ഇത് സൈന്യത്തിന്റെ വിജയം ; ബാബുവിന് രണ്ടാം ജന്മം

KE News Desk Palakkad

പാലക്കാട്: തിങ്കളാഴ്‌ച ഉച്ചക്ക് രണ്ടുമണിയോടെ മലമ്പുഴയില്‍ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബു എന്ന 23 വയസുള്ള ചെറുപ്പക്കാരനെ രണ്ടു ദിവസങ്ങള്‍ക്ക് ശേഷം രക്ഷാസൈന്യം പുറത്തെത്തിച്ചു.

post watermark60x60

പ്രദേശവാസികളും സൈന്യം ഒഴികെയുള്ള മറ്റുഫോഴ്‌സുകളും പരിശ്രമിച്ച്‌ പരാജയപ്പെട്ടിടത്താണ് സുരക്ഷാസേന വിജയം കണ്ടത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ രക്ഷാദൗത്യമെന്ന നിലയില്‍ ശ്രദ്ധേയമാണ് ഈ ദൗത്യം. ട്രക്കിങ്ങിനിടെ കാല്‍ വഴുതിയാണ് മലയുടെ പ്രത്യേക വിള്ളലിലേക്ക് യുവാവ് വീണത്. രണ്ടു ദിവസം പൂര്‍ണമായും ജലപാനം പോലും എടുക്കാതെ, രാതിയിലെ കൊടും തണുപ്പും പകലിലെ അസാമാന്യ വെയിലും സഹിച്ചാണ് ഈ യുവാവ് പിടിച്ചു നിന്നത്. സുരക്ഷാസേനയെ പ്രശംസിക്കുന്നതിന് ഒപ്പം ആദരിക്കപ്പെടേണ്ടതാണ് യുവാവിന്റെ അസാധാരണമായ ഇഛാശക്‌തിയെന്ന് ആയിരകണക്കിന് ആളുകളാണ് സാമൂഹിക മാദ്ധ്യമങ്ങളില്‍ രേഖപ്പെടുത്തുന്നത്.

Download Our Android App | iOS App

ബാബുവും 3 സുഹൃത്തുക്കളും ചേര്‍ന്ന് തിങ്കളാഴ്‌ചയാണ് മലകയറാന്‍ പോയത്. 1 കിലോമീറ്ററില്‍ കൂടുതല്‍ ഉയരമുള്ള മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ തിരികെപോകാന്‍ തീരുമാനിച്ചു. പക്ഷെ, ബാബു കുറച്ചുകൂടി ഉയരത്തില്‍ പോയശേഷമേ മടങ്ങു എന്ന് കൂട്ടുകാരോട് പറഞ്ഞു മുന്നോട്ടുപോയി. മുകളിലേക്കുള്ള കയറ്റത്തിനിടയില്‍ കാല്‍ വഴുതി ചെങ്കുത്തായ മലയിലൂടെ താഴേക്കു ഊര്‍ന്നുപോയി പാറയിടുക്കില്‍ കുടുങ്ങി എന്നാണ് അനുമാനം.

സുരക്ഷാ സൈന്യത്തിന് പോലും ബാബുവിന്റെ ആത്‌മവിശ്വാസവും മനോധൈര്യവും അല്‍ഭുതമായി. തിങ്കളാഴ്‌ച രാത്രി തന്നെ വനം, പൊലീസ്, അഗ്‌നി രക്ഷാസേന ഉദ്യോഗസ്‌ഥരുടെ സംഘം രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഇന്നലെ (ചൊവ്വാഴ്‌ച) രാവിലെ മറ്റൊരു സംഘവും മല കയറി, ഫലമുണ്ടായില്ല. ദേശീയ ദുരന്തനിവാരണ സേന കയര്‍ ഇറക്കി പാറയിടുക്കില്‍ എത്താന്‍ ശ്രമിച്ചെങ്കിലും അതും നടന്നില്ല.

കോസ്‌റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ എത്തിയെങ്കിലും ഭൂപ്രകൃതിയും ശക്‌തമായ കാറ്റും പൊടിയും കാരണം കോപ്‌റ്ററിനെ അന്തരീക്ഷത്തില്‍ നിറുത്തി രക്ഷാസംഘത്തിന് ഇറങ്ങാനായില്ല. ഡ്രോണില്‍ വെള്ളമെത്തിക്കാനുള്ള ശ്രമവും മലയുടെ ചെരിവും വളവും കാരണം പരാജയപ്പെട്ടു. സന്നദ്ധ സംഘടനകളും ആദിവാസികളും അരികിലെത്താന്‍ ശ്രമിച്ചു. ഇവയെല്ലാം ഇന്നലെ രാത്രിയോടെ പരാജയപ്പെട്ടതോടെ കരസേനയുടെ രക്ഷാസൈന്യത്തെ ആശ്രയിക്കേണ്ടി വന്നു.

കരസേനയുടെ എന്‍ജിനിയറിങ് വിഭാഗം, പര്‍വതാരോഹണ വിദഗ്‌ധര്‍. ദേശീയ ദുരന്ത പ്രതികരണ സേന അംഗങ്ങള്‍, മലയെ പരിചയമുള്ള പ്രദേശവാസികളായ മൂന്നുപേര്‍ എന്നിവരാണ് മലമുകളിലെ രക്ഷാദൗത്യം നടക്കുന്ന സ്‌ഥലത്തേക്ക്‌ എത്തിയിരുന്നത്. ഈ സംഘത്തിന് നേതൃത്വം കൊടുത്തവരില്‍ മലയാളിയായ കേണല്‍ ഹേമന്ദ് രാജ്ജും ഉള്‍പ്പെടുന്നു.

ഇന്ത്യന്‍ സൈന്യത്തിന് ഇത് വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ട ദൗത്യം. കുറുമ്ബാച്ചി മലയില്‍ ഇന്ത്യന്‍ സൈന്യം പുതിയ ചരിത്രം രചിക്കുകയാണ്. ബാബുവിനെ അവര്‍ രക്ഷിച്ചു. മലമ്പുഴ യിലെ കൂറുമ്പാച്ചിമലയിലെ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഓരോന്നായി പരാജയപ്പെടുന്നതോടെയാണ് സൈന്യത്തെ എത്തിച്ചത്. മലയാളിയായ ലെഫ്റ്റന്റ് കേണല്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തിലെ സംഘം. ഏറ്റുമാനൂരുകാരന്റെ തന്ത്രം പിഴയ്ക്കാതെ വന്നപ്പോള്‍ ആ ദൗത്യം ഇന്ത്യന്‍ സൈന്യത്തിന് തങ്കലിപികളില്‍ തീര്‍ത്ത വിജയമായി.

 

ബാലയുടെ ധീരതയാണ് ഈ രക്ഷാപ്രവര്‍ത്തനത്തില്‍ നിഴലിക്കുന്നത്. താഴേക്ക് വടത്തില്‍ കുതിച്ച്‌ രണ്ട് കുപ്പി വെള്ളം ബാബുവിന് നല്‍കുന്നു. സുരക്ഷാ ജാക്കറ്റ് ധരിപ്പിച്ച്‌ ബാബുവിനെ താങ്ങി പിടിച്ച്‌ മുകളിലേക്ക്. ഓരോ ചുവടിലും ബാബുവിനെ ചേര്‍ത്ത് പിടിക്കുകയായിരുന്നു ബാല. പാക്കിസ്ഥാനിലേക്ക് സര്‍ജിക്കല്‍ സ്‌ട്രൈക്കിനായി പറന്നിറങ്ങി ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ സൈന്യം അതിലും വലിയ വിജയമാണ് ഒരു ജീവന്‍ രക്ഷിക്കാനുള്ള ദൗത്യത്തില്‍ മലമ്ബുഴയില്‍ നേടുന്നത്. റാപ്പിലിംഗിലെ മികവാണ് വിജയമാകുന്നത്. എല്ലാ പ്രതീക്ഷകളും അവസാനിച്ചപ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ധീരത ബാബുവിന് തുണയായി. ജീവന്റെ വില തിരിച്ചറിഞ്ഞ് സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനം.

-ADVERTISEMENT-

You might also like