കണ്ടതും കേട്ടതും: കൺവൻഷൻ കാലം | എഡിസൺ ബി, ഇടയ്ക്കാട്

6 വർഷങ്ങൾക്ക് മുൻപുള്ള ഒരു കുമ്പനാട് കൺവൻഷൻ ദിനം. പാസ്റ്റർ കെ ജെ തോമസിന്റെ പ്രഭാഷണമാണ് ചർച്ചാവിഷയം. ക്രൈസ്തവ സഭകളുടെ ആരംഭകാല പീഡനങ്ങളും, വളർച്ചയുമാണ് പ്രമേയം. ലളിതമായ വാക്കുകൾ ഭംഗിയായി അടുക്കി ചേർത്ത്, ചരിത്രവും ബൈബിൾ ചിന്തകളും കൂട്ടിയോജിപ്പിച്ച മനോഹരമായ സന്ദേശം. ക്രൈസ്തവ സഭകളുടെ പീഡന കാലവും ദുരിതങ്ങളും ഒരു നോവായി വിശ്വാസികൾക്ക് മുൻപിൽ വരച്ചു കാട്ടുമ്പോഴും, പ്രത്യാശാ നിർഭരമായ തിരുവചന സന്ദേശം സഭാ വളർച്ചപോലെ ഉള്ളത്തിലും കത്തിക്കയറി.

പ്രസംഗത്തിന്റെ മധ്യഭാഗത്ത് പ്രഭാഷകൻ കോരിയിട്ട കനൽ ഗ്രൗണ്ടിന് മുൻവശത്തു നിന്നും പുറകിലേക്ക് ആളിക്കത്തി. പ്രസംഗസമയത്തിന്റെ നല്ലൊരുഭാഗവും അഗ്നിജ്വാല സമാനമായ അന്തരീക്ഷം അപഹരിച്ചു. അന്നേ ദിവസത്തെ കൺവൻഷൻ സമാപിക്കുമ്പോൾ ശ്രോതാക്കൾക്ക് ഉണ്ടായ അനുഭവം വിവരണാതീതമാണ്.

സമാനമായ നിരവധി അനുഭവങ്ങൾ ഓരോ വിശ്വാസികൾക്കും പറയാനുണ്ടാകും. ഇത്തരം അനുഭവങ്ങളാണ് കൺവൻഷനുകളെ ജനപ്രിയമാക്കുന്നത്. ഗാനങ്ങൾ ആസ്വദിക്കാനും, വരികൾ ചേർന്നു പാടി ആരാധിക്കുന്നതിനും, ഹൃദയസ്പർശിയായ സന്ദേശങ്ങൾ കേൾക്കുന്നതിനും, ശേഷം സ്വയം സമർപ്പിക്കുന്നതിനും ഇത്തരം വേദികൾ കാരണമായിട്ടുണ്ട്.

എന്നാൽ കാലം പുരോഗമിച്ചു. 2 വയസ്സ് പൂർത്തിയാകുന്ന കൊറോണക്കാലത്ത് കൺവൻഷനുകൾക്കും പരിഷ്കാരം സംഭവിച്ചു. ഓൺലൈനിലാണ് ഇപ്പോൾ മീറ്റിംഗ്. സംഘടനകളുടെ ശക്തി തെളിയിക്കുന്ന ദേശീയ-അന്തർദേശീയ കൺവൻഷനുകളും ഓൺലൈനിലേക്ക് മാറി. വിശ്വാസിയും സംഘടനാ സ്നേഹിയുമായ ഓരോരുത്തരുടെയും അഭിമാനം ഉയർത്തുന്നതാണ് സംഘടനകളുടെ സംസ്ഥാന-ദേശീയ കൺവൻഷനുകൾ. എന്നാൽ പഴയതുപോലെ ശക്തിപ്രകടനമോ സാമ്പത്തിക സമാഹരണമോ പ്രവർത്തന വിലയിരുത്തലുകളോ സാധ്യമല്ല. പഴയതുപോലെ പണച്ചെലവ് അധികം ഇല്ലാത്തതിനാൽ ചെറിയ നിലയിൽ മീറ്റിംഗ് സംഘടിപ്പിക്കാം.

എന്നാൽ ചില കാര്യങ്ങളിലെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതില്ലേ. കൺവൻഷൻ പ്രമേയങ്ങളോട് നീതി പുലർത്താത്ത പ്രസംഗങ്ങളാണ് ഇക്കൂട്ടത്തിൽ ഒന്നാം സ്ഥാനം. നേതാക്കളുടെ വലംകൈകളായ പലരും ഇത്തരം പ്രധാന കൺവൻഷനുകളിലെ പ്രസംഗകരായി മാറുന്നത് അത്ഭുതപ്പെടുത്തുന്നു. പ്രാർത്ഥനയോടെയും തയ്യാറെടുപ്പുകളിലൂടെയും പ്രഭാഷണങ്ങൾ നടത്തുന്നവർ കുറവാണെന്ന് പല പ്രസംഗങ്ങളും തെളിയിക്കുന്നു. പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളോ, പാനൽ പ്രമുഖരോ കൺവൻഷനുകളുടെ പ്രധാന പ്രസംഗ സമയം സ്വന്തമാക്കുന്നു. മികച്ച പ്രഭാഷകരിൽ പലരും അപ്രസക്തമായ സമയങ്ങളിലേക്ക് തഴയപ്പെടുന്നു.

സഭാ നേതാക്കളെ നിങ്ങൾ മികച്ച സംഘാടകരാണ്, എന്നാൽ നിങ്ങളിൽ പലരും പ്രഭാഷകരല്ല. സംഘടനാ രംഗത്ത് നിങ്ങൾ പുലർത്തുന്ന മികവിന് അനുമോദനങ്ങൾ. എന്നാൽ പ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട മീറ്റിംഗുകളിലെ വിലപ്പെട്ട സമയം നിങ്ങൾ അപഹരിക്കരുത്. അതാത് സംഘടനയിലെ മികച്ച പ്രഭാഷകർക്കോ അതിഥി പ്രാസംഗികർക്കോ അവസരം നൽകുമ്പോഴാണ് നിങ്ങൾ മികച്ച സംഘാടകരാകുന്നത്. വിശ്വാസികളുടെ വിവാഹം, മരണം, മറ്റ് ഇതര വിശേഷ നിമിഷങ്ങളിലും, നേതൃത്വ പരിശീലനമടക്കമുള്ള മറ്റ് യോഗങ്ങളിലും അവസരം നൽകാം.

എഡിസൺ ബി ഇടയ്ക്കാട്

-ADVERTISEMENT-

-ADVERTISEMENT-

You might also like