കണ്ടതും കേട്ടതും: നിറം മാറുന്ന കൊറോണ | എഡിസൺ ബി, ഇടയ്ക്കാട്

കളം അറിഞ്ഞു കളിക്കുന്നതിൽ മികവ് തെളിയിക്കുകയാണ് കൊറോണ. ആൻഡ്രോയിഡ്, ഐ ഒ എസ് പ്ലാറ്റ്ഫോമുകളെ വെല്ലുംവിധം മാറ്റങ്ങളുമായി പ്രത്യക്ഷപ്പെടുന്ന കൊറോണ ഒരു സംഭവം തന്നെ. കൊറോണയുടെ ആദ്യ പതിപ്പിൽ കൈ കൊട്ടിയും, പാത്രം തട്ടിയും കൊറോണയെ പുറത്താക്കാൻ നടത്തിയ ശ്രമങ്ങൾ പ്രോത്സാഹനമായി കണ്ട് പരിഷ്ക്കാരങ്ങളുമായി പ്രത്യക്ഷപ്പെടുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. നാവിൽ കൊള്ളാത്ത ഒമിക്രോണിനെ വശമാക്കി വരുമ്പോഴേക്കും ‘നിയോ കോവ് ‘ അപ്ഡേറ്റ് രംഗത്ത് ഇറക്കി കമ്പനി ഞെട്ടിച്ചു. ഇനി എന്തെല്ലാം കാണാനിരിക്കുന്നു എന്ന മട്ടിൽ കാര്യങ്ങൾ മുന്നോട്ടു പോകുകയാണ്.

മത്സര സ്വഭാവത്തോടെയുള്ള പരിഷ്ക്കാരങ്ങൾ ആരെ തോൽപ്പിക്കാൻ ആണാവോ ? കൊറോണയുടെ തലപ്പത്ത് മലയാളിയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു ? പൊതിച്ചോറ്, ചട്ടി ചോറ്, ഉള്ളി ചോറ് എന്നിങ്ങനെ വ്യത്യസ്തതകൾ പരീക്ഷിക്കുന്ന മലയാളികളെ അനുസ്മരിപ്പിക്കുകയാണ് കൊറോണ വൈറസുകൾ.

മൂന്നിൽ ഒരാൾക്ക് മരണം സംഭവിക്കുന്ന നിയോ കോവ് ആണ് പുതിയ വൈറസ്. ഇതുവരെയുള്ളതിൽ മാരകശേഷിയുള്ളതെന്ന് അഭിപ്രായപ്പെടുന്നു. ചൈനയിലെ വുഹാനിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് പുതിയ ശ്രേണിയിലുള്ള വൈറസ് കണ്ടുപിടിച്ചത്. ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിൽ സ്ഥിരീകരിച്ച ഈ വൈറസ് മനുഷ്യനിൽ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. എന്നാൽ ജനിതകമാറ്റം സംഭവിച്ചാൽ മാരകശേഷി കൈവരിക്കുമെന്നും മനുഷ്യരിലേക്ക് അതിവേഗം പടർന്നു പിടിക്കാൻ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. ഇതിനു മുൻപ് ഒമിക്രോണിനെകുറിച്ച് ഇത്തരം വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വ്യാപനശേഷി ഉണ്ടെങ്കിലും ഗുരുതര സ്വഭാവം പ്രകടിപ്പിച്ചിട്ടില്ല. വാക്സിനും അതിനൊരു കാരണമാണെന്ന് പറയപ്പെടുന്നു.

ആശങ്കകൾക്ക് അവസാനമില്ല. മനുഷ്യന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് രണ്ടുവർഷം പിന്നിടുകയാണ്. വിവാഹവും മരണവും അടക്കമുള്ള പ്രധാന ചടങ്ങുകളിൽ പങ്കെടുക്കേണ്ടവരുടെ എണ്ണം ഇക്കാലമത്രയും പരിമിതപ്പെടുത്തിയിരിക്കുകയാണ്. ആരാധനാലയങ്ങളിലും നിയന്ത്രണം കർശനമായി നടപ്പിലാക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നാട്ടിലെത്താൻ ആഗ്രഹമുണ്ടെങ്കിലും യാത്രാ നിയന്ത്രണങ്ങൾ ആശങ്കയുണ്ടാക്കുന്നു. ഉന്നത പഠനം, തൊഴിലന്വേഷണം എന്നിവയെല്ലാം വഴിമുട്ടി. വാക്സിനിലൂടെ താൽക്കാലിക ആശ്വാസം തേടി മുന്നോട്ടു പോകാം എന്ന പ്രതീക്ഷയാണ് നിയോ കോവിലൂടെ മങ്ങലേറ്റത്.

മികച്ച പ്രതിരോധ പ്രവർത്തനങ്ങളിലൂടെ രോഗത്തെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ രോഗാവസ്ഥയിൽ മാറ്റം വരുത്തി പ്രതികാരദാഹിയായി കൊറോണയും മാറുന്നു. രണ്ടും കൽപ്പിച്ച് മുന്നേറുന്ന കൊറോണയെ പ്രതിരോധിക്കാൻ എന്താണ് മാർഗം. ആത്മീയതയിലും ആഘോഷങ്ങളിലും സ്വാതന്ത്ര്യത്തിലും കടന്നുകയറിയ കൊറോണയ്ക്ക് ഇനിയും ആയുസ്സുണ്ടോ ? വാക്സിൻ അല്ലാതെ മറ്റെന്തെങ്കിലും പോംവഴികൾ ഉണ്ടോ? കാത്തിരിക്കാം..

കോവിഡ് ഇല്ലാത്ത കാലമാണ് എന്റെയും സ്വപ്നം.

എഡിസൺ ബി ഇടയ്ക്കാട്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.