ലേഖനം: മരണാനന്തരം എവിടെ ചെലവഴിക്കും ? | സീബ മാത്യൂ കണ്ണൂർ

യേശുകർത്താവ് ലോകസ്ഥാപനം  മുതൽ   ഗൂഢമായത് വെളുപ്പെടുത്തിയതിൽ  ജീവിതം മരണം മരണാനന്തരജീവിതം  എന്നീ വിഷയങ്ങൾ  ഉൾക്കൊള്ളുന്ന ധനവാന്റെയും ലാസറിന്റെയും ഉപമ പ്രസ്താവിച്ചു.
ലൂക്കോസ് 16:19-31.

തങ്ങളുടെ പേരുകൾ എവിടെ എങ്കിലുമൊക്കെ എഴുതി കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു.  പലരും പേര് പ്രസിദ്ധമാക്കുവാൻ പലമാർഗ്ഗങ്ങളും ഉപയോഗിക്കുകയും അതിനായി എത്രപണം വേണമെങ്കിലും ചെലവിടും.  ഈ ലോകത്തിൽ  ധനവാന് പേരുണ്ടെങ്കിലും  ഈ ഉപമയിൽ ധനവാന്റെ പേര് രേഖപ്പെടുത്തിയിട്ടില്ല  എന്നാൽ ദരിദ്രന്റെ പേര് ലാസർ  എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

എണ്ണിയാൽ തീരാത്ത സ്ഥാവര ജംഗമ വസ്തുക്കളുള്ള ധനവാന് എല്ലാ  സുഖസൗകര്യങ്ങളോടു കൂടെ ആഡംമ്പര ജീവിതം നയിക്കുമ്പോൾ  ലാസർ ദാരിദ്രത്തിൽ ജനിച്ചിരിക്കാം  അല്ലെങ്കിൽ   വൈദ്യചികിത്സക്കായി  തനിക്കുള്ളതൊക്കെയും ചിലവഴിച്ചത് കൊണ്ടാകാം  ദരിദ്രനായി  ജീവിച്ചത്. ഗവണ്മെന്റ്  കണക്കിൽ ഇന്നും ദരിദ്രരും ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരും നമ്മുടെ സമൂഹത്തിലുണ്ട്.  ദരിദ്രരെ  ഓർത്തുകൊള്ളേണം എന്ന അപ്പോസ്തോലന്മാരുടെ വാക്കുകൾക്കു പൗലോസിന്റെ പ്രതിവചനം അങ്ങനെ  ചെയ്യവാൻ ഞാൻ ഉത്സാഹിച്ചിരിക്കുന്നു
എന്നാൽ നമ്മിൽ ഈ ഉത്സാഹം ഉണ്ടോ ?     ദരിദ്രന് കൊടുക്കുന്നവൻ യഹോവയ്ക്കു വായിപ്പാ കൊടുക്കുന്നു.

ധനവാന് പടിപ്പുരയുള്ള വീടുണ്ട്  എന്നാൽ ലാസറിനും  സ്വന്തം എന്ന് പറയാൻ കൂരപോലു ഇല്ല.
ഒരു കാലത്ത് നമ്മുടെ നാട്ടിൻ പുറങ്ങളിൽ മൺകട്ട കൊണ്ട് കെട്ടിയ പുല്ലു മേഞ്ഞവീടുകൾ   ഉണ്ടായിരുന്നു. കാലം  മാറുന്നതിനനുസരിച്ച്
പലനിലകളിലുള്ള വീടുകൾ. വാസയോഗ്യമായ നല്ല വീട് അവശ്യമാണ്.  എന്നാൽ  ആഡംബര വീട് അനാവശ്യമാണ്.  വീടു പണിയാൻ വേണ്ടി  എത്രപണം വേണമെങ്കിലും  ചെലവഴിക്കും കടം മേടിച്ചും  ലോൺഎടുത്തും ഇന്നത്തെ കാലത്ത് വീടു പണിയാൻ  ലക്ഷങ്ങൾ  ചെലവാകും എന്നാൽ കോടികൾ മുടക്കിയുള്ള  ആർഭാടം കാണുമ്പോൾ ഒരു താലന്തു ലഭിച്ചവൻ അത് നിലത്തു മറെച്ചുവെച്ചതു പോലെ…..  അതുകൊണ്ട് അനീതിയുള്ള മമ്മോനിൽ വിശ്വാസ്തരാകുക. താത്കാലിക  കൂടാരത്തിൽ പാർത്തു കൊണ്ട് കർത്താവ് ഒരുക്കുന്ന നിത്യവാസസ്ഥലത്തേക്ക് പോകാൻ അവനായി കാത്തിരിക്കാം.

ഈ കാലത്തും  ദരിദ്രർക്ക് വല്ലതും കൊടുത്ത് ഒഴിവാക്കും എന്നാൽ  അഭയാർത്ഥി എന്നതുപോലെ  ലാസറിനെ പടിപ്പുരയ്ക്കൽ കിടക്കാൻ  അനുവദിച്ചത്‌  ധനവാന്റെ നല്ല  മനസ്സാണ്.  പ്രളയം നമ്മെ പലതും പഠിപ്പിച്ചിട്ടും ഒന്നും പഠിക്കാത്ത നാം ഇപ്പോൾ ഈ മഹാമാരിയെ മുഖാമുഖം കണ്ടു കണ്ടിരിക്കുമ്പോൾ മഹാദാരിദ്രത്തിൽ  സ്വന്തം എന്ന് പറയുവനൊരു കൂരപോലും ഇല്ലാത്തവനും ആഹാരത്തിനു മുട്ടുള്ളവനും വൈദ്യസഹായം ആവിശ്യമുള്ളവരും നമ്മുടെ പടിപ്പുരക്കു സമീപം ഉണ്ടെന്നസത്യം  വിസ്മരിക്കരുത്. ഒരുപക്ഷെ സഹോദരനോ സ്നേഹിതനോ അയൽവാസിയോ  ആരെങ്കിലുമാകാം. സമൂഹത്തിലെ എല്ലാവരുടെയും ആവശ്യങ്ങൾ  നിറവേറ്റുവാൻ നമുക്ക് കഴിയുകയില്ല എന്നാൽ പടിപ്പുരക്കലുള്ളവന്റെ അത്യാവശങ്ങളിൽ  സഹായിപ്പാൻ കഴിയും അതിന് മനസ്സുണ്ടാക്കണം.  ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വസിക്കൾക്കും നന്മ  ചെയ്യുക .
ധനവാൻ ധൂമ്രവസ്ത്രവും പട്ടും  വിലകൂടിയവസ്ത്രങ്ങളും ധരിക്കുമ്പോൾ   ലാസറിനു  പറയത്തക്ക വസ്ത്രങ്ങൾ ഇല്ല  . ദരിദ്രന് ഒരുപക്ഷെ പഴയതും കീറിയത് തയിച്ചതും മുഷിഞ്ഞതുമായ  വസ്ത്രങ്ങൾ മാത്രമേ കാണുകയുള്ളു  അങ്ങനെയുള്ളവർക്ക്  വസ്ത്രവും പുതപ്പും കൊടുക്കണം.  രണ്ടുള്ളവൻ ഒന്ന് ഇല്ലാത്തവന്  കൊടുക്കണം  എന്നുള്ള കർത്താവിന്റെ വചനം  മറക്കരുത്. മാന്യമായ വസ്ത്രം വേണം എന്നാൽ ലക്ഷങ്ങൾ വിലയുള്ളത് വേണ്ട.   സുതാര്യമായവസ്ത്രം  ഔദാര്യം കിട്ടിയാലും  മേനി പ്രദർശനത്തിന് അല്ല നഗ്നത  മറയ്ക്കുവാനാണ് വസ്ത്രം എന്നുള്ള അടിസ്ഥാന തത്വം മറക്കരുത്.
ധനവാന് എന്നും എല്ലാവിധ വിഭവസമൃദ്ധമായ മേശയാണ്. ലാസറിന് വലിയ ആഗ്രഹങ്ങളില്ല വിശപ്പ് അടക്കണം എന്നുമാത്രമേ ആഗ്രഹിച്ചുള്ളൂ. ഭക്തന്റെ  ഒരു പ്രാർത്ഥന നിത്യവൃത്തി തന്നു പോഷിപ്പിക്കേണം എന്നുള്ളതാണ്‌ .    ഭാരതത്തിൽ ജനലക്ഷങ്ങൾ ഇന്നും ഒരുനേരം മാത്രമാണ് ആഹാരം കഴിക്കുന്നത്   ഒരുനേരത്തെ അന്നത്തിനു വകയില്ലാത്തവരും പട്ടിണി മരണങ്ങളും നമ്മുടെ നാട്ടിലുണ്ട്.
അത്താഴപട്ടിണിക്കരുണ്ടോ എന്ന്‌ വിളിച്ചു ചോദിച്ച  ഒരു കാലം നമ്മുടെ നാട്ടിൻപുറങ്ങളിൽ ഉണ്ടായിരുന്നു.  നമ്മുടെ തലമുറ വിശപ്പിന്റെ വിലയറിയാത്തത്‌ നഷ്ടവും, വിശപ്പിന്റെ  വിലയറിയുന്നത് അനുഗ്രഹവുമാണ്.   ഫൈവ് സ്റ്റാർ ഫുഡ്‌, ഫാസ്റ്റ് ഫുഡ്‌ കൈയാടാക്കിയ ഈ കാലത്ത് ഫോണിൽ വിരൽ ഒന്ന് ഓടിച്ചാൽ വീട്ടുവാതിക്കൽ  ഇഷ്ടമുള്ള ഏത് ആഹാരവും എത്തും. നാവിന്റെ രുചിക്കല്ല ജീവന്റെ നിലനിപ്പിനും ശരീരത്തിന്റെ ആരോഗ്യത്തിനുമാണ് ആഹാരം.  ആഹാരവും ജലവും പാഴാക്കരുത്.   അന്നദാനം…  മഹാദാനമായി ലോകം കണക്കാക്കുന്നു  സാറഫത്തിലെ വിധവയും അവസാനം ഉണ്ടായിരുന്ന ഒരുപിടി മാവിൽ നിന്നും ഭക്തന് അപ്പം ഉണ്ടാക്കി കൊടുത്താണ് അനുഗ്രഹിക്കപ്പെട്ടത്.

ധനവാന് യാതൊരു വിധ ശരീരികപ്രയാസങ്ങളും രോഗങ്ങളും ഇല്ല. ദരിദ്രനായ ലാസർ വ്രണങ്ങളാൽനിറഞ്ഞ ഒരു കിടപ്പ് രോഗിയായിരുന്നു.  ഭക്തന്റെ ഒരു പ്രാർത്ഥന  നിന്റെ  ആത്മാവു ശൂഭമായിരിക്കുന്നതു പോലെ നീ സകലത്തിലും ശൂഭമായും സുഖമായും ഇരിക്കേണം എന്നാണ് . ദൈവത്തെ സേവിച്ചിട്ടും ഒരു നന്മയും പ്രാപിച്ചിട്ടില്ല എന്ന നിരാശയിലാണോ എന്നാൽ ദൈവത്തെ സേവിക്കുന്നവരും സേവിക്കാത്തവരും തമ്മിലുള്ള വ്യത്യാസം  കാണുന്ന ദിവസം വരുന്നു.
ഭക്തന് രോഗം വരില്ല…. മരിക്കയില്ല എന്ന്‌ ഒന്നും തിരുവെഴുത്തു പറയുന്നില്ല.  ശരീരികരോഗസൗഖ്യം പ്രാപിച്ചില്ലെങ്കിലും പാപരോഗത്തിന് കർത്താവിന്റെ അടിപിണരുകളാൽ സൗഖ്യം പ്രാപിച്ചാൽ മരിച്ചാലും നിത്യതയിൽ കർത്താവിനോടുകുടെ ആയിരിക്കും. രോഗത്താലുള്ള പരിശോധനയിൽ കൂടെ കടന്നു പോകുന്ന വിശുദ്ധന്മാരെ വിധിക്കുന്നതും വിമർശിക്കുന്നതും ദൈവസന്നിധിയിൽ കുറ്റകരമാണ്.  ധനവാൻ നരകത്തിൽ പോകുമെന്നോ ദരിദ്രനും രോഗിയും സ്വർഗ്ഗത്തിൽ പോകുമെന്നും തിരുവചനം പഠിപ്പിക്കുന്നില്ല.

ധനവാന് സഹോദരന്മാരും സ്നേഹിതരും സേവകരുമുണ്ട്. എന്നാൽ ലാസറിന് ആശ്രിതർ ആരുമില്ലാ
“നായ്ക്കളും വന്നു അവന്റെ വൃണം നക്കും” എന്നത്
ഇന്നത്തെ തലമുറയുടെ ഭാഷയിൽ പറഞ്ഞാൽ
“നായ് നക്കിയ ജീവിതമാണ് ലാസരിന്റേത് ”     യെഹൂദർ നായ്ക്കു തൂല്യം സ്ഥാനം കല്പിക്കുന്ന പുറാജതികളാകാം ലാസറിനെ ശുശ്രൂഷിച്ചത് എന്ന്കരുതാം. വസ്ത്രമില്ലാതെയും മുറിവേറ്റവരെയും രോഗിക്കളെയും അർദ്ധപ്രാണനായവരെയും വഴിയിൽ കിടന്നവരെയും അടുത്ത് ചെന്നു കണ്ടിട്ട് ശുശൂഷിക്കാനും സഹായിപ്പാനുള്ള നല്ലമനസ്സും അത്യാവശ്യം തന്റെ കൈയിലുള്ള മരുന്നും പണവും സമയവും ചിലവിട്ട നല്ല ശമര്യക്കാരൻ ആതുര സേവനത്തിലുള്ളവർക്കും ഇന്നും ഒരു മാതൃകയാണ്.

ദൈവസൃഷ്ടിയായ മനുഷ്യൻ പാപം ചെയ്തതുമൂലം മരണം ലോകത്തിലേക്കുവന്നു.  ഒരുവനെ സജീവമാകുന്നത് അവനിലെ ആത്മാവാണ്. ലിംഗ പ്രായ വ്യത്യാസമില്ലാതെ ധനവാനും ദരിദ്രനും ഒരിക്കൽ മരിക്കും. മരണത്തിൽ എല്ലാവരും തുല്യരാണ് എന്നാൽ മരണകാരണം പലതുമാകാം   മരണത്തിന്റെ കാലവും സമയവും നിശ്ചയമില്ല  അതും വ്യത്യാസമാണ്.
എന്നാൽ പലഭക്തന്മാരും താങ്കളുടെ മരണദിവസം അറിയുകയും അതിനായി ഒരുങ്ങിയിരുന്നു എന്നതാണ് സത്യം.  ബേഥാന്യയിലെ ലാസർ മരിച്ചു കല്ലറയിൽവെച്ചു നാലുദിവസം കഴിഞ്ഞിട്ടും ലാസറിന്റെ സഹോദരിമാരെ ആശ്വാസിപ്പിക്കേണ്ടതിനു പല യെഹൂദന്മാരും അവരുടെ അടുക്കൽ വന്നിരുന്നു എന്നാൽ ഇന്ന് ആർക്കും ആശ്വാസവാക്ക്‌ പറയാൻപോലും സമയമില്ല.  പ്രിയപ്പെട്ടവരുടെ മരണവാർത്ത അറിയുമ്പോൾ സോഷ്യൽ മീഡിയായിൽ അനുശോചനം കുറിപ്പും സ്റ്റാറ്റസും ഇടുന്നതിലും സംതൃപ്തരാകാതെ    കഴിയുമെങ്കിൽ ആ ഭവനത്തിൽ ചെന്ന്  കുടുംബാംങ്ങളെ ആശ്വസിപ്പിക്കൻ മറക്കരുത്.  നമ്മുടെ പ്രിയപ്പെട്ടവരിൽ പലരും നമുക്ക് മുൻപെ പോയി ഒരുപക്ഷേ കർത്താവിന്റെ കാഹളനാദം കേൾക്കുന്നതിന് മുൻപേ നാമും പോകും മരണാവാതിൽ കടന്ന്. എന്നാൽ നമ്മുടെ പ്രത്യാശ നമ്മുടെ ആയുസ്സിൽ കർത്താവ് മടങ്ങിവരും എന്നുള്ളതാണ്. യേശുക്രിസ്തു  മരണത്തിന്റെ അധികാരിയായ പിശാചിനെ  തന്റെ മരണത്താൽ നീക്കി മരണ ഭീതിയിൽ നിന്നും നമ്മെ വിടുവിക്കുന്നവനും മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ കൈയിലുള്ളവനാണ്  അതുകൊണ്ട് മരണത്തെ ഭയപ്പെടേണ്ടതില്ല.

കർത്താവ് നിന്നെക്കുറിച്ചു തന്റെ  ദൂതന്മാരോട് കല്പിക്കും അവർ സ്വർഗ്ഗീയസന്ദേശവുമായും പ്രാർത്ഥനയുടെ മറുപടിയുമായും വരും. ഭക്തന് ആഹാരവുമായി മരുഭൂമിയിലും സംരക്ഷണത്തിനായി സിംഹക്കുഴിയിലും കരാഗ്രഹത്തിലും വന്നു.  രോഗിയായ ലാസറിന്റെ മരണസമയത്തു  ദൂതന്മാർ വന്നു മരണാനന്താര ജീവിതത്തിലേക്കു കൂട്ടികൊണ്ടുപോയി .  ഭക്തനെ സംബന്ധിച്ചു ദരിദ്രനാണെങ്കിലും നമ്മൾ അവരെ യാത്രയയപ്പ് നടത്തുന്നതിനുമുൻപ് ആരും വന്നില്ലെങ്കിലും മരണവാതിലിനോടു അടുക്കുമ്പോൾ  ശരീരത്തിൽ നിന്നും പ്രാണനും ആത്മാവും വേർപ്പെടുന്ന നിമിഷം തന്നെ  ദൈവദൂതന്മാർ വന്ന് കൂട്ടികൊണ്ടു പോകും .
മരണശേഷം മരിച്ചവരുടെ ആത്മാക്കൾക്കു ഭൂമിയിൽ ഊടാടി സഞ്ചരിക്കുവാനും ജീവനുള്ളവരിൽ പ്രവേശിക്കുവാനും കഴികയില്ല.   അവർക്കായി നിച്ഛയിക്കപ്പെട്ട സ്ഥലത്തേക്ക് വാങ്ങിപോകുന്നു.

ധനവാന് നല്ലൊരു അടക്കം ലഭിച്ചു. ദരിദ്രനായ ലാസറിന് നല്ലൊരു യാത്രഅയപ്പ് പോലും ലഭിച്ചില്ല. നമ്മെ വിട്ടു വാങ്ങിപോയ പ്രിയപ്പെട്ടവരുടെ ഭൗതികശരീരം എല്ലാ വിധ ആദരവുകളോടും കൂടി അടക്കം ചെയ്യുകയെന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. ഈ കോവിഡ് കാലത്ത് കൊറോണയാൽ മരിച്ച  പ്രിയപ്പെട്ടവരുടെ ശരീരം വിട്ടുകിട്ടാത്തതും മരണാനന്തര ശുശൂഷകൾ വേണ്ടവിധം  നടത്തുവാൻ കഴിയാത്തതും ദഹിപ്പിക്കേണ്ടി വന്നതിലും ദുഃഖമുണ്ടെങ്കിലും   നമ്മുടെ പ്രത്യാശ യേശു മരിക്കയും ജീവിച്ചെഴുന്നേല്ക്കയും ചെയ്തതു കൊണ്ട് ക്രിസ്തുവിൽ മരിച്ചവരുടെ ആത്മാവിനെ മഹത്വത്തിലേക്കു ചേർത്തു കൊണ്ടത്തിനാൽ ദൈവം നിദ്രകൊണ്ടവരെ യേശുമുഖാന്തരം അവനോടു കൂടെ വരുത്തുന്നനാൾ സമീപിച്ചു . ശവശരീരം കേട്‌കൂടാതെ സൂക്ഷിക്കാം എങ്കിൽ ആത്മാവ് ഭദ്രമായിരിക്കുമെന്ന് പലരും വിശ്വസിക്കുന്നു എന്നാൽ ആത്മാവ് നശ്വരമാണ്. ശരീരം നശിച്ചാലും ആത്മാവിന് ഒന്നും സംഭവിക്കുനില്ല.

ദൈവവിശ്വാസിയായ ഞാൻ മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നു.  മരണം കൊണ്ട് എല്ലാം തീരുന്നില്ല    അത് ആത്മജീവിതത്തിന്റെ തുടക്കമാണ്.  മരണാനന്തര ജീവിതത്തേക്കുറിച്ചും പലഗ്രന്ഥങ്ങളിൽ പറയുന്നുണ്ടെങ്കിലും അതിൽ വിശ്വാസമില്ലാത്തവരുമുണ്ട്. തിരുവെഴുത്ത്   ആത്മീക സത്യത്തിലേക്കു വെളിച്ചം വീശുന്നു.  യേശുക്രിസ്തുവിന്റെ പുനരുദ്ധാനത്തിന് മുമ്പ് മരിച്ചവരെല്ലാം ഒരു  സ്ഥലത്തേക്കല്ല പോയിരുന്നത്. പാതാളത്തിന് പ്രധാനമായി രണ്ട് ഭാഗങ്ങളുണ്ട്  ഭൂമിയുടെ അധോഭാഗത്ത്  മുകളിലെത്തെ പാതാളവും താഴെ അധമപാതാളവും,  പഴയനിയമ ഭക്തന്മാർ വിശ്വസിച്ചിരുന്നത് മരിച്ചാൽ മുകളിലത്തെ പാതാളത്തിൽ പോകുമെന്നും അഭക്തരും ദുഷ്ടന്മാരും അധമ പാതാളത്തിൽ പോകുമെന്നും ആയിരുന്നു. മുകളിലത്തെ പാതാളത്തെ അബ്രഹാമിന്റെ മടി അഥവാ പറുദീസ എന്നും വിളിച്ചിരുന്നു. പറുദീസക്കും പാതാളത്തിനും നടുവിൽ വലിയൊരു പിളർപ്പുണ്ട് അതുകൊണ്ട് ഇവിടെ പറുദീസയിൽ നിന്നും  പാതാളത്തിലേക്കും അവിടെ പാതാളത്തിൽ നിന്നും പറുദീസയിലേക്കും ഇങ്ങനെ പോക്കുവരത്ത് അസാദ്ധ്യമാണ്.   മരണാനന്തരം ദരിദ്രനായലാസർ  പറുദീസയിലേക്കും ധനവാൻ അധമപാതാളത്തിലേക്കും പോയി.

പഴയനിയമഭക്തന്മാർക്ക് മരണാനന്തരം ആയിരിപ്പാൻ കർത്താവ് ഒരുക്കിയ ആശ്വാസത്തിന്റെ ഇടമാണ് പറുദീസ. കർത്താവിന്റെ പുനരുത്ഥനത്തിന് മുൻമ്പ് മരിച്ച പഴയനിയമ വിശുദ്ധന്മാരുടെ ആത്മാകൾ അബ്രഹാമിന്റെ മടിതട്ട് എന്നറിയപ്പെടുന്ന പറുദീസയിലേക്കായിരുന്നു പോയിരുന്നത്.    ക്രൂശിൽകിടന്നു യേശുവേ,….. എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞവനോട് യേശു  ഇന്നു നീ എന്നോടുകൂടെ പറുദീസയിലിരിക്കും എന്നു പറഞ്ഞു.
എന്നാൽ ലാസർ രോഗസൗഖ്യം  പ്രാപിച്ചില്ലെങ്കിലും ദാരിദ്രം  മാറിയില്ലെങ്കിലും പറുദീസ നഷ്ടപ്പെടുത്തിയില്ല. എന്നാൽ
പാതാളത്തിൽ ജ്വാലയും  അതിവേദനയും യാതനയുമാണ് ഫലം.    യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നതും  ഒരിക്കലും തൃപ്തിവരാത്തതും   മറയില്ലാതെ തുറന്ന് കിടക്കുന്നിടമാണ് പാതാളം. പാപം ചെയ്തവരും ദുഷ്ടന്മാരും ദൈവത്തെ മറക്കുന്നവരും പാതാളത്തിലേക്കു തിരിയുകയും അതിന് ഇരയായിതിരുന്നു. പാതാളത്തിൽ ഇറങ്ങുന്നവർ  ആരും വീണ്ടും കയറിവരുന്നില്ല.
“പറുദീസയും സ്വർഗ്ഗവും ഒന്നല്ല പാതാളവും നരകവും ഒന്നല്ല രണ്ട് സ്ഥലമാണ്”.

ജീവനോടിരിക്കുമ്പോൾ തികവുള്ള ദൈവവചനത്താൽ പ്രാണനെ തണുപ്പിക്കേണ്ടതാണ്. ഗസെക്കുള്ള നിർജ്ജനമായ വഴിയിൽ ഐത്യോപ്യക്കരന്റെ  അടുക്കലേക്ക് യേശുവിനെക്കുറിച്ചുള്ള സുവിശേഷവുമായി ഫിലിപ്പോസിനെയും,   പ്രാർത്ഥനയും ധർമ്മവും മാത്രമല്ല കൊന്നേല്യെസും  മരണാനന്തരം ദൈവസന്നിധിയിൽ എത്തുവാനുള്ള കർത്താവിന്റെ കല്പനയുമായി പത്രോസിനെ കൊന്നേല്യെസിന്റെ ഭവനത്തിലും അയച്ചതുപോലെ കർത്താവിനു നമ്മോട് കരുണതോന്നി
നിത്യജീവന്റെ വചനങ്ങളുമായി സുവിശേഷക്കരെ അയക്കുമ്പോൾ  ദൈവവചനത്തെ തള്ളികളയരുത്. “മരണാനന്തരം ആർക്കും ആരെയും സഹായിപ്പൻ കഴികയില്ല”.

ഞാൻ ജനിക്കാതെയിരിക്കാൻ ഒന്നും ചെയ്യാൻ എനിക്ക് കഴിയാത്തതുപോലെ തന്നെ ഞാൻ മരിക്കാതെയിരിക്കാൻ ഒന്നും ചെയുവാൻ എനിക്ക് കഴികയില്ല എന്നാൽ മരണശേഷം നിത്യത എവിടെ അയിരിക്കണമെന്ന് ജീവിച്ചിരിക്കുമ്പോൾ തിരഞ്ഞെടുക്കുവാനും അതിനനുസരിച്ചു ജീവിക്കുവാനും ഇന്ന് കഴിയും. മരണശേഷം നിത്യത തിരഞ്ഞെടുക്കാനുള്ള അവസരമില്ല. ദൈവം നമ്മുക്ക് നൽകിയ ശരീരത്തിൽ അയിരിക്കുമ്പോൾ നന്മയാൽ തിന്മയെ ജയിച്ചും നല്ലത് ചെയ്യ്‌തും  തിരുവചനസത്യത്തെ കേട്ട് അനുസരിച്ചു നമ്മുടെ ആത്മാവിനെ നഷ്ടമാക്കാതെ ദൈവത്തെ സേവിക്കാം.  തന്റെ ആയുസ്സിൽ ധനവാൻ സർവ്വലോകവും നേടി  എന്നാൽ ദരിദ്രനായ ലാസർ തന്റെ ആത്മാവിനെ നേടി.

മരിച്ചു പറുദീസയിൽ അയിരിക്കുന്ന ലാസറിനു പാതാളത്തിൽ  തള്ളപ്പെട്ട ധനവാന്റെ അടുക്കൽ പോകുന്നതിനോ സഹായിക്കുന്നതിനോ കഴിയാത്തതുപോലെ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ധനവാന്റെ സഹോദരന്മാർക്കു വേണ്ടിയും ഒന്നും ചെയ്‌വൻ സാധ്യമല്ല അത്‌ അനുവദനിയമല്ല.  ധനവാന്റെ അഞ്ച് സഹോദരന്മാർ  മരിച്ചുപോയ സഹോദരനുവേണ്ടി എന്തെങ്കിലും ശേഷക്രിയകളും അപേക്ഷകളും ചെയ്താലും യഥാനസ്ഥലത്ത്  എത്തപ്പെട്ട ധനവാന്റെ ആത്മാവിനെ പറുദീസ പ്രവേശനം വീണ്ടും സാധ്യമല്ല. അതുകൊണ്ട് മരിച്ചുപോയ വിശൂദ്ധന്മാർക്കോ വിശൂദ്ധമതികൾക്കോ  ജീവിച്ചിരിക്കുന്നവർക്കു വേണ്ടിയോ,  ജീവിച്ചിരിക്കുന്ന വിശൂദ്ധന്മാർക്ക്  മരിച്ചവരുടെ ആത്മക്കൾക്കുവേണ്ടി ഒന്നും  ചെയ്യുവാൻ സാധ്യമല്ല എന്ന് യേശുകർത്താവ് വ്യക്തമാകുന്നു.

നമ്മുടെ ആത്മാവിന്റെ ശാന്തി നാം ജീവിച്ചിരിക്കുമ്പോൾ കർത്താവിങ്കൽ നിന്നും പ്രാപിക്കേണ്ടതാണ്. മരണശേഷം മറ്റൊരാളുടെ പ്രാർത്ഥനയാലും ക്രിയയാലും ലഭിക്കുന്നതല്ല. ക്രിസ്തുവിൽ ജീവിച്ചു വേർപ്പെട്ടുപോയ നമ്മുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കൾ  കർത്താവിന്റെ സന്നിധിയിൽ ചെന്നുചേർന്നില്ല  എന്നുള്ള ഭയമാണോ? അവർക്കു വേണ്ടി അപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നത്
ധനവാന്  അനുകമ്പയും താഴ്മയും സഹോദരസ്നേഹവും വലിയവിശ്വാസവും ഉണ്ടായിരുന്നു.
പ്രാർത്ഥിക്കാനും ന്യായപ്രമാണവും  പ്രവാചക വചനങ്ങളും അറിയാമെങ്കിലും അനുസരിച്ചില്ല .
എങ്കിലും  നിത്യതയോടുള്ള ബന്ധത്തിൽ  ധനവാന്റെ  പരാജയകാരണങ്ങൾ    തന്റെ ജീവകാലത്തു ഭൂമിയിലുള്ളത്  അന്വേഷിച്ചു ഉയരത്തിലുള്ളത് അന്വേഷിച്ചില്ല,  വചനത്തെക്കാൾ സാക്ഷ്യം ഇഷ്ടപ്പെട്ടു.
വചനം കൈക്കൊണ്ടു മാനസാന്തരപ്പെട്ടില്ല.
ജീവപുസ്തകത്തിൽ തന്റെ പേര് രേഖപ്പെടുത്തക്ക നിലയിൽ വീണ്ടും ജനിച്ചില്ല.

മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ.. എന്ന പ്രയോഗം പഴയനിയമത്തെ ചുരുക്കിപ്പറയുന്നതാണ്.
അവരുടെ വാക്കു അവർ കേൾക്കട്ടെ…..എന്ന് പറയുമ്പോൾ മോശയുടെ ന്യായപ്രമാണങ്ങളും പ്രവാചക പുസ്തകങ്ങളും പള്ളികളിൽ വായിച്ചു വരുന്നതും, പൂർവ്വകാലം മുതൽ പട്ടണം തോറും  അത് പ്രസംഗിക്കുന്നവർ ഉണ്ട്. നിത്യജീവനുവേണ്ടി ഒരുക്കുന്ന പ്രസംഗം പള്ളിക്കകത്തും, പുറത്ത് പരസ്യയോഗങ്ങൾ  നടത്തുന്നവർ അന്നും ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്.     അവരുടെ വാക്കു കേൾക്കഞ്ഞാൽ…. യേശുക്രിസ്തുവിൽ അല്ലാതെ മറ്റൊരുത്തനിലും രക്ഷയില്ല, നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിന് കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. മാനസാന്തരപ്പെടുവാൻ മറ്റൊരു വഴിയില്ല.  ജീവനോടിരിക്കുമ്പോൾ രക്ഷിക്കപ്പെടുവാൻ അവസരമുണ്ട്. മരണശേഷം ഇല്ല.  മരിച്ചവരിൽനിന്നും ഒരുത്തൻ എഴുന്നേറ്റു ചെന്ന് സാക്ഷ്യം പറഞ്ഞാൽ  അവർ മാനസാന്തരപ്പെടും എന്ന്  വിശ്വസിക്കുകയും പറയുകയും ചെയ്യുന്നവരുടെ പ്രതിനിധിയാണ് ധനവാൻ.  എന്നാൽ സാക്ഷ്യത്തിൽ നിന്നല്ല വിശ്വാസവും മാനസാന്തരവും ഉണ്ടാകേണ്ടത്,   ദൈവവചനകേൾവിയാലാണ് വിശ്വാസവും മാനസാന്താരവും  ഉണ്ടാകേണ്ടത്.

യേശു കർത്താവിന്റെ പുനരുത്ഥാനത്തിന് മുമ്പ് മരിച്ച  പഴയനിയമ വിശുദ്ധന്മാരുടെ  ആത്മാക്കൾ അബ്രഹാമിന്റെ മടിത്തട്ട് എന്നറിയപ്പെടുന്ന പറുദീസയിലേക്കയിരുന്നു പോയിരുന്നത്.  ജീവപുസ്തകത്തിൽ പേര് എഴുതിക്കാണാത്ത ഏവനും മരിക്കുമ്പോൾ അവരുടെ ആത്മാക്കൾ കീഴെയുള്ള പാതാളത്തിൽ യാതനാ സ്ഥലത്തേക്കാണ് പോകുന്നത്.അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. യേശുകർത്താവ് തന്റെ മരണത്തോടുള്ള ബന്ധത്തിൽ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി, പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ അബ്രഹാമിന്റെ മടി എന്നുപറയുന്ന  പറുദീസയിൽ നിന്നും പഴയനിയമ വിശുദ്ധന്മാരായ ബദ്ധന്മാരെ പിടിച്ചു ഉയരത്തിൽ കയറിപോയി.

യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന് ശേഷം  ക്രിസ്തുവിൽ മരിച്ചവരുടെ ആത്മാക്കൾ ദൈവത്തിൽ മറഞ്ഞിരിക്കുന്നു., അഥവാ ശരീരം വിട്ടു  കർത്താവിന്റെ പുനരാഗമനം വരെ അത്യുന്നതന്റെ മറവിൽ ആയിരിക്കുന്നു. ക്രിസ്തുവിൽ ജീവിച്ചു വേർപ്പെട്ടുപോയ നമ്മുടെ പ്രിയപ്പെട്ടവരുടെ ആത്മക്കൾ കർത്തൃ സന്നിധിയിൽ  ചേർന്ന് എങ്കിൽ എന്തിനു അവർക്കുവേണ്ടി അപേക്ഷിക്കണം?  മകൾമരിച്ച പള്ളിപ്രമാണിയുടെ വീട്ടിലും ലാസറിന്റെ കല്ലറവാതിൽക്കലും യേശു പോയത് മരിച്ചവരുടെ ആത്മശാന്തിക്കു പ്രാർത്ഥിക്കുവാനല്ല  അതിനുള്ള മാതൃകയുമല്ല അവിടെ നടന്നതും. കർത്താവ് അവരെ മരണത്തിൽനിന്നും ഉയർത്തെഴുന്നേൽപ്പിക്കുവാനാണ്  പോയത്.

സ്വർഗ്ഗവും നരകവും ഇല്ല എന്ന്‌ പറയുന്നവരും അങ്ങനെ വിശ്വസിക്കുന്നവരും ഉണ്ട്. ഈ സ്വർഗ്ഗവും നരകവും ഒക്കെ ഇവിടെ ഭൂമിയിലാണ് എന്ന്‌ പറയുന്നവരും കുറവല്ല. ഭൂമിയെ സ്വർഗ്ഗമാക്കുവാൻ കഴികയില്ല സ്വർഗ്ഗത്തിന് പകരവുമല്ല ഈ ഭൂമി. എന്നാൽ ഈ താൽക്കാലിക ലോകത്തിനപ്പുറത്ത് ഒരു ലോകമുണ്ട് അവിടെ സ്വർഗ്ഗവും നരകവും ഉണ്ടെന്നസത്യം തിരുവചനം   മറനീക്കി വെളിപ്പെടുത്തുന്നു. നീതിമാന്മാർ സ്വർഗ്ഗത്തിലും ദുഷ്ടന്മാർ നരകത്തിലും പോകും. സ്വർഗ്ഗത്തിൽ ആരൊക്കെ പോകും പോകത്തില്ല എന്നുള്ളത് ദൈവത്തിന്റെ  പരമാധിക്കാരത്തിൽപ്പെട്ട കാര്യമാണ്. ഒടുവിൽ നാം എല്ലാവരും ഒരു ദിവസം ഇവിടം വിട്ടുപോകും അന്ന്  നമുക്ക് മുമ്പെ ക്രിസ്തുവിൽ മരിച്ചുപോയ പ്രിയപ്പെട്ടവരെയും ആത്മീയസ്നേഹിതരെയും വീണ്ടും കാണാം.   നാം മരണാനന്തരം  എങ്ങോട്ടാണ് പോകുന്നത് ?
എവിടെ പോകുന്നു എന്ന വിശ്വാസത്തിന്റെ ഉറപ്പ് നാം  പ്രവിച്ചിട്ടുണ്ടോ ?

കർത്താവു താൻ ഗംഭീരനാദത്തോടും   പ്രധാനദൂതന്റെ  ശബ്‌ദത്തോടും    ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വർഗ്ഗത്തിൽ നിന്നു  ഇറങ്ങിവരികയും പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ  ക്രിസ്തുയേശുവിനെ മരണത്തിൽ നിന്നു ഉയിർപ്പിച്ചവൻ തന്റെ ആത്മാവിനാൽ  ക്രിസ്തുവിൽ മരിച്ചവരെ മുൻപെ  തേജസ്സുള്ള സ്വർഗ്ഗിയ ആത്മീകശരീരത്തോടെ അദ്രവത്വത്തിൽ അക്ഷയരായി ശക്തിയോടെ ഉയർത്തും  പിന്നെ ക്രിസ്തുവിൽ ജീവനോടെ ശേഷിക്കുന്ന നമ്മെ തന്റെ വ്യാപരശക്തികൊണ്ട് നമ്മുടെ താഴ്ചയുള്ള മർത്യശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തി അങ്ങനെ നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പൻ മേഘങ്ങളിൽ എടുക്കപ്പെടും.

പ്രത്യാശയുടെ തീരമായ നിത്യതയിൽ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും കാരണം കൃപയാൽ രക്ഷിക്കപ്പെട്ട നമ്മെ സ്വർഗ്ഗത്തിൽ ഇരുത്തുകയും അവിടുത്തെ സകല ആത്മിക്കാ അനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചു,  സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്ന ദൈവവചനത്താൽ വീണ്ടുംജനനം പ്രവിച്ചു  ദൈവമകനായി തീരുകയും എന്റെ പേര് സ്വർഗ്ഗത്തിൽ ജീവപുസ്തകത്തിൽ എഴുതുകയും നമ്മുടെ അവകാശത്തിന്റെ അച്ചരമായ വാഗ്ദത്തത്തിന്
പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നതിനാലും
അങ്ങനെ സ്വർഗ്ഗിയപൌരത്വം പ്രാപിച്ച എന്റെ നിക്ഷേപവും കൂലിയും പ്രതിഫലങ്ങളും കീരിടങ്ങളുള്ളതും  എനിക്ക് വേണ്ടി  ഒരുക്കിയ പാർപ്പിടമായ നിത്യഭവനത്തിൽ എന്നെ ചേർപ്പാൻ എന്റെ പ്രാണപ്രിയൻ സ്വർഗ്ഗത്തിൽ നിന്നും താമസംവിനാ ഇറങ്ങിവരും താമസിക്കയില്ല.  അതിനായി നമുക്ക് ഒരുങ്ങിയിരിക്കാം  വിശുദ്ധിയെ പ്രാപിച്ചുകൊണ്ട് ദൈവത്തോടുകൂടെ നടക്കാം, കർത്താവ് നമ്മെ എടുത്തുകൊള്ളുന്ന നാൾ സമീപിച്ചു അതുകൊണ്ട് കർത്താവിനെ എതിരേല്പാൻ ഒരുങ്ങിക്കൊൾക .

സീബ മാത്യു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.