കവിത: ക്രിസ്തുവിൻ ഭാവം | രാജൻ പെണ്ണുക്കര

പിന്നെയും തേടി അലഞ്ഞു സത്യമാം വഴികൾ
പള്ളിയിലും പാഴ്സനേജിലും തേടിനടന്നതും വൃഥാ,
ഒരുവനെയെങ്കിലും കണ്ടുമുട്ടുവാനാകുമോ
എന്നറിയാതാശിച്ചുപോയി,
കണ്ടതോ എല്ലാം ഒന്നിനൊന്നു മെച്ചം..

പ്രസംഗവേദിയിൽ കാണുമെന്നു നിനച്ചുതെല്ലും,
പ്രസംഗത്തിലോ എന്നും ക്രിസ്തുവിൻ ഭാവം,
പറയുവാൻ ഒത്തിരി ഭാവങ്ങളുണ്ട് അവർക്കിന്നും
പ്രവർത്തിയിലോ ഒന്നും കാണുന്നില്ല ലേശവും.

തേനൂറും പേരുവിളിയിൽ തോന്നിപോയി
സ്നേഹത്തിൽ തുളുമ്പുന്ന നിറകുടം,
തൊട്ടടുത്തറിഞ്ഞപ്പോൾ രുചിച്ചതോ
കൈപ്പിന്റ നീർകുടം,
അഴിഞ്ഞുവീണതോ കപടസ്നേഹമാം
കാര്യസാധ്യത്തിൻ മുഖംമൂടികൾ

പ്രസംഗിക്കാൻ എന്തെളുപ്പമാണീഭാവം
ക്രിസ്തുവിൻ ഭാവം അണിയുക ആയാസം,
കാര്യത്തോടടുത്തെന്നാൽ അറിഞ്ഞിടും
ഉള്ളിൽ ഉറങ്ങുന്ന യഥാര്‍ത്ഥസ്വരൂപം…

ഇതുതന്നെയാണോ ക്രിസ്തുവിൻ ഭാവം
എന്നറിയാതെ സ്വയം ചോദിച്ചുപോകുന്നു,
എന്നിലും ഞാൻ തിരഞ്ഞു ക്രിസ്തുവിൻ ഭാവം,
ആരിലും കാണുവാൻ ആകുന്നിലൊട്ടുമേ.

എന്നിലെ ഞാനെന്ന ഭാവം മാറണം
ക്രിസ്തുവിൻ ഭാവമെന്നിൽ വളരേണമനുദിനം
അതുതന്നെയാണെൻ ഹൃദയത്തിൻ വാഞ്‌ഛയും,
പിന്നെയും അറിയാതിന്നും എഴുതിപോകുന്നു,
അനുഭവമാം കളരിയിൽ പഠിച്ച പാഠങ്ങൾ..

രാജൻ പെണ്ണുക്കര

-Advertisement-

You might also like
Comments
Loading...