം മൂടിവെച്ചാലും ഒരുനാൾ പതിനായിരം മടങ്ങുശക്തിയോടെ വെളിച്ചത്തു വരും. എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല (3 യോഹ 1:4).

യിരേമ്യാവു 20:1-2-ൽ, ദൈവം ഏൽപ്പിച്ച സത്യങ്ങൾ പറഞ്ഞപ്പോൾ പശ്ഹൂർപുരോഹിതൻ കേട്ടിട്ടു യിരെമ്യാപ്രവാചകനെ അടിച്ചിട്ട്‌ ആമത്തിൽ ഇട്ടു എന്നു വായിക്കുന്നു. കൂടാതെ ഇടവിടാതെ നിന്ദക്കും പരിഹാസത്തിന്നും ഹേതുവായി തീരും. സത്യം പറഞ്ഞാൽ ഇതാണ് അന്നു ലോകം കൊടുത്ത പ്രതിഫലമെങ്കിൽ ഇന്നത്തെ അവസ്ഥ പറയണോ .

അങ്ങനെ ന്യായം പിന്മാറി നീതി അകന്നുനിൽക്കുന്നു; സത്യം വീഥിയിൽ ഇടറുന്നു; നേരിന്നു കടപ്പാൻ കഴിയുന്നതുമില്ല. സത്യം കാണാതെയായി; ദോഷം വിട്ടകലുന്നവൻ കവർ‍ച്ചയായി ഭവിക്കുന്നു; യഹോവ അതു കണ്ടിട്ടു ന്യായം ഇല്ലായ്കനിമിത്തം അവന്നു അനിഷ്ടം തോന്നുന്നു (യെശയ്യാ 59:14-15). ഇന്നത്തെ ലോകത്തിന്റെയും ആത്മീക ഗോളത്തിന്റെയും അവസ്ഥ ഇതു തന്നെയല്ലേ. എവിടെ നീതി ന്യായം, സത്യം?… ഇവകൾ ഇല്ലാത്ത കുടുംബത്തിലും, സഭയിലും, അത് ഏതു മേഖലയായാലും ദൈവത്തിന്റെ അനിഷ്ടം മാത്രമേ അവിടെ ദർശിക്കുവാൻ സാധിക്കൂ. സത്യങ്ങൾ ഒളിഞ്ഞു കിടന്നാൽ പോലും അതിന്റെ യഥാർത്ഥ മുഖം ദൈവത്തിന്റെ മുന്നിൽ തെളിഞ്ഞു നിൽക്കും. അസത്യം സത്യത്തേ ഭയക്കുന്നു എന്നതല്ലേ വാസ്തവം.

ചോദ്യം ചോദിക്കുന്ന കുട്ടിയെ ക്ലാസ്സിൽ നിന്നും ഇറക്കി വിട്ട് തല്ക്കാലം രക്ഷപെടാം, എന്നാൽ ചോദ്യം എന്നും ചോദ്യമായി അവശേഷിക്കും. അതുപോലേയല്ലേ സത്യം പറയുന്നവരേയും ചോദിക്കുന്നവരേയും ചിലപ്പോൾ ഉന്മൂലനാശം ചെയ്യാം, അല്ലെങ്കിൽ പടിക്കു പുറത്താക്കാം പക്ഷേ അന്നാലും സത്യം സത്യമായി തന്നെ എന്നും നിലനിൽക്കും.

അതുപോലെ തന്നെയല്ലേ വെളിച്ചവും, എത്ര നാൾ മറച്ചു പിടിച്ച് ഇരുട്ടാക്കാൻ സാധിക്കും. എത്ര നാൾ കണ്ണടച്ച് ഇരുട്ടക്കാൻ മനുഷ്യർക്ക്‌ കഴിയും. അതിനും ഒരു നിശ്ചിത കാലാവധി വെച്ചിരിക്കുന്നു. സൂര്യനെ മറക്കുവാൻ മേഘം ശ്രമിക്കുന്നതുപോലെയല്ലേ മനുഷ്യന്റെ ശ്രമങ്ങളും. ഒരു ചെറിയ കാറ്റുമതി അതിന്റെ മറ മാറിപോകാൻ. എന്നാൽ പിന്നീട് പുറത്തു വരുന്ന പ്രകാശരശ്മിയുടെ തേജസ്സ് നമ്മുടെ കണ്ണുകൾക്ക് താങ്ങുവാൻ കഴിയില്ല. നഗ്നനേത്രം കൊണ്ട് സൂര്യഗ്രഹണം കാണരുതെന്ന് പറയുന്നത് കേട്ടിട്ടില്ലേ. ഇരുട്ട് വെളിച്ചത്തെ ഭയക്കുന്നു, വെളിച്ചം വരുമ്പോൾ ഇരുൾ മാഞ്ഞു പോകുന്നു. നല്ല വെളിച്ചം വന്നാൽ നമ്മുടെ സ്വന്തം നിഴൽ പോലും മാറിപ്പോകും.

ചിലർ ഇരുട്ടിനെ ഇഷ്ടപ്പെടുന്നു. നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിന്നുമുള്ളവരല്ല (1 തെസ്സ 5:5). എഫെസ്യർ 5:8 പ്രകാരം നാം മുമ്പെ ഇരുളായിരുന്നു; ഇപ്പോഴോ കർത്താവിൽ വെളിച്ചം ആകുന്നു. റോമർ 13:12 പറയുന്നു നാം ഇരുട്ടിന്റെ പ്രവൃത്തികളെ വെച്ചുകളഞ്ഞു വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിച്ചുകൊൾക. നാം ഇരുട്ടിന്റെ നിഷ്ഫല പ്രവൃത്തികളിൽ കൂട്ടാളികൾ ആകരുതു; അവയെ ശാസിക്ക അത്രേ വേണ്ടതു (എഫെ 5:11). ഇരുട്ടിന്റെ പ്രവർത്തികളായ സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളയണം (1 പത്രൊ 2:1).

ഗന്ധം രണ്ടുവിധം ആകാം, ഒന്നുകിൽ സുഗന്ധം, അല്ലെങ്കിൽ ദുർഗന്ധം. ഏതായാലും ഇവകളെ അടച്ചു മൂടി വെക്കുവാൻ ആർക്കും സാധിക്കില്ല, ഒരുനാൾ അതിന്റെ മൂടി പൊട്ടിച്ച് അതു പുറത്തുവരും. അപ്പോഴല്ലേ നാം തിരിച്ചറിയുന്നത് ഉള്ളിലെ വസ്തു എപ്രകാരം ഉള്ളതായിരുന്നു എന്ന്. ദുർഗന്ധമാണ് വമിക്കുന്നതെങ്കിൽ ഉടനെ കുഴിച്ചു മൂടണം. എന്നാൽ സുഗന്ധമാണ് പുറത്തു വരുന്നതെങ്കിൽ അതു പലതിനേയും അതിലേക്ക് ആകർഷിക്കും. സുഗന്ധത്തിന്റെ വേറെ ഒരു പേരാണ് സൗരഭ്യവാസന. പഴയ നിയമം പഠിച്ചാൽ ദൈവം ഏറ്റവും ഇഷ്ടപെടുന്ന കാര്യമാണ് സൗരഭ്യവാസന. അതാണ് നിബന്ധനകൾ വെച്ച് പറയുന്നത് ദൈവത്തിന് അർപ്പിക്കുന്നു യാഗം സൗരഭ്യവാസനയായി പർണമിക്കണമെന്ന്.

പുതിയ നിയമ വ്യവസ്ഥ അനുസരിച്ച് നാം രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിന്നു ക്രിസ്തുവിന്റെ സൗരഭ്യവാസന ആകുന്നു; (2 കൊരി 2:15).

ഗന്ധം എന്നവാക്കിനോട് “”ദുർ”” എന്ന രണ്ടക്ഷരം ചേർന്നാൽ ചീത്തയായ, ഹീനമായ, സഹിക്കാനാവാത്ത ഗന്ധം (ദുർഗന്ധം) എന്നയർത്ഥം ആയി മാറുന്നു. എന്നാൽ “”സു”” എന്നൊരക്ഷരം ചേർന്നാലോ നല്ലത്, പൂർണമായ, ഭംഗിയുള്ള സഹിക്കാനാകുന്ന ഗന്ധം ആയി മാറുന്നു, അതിനെയാണ് നാം സുഗന്ധം, മണം, സൗരഭ്യവസാന എന്ന ഓമന പേര് വിളിക്കുന്നത്. നമുക്ക് തീരുമാനിക്കാം ഏതക്ഷരമാണ് നമ്മോട് ചേർക്കേണ്ടിയതെന്ന്.

നമ്മുടെ ജീവിതം സത്യം നിറഞ്ഞതും തുനിലാവിൻ വെളിച്ചം വീശുന്നതും ശാരോനിലെ പനിനീർപൂവിൻ മണമേറിവരും തെന്നിളം കാറ്റിന്റെ സുഗന്ധം പരത്തുന്നതും താഴ്വരകളിലെ താമരപ്പൂ പോലെ സുന്ദരവും ആകുമാറാകട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു.

രാജൻ പെണ്ണുക്കര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.